കോസ്റ്റാറിക്ക: കരീബിയന്‍ കടലില്‍ ഓറഞ്ചിന്റെ നിറമുള്ള സ്രാവിനെ കണ്ടെത്തി. മുഴുവന്‍ ഓറഞ്ച് നിറമുള്ള ശരീരവും വെളുത്ത കണ്ണുകളും ആണ് ഈ സ്രാവിന്റെ പ്രത്യേകത. കോസ്റ്റാറിക്കയുടെ തീരത്ത് നിന്നാണ് ഈ അത്ഭുത സ്രാവിനെ പിടികൂടിയത്. കരീബിയന്‍ സമുദ്രതീരങ്ങള്‍ സമുദ്ര സമ്പന്നതയ്ക്ക് പേരുകേട്ടതാണ്. കണ്ടല്‍ക്കാടുകളിലൂടെ സഞ്ചരിക്കുന്ന കടലാമകള്‍ മുതല്‍ പവിഴപ്പുറ്റുകളില്‍ പതിവായി സഞ്ചരിക്കുന്ന സ്രാവുകള്‍ വരെയുള്ള എല്ലാ ജീവജാലങ്ങളുടെയും ആവാസ കേന്ദ്രമാണിത്.
മുങ്ങല്‍ വിദഗ്ധരും മത്സ്യത്തൊഴിലാളികളും ആണ് ആ അത്ഭുത ജീവിയെ കണ്ടുമുട്ടിയത്. ആറടിയില്‍ കൂടുതല്‍ നീളമുള്ള നഴ്സ് സ്രാവ് ആണ് ഇതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ടോര്‍ട്ടുഗുറോ ദേശീയോദ്യാനത്തിന് സമീപം 37 മീറ്റര്‍ താഴ്ചയില്‍ ഒരു സ്പോര്‍ട്സ് ഫിഷിംഗ് യാത്രയ്ക്കിടെയാണ് വ്യത്യസ്തനായ ഈ സ്രാവിനെ കണ്ടെത്തിയത്. സാധാരണഗതിയില്‍ ഈ സ്രാവുകള്‍ തവിട്ടു നിറത്തിലാണ് കാണപ്പെടാറുള്ളത്. ഈ പ്രദേശത്ത് നിന്നും ആദ്യമായാണ് ഇത്തരത്തില്‍ ഒരു സ്രാവിനെ കണ്ടെത്തിയിരിക്കുന്നത്.
ത്വക്ക് രോഗം മൂലമാണ് സ്രാവിന് ഈ തിളങ്ങുന്ന ഓറഞ്ച് നിറം ലഭിച്ചത് എന്നാണ് ഗവേഷകര്‍ വിലയിരുത്തുന്നത്. ചുവന്ന പിഗ്മെന്റേഷന്റെ അഭാവം മൂലം മൃഗങ്ങളുടെ ചര്‍മ്മത്തില്‍ അമിതമായ മഞ്ഞ അല്ലെങ്കില്‍ സ്വര്‍ണ്ണ നിറങ്ങള്‍ സൃഷ്ടിക്കുന്ന ഒരു പിഗ്മെന്റേഷന്‍ അവസ്ഥയായ സാന്തിസം മൂലമാണ് സ്രാവിന് ഈ അസാധാരണ നിറം ലഭിച്ചത്. കൂടാതെ പിഗ്മെന്റ് മെലാനിന്‍ ഇല്ലാത്തതിനാല്‍ ഉണ്ടാകുന്ന ഒരു ജനിതക അവസ്ഥയായ ആല്‍ബിനിസവും ഈ സ്രാവില്‍ കണ്ടെത്തിയിട്ടുണ്ട്. ഓറഞ്ച് സ്രാവിന്റെ വെളുത്ത കണ്ണിന് പ്രധാനകാരണം ഈ ആല്‍ബിനിസമാണെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു.
സാധാരണയായി നഴ്സ് സ്രാവുകളുടെ സാധാരണ നിറം ശത്രുക്കളില്‍ നിന്ന് രക്ഷപെടാന്‍ സഹായിക്കുന്ന തരത്തിലുളളതാണ്. പക്ഷേ ഇതിന്റെ തിളക്കമുളള നിറം സ്രാവിനെ കൂടുതല്‍ ദൃശ്യമാക്കുകയും ശത്രുക്കള്‍ ആക്രമിക്കാന്‍ ഇടയാക്കുകയും ചെയ്യുമെന്ന് ഗവേഷകര്‍ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
