ന്യൂയോര്‍ക്ക്: ലോകത്തെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിര്‍മാണ
കമ്പനിയായ ടെസ്‌ലയുടെ വിധി നിര്‍ണയിക്കുന്ന നിര്‍ണായക കരാറിന് ഓഹരി
ഉടമകളുടെ അംഗീകാരം. മസ്‌കിന് 423.7 ദശലക്ഷം പുതിയ ഓഹരികള്‍ നല്‍കുന്ന
പാക്കേജിനാണ് ഓഹരി ഉടമകള്‍ അംഗീകാരം നല്‍കിയിരിക്കുന്നത്.
പത്ത്
വര്‍ഷത്തിനുള്ളില്‍ ടെസ്‌ലയുടെ വിപണി മൂലധനം 8.5 ലക്ഷം കോടി ഡോളറായി
ഉയര്‍ത്തണം, വാഹനങ്ങളുടെ വില്‍പന പ്രതിവര്‍ഷം 20 ലക്ഷമാക്കണം എന്നീ
നിബന്ധനകള്‍ പൂര്‍ത്തിയാക്കണമെന്ന കരാറിന്റെ അടിസ്ഥാനത്തിലാണ് ഓഹരി ഉടമകള്‍
ഒരു ലക്ഷം കോടി ഡോളര്‍ മൂല്യമുള്ള പാക്കേജ് അനുവാദം നല്‍കിയത്. വിപണി
മൂലധന ലക്ഷ്യം കൈവരിച്ചാല്‍ മസ്‌കിന് നല്‍കുന്ന പുതിയ ഓഹരികളുടെ മൊത്തം
മൂല്യം ഒരു ലക്ഷം കോടി ഡോളര്‍ അതായത് 8.85 ലക്ഷം കോടി രൂപയാകും.
ഇതാദ്യമായാണ് ലോക ചരിത്രത്തില്‍ ഒരു കമ്പനി സി.ഇ.ഒക്ക് ഇത്രയും വലിയൊരു
പക്കേജ് ലഭിക്കുന്നത്. നിലവില്‍ 1.4 ലക്ഷം കോടി ഡോളറാണ് ടെസ്‌ലയുടെ വിപണി
മൂലധനം.
പാക്കേജ് പ്രകാരം 12 ഘട്ടങ്ങളായാണ് മസ്‌കിന് ഓഹരികള്‍
നല്‍കുക. മാത്രമല്ല, കമ്പനിയില്‍ കൂടുതല്‍ നിയന്ത്രണവും അധികാരവും
ലഭിക്കും. ഓഹരി ഉടമകള്‍ സമ്മതിച്ചതിനാല്‍ അടുത്ത പത്ത് വര്‍ഷം മസ്‌ക്
പൂര്‍ണമായും ടെസ്‌ലയിലുണ്ടാകും. പ്രാദേശിക സമയം നവംബര്‍ ആറിന് രാവിലെയാണ്
വോട്ടെടുപ്പ് പൂര്‍ത്തിയായത്.
2004 ലാണ് മസ്‌ക് ഒരു നിക്ഷേപകനായി ടെസ്‌ലയിലെത്തുന്നത്. പിന്നീട് സി.ഇ.ഒ പദവിയിലേക്ക് വളരുകയായിരുന്നു.
അതിഭീകര
പാക്കേജാണ് മസ്‌കിന് നല്‍കുന്നതെന്ന് ഓഹരി ഉടമകള്‍ക്ക് അഭിപ്രായം
ഉണ്ടായെങ്കിലും അദ്ദേഹം കമ്പനി വിട്ടാല്‍ ടെസ്‌ലയുടെ ഓഹരി വില
കൂപ്പുകുത്തുമെന്ന വാദവും ഉയര്‍ന്ന് വന്നിരുന്നു. മസ്‌കിന് വോട്ട് ചെയ്യണം.
കാരണം അദ്ദേഹം പോയാല്‍ ടെസ്‌ല വെറുമൊരു സാധാരണ കാര്‍ കമ്പനിയായി
മാറുമെന്നും ലക്ഷ്യമിട്ട അത്രയും മൂല്യമുള്ള സ്ഥാപനമായി മാറാന്‍
കഴിയില്ലെന്നുമാണ് ബോര്‍ഡ് ചെയര്‍മാന്‍ റോബിന്‍ ഡെന്‍ഹോം ഓഹരി ഉടമകള്‍ക്ക്
നല്‍കിയ കത്തില്‍ വ്യക്തമാക്കിയത്. ദശലക്ഷക്കണക്കിന് സെല്‍ഫ് ഡ്രൈവിങ്
റോബോട്ടുകളും ഹ്യൂമനോയിഡ് റോബോട്ടുകളും വില്‍ക്കുന്ന എ.ഐ ഭീമനായി ടെസ്‌ലയെ
മാറ്റാന്‍ മസ്‌കിന് മാത്രമേ കഴിയൂവെന്നായിരുന്നു ബോര്‍ഡിന്റെ നിലപാട്.
അതേസമയം,
ലോകത്തിലെ ഏറ്റവും ധനികനായ മസ്‌കിന് ഇത്രയും വലിയ പാക്കേജ്
നല്‍കേണ്ടതുണ്ടോയെന്ന് സാമ്പത്തിക രംഗത്തെ പല വിദഗ്ധരും ചോദിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
