ധാക്ക: 2024-ൽ പുറത്താക്കപ്പെട്ട പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യം വിട്ടുപോകുന്ന ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ അപ്‌ലോഡ് ചെയ്തുവെന്ന് ആരോപിക്കപ്പെടുന്ന ബംഗ്ലാദേശ് വ്യോമസേനയിലെ മുൻ ഉദ്യോഗസ്ഥനെ, ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.
കെഎം തഹ്സിഫ് സൗരി എന്ന 28കാരനെയാണ് നദിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒക്ടോബർ 28-ന് തുരാഗ് നദിയിൽ നിന്നാണ് കെ.എം. തഹ്‌സിഫ് സൗരിയുടെ മൃതദേഹം കണ്ടെടുത്തത്. ഇദ്ദേഹത്തെ കാണാതായി ഒരു ദിവസത്തിന് ശേഷമായിരുന്നു മൃതദേഹം കണ്ടെത്തിയത്. ധാക്കയിലെ ഉത്തർഖാൻ മേഖലയിലുള്ള രാജാബാരി ഘാട്ടിന് സമീപത്ത് നിന്നാണ് പോലീസ് മൃതദേഹം കണ്ടെത്തിയത്.
2024ൽ വിദ്യാർഥി പ്രക്ഷോഭത്തെത്തുടർന്ന് ഷെയ്ഖ് ഹസീന സൈനിക ഹെലികോപ്റ്ററിൽ ഇന്ത്യയിലേക്ക് രക്ഷപ്പെടുന്നതിന്റെ വിഡിയോ തഹ്സിഫ് സമൂഹമാധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്തിരുന്നു. എന്നാൽ, തഹ്സിഫ് ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജൻസിയായ റോയുടെ ഏജന്റാണെന്ന് ബംഗ്ലദേശിലെ ജമാഅത്തെ ഇസ്‌ലാമി അനുകൂല പത്രമായ അമർ ദേശ് തെറ്റായി റിപ്പോർട്ട് ചെയ്തതോടെ ഇയാളെ വ്യോമസേനയിൽനിന്ന് പുറത്താക്കുകയും പാസ്പോർട്ട് പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
ബംഗ്ലദേശ് വ്യോമസേനയിൽ ഫ്ലൈറ്റ് ലഫ്റ്റനന്റ് ആയിരുന്ന തഹ്സിഫ് ചൊവ്വാഴ്ച അമ്മയ്ക്കൊപ്പം ഷോപ്പിങ്ങിനു പോകുകയും തുടർന്ന് സുഹൃത്തിന്റെ ഫോൺ വന്നതിനെത്തുടർന്ന് അയാൾക്കൊപ്പം പുറത്തുപോകുകയും ചെയ്തെന്ന് കുടുംബം പറഞ്ഞു. പിന്നീട് വീട്ടിൽനിന്നുള്ള ഫോണുകളൊന്നും തഹ്സിഫ് എടുത്തില്ല. രാത്രി ഒന്നരയോടെ, വീട്ടിലേക്ക് വരുകയാണ് എന്ന സന്ദേശം തഹ്സിഫിന്റെ ഫോണിൽനിന്ന് അമ്മയുടെ ഫോണിലേക്ക് അയച്ചെങ്കിലും യുവാവ് വീട്ടിലെത്തിയില്ല. തുടർന്ന് പിറ്റേന്ന് തഹ്സിഫിന്റെ മൃതദേഹം തുരാഗ് നദിയിൽ കണ്ടെത്തുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
