ധാക്ക: ബംഗ്ലാദേശ് നാഷനലിസ്റ്റ് പാര്‍ട്ടി നേതാവിന്റെ വീട് ആക്രമിച്ച ശേഷം തീയിട്ടതിനെ തുടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ ഏഴ് വയസുകാരിയായ മകള്‍ കൊല്ലപ്പെട്ടു.
ബിഎന്‍പി ഭവാനി ഗഞ്ച് യൂണിയന്‍ അസി. ഓര്‍ഗനൈസിങ് സെക്രട്ടറിയും വ്യാപാരിയുമായ ബിലാല്‍ ഹുസൈന്റെ വീടാണ് ആക്രമിച്ചത്. ആക്രമണത്തില്‍ ബിലാലിന്റെ ഇളയ മകളായ ഐഷ അക്തറാണ് മരിച്ചത്. മറ്റ് പെണ്‍മക്കളായ സല്‍മ അക്തര്‍ (16), സാമിയ അക്തര്‍ (14) എന്നിവര്‍ക്കും ഗുരുതരമായി പരിക്കേറ്റു.
ശനിയാഴ്ചയാണ് ദാരുണ സംഭവം നടന്നത്. അര്‍ധരാത്രി ശബ്ദം കേട്ട് ഉണര്‍ന്ന ബിലാലിന്റെ മാതാവാണ് വീടിന് തീപിടിക്കുന്നത് കണ്ടത്. പിന്‍വാതിലിലൂടെ പുറത്തിറങ്ങി മുന്നിലെത്തിയ മാതാവ് കാണുന്നത് വാതില്‍ പുറത്ത് നിന്ന് പൂട്ടിയിരിക്കുന്നതാണ്. മാതാവിന്റെ ഉച്ചത്തിലുള്ള നിലവിളി കേട്ട് മകനും കുടുംബവും ഉണര്‍ന്നെങ്കിലും തീ ആളിപ്പടരുകയായിരുന്നു. രക്ഷപെടാനായി ബിലാല്‍ ഹുസൈന്‍ വാതില്‍ ചവിട്ടിപ്പൊളിക്കുകയും ഭാര്യ നസ്മയും നാല് മാസം പ്രായമുള്ള കുഞ്ഞും ആറ് വയസുള്ള മകനും പുറത്തിറങ്ങുകയും ചെയ്തു.
എന്നാല്‍ ബിലാലിന്റെ മറ്റ് മൂന്ന് പെണ്‍മക്കളും മറ്റൊരു മുറിയിലായിരുന്നു ഉറങ്ങിയിരുന്നത്. തീപിടിത്തത്തില്‍ ഗുരുതരമായി പൊള്ളലേറ്റ ഇവരെ ബിലാലിന് രക്ഷിക്കാനായില്ല. പിന്നീട് വിവരമറിഞ്ഞെത്തിയ അഗ്‌നിശമന സേനാ ഉദ്യോഗസ്ഥരാണ് തീകെടുത്തിയത്. അപ്പോഴേക്കും ഐഷ മരണപ്പെട്ടിരുന്നു. പൊള്ളലേറ്റ ബിലാല്‍ ഹുസൈനും രണ്ട് പെണ്‍കുട്ടികളും ആശുപത്രിയില്‍ ചികിത്സയിലാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
