ദുബായ്: ഖത്തറിന്റെ പരമാധികാരത്തിന് നേരെയുള്ള ഏതു കടന്നാക്രമണവും അറബ് മുസ്ലിം ലോകത്തിനു നേരെയുള്ള ആക്രമണമായി കാണുമെന്ന് ദോഹയില്‍ നടന്ന ഉച്ചകോടിയില്‍ അറബ് മുസ്ലിം രാജ്യങ്ങള്‍. ഇസ്രയേല്‍ ആക്രമണം മേഖലയിലെ ഐക്യത്തിനും സഹവര്‍ത്തിത്വത്തിനും ഭീഷണിയുയര്‍ത്തുന്നു. പാലസ്തീനില്‍ സമാധാനത്തിന് ഇസ്രയേലിന്റെ നിലപാടുകള്‍ തടസമാണെന്നും ഉച്ചകോടി കുറ്റപ്പെടുത്തി.
കഴിഞ്ഞ ഒന്‍പതിന് ഖത്തറില്‍ ഹമാസ് നേതാക്കളെ ഉന്നമിട്ട് ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടിരുന്നു. അതേസമയം എവിടെയായാലും ഹമാസ് നേതാക്കളെ ഇനിയും ആക്രമിക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു പറഞ്ഞു. ഇസ്രയേലിനെ പിന്തുണയ്ക്കുമ്പോഴും ഖത്തറിനെ തണുപ്പിക്കാനുള്ള നടപടികളിലാണ് അമേരിക്ക.
ഖത്തര്‍ പ്രധാനമന്ത്രിക്ക് വിരുന്നൊരുക്കിയതിന് പിന്നാലെ, യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ഇന്ന് ദോഹയിലെത്തും. ഖത്തറിനെ ആക്രമിച്ചതിലുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിയോജിപ്പ് ഇസ്രയേലിനെ അറിയിച്ചതായി റൂബിയോ പറഞ്ഞു. ഇസ്രയേലിന്റെ ആക്രമണത്തെ ഭീരുത്വമെന്നും തെമ്മാടിത്തമെന്നുമാണ് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി ഉച്ചകോടിയില്‍ വിശേഷിപ്പിച്ചത്. അമേരിക്ക മുന്നോട്ടുവച്ച വെടിനിര്‍ത്തല്‍ നിര്‍ദേശം ചര്‍ച്ച ചെയ്യാനാണ് ഹമാസ് നേതാക്കള്‍ ദോഹയില്‍ എത്തിയതെന്നും അമീര്‍ ചൂണ്ടിക്കാട്ടി.
അതേസമയം ഖത്തറിനെ ആക്രമിച്ചതു ചര്‍ച്ച ചെയ്യാന്‍ ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ കൗണ്‍സില്‍ ഇന്ന് ജനീവയില്‍ അടിയന്തര യോഗം ചേരും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്