ജൂലൈ ഒന്ന് കാനഡയ്ക്ക് നിര്‍ണ്ണായകമാകുന്നത് എന്തുകൊണ്ട്?

JUNE 30, 2026, 8:09 PM

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നികുതി ഭീഷണികളില്‍ നിന്ന് കാനഡയുടെ കയറ്റുമതിയുടെ 90 ശതമാനത്തെയും സംരക്ഷിച്ചു നിര്‍ത്തുന്ന യു.എസ്.എം.സി.എ വ്യാപാര കരാറിന്റെ ഭാവി നിശ്ചയിക്കുന്ന നിര്‍ണായക ചര്‍ച്ചകള്‍ക്ക് ജൂലൈ ഒന്നിന് തുടക്കമാവുകയാണ്. കാനഡ, അമേരിക്ക, മെക്‌സിക്കോ എന്നീ മൂന്ന് രാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്ന ചരിത്രപരമായ ത്രികക്ഷി പുനരവലോകന യോഗമാണ് ഇന്ന് നടക്കുന്നത്.

2036 ല്‍ അവസാനിക്കുന്ന ഈ കരാര്‍ ദീര്‍ഘിപ്പിക്കണമോ അതോ ഭേദഗതികളോടെ പുനപരിശോധിക്കണമോ എന്ന് വ്യക്തമാക്കാന്‍ കരാറിലെ വ്യവസ്ഥകള്‍ പ്രകാരം മൂന്ന് രാജ്യങ്ങള്‍ക്കും നല്‍കിയിരുന്ന അവസാന സമയപരിധിയാണ് ജൂലൈ ഒന്ന്. ഈ ജൂലൈ ഒന്ന് ഡെഡ്ലൈന്‍ കാനഡയെയും ആഗോള വിപണിയെയും എങ്ങനെ ബാധിക്കുമെന്നും ഇതിന് പിന്നിലെ യാഥാര്‍ത്ഥ്യങ്ങള്‍ എന്തൊക്കെയാണെന്നും പരിശോധിക്കാം.

എന്താണ് ജൂലൈ ഒന്നിന് സംഭവിക്കുന്നത്?

കാനഡ-യുണൈറ്റഡ് സ്റ്റേറ്റ്‌സ്-മെക്‌സിക്കോ എഗ്രിമെന്റ് (യു.എസ്.എം.സി.എ) നിലവില്‍ വന്നിട്ട് കൃത്യം ആറ് വര്‍ഷം തികയുന്നത് ജൂലൈ ഒന്നിനാണ്. പഴയ നാഫ്റ്റ കരാറിന് പകരമായാണ് ഇത് കൊണ്ടുവന്നത്. കരാര്‍ പ്രകാരം ഒന്നിന് ചേരുന്ന യോഗത്തില്‍ രാജ്യങ്ങള്‍ക്ക് മുന്നില്‍ രണ്ട് വഴികളാണുള്ളത്. ഒന്ന കരാര്‍ 16 വര്‍ഷത്തേക്ക് കൂടി ദീര്‍ഘിപ്പിച്ച് 2042 വരെ നിലനിര്‍ത്തുക അല്ലെങ്കില്‍ കരാര്‍ നീട്ടാന്‍ താല്പര്യമില്ലെന്ന് പ്രഖ്യാപിക്കുക. ഇത് കരാറിലെ വ്യവസ്ഥകള്‍ മാറ്റിയെഴുതുന്നതിനുള്ള പുതിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കും.

കാനഡയുടെയും മെക്‌സിക്കോയുടെയും നിലപാട്

കരാര്‍ ഭേദഗതികളോടെ 2042 വരെ നീട്ടാന്‍ തങ്ങള്‍ തയ്യാറാണെന്ന് കാനഡയും മെക്‌സിക്കോയും ഇതിനകം തന്നെ രേഖാമൂലം അമേരിക്കയെ അറിയിച്ചിട്ടുണ്ട്. കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി ഇന്നത്തെ യോഗത്തില്‍ അനാവശ്യ നാടകീയതകള്‍ ഒന്നും പ്രതീക്ഷിക്കുന്നില്ലെന്നും ചര്‍ച്ചകള്‍ സ്വാഭാവികമായ രീതിയില്‍ മുന്നോട്ട് പോകുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ട്രംപ് ഭരണകൂടം ലക്ഷ്യമിടുന്നത് എന്ത്?

അമേരിക്ക തങ്ങളുടെ നിലപാട് പരസ്യമാക്കിയിട്ടില്ലെങ്കിലും, കരാര്‍ നിലവില്‍ നീട്ടാന്‍ അവര്‍ക്ക് താല്പര്യമില്ലെന്നാണ് സൂചനകള്‍. ചര്‍ച്ചകളില്‍ തങ്ങള്‍ക്കുള്ള മേല്‍ക്കൈ നഷ്ടപ്പെടുത്താന്‍ ട്രംപ് ആഗ്രഹിക്കുന്നില്ല. പ്രധാനമായും രണ്ട് കാര്യങ്ങളാണ് അമേരിക്ക ലക്ഷ്യമിടുന്നത്. ഒന്ന് ചൈന പോലുള്ള രാജ്യങ്ങള്‍ മെക്‌സിക്കോ വഴി നികുതിയില്ലാതെ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ അമേരിക്കന്‍ വിപണിയില്‍ എത്തിക്കുന്നത് തടയുക.കാനഡയിലോ മെക്‌സിക്കോയിലോ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പരമാവധി അമേരിക്കയിലേക്ക് തന്നെ തിരികെ കൊണ്ടുവരിക (പ്രത്യേകിച്ച് വാഹന നിര്‍മ്മാണം). കാനഡയുടെ ഡയറി വിപണിയിലേക്ക് അമേരിക്കയ്ക്ക് കൂടുതല്‍ പ്രവേശനം നേടുക എന്നിങ്ങനെയാണ്.

ഈ ഡെഡ്ലൈനോടെ കരാര്‍ റദ്ദാകുമോ?

ഈ ഡെഡ്ലൈനോടെ കരാര്‍ റദ്ദാകില്ല. അമേരിക്ക കരാര്‍ നീട്ടാന്‍ വിസമ്മതിച്ചാലും യു.എസ്.എം.സി.എ കരാര്‍ പെട്ടെന്ന് ഇല്ലാതാകില്ല. നിലവിലെ കരാര്‍ പ്രകാരം 2036 വരെ ഇത് തുടരും. കരാറില്‍ നിന്ന് ഏതെങ്കിലും രാജ്യത്തിന് പിന്മാറണമെങ്കില്‍ ആറ് മാസം മുമ്പ് ഔദ്യോഗികമായി നോട്ടീസ് നല്‍കണം. അതിനാല്‍ ട്രംപിന് പെട്ടെന്നൊരു ദിവസം കൊണ്ട് ഈ കരാര്‍ റദ്ദാക്കാന്‍ കഴിയില്ല. ജൂലൈ ഒന്ന് എന്നത് ഒരു ചെക്ക്പോയിന്റ് മാത്രമാണെന്നാണ് കാനഡയുടെ ചീഫ് ട്രേഡ് നെഗോസിയേറ്റര്‍ ജാനിസ് ചാരെറ്റ് വ്യക്തമാക്കിയത്.

കാനഡയുടെ പ്രധാന ആവശ്യം

കാനഡയെ സംബന്ധിച്ച് ട്രംപ് സര്‍ക്കാര്‍ സ്റ്റീല്‍, അലുമിനിയം, സോഫ്റ്റ്വുഡ് ലംബര്‍ എന്നിവയ്ക്ക് മേല്‍ ചുമത്തിയിരിക്കുന്ന കനത്ത നികുതികളില്‍ നിന്ന് ഇളവ് നേടുക എന്നതാണ് ഒന്നാമത്തെ ലക്ഷ്യം. എന്നാല്‍ നികുതി കുറയ്ക്കാന്‍ തങ്ങള്‍ തയ്യാറല്ലെന്ന സൂചനയാണ് അമേരിക്ക നല്‍കുന്നത്.

അമേരിക്കന്‍ വിപണിയിലെ കര്‍ഷകരുടെയും വന്‍കിട ബിസിനസ്സ് ഗ്രൂപ്പുകളുടെയും ശക്തമായ പിന്തുണ ഈ കരാറിനുണ്ട്. കരാര്‍ തകര്‍ന്നാല്‍ അത് അമേരിക്കന്‍ സമ്പദ്വ്യവസ്ഥയെയും ബാധിക്കുമെന്നതിനാല്‍ വരും മാസങ്ങളില്‍ മികച്ച ചര്‍ച്ചകള്‍ക്ക് ശേഷം മൂന്ന് രാജ്യങ്ങളും പുതിയൊരു സമവായത്തിലെത്താനാണ് സാധ്യതയെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ വിലയിരുത്തുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam