വര്‍ക്ക് ഫ്രം ഹോം അവസാനിപ്പിക്കല്‍: നിര്‍ബന്ധിത ഓഫീസ് ജോലി നിയമവിരുദ്ധമെന്ന് കാനേഡിയന്‍ കോടതി; കമ്പനികള്‍ക്ക് മുന്നറിയിപ്പ്

JUNE 1, 2026, 8:07 PM

ഒട്ടാവ: ജീവനക്കാരെ നിര്‍ബന്ധപൂര്‍വം ഓഫീസുകളിലേക്ക് തിരികെ വിളിക്കുന്ന കമ്പനികള്‍ക്ക് കനത്ത തിരിച്ചടി നല്‍കിക്കൊണ്ട് കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ കോടതിയുടെ നിര്‍ണ്ണായക വിധി. വര്‍ഷങ്ങളായി തുടര്‍ന്നുപോന്ന 'വര്‍ക്ക് ഫ്രം ഹോം' (റിമോട്ട് വര്‍ക്ക്) ആനുകൂല്യം ജീവനക്കാരുടെ അനുവാദമില്ലാതെ പെട്ടെന്ന് റദ്ദാക്കി, ഓഫീസിലിരുന്ന് ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കുന്നത് നിയമവിരുദ്ധമാണെന്ന് കോടതി വ്യക്തമാക്കി.

കനേഡിയന്‍ കമ്പനിയായ ക്രെസി കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനെതിരായ (ഇപ്പോള്‍ ക്രെസി ഡെവലപ്മെന്റ് ഗ്രൂപ്പ്) കേസില്‍ ബ്രിട്ടീഷ് കൊളംബിയ അപ്പീല്‍ കോടതിയാണ് ഈ നിര്‍ണ്ണായക വിധി പുറപ്പെടുവിച്ചത്. വര്‍ക്ക് ഫ്രം ഹോം സംവിധാനം പെട്ടെന്ന് നിര്‍ത്തലാക്കിയത് വഴി കമ്പനി തങ്ങളെ പരോക്ഷമായി പിരിച്ചുവിടുകയാണ് ചെയ്തതെന്ന ജീവനക്കാരി ട്രേസി പരോളിന്റെ വാദം കോടതി പൂര്‍ണ്ണമായും ശരിവെച്ചു.

ട്രേസി പരോളിന്‍ എന്ന ജീവനക്കാരിക്ക് 2013 ല്‍ പ്രസവാവധി കഴിഞ്ഞെത്തിയത് മുതല്‍ കമ്പനി ജോലി സമയത്തില്‍ ഇളവുകള്‍ നല്‍കിയിരുന്നു. അവരുടെ കുട്ടികളിലൊരാളുടെ ആരോഗ്യ പ്രശ്‌നങ്ങളും പരിചരണവും കണക്കിലെടുത്തായിരുന്നു ഇത്. പിന്നീട് 2020 ല്‍ കോവിഡ് മഹാമാരി പടര്‍ന്നുപിടിച്ചതോടെ മറ്റെല്ലാ ജീവനക്കാരെയും പോലെ ട്രേസിയും വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ ആരംഭിച്ചു. കോവിഡിന് ശേഷം മറ്റ് ജീവനക്കാര്‍ ഓഫീസിലേക്ക് മടങ്ങിയെങ്കിലും ട്രേസിയുടെ വ്യക്തിപരമായ സാഹചര്യം പരിഗണിച്ച് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ കമ്പനി മേധാവികള്‍ തുടര്‍ന്നും അനുവാദം നല്‍കിയിരുന്നു.

എന്നാല്‍ 2023 മെയ് മാസത്തില്‍ ചുമതലയേറ്റ പുതിയ സൂപ്പര്‍വൈസര്‍, ട്രേസിയുടെ ശമ്പള വര്‍ദ്ധനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കിടെ ഈ ആനുകൂല്യം പെട്ടെന്ന് റദ്ദാക്കുകയായിരുന്നു. യാതൊരു മുന്‍കൂര്‍ നോട്ടീസും നല്‍കാതെ ഉടന്‍ തന്നെ ഓഫീസില്‍ പൂര്‍ണ്ണസമയ ജോലിക്ക് ഹാജരാകാന്‍ ഇവര്‍ ആവശ്യപ്പെട്ടു. ഇതില്‍ പ്രതിഷേധിച്ച് ട്രേസിക്ക് ജോലി രാജിവെക്കേണ്ടി വന്നു.

റിമോട്ട് വര്‍ക്ക് ചെയ്യാന്‍ ട്രേസിയുടെ തൊഴില്‍ക്കരാറില്‍ രേഖാമൂലം വ്യവസ്ഥകളൊന്നുമില്ലെന്നായിരുന്നു കമ്പനിയുടെ പ്രധാന വാദം. എന്നാല്‍ ഈ വാദം കോടതി തള്ളി. വര്‍ഷങ്ങളായി കമ്പനിയുടെ പൂര്‍ണ്ണ പിന്തുണയോടെ ജീവനക്കാരി അനുഭവിച്ചുപോന്ന ജോലി സമയത്തിലെ ഇളവുകള്‍ അവരുടെ തൊഴില്‍ക്കരാറിന്റെ ഭാഗവും മൗലികമായ അവകാശവുമായി മാറിക്കഴിഞ്ഞിരിക്കുന്നു. ജീവനക്കാരിയുടെ സമ്മതമില്ലാതെ, മുന്‍കൂട്ടി അറിയിക്കാതെ കമ്പനി ഏകപക്ഷീയമായി എടുത്ത തീരുമാനം നിയമവിരുദ്ധമാണെന്നായിരുന്നു കോടതിയുടെ പ്രധാന നിരീക്ഷണം.

തൊഴിലുടമ തൊഴില്‍ക്കരാറിലെ പ്രധാന വ്യവസ്ഥകളില്‍ ജീവനക്കാരുടെ സമ്മതമില്ലാതെ ഏകപക്ഷീയമായി വലിയ മാറ്റങ്ങള്‍ വരുത്തുകയും അത് കാരണം ജീവനക്കാരന് ജോലി ഉപേക്ഷിക്കേണ്ടി വരികയും ചെയ്യുന്ന സാഹചര്യത്തെയാണ് കാനഡയിലെ സുപ്രീം കോടതി 'കണ്‍സ്ട്രക്റ്റീവ് ഡിസ്മിസല്‍' എന്ന് നിര്‍വ്വചിക്കുന്നത്.

ഈ കോടതി വിധി തനിക്ക് വലിയ ആശ്വാസവും അംഗീകാരവുമാണെന്ന് ട്രേസി പരോളിന്‍ പ്രതികരിച്ചു. വീട്ടിലിരുന്ന് ജോലി ചെയ്യുന്നത് തന്റെ കരിയറിനെയോ ജോലിയുടെ ഗുണനിലവാരത്തെയോ ബാധിച്ചിട്ടില്ലെന്നും കുടുംബവും ജോലിയും ഒരുപോലെ മുന്നോട്ട് കൊണ്ടുപോകാന്‍ മാത്രമാണ് അത് സഹായിച്ചതെന്നും അവര്‍ വ്യക്തമാക്കി.

അതേസമയം, നിലവിലെ സാഹചര്യത്തില്‍ ഓഫീസുകളിലേക്ക് നിര്‍ബന്ധപൂര്‍വ്വം തിരികെ വിളിക്കുന്നത് കാനഡയിലെ ലക്ഷക്കണക്കിന് രക്ഷിതാക്കളെ, പ്രത്യേകിച്ച് അമ്മമാരെ വലിയ പ്രതിസന്ധിയിലാക്കുന്നുണ്ടെന്ന് ഹ്യൂമന്‍ റിസോഴ്‌സ് വിദഗ്ധയായ ആലിസണ്‍ വെന്‍ഡിറ്റി ചൂണ്ടിക്കാണിക്കുന്നു. യാത്രാച്ചെലവുകള്‍ക്ക് പുറമെ കുട്ടികളെ നോക്കാനുള്ള ഡേ-കെയര്‍ ചെലവുകള്‍ കൂടി വര്‍ദ്ധിക്കുന്നത് സാധാരണക്കാരായ ജീവനക്കാര്‍ക്ക് താങ്ങാനാവുന്നതിലും അപ്പുറമാണെന്നും അവര്‍ പറഞ്ഞു. വരും മാസങ്ങളില്‍ സമാനമായ നിരവധി നിയമ പോരാട്ടങ്ങള്‍ കോടതികളില്‍ എത്താന്‍ സാധ്യതയുണ്ടെന്നാണ് ഈ മേഖലയിലെ വിദഗ്ധരുടെ വിലയിരുത്തല്‍. റിമോട്ട് വര്‍ക്ക് അവസാനിപ്പിക്കാന്‍ ഒരുങ്ങുന്ന മറ്റ് കമ്പനികള്‍ക്ക് വലിയൊരു മുന്നറിയിപ്പാണ് ഈ വിധി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam