യു.എസ് മാതൃക പിന്തുടര്‍ന്നിരുന്നെങ്കില്‍ കാനഡയില്‍ ഭവന വില 10% കുറയുമായിരുന്നു: സി.എം.എച്ച്.സി റിപ്പോര്‍ട്ട്

MAY 29, 2026, 1:54 PM

ഒട്ടാവ: കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി കാനഡയിലെ ഭവന നിര്‍മ്മാണ മേഖല അമേരിക്കന്‍ വിപണിയിലെപ്പോലെ ആവശ്യകതയോട് വേഗത്തില്‍ പ്രതികരിച്ചിരുന്നെങ്കില്‍, രാജ്യത്തെ വീടുകളുടെ എണ്ണം 30 ശതമാനം വര്‍ദ്ധിക്കുകയും വിലയില്‍ 10 ശതമാനം കുറവുണ്ടാകുകയും ചെയ്യുമായിരുന്നുവെന്ന് ഫെഡറല്‍ ഭവന ഏജന്‍സിയുടെ പുതിയ റിപ്പോര്‍ട്ട്.

കാനഡ മോര്‍ട്ട്‌ഗേജ് ആന്‍ഡ് ഹൗസിംഗ് കോര്‍പ്പറേഷന്‍ വ്യാഴാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് കാനഡയിലെ ഭവന പ്രതിസന്ധിക്ക് പിന്നിലെ പ്രധാന കാരണങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. മുനിസിപ്പല്‍ തലത്തിലുള്ള അമിതമായ നിയന്ത്രണങ്ങള്‍, ഭൂമിശാസ്ത്രപരമായ തടസ്സങ്ങള്‍, ജനസംഖ്യാപരമായ പ്രത്യേകതകള്‍ എന്നിവയാണ് വിപണിയിലെ മന്ദഗതിക്ക് കാരണമായി ഏജന്‍സി വ്യക്തമാക്കുന്നത്.

ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോപ്പറേഷന്‍ ആന്‍ഡ് ഡെവലപ്മെന്റിന്റെ ഗവേഷണങ്ങളെ അടിസ്ഥാനമാക്കി 2006-2024 കാലയളവിലാണ് പഠനം നടത്തിയത്. യു.എസിലെ ഭൂരിഭാഗം മെട്രോ നഗരങ്ങളിലും സോണിംഗ്, ഭൂവിനിയോഗം എന്നിവയില്‍ കടുത്ത നിയന്ത്രണങ്ങളില്ല. എന്നാല്‍ കാനഡയില്‍ പ്രാദേശിക ഭരണകൂടങ്ങള്‍ ഏര്‍പ്പെടുത്തുന്ന കര്‍ശനമായ കെട്ടിട നിയന്ത്രണങ്ങള്‍ വീടുകളുടെ വിതരണം തടസ്സപ്പെടുത്തുകയും വില കുതിച്ചുയരാന്‍ കാരണമാവുകയും ചെയ്തതായി റിപ്പോര്‍ട്ട് വിലയിരുത്തുന്നു.

ഭവന വിതരണം മന്ദഗതിയിലാക്കിയ മറ്റ് രണ്ട് പ്രധാന ഘടകങ്ങള്‍ സി.എം.എച്ച്.സി മുഖ്യ സാമ്പത്തിക വിദഗ്ദ്ധന്‍ മാത്യു ലാബെര്‍ജ് ചൂണ്ടിക്കാണിക്കുന്നു. അതില്‍ ഒന്നാമത്തേതാണ് ഭൂമിശാസ്ത്രപരമായ തടസ്സങ്ങള്‍. വാന്‍കൂവര്‍, മോണ്‍ട്രിയല്‍ തുടങ്ങിയ പ്രധാന നഗരങ്ങളില്‍ മലനിരകളും ജലാശയങ്ങളും പുതിയ നിര്‍മ്മാണങ്ങള്‍ക്ക് സ്വാഭാവിക തടസ്സം സൃഷ്ടിക്കുന്നു. മറ്റൊന്നാണ് വലിയ നഗരങ്ങളുടെ കുറവ്. യു.എസിനെ അപേക്ഷിച്ച് കാനഡയില്‍ വലിയ നഗരങ്ങള്‍ കുറവാണ്. ഇത് ജോലിയുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്ക് മറ്റ് നഗരങ്ങളിലേക്ക് മാറാനുള്ള അവസരം പരിമിതപ്പെടുത്തുകയും നിലവിലുള്ള നഗരങ്ങളില്‍ സമ്മര്‍ദ്ദം കൂട്ടുകയും ചെയ്യുന്നു.

അതേസമയം, വിവിധ പ്രദേശങ്ങളിലെ തൊഴില്‍ സാഹചര്യങ്ങളും പ്രാദേശിക നിയമങ്ങളും വ്യത്യസ്തമായതിനാല്‍ ഇത്തരം അന്താരാഷ്ട്ര ഭവന മാതൃകകള്‍ പൂര്‍ണ്ണമായി ശരിയാകണമെന്നില്ലെന്ന് കനേഡിയന്‍ സെന്റര്‍ ഫോര്‍ ഇക്കണോമിക് അനാലിസിസ് പ്രസിഡന്റ് പോള്‍ സ്‌മെറ്റാനിന്‍ അഭിപ്രായപ്പെട്ടു. എങ്കിലും നിര്‍മ്മാണ മേഖല നേരിടുന്ന തടസ്സങ്ങള്‍ കാരണം കനേഡിയന്‍ വിപണി പ്രതിസന്ധിയിലാണെന്ന് അദ്ദേഹം സമ്മതിച്ചു.

നികുതി ഭാരവും കാലതാമസവും

ഒരു പുതിയ വീടിന്റെ വിലയുടെ വലിയൊരു പങ്ക് (ഏകദേശം 36 ശതമാനം) വിവിധ സര്‍ക്കാര്‍ നികുതികളാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഇതില്‍ 70 ശതമാനവും വികസന ചാര്‍ജുകള്‍ (മലിനജലം, വെള്ളം, വൈദ്യുതി), ഭൂമി കൈമാറ്റ നികുതി, എച്ച്.എസ്.ടി (ഒടഠ) എന്നിവയാണ്. ബാക്കി 30 ശതമാനം പരോക്ഷ കോര്‍പ്പറേറ്റ് നികുതികളാണ്. ഇത് ഒടുവില്‍ ഉപഭോക്താവിലേക്കാണ് എത്തുന്നത്.

പ്രാദേശിക മുനിസിപ്പാലിറ്റികള്‍ വികസന ചാര്‍ജുകളില്‍ നിന്നുള്ള വരുമാനത്തെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. സമീപകാലത്ത് ചില കൗണ്‍സിലുകള്‍ ഈ ഫീസുകള്‍ കുറയ്ക്കാന്‍ തയ്യാറായിട്ടുണ്ട്. എങ്കിലും, ഒരു സ്ഥലം കണ്ടെത്തി അനുമതികള്‍ വാങ്ങി നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ 12 വര്‍ഷത്തോളം കാലതാമസം നേരിടുന്നത് പ്രതിസന്ധി സങ്കീര്‍ണ്ണമാക്കുന്നു.

സര്‍ക്കാര്‍ പ്രഖ്യാപനങ്ങളും പുതിയ പദ്ധതികളും

പ്രതിസന്ധി പരിഹരിക്കാന്‍ വരും വര്‍ഷങ്ങളില്‍ വിപുലമായ പദ്ധതികളാണ് ലിബറല്‍ സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നത്. അടുത്ത 10 വര്‍ഷത്തിനുള്ളില്‍ പ്രതിവര്‍ഷം 5,00,000 വീടുകള്‍ നിര്‍മ്മിക്കുമെന്നാണ് വാഗ്ദാനം. ബില്‍ഡ് കാനഡ ഹോംസിന്റെ ഭാഗമായി പ്രീഫാബ്, താങ്ങാനാവുന്ന ഭവന നിര്‍മ്മാണത്തിനായി $25 ബില്യണ്‍ പൊതു ധനസഹായത്തോടെ പുതിയ ക്രൗണ്‍ കോര്‍പ്പറേഷന്‍ രൂപീകരിക്കും. ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് $1 മില്യണില്‍ താഴെയുള്ള പുതിയ വീടുകളുടെ ജി.എസ്.ടി ഒഴിവാക്കും.

വെള്ളം, റോഡ്, മലിനജല സംവിധാനങ്ങള്‍ എന്നിവയ്ക്കായി 10 വര്‍ഷത്തേക്ക് $51 ബില്യണ്‍ 'ബില്‍ഡ് കമ്മ്യൂണിറ്റീസ് സ്‌ട്രോംഗ് ഫണ്ട്' ചിലവഴിക്കും. ഭവന നിര്‍മ്മാണ മേഖലയിലെ ഈ ഉണര്‍വ് വില കുറയ്ക്കാന്‍ മാത്രമല്ല, കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും അനുബന്ധ വ്യാപാര മേഖലകളുടെ വളര്‍ച്ചയ്ക്കും കാരണമാകുമെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ വിലയിരുത്തുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam