കാനഡയിലെ പ്രമുഖ ഗ്രോസറി ശൃംഖലകൾ വ്യാജവും മായം ചേർത്തതുമായ മേപ്പിൾ സിറപ്പ് വിറ്റഴിച്ചതായി ആരോപണം. ലോകപ്രശസ്തമായ കനേഡിയൻ മേപ്പിൾ സിറപ്പിൽ കരിമ്പിൻ പഞ്ചസാരയും വെള്ളവും ചേർത്ത് മായം കലർത്തി വിറ്റതിനെതിരെ ക്യുബെക് സുപ്പീരിയർ കോടതിയിൽ ഹർജി ഫയൽ ചെയ്തു. ലോബ്ലോസ്, മെട്രോ, സോബീസ് തുടങ്ങിയ വൻകിട സൂപ്പർമാർക്കറ്റ് ശൃംഖലകൾക്കെതിരെയാണ് ഉപഭോക്താക്കൾ നിയമപോരാട്ടത്തിന് ഇറങ്ങിയിരിക്കുന്നത്.
'ശുദ്ധമായ മേപ്പിൾ സിറപ്പ്' എന്ന വ്യാജേന വർഷങ്ങളായി ഗുണനിലവാരമില്ലാത്ത ഉൽപ്പന്നം വിറ്റഴിച്ചതിലൂടെ ഈ കമ്പനികൾ ഉപഭോക്താക്കളുടെ വിശ്വാസം ലംഘിച്ചുവെന്ന് ഹർജിയിൽ ആരോപിക്കുന്നു. മോൺട്രിയൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന 'എറാബ്ലിയേർ സ്റ്റീവ് ബോർഡ്യൂ' എന്ന നിർമ്മാതാക്കളിൽ നിന്നാണ് സൂപ്പർമാർക്കറ്റുകൾ ഈ സിറപ്പ് വാങ്ങി വിറ്റഴിച്ചത്. ഉൽപ്പന്നങ്ങളുടെ യഥാർത്ഥ വിലയേക്കാൾ വളരെ കുറഞ്ഞ നിരക്കിൽ ഇവ ലഭ്യമായപ്പോൾ തന്നെ ഇതിൽ മായം ചേർത്തിട്ടുണ്ടാകാമെന്ന് സംശയിക്കേണ്ടതായിരുന്നുവെന്നും, അത് പരിശോധിക്കാതെ വിപണിയിലെത്തിച്ച സൂപ്പർമാർക്കറ്റുകൾക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചുവെന്നും ഹർജിയിൽ പറയുന്നു.
പ്രശസ്ത മാധ്യമമായ റേഡിയോ-കാനഡ നടത്തിയ അന്വേഷണാത്മക റിപ്പോർട്ടിലൂടെയാണ് തട്ടിപ്പ് പുറത്തുവന്നത്. കടകളിൽ നിന്ന് ശേഖരിച്ച സാമ്പിളുകൾ സ്വതന്ത്ര ലാബിൽ പരിശോധിച്ചപ്പോൾ സിറപ്പിൽ 50 ശതമാനത്തോളം കരിമ്പിൻ പഞ്ചസാര ചേർത്തതായി കണ്ടെത്തുകയായിരുന്നു. കൂടാതെ ഒന്റാറിയോയിൽ നിന്ന് വാങ്ങിയ സിറപ്പ് 'ക്യുബെകിന്റെ ഉൽപ്പന്നം' എന്ന വ്യാജ ലേബലൊട്ടിച്ച് വിറ്റതായി നിർമ്മാതാവ് സമ്മതിച്ചതായും റിപ്പോർട്ടിലുണ്ട്.
2010 മുതൽ ഈ വ്യാജ സിറപ്പ് വിപണിയിലുള്ളതിനാൽ ലക്ഷക്കണക്കിന് ആളുകൾ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. സ്ലേറ്റർ വെച്ചിയോ എന്ന നിയമസ്ഥാപനം മുഖേന ഫയൽ ചെയ്ത കേസിൽ തട്ടിപ്പിനിരയായ ഓരോ ഉപഭോക്താവിനും നഷ്ടപരിഹാരവും വാങ്ങിയ തുകയുടെ റീഫണ്ടും ആവശ്യപ്പെട്ടിട്ടുണ്ട്. മുൻപും സമാനമായ രീതിയിൽ ദശലക്ഷക്കണക്കിന് ഡോളറിന്റെ മേപ്പിൾ സിറപ്പ് തട്ടിപ്പ് നടന്ന ചരിത്രം കാനഡയിലുണ്ടായിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
