ടൊറന്റോ: കാനഡയില്‍ ജൂതന്മാര്‍ക്കെതിരായ വിദ്വേഷ കുറ്റകൃത്യങ്ങളില്‍ വന്‍ വര്‍ദ്ധനവുണ്ടാകുന്നതായും അവരെ സംരക്ഷിക്കുന്നതില്‍ രാജ്യം പരാജയപ്പെടുകയാണെന്നും പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി മുന്നറിയിപ്പ് നല്‍കി. തിങ്കളാഴ്ച ടൊറന്റോയിലെ ഒരു സിനഗോഗില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വിദ്വേഷം ചെറുക്കുന്നതിനായി ഒരു പുതിയ ഫെഡറല്‍ ഉപദേശക സമിതി രൂപീകരിച്ചതായും അദ്ദേഹം പ്രഖ്യാപിച്ചു.
'മിനിസ്റ്റീരിയല്‍ അഡൈ്വസറി കൗണ്‍സില്‍ ഓണ്‍ റൈറ്റ്‌സ്, ഇക്വാളിറ്റി ആന്‍ഡ് ഇന്‍ക്ലൂഷന്‍' എന്ന പേരില്‍ പുതിയ സമിതി പ്രഖ്യാപിച്ചത്. കനേഡിയന്‍ ഐഡന്റിറ്റി ആന്‍ഡ് കള്‍ച്ചര്‍ മന്ത്രി മാര്‍ക്ക് മില്ലര്‍ ആയിരിക്കും സമിതിയുടെ അധ്യക്ഷന്‍.
കാനഡയിലെ ആന്റിസെമിറ്റിസം (ജൂതവിരുദ്ധത) രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ഏറ്റവും ഭയപ്പെടുത്തുന്ന തലത്തിലേക്ക് ഉയര്‍ന്നിരിക്കുകയാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇന്ന് കാനഡ നേരിടുന്ന ജൂതവിരുദ്ധ പ്രതിസന്ധി വ്യക്തവും അതീവ ഗുരുതരവുമാണ്. ഇതിന് കൃത്യമായതും ലക്ഷ്യം വച്ചുള്ളതുമായ പ്രതികരണം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യഹൂദ സമൂഹത്തെ സംരക്ഷിക്കുന്നതില്‍ രാജ്യം പരാജയപ്പെടുന്നു എന്ന ആശങ്ക ശക്തമായ പശ്ചാത്തലത്തിലാണ് ഈ അടിയന്തര ഇടപെടല്‍. സര്‍ക്കാര്‍ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം കാനഡയിലെ വിദ്വേഷ കുറ്റകൃത്യങ്ങളുടെ സാഹചര്യം അതീവ ഗുരുതരമാണ്. 2024 ല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 1,342 മതപരമായ വിദ്വേഷ കുറ്റകൃത്യങ്ങളില്‍ 70 ശതമാനവും ലക്ഷ്യം വെച്ചത് യഹൂദ സമൂഹത്തെയാണ്. കാനഡയിലെ ആകെ ജനസംഖ്യയുടെ വെറും ഒരു ശതമാനം മാത്രമാണ് യഹൂദന്മാര്‍ എന്നതിനാലാണ് ഈ ആക്രമണ നിരക്ക് വലിയ ആശങ്കയ്ക്ക് കാരണമാകുന്നത്.
2023 ഒക്ടോബര്‍ ഏഴിലെ ഹമാസ്-ഇസ്രായേല്‍ സംഘര്‍ഷത്തിനും അതിനെത്തുടര്‍ന്ന് ഗാസയിലുണ്ടായ യുദ്ധത്തിനും ശേഷമാണ് കാനഡയില്‍ യഹൂദവിരുദ്ധ ആക്രമണങ്ങള്‍ വന്‍തോതില്‍ വര്‍ധിച്ചത്. അടുത്തിടെയായി യഹൂദ സ്‌കൂളുകള്‍ക്ക് നേരെയുള്ള വെടിവെയ്പ്പ്, സിനഗോഗുകള്‍ക്ക് നേരെയുള്ള പെട്രോള്‍ ബോംബ് ആക്രമണങ്ങള്‍, യഹൂദ ഉടമസ്ഥതയിലുള്ള വ്യാപാര സ്ഥാപനങ്ങളും കമ്മ്യൂണിറ്റി സെന്ററുകളും തകര്‍ക്കല്‍ തുടങ്ങിയ അക്രമസംഭവങ്ങള്‍ കാനഡയില്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.
പുതിയ സമിതി കാനഡയിലെ യഹൂദ വിരുദ്ധതയുടെ യഥാര്‍ത്ഥ കാരണങ്ങളെക്കുറിച്ച് പഠിക്കുകയും വിദ്വേഷ സംഭവങ്ങളുടെ കൃത്യമായ വിവര ശേഖരണം നടത്തുകയും ചെയ്യും. കൂടാതെ വിദ്വേഷത്തിനെതിരെ നടത്തുന്ന വിദ്യാഭ്യാസ-പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഫലപ്രാപ്തി വിലയിരുത്താനും സമിതിക്ക് നിര്‍ദ്ദേശമുണ്ട്. വിദ്വേഷ കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി ആറ് നിയമനിര്‍മ്മാണങ്ങളാണ് കനേഡിയന്‍ ഭരണകൂടം കൊണ്ടുവന്നിട്ടുള്ളത്. ആരാധനാലയങ്ങള്‍, സ്‌കൂളുകള്‍ എന്നിവയ്ക്ക് കൂടുതല്‍ സംരക്ഷണം നല്‍കുന്നതിനും വിദ്വേഷം മൂലമുള്ള ആക്രമണങ്ങളെ പ്രത്യേക കുറ്റകൃത്യമായി കണക്കാക്കുന്നതിനുമുള്ള ബില്‍ 2026 മാര്‍ച്ചില്‍ ജനപ്രതിനിധി സഭ പാസാക്കിയിരുന്നു. ഇത് നിലവില്‍ സെനറ്റിന്റെ പരിഗണനയിലാണ്.
സുരക്ഷാ ശക്തമാക്കുന്നതിന്റെ ഭാഗമായി ഈ വര്‍ഷം ഏപ്രിലില്‍ മത സ്ഥാപനങ്ങള്‍ക്കും സ്‌കൂളുകള്‍ക്കുമായി 75 മില്യണ്‍ കനേഡിയന്‍ ഡോളറും തീവ്രവാദ പ്രതിരോധ പ്രോജക്ടുകള്‍ക്കായി കഴിഞ്ഞ വര്‍ഷം 36 മില്യണ്‍ കനേഡിയന്‍ ഡോളറും സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
