ഒട്ടാവ: യുണൈറ്റഡ് സ്റ്റേറ്റ്‌സ്-മെക്‌സിക്കോ-കാനഡ (USMCA) വ്യാപാര കരാര്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ഏതു നീക്കങ്ങളെയും നേരിടാന്‍ കാനഡ സജ്ജമാണെന്ന് കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി. കരാര്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും ഒട്ടും അടുത്തല്ലെന്ന യു.എസ് പ്രതിനിധി പീറ്റ് ഹൂക്സ്ട്രയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കാര്യങ്ങള്‍ അത്ര ലളിതമല്ലെന്നും ഡൊണാള്‍ഡ് ട്രംപിന്റെ കീഴില്‍ വളരെ പെട്ടെന്ന് തന്നെ ഇത്തരം കരാറുകളിലേക്ക് വഴിതുറക്കാറുണ്ടെന്നും ഒട്ടാവയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെ കാര്‍ണി ചൂണ്ടിക്കാട്ടി. ട്രംപിനെ സംബന്ധിച്ചിടത്തോളം ഒരു കരാറിനോട് നമ്മള്‍ ഒട്ടും അടുത്തല്ലെന്ന് തോന്നിപ്പിക്കുന്ന ഘട്ടത്തില്‍ നിന്ന് പെട്ടെന്നൊരു ദിവസം കരാറിലേക്ക് കാര്യങ്ങളെത്തിക്കാന്‍ അദ്ദേഹത്തിന് സാധിക്കാറുണ്ട്. അതുകൊണ്ട് രണ്ട് പ്രസ്താവനകളും ഒരേസമയം ശരിയാകാം എന്നായിരുന്നു മാര്‍ക്ക് കാര്‍ണിയുടെ പ്രതികരണം.
എന്നിരുന്നാലും കാനഡയ്ക്ക് ദോഷകരമാകുന്ന ഒരു തരത്തിലുള്ള മോശം കരാറിലും രാജ്യം ഒപ്പുവെക്കില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കാനഡയുടെ താല്പര്യങ്ങള്‍ പൂര്‍ണ്ണമായി സംരക്ഷിക്കുന്ന ഒരു യഥാര്‍ത്ഥ കരാറിന് മാത്രമേ രാജ്യം തയ്യാറാകൂ. അത്തരമൊരു അവസരം ഒത്തുവന്നാല്‍ കരാറിലെത്താന്‍ ആവശ്യമായ എല്ലാ മുന്‍കൂര്‍ ചര്‍ച്ചകളും മുന്നൊരുക്കങ്ങളും കാനഡ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇരുരാജ്യങ്ങളും തമ്മിലുള്ള അടുത്ത ഘട്ട ചര്‍ച്ചകള്‍ പ്രസിഡന്റ്-പ്രധാനമന്ത്രി തലത്തില്‍ തന്നെ നടക്കണമെന്നാണ് യു.എസ് പ്രതിനിധി പീറ്റ് ഹൂക്സ്‌ട്രെ സി.ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയത്. പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയും ഇതിനോട് യോജിച്ചു. ഒരു വലിയ വഴിത്തിരിവ് ഉണ്ടാകാന്‍ ഈ ചര്‍ച്ചകള്‍ അനിവാര്യമാണ്.
എന്നാല്‍ കാനഡയുടെ സമീപനം വെറും വ്യക്തിഗത നേതാക്കള്‍ തമ്മിലുള്ള ഒന്നല്ലെന്നും, പ്രവിശ്യാ പ്രീമിയര്‍മാരും ചീഫ് നെഗോഷ്യേറ്റര്‍ ജാനിസ് ചാരെറ്റും കാനഡ-യു.എസ് വ്യാപാര മന്ത്രി ഡൊമിനിക് ലെബ്ലാങ്കും ഉള്‍പ്പെടുന്ന വലിയൊരു ഔദ്യോഗിക സംഘമാണ് ഇതിനായി ഒത്തൊരുമയോടെ പ്രവര്‍ത്തിക്കുന്നതെന്നും കാര്‍ണി ഓര്‍മ്മിപ്പിച്ചു. അതേസമയം കഴിഞ്ഞ ദിവസം ഡൊണാള്‍ഡ് ട്രംപുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തില്‍ യു.എസ്.എം.സി.എ കരാര്‍ ചര്‍ച്ചയായില്ലെന്ന് കനേഡിയന്‍ പ്രധാനമന്ത്രി വ്യക്തമാക്കി. യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത് ഉള്‍പ്പെടെ പങ്കെടുത്ത സംഭാഷണത്തില്‍ നാറ്റോ സഖ്യം, ഇറാന്‍ വിഷയം, മിഡില്‍ ഈസ്റ്റിലെ നിലവിലെ സാഹചര്യങ്ങള്‍ എന്നിവയാണ് പ്രധാനമായും ചര്‍ച്ച ചെയ്തത്.
വരാനിരിക്കുന്ന നാറ്റോ ഉച്ചകോടിക്ക് മുന്നോടിയായി കാനഡ ഉള്‍പ്പെടെയുള്ള സഖ്യകക്ഷികള്‍ പ്രതിരോധ മേഖലയിലെ ചിലവുകള്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്ന സന്ദേശം കാര്‍ണി ആവര്‍ത്തിച്ചു. ഉക്രെയ്‌നുള്ള കാനഡയുടെ സഹായവും ലാത്വിയയിലെ സൈനിക വിന്യാസവും ഇതിന് അടിവരയിടുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
