ഡൽഹി മുഖ്യമന്ത്രിയായി രേഖാ ഗുപ്തയെ ബി.ജെ.ബി രംഗത്തിറക്കിയപ്പോൾ അവരെ നേരിടാൻ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് പഴയ മുഖ്യമന്ത്രി അതിഷിയെതന്നെ ആംആദ്മി കളത്തിലിറക്കി. ഇവിടെ തീ പാറുന്ന പോര് തുടങ്ങിക്കഴിഞ്ഞു.
ബ്രിട്ടീഷിന്ത്യയുടെ തലസ്ഥാനം കൽക്കത്തയിൽ നിന്നും ഡെൽഹിയിലേക്കു മാറ്റിയിട്ട് 114 വർഷമായി. ഇന്ന് നമ്മുടെ തലസ്ഥാനം ന്യുഡൽഹിയാണ്. ഇത് എഡ്വേർഡ് ല്യൂട്ടൻസ് രൂപകൽപ്പന ചെയ്തതാണ്. രാഷ്ട്രപതി ഭവൻ, പഴയ പാർലമെന്റ് മന്ദിരം, ഇന്ത്യാ ഗേറ്റ്, മന്ത്രാലയങ്ങൾ, കൊണാട്ട് പ്ലേസ് (ഇപ്പോൾ രാജീവ് ചൗക്ക്) തുടങ്ങിയവ ന്യൂഡെൽഹിയിലാണ്. മഹാത്മാഗാന്ധി വെടിയേറ്റുമരിച്ച സ്ഥലത്തെ ബിർളാ ഭവനവും മറ്റും.
നാമനിർദ്ദേശം ചെയ്യപ്പടുന്ന അംഗങ്ങൾ മാത്രമുള്ള ഒരു ഭരണസമിതിയാണ് ന്യൂഡെൽഹി മുൻസിപ്പൽ കൗൺസിലിനെ നിയന്ത്രിക്കുന്നത്. അങ്ങിനെ എല്ലാം കൊണ്ടും ശ്രേദ്ധനേടുന്ന ഡൽഹിയെ ഒരുതരത്തിലും കൈവിടാൻ ഒരുക്കമല്ലായെന്ന പ്രഖ്യാപനത്തോടെതന്നെയാണ് ഇക്കുറി ബി.ജെ.പി തിരഞ്ഞെടുപ്പിന് ഇറങ്ങിയത്. അതിന് മികച്ച ഫലം ലഭിച്ചു. 27 വർഷത്തിനു ശേഷം ഡൽഹിഭരണം പിടിച്ചെടുക്കുകതന്നെ ചെയ്തു ബി.ജെ.പി.
അധികാരം ലഭിച്ചതോടെ ഇനി എങ്ങിനെ കരുക്കൾ നീക്കണമെന്ന് 10 ദിവസം കാര്യമായിതന്നെ ആലോചിച്ചു. ഒടുവിൽ പുതിയ മുഖ്യമന്ത്രിയെ ബി.ജെ.പി. പ്രഖ്യാപിച്ചു. ഷാലിമാർ ബാഗ് മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എയായ 50കാരി രേഖ ഗുപ്ത മുഖ്യമന്ത്രിയായി. 1974 ജൂലൈ 19ന് ഹരിയാനയിലെ ജുലാനയിൽ ഒരു ഹിന്ദു കുടുംബത്തിലാണ് രേഖ ഗുപ്ത ജനിച്ചത്. ഡൽഹി യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള ദൗലത്ത് റാം കോളേജിൽ നിന്ന് ബിരുദം നേടിയ അവർ 2022 ൽ മീററ്റിലെ ചൗധരി ചരൺ സിംഗ് യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള ഗാസിയാബാദിലെ ഐ.എം.ഐ.ആർ.സി കോളേജ് ഓഫ് ലോ ഭൈനയിൽ നിന്ന് എൽഎൽബി പൂർത്തിയാക്കിയത്.
പിന്നീടിവർ ബിസിനസുകാരനായ മനീഷ് ഗുപ്തയെ വിവാഹം കഴിച്ചു.
ഡൽഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയൻ തിരഞ്ഞെടുപ്പിലൂടെയാണ് രേഖ ഗുപ്ത രാഷ്ട്രീയത്തിൽ എത്തിയത്. 1996ൽ ഡൽഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 1997 വരെ അവർ ആ പദവിയിയിൽ ഇരുന്നു. സൗത്ത് ഡൽഹി മുനിസിപ്പൽ കോർപ്പറേഷന്റെ (എസ്.ഡി.എം.സി) മുൻ മേയറും മൂന്ന് തവണ കൗൺസിലറുമായിരുന്നു രേഖ. 2007ലും 2012ലും ഉത്തരി പിതംപുരയിൽ നിന്ന് ഡൽഹി കൗൺസിലർ തിരഞ്ഞെടുപ്പിൽ വിജയിച്ചുകയറി. 2022ൽ ആം ആദ്മി പാർട്ടിയുടെ ഷെല്ലി ഒബ്രോയിക്കെതിരെ എംസിഡി മേയർ സ്ഥാനാർത്ഥിയായി ബി.ജെ.പി ഇവരെ മത്സരിപ്പിച്ചു.
രേഖ ഗുപ്ത ബി.ജെ.പി മഹിളാ മോർച്ചയുടെ ദേശീയ വൈസ് പ്രസിഡന്റാണ്, മുമ്പ് ഡൽഹിയിൽ ഭാരതീയ ജനതാ പാർട്ടിയുടെ ജനറൽ സെക്രട്ടറിയായിരുന്നിട്ടുണ്ട്.
2025 ഫെബ്രുവരി 5 ന് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി സ്ഥാനാർത്ഥി ബന്ദ്‌ന കുമാരിയെ 29,000 വോട്ടുകൾക്ക് പരാജയപ്പെടുത്തി അവർ ഷാലിമാർ ബാഗിൽ നിന്ന് വിജയിച്ചു. ഡൽഹി മുഖ്യമന്ത്രിയായി രേഖാ ഗുപ്തയെ ബി.ജെ.ബി രംഗത്തിറക്കിയപ്പോൾ അവരെ നേരിടാൻ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് പഴയ മുഖ്യമന്ത്രി അതിഷിയെതന്നെ ആംആദ്മി കളത്തിലിറക്കി.
അരവിന്ദ് കെജരിവാൾ, മനീഷ് സിസോദിയ എന്നിവരുൾപ്പെടെ ഉന്നത എഎപി നേതാക്കൾ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിരുന്നു. എന്നാൽ കൽക്കാജി മണ്ഡലത്തിലെ സീറ്റ് നിലനിർത്തിയ അതിഷി വീണ്ടും നിയമസഭയിൽ എത്തുകയായിരുന്നു. ഇതിന് മുമ്പ് സുഷമ സ്വരാജ്, ഷീല ദീക്ഷിത്, അതിഷി എന്നിവരാണ് ഡൽഹിയുടെ ഭരണചക്രം തിരിച്ച വനിതകൾ. 1998ൽ കേവലം 52 ദിവസം മാത്രം മുഖ്യമന്ത്രിയായ സുഷമ സ്വരാജായിരുന്നു ഡൽഹിയിലെ ബി.ജെ.പിയുടെ അവസാന മുഖ്യമന്ത്രി.
27 വർഷത്തിനുശേഷം വീണ്ടും ഡൽഹിയിൽ അധികാരത്തിലെത്തുമ്പോൾ മുഖ്യമന്ത്രിയായി വനിതയെ തന്നെ തിരഞ്ഞെടുത്തതിലൂടെ ഡൽഹിക്കപ്പുറമുള്ള രാഷ്ട്രീയം കൂടിയാണ് ബി.ജെ.പി. ലക്ഷ്യമിടുന്നത്. സാക്ഷാൽ അരവിന്ദ് കെജ്രിവാളിനെ പരാജയപ്പെടുത്തിയ പർവേശ് വർമ്മയെ പോലും മാറ്റിനിർത്തിയാണ് രേഖ ഗുപ്തയെ ഡൽഹിയുടെ മുഖ്യമന്ത്രിയാക്കിയത്. സാമുദായിക സമവാക്യങ്ങൾ തന്നെയാണ് രേഖ ഗുപ്തയെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കാൻ കാരണം. ഇനി ചരിത്രം പരിശോധിച്ചാൽ ബി.ജെ.പിയെ ഇന്ത്യയിൽ അധികാരത്തിൽ കൊണ്ടുവന്നതിന്റെ ആദ്യ കാരണക്കാരൻ സാക്ഷാൽ ജയപ്രകാശ് നാരായണനാണ്. ഇന്ദിരാഗാന്ധിയുടെ അടിയന്തിരാവസ്ഥയെ എതിർക്കാൻ ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിൽ ജനതാപാർട്ടി രൂപീകരിക്കുന്ന വേളയിൽ ഹിന്ദുത്വ ആശയത്തിന് ഊന്നൽ നൽകുന്ന ആർഎസ്എസിന്റെ ആശീർവാദത്തോടെ രംഗത്തെത്തിയ പഴയ ഭാരതീയ ജനസംഘം ജനതാപാർട്ടിയിൽ ലയിക്കുകയായിരുന്നല്ലോ..!
അതുവഴി ഭരണത്തിന്റെ രുചിപറ്റിയ വാജ്‌പേയിയും അദ്ധ്വാനിയുമൊക്കെ പിന്നീട് ജനതാ പാർട്ടിയിൽ നിന്നും പുറത്തുചാടി 1982ൽ ഉണ്ടാക്കിയതാണ് ഭാരതീയ ജനതാ പാർട്ടി (ബി.ജെ.പി). ഇവരുടെ ആശയങ്ങളോട് യോജിപ്പുള്ള ഡൽഹിയിലെ തങ്ങളുടെ അണികൾക്കൊപ്പം, 1977 മുതൽ 1983 വരെ ജനതാപാർട്ടി നേതൃത്വത്തിലുള്ള മെട്രോപൊളിറ്റൻ കൗൺസിൽ ഭരണത്തിലൂടെയുണ്ടായ അനുകൂല സാഹചര്യത്തിൽ, മറ്റൊരു ചെറിയ വിഭാഗം ആൾക്കാരെയും തങ്ങളുടെ വോട്ടുബാങ്കിൽ കൂടുതലായി കൊണ്ടുവരാൻ ബി.ജെ.പിക്ക് കഴിഞ്ഞു. ഈ പശ്ചാത്തലത്തിൽ വേണം 1993 നുശേഷമുള്ള 70 അംഗങ്ങളുള്ള ഡൽഹി സംസ്ഥാന നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പുകളെ വിലയിരുത്തേണ്ടത്.
ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതിനു ശേഷം നടന്ന 1984 ലെ സിഖ് വിരുദ്ധ കലാപത്തിന്റെ പേരിൽ സിഖുകാരുടെയിടയിൽ കോൺഗ്രസിനോട് ശക്തമായ എതിർപ്പ് നിലനിന്നിരുന്ന ഘട്ടത്തിലാണ് ആദ്യ തെരഞ്ഞെടുപ്പ് ഡൽഹിയിൽ നടന്നത്. വലിയ വിഭാഗം ഡൽഹി നിവാസികളായ സിഖ് ജനങ്ങൾ കോൺഗ്രസിനെതിരായി. ബി.ജെ.പിക്ക് അനുകൂലമായ സാഹചര്യത്തിൽ 49 മണ്ഡലങ്ങളിലാണ് ബി.ജെ.പി സ്ഥാനാർത്ഥികൾ ജയിച്ചത്. കോൺഗ്രസിന് കേവലം 14 സീറ്റിൽ ഒതുങ്ങേണ്ടിവന്നു. 1993 മുതൽ 1998 വരെയുള്ള ബി.ജെ.പി ഭരണകാലത്ത് എട്ടും പത്തും മണിക്കൂറൊക്കെ വൈദ്യുതി ലഭിക്കാഞ്ഞതും വലിയ ജലക്ഷാമം ഉണ്ടായിരുന്നതും ജനങ്ങളിൽ ശക്തമായ ഭരണവിരുദ്ധവികാരം ഉണർത്തി. ബി.ജെ.പി സർക്കാരിന്റെ ഭരണപരാജയം കോൺഗ്രസിനെ 1998 ലെ തെരഞ്ഞെടുപ്പിൽ വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിച്ചു. 1998ൽ കോൺഗ്രസ് നേതാവ് ഷീല ദീക്ഷിത് മുഖ്യമന്ത്രിയായി അധികാരത്തിൽ വന്നതിനുശേഷം ഒട്ടനവധി വികസന പ്രവർത്തങ്ങൾക്കാണ് നേതൃത്വം കൊടുത്തത്.
അതിനെത്തുടർന്നുണ്ടായ അനുകൂല ജനവികാരം പിന്നീടുണ്ടായ രണ്ടു തെരഞ്ഞെടുപ്പുകളിലും ഭരണത്തിലെത്താൻ ഷീല ദീക്ഷിതിനും കോൺഗ്രസിനും സഹായകരമായി. അവർ ഒട്ടനവധി വികസന ക്ഷേമ പ്രവർത്തങ്ങൾക്കാണ് നേതൃത്വം നൽകി.പിന്നെ തുടർച്ചയായ മൂന്നു തെരഞ്ഞെടുപ്പുകളിലും കോൺഗ്രസ് കേവല ഭൂരിപക്ഷം നേടി അധികാരത്തിലെത്തുകയും 15 വർഷവും ഷീല ദീക്ഷിത് മുഖ്യമന്ത്രിയായി സർക്കാരിനെ നയിക്കുകയും ചെയ്തു. ഡൽഹിയിൽ നിരവധി റോഡുകളും ഫ്‌ളൈ ഓവറുകളും നിർമിച്ചതും ഡൽഹി മെട്രോ വിപുലീകരിച്ചതും പൊതു ഗതാഗതത്തിനായുള്ള വാഹനങ്ങൾക്ക് സി.എൻ.ജി ഇന്ധനം ഏർപ്പെടുത്തിയതും ഈ കാലഘട്ടത്തിലെ പ്രധാന ഭരണ നേട്ടങ്ങളായിരുന്നു.
കേന്ദ്രത്തിൽ അധികാരത്തിലുണ്ടായിരുന്ന രണ്ടാം യുപിഎ സർക്കാരിന്റെ കാലത്ത് വിവിധ മേഖലകളിൽനിന്നും റിപ്പോർട്ടു ചെയ്യപ്പെട്ട അഴിമതി ആരോപണങ്ങൾ പരിശോധിക്കാനായി ജന ലോക് പാൽ നിയമ നിർമാണത്തിനായുള്ള ആവശ്യം രാജ്യത്താകെ സജീവമായി. ഇത് വ്യാപകമായ ജനകീയ സമരത്തിന് തുടക്കം കുറിച്ചു. 2010ൽ ന്യൂ ഡൽഹിയിൽ നടന്ന കോമൺവെൽത്ത് ഗെയിംസ് നടത്തിപ്പിലെ അഴിമതിയും കൽക്കരി പാടങ്ങൾ ലേലം ചെയ്തതിലെ ക്രമക്കേടുകളും ഭവന ഇടപാടിലെ ഭൂമി കൈമാറ്റം ചെയ്യപ്പെട്ടതിലുള്ള അഴിമതിയും ടുജി സ്‌പെക്ട്രം ലൈസൻസ് സ്വകാര്യ ടെലികോം കമ്പനികൾക്ക് ലേലം ചെയ്തതിലുള്ള സാമ്പത്തിക നഷ്ടവും അഴിമതിക്കെതിരെയുള്ള ജനകീയ സമരങ്ങൾക്ക് ആക്കം കൂട്ടി.
അണ്ണാ ഹസാരെയുടെ നേതൃത്വത്തിൽ 'ഇന്ത്യ അഴിമതിക്കെതിരെ' എന്ന മുദ്രാവാക്യമുയർത്തി നടന്ന അഴിമതി വിരുദ്ധ പ്രതിഷേധം ആളിക്കത്തി. കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാറിനെതിരായി ആ സമരം. ഈ അവസരത്തിലാണ് അഴിമതിക്കെതിരായ സമര കൂട്ടായ്മയുടെ ഭാഗമായി പുതിയൊരു രാഷ്ട്രീയ പാർട്ടി രൂപീകരിക്കപ്പെട്ടത്. അഴിമതിവിരുദ്ധ ജനകീയ പ്രതിരോധത്തിന്റെ മുന്നണിപ്പോരാളിയായ അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിൽ 2012 നവംബറിൽ ആം ആദ് മി പാർട്ടി നിലവിൽവന്നു. 2013 ലെ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിലാണ് ആം ആദ്മി പാർട്ടി തെരഞ്ഞെടുപ്പ് രംഗത്തേക്ക് കടന്നുവരുന്നത്.
15 വർഷം അധികാരത്തിലിരുന്ന കോൺഗ്രസിനെ കടപുഴക്കി ആം ആദ്മി. അവിടെആ
കെയുള്ള 70 സീറ്റിൽ ബി.ജെ.പി 31, ആം ആദ്മി പാർട്ടി 28, കോൺഗ്രസ്സ് 8 വീതം സീറ്റാണ് നേടിയത്. ഒരു കക്ഷിക്കും കേവല ഭൂരിപക്ഷം ലഭിക്കാത്ത പശ്ചാത്തലത്തിൽ കോൺഗ്രസ് പിന്തുണയോടെ ആം ആദ്മി നേതാവ് അരവിന്ദ് കെജ്രിവാൾ മുഖ്യമന്ത്രിയായി. രണ്ടു മാസത്തിനുള്ളിൽ ആം ആദ്മി പാർട്ടി സർക്കാറിന് രാജിവെക്കേണ്ടിവന്ന സാഹചര്യത്തിൽ പ്രസിഡന്റ് ഭരണം ഏർപ്പെടുത്തി. 2015ൽ വീണ്ടും തെരഞ്ഞെടുപ്പ്. മുൻ തെരഞ്ഞെടുപ്പുഫലത്തിൽനിന്ന് വ്യത്യസ്തമായി ബി.ജെ.പിയെയും കോൺഗ്രസിനെയും പൂർണമായി പരാജയപ്പെടുത്തി 2015ൽ 70ൽ 67 സീറ്റിലും ആം ആദ്മി പാർട്ടി വലിയ വിജയം നേടി. ബി.ജെ.പി 3 സീറ്റിൽ ഒതുങ്ങിയപ്പോൾ കോൺഗ്രസ്സിന് ഒരുസീറ്റുപോലും ലഭിച്ചില്ല. 2020ലെ തെരഞ്ഞെടുപ്പിലും സമാനമായ (ആം ആദ്മി പാർട്ടി 62, ബി.ജെ.പി 8, കോൺഗ്രസ് 0) ജനവിധിയാണുണ്ടായത്.
ഇപ്പോഴെന്തായാലും പൊതുമുന്നണി കെട്ടിപ്പടുക്കാനുള്ള ഉത്തരവാദിത്തം നിറവേറ്റുന്നതിൽ മുഖ്യകക്ഷിയായ കോൺഗ്രസ് പരാജയപ്പെട്ടുവെന്ന വിമർശനം ശക്തമാകുകയാണ്. ഇന്ത്യാ ബ്ലോക്കിന്റെ നിലനിൽപ്പു തന്നെ പ്രശ്‌നത്തിലാകുകയാണോ..? കാത്തിരുന്നു കാണുക തന്നെ..!
എമ എൽസ എൽവിൻ
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1