പാർട്ടിവക അഴിമതികളുടെ തീ തെയ്യങ്ങൾക്ക് പിന്നിലാര് ?

OCTOBER 17, 2024, 1:07 PM

കണ്ണൂരിലെ പാർട്ടിയിൽ അരങ്ങേറുന്ന കുടുംബവാഴ്ചകളുടെ കളരിപ്പയറ്റിൽ ആടിയുലുകയാണ് സി.പി.എം. ഇപ്പോൾ. ബോംബുണ്ടാക്കി പരിശീലിപ്പിച്ച അണികളുടെ വക ബോംബുകൾ കഴിഞ്ഞ ലോക സഭാ തെരഞ്ഞെടുപ്പിൽ പാർട്ടി നേതാക്കളുടെ നെഞ്ചിൽ തന്നെ പൊട്ടിച്ചിട്ടും ഭരണത്തിലിരുന്ന് കോടികൾ എണ്ണിക്കളിക്കുന്ന നേതാക്കൾ ഒന്നുമറിഞ്ഞ മട്ടിലല്ല. നവീൻ ബാബു  ദിവ്യ സംഭവത്തിൽ, പലരും കാണാതെ പോകുന്നത് പാർട്ടിയിൽ പലരും പരസ്പരം എറിഞ്ഞു കളിക്കുന്ന ഗുണ്ടകൾ തന്നെയല്ലേ? നവീൻ അഴിമതിക്കാരനാണെന്ന്  'ദിവ്യ' ഗ്രൂപ്പായ എം.വി. ജയരാജനും കൂട്ടരും പറയുമ്പോൾ പാർട്ടിയുടെ പത്തനംതിട്ട ജില്ലാ സെക്രട്ടറി പറയുന്നത് നവീൻ ബാബു പിണറായിയുടെ സങ്കല്പമായ ഹരിശ്ചന്ദ്രനെന്നാണ്. പോരാളികൾ, ഞാൻപിഴയാളിച്ചമയം പരസ്പരം അണിയിക്കുകയാണിവിടെ.

കണ്ണൂരിലെ 'കൊടികെട്ടിയ' നേതാക്കന്മാരാണ് പി.ജയരാജനും എം.വി. ജയരാജനും ഈ.പി. ജയരാജനും പി.ശശിയുമാണ്. പിണറായിയുടെ പിന്തുടർച്ചാവകാശം ആർക്കെന്ന ചർച്ചയാണ് ഇന്ന് കണ്ണൂരിലെ പാർട്ടികളരികളുള്ളത്. ഇവരിൽ ഈ.പി. വർക്ക്‌ഷോപ്പിലായിക്കഴിഞ്ഞു. ആത്മകഥയെഴുതി വിരട്ടുമെന്ന പ്രഖ്യാപനമെല്ലാം ചുരുട്ടിവച്ച് കേരളാഹൗസിൽ പോയി മുഖ്യനെ വണങ്ങിയ ഈ.പി. ഇൻഡിഗോ വിമാനക്കമ്പനിയുമായുള്ള ഉടക്ക് പോലും 'കോംപ്ലിമെന്റ്‌സാ'ക്കിയെങ്കിലും എം.വി. ഗോവിന്ദനും പി.ശശിയും ഇപ്പോഴും ഈ.പി.യുടെ ഗുഡ്ബുക്ക്‌സിലില്ല. പരിയാരം മെഡിക്കൽ കോളേജിലെ വെറുമൊരു ടെക്‌നീഷ്യനു പോലും 'പെട്രോൾ പമ്പ്' തുടങ്ങാൻ പരുവത്തിൽ പട്ടിണിപ്പാവങ്ങളെ കോടീശ്വരന്മാരാക്കുന്ന വേറേതു പാർട്ടിയുണ്ട് കേരളത്തിൽ?

'മുള്ളിത്തെറിച്ച ബന്ധങ്ങൾ പോലും കണ്ണൂരിലെ സഖാക്കൾ ചങ്ങാത്ത മുതലാളിത്തത്തിന്റെ പങ്ക് നേടിയെടുക്കാൻ പ്രയോജനപ്പെടുത്തുകയാണ്. പിണറായി പക്ഷത്തിന്റെ 'രക്ഷകനായി' പി.ശശിയെ കണ്ണൂരിലെ ചില സഖാക്കൾ കണ്ടു കഴിഞ്ഞു. അങ്ങനെ വന്നാൽ കണ്ണൂരിലെ സി.പി.എമ്മിന്റെ കാര്യം ബാക്കിയെല്ലാം 'പുലി ചെയ്‌തോളു' മെന്ന ബിജു മേനോന്റെ സിനിമാ ഡയലോഗിന് സമാനമായി മാറുമെന്ന് അവർ ഭയപ്പെടുന്നു. പിണറായി എന്ന സ്ഥലത്ത് 17 കോടി മുടക്കി നിർമ്മിച്ച ഹൈസ്‌കൂൾ പോലും ജനങ്ങൾക്ക് ദഹിക്കാത്ത നിലയിലുണ്ടെങ്കിലും അതൊന്നും മുഖ്യധാരാമാധ്യമങ്ങൾ വാർത്തയാക്കുന്നതേയില്ല. പാർട്ടി സെക്രട്ടറി എം.വി.ഗോവിന്ദൻ വാർത്തലേഖകർ ഈ സാധ്യതയെപ്പറ്റി ചോദിച്ചപ്പോൾ ''വരട്ടെ നോക്കാം'' എന്നാണ് മറുപടി പറഞ്ഞതും അൻവർ പാലക്കാട് ബി.ജെ.പിക്ക് വിറ്റു കഴിഞ്ഞുവെന്ന ആരോപണത്തെ ചെറുക്കാൻ പാർട്ടി ഏത് ചെകുത്താനെയും കൂട്ടുപിടിച്ചേക്കും. ഗോവിന്ദന്റെ മറുപടിയിൽ ഇതെല്ലാം ഉള്ളടങ്ങിയിട്ടുണ്ട്.

vachakam
vachakam
vachakam

'ദിവ്യ'മായ ഒരു അഴിമതിക്കഥയും എ.ഡി.എമ്മിന്റെ മരണവും

ധാർഷ്ട്യം എന്ന വാക്കെഴുതുമ്പോൾ, ചിലപ്പോൾ അക്ഷരത്തെറ്റ് കടന്നുവരാം. പ്രത്യേകിച്ച് കണ്ണൂർ ജില്ലയിലെ സി.പി.എംകാർക്ക് മണ്ണ് നിറഞ്ഞിരിക്കുന്ന ചെടിച്ചെട്ടി കൊണ്ട് യൂത്തു കോൺഗ്രസുകാരുടെ തലയ്ക്കടിക്കുന്നത് 'രക്ഷാപ്രവർത്തന' മെന്ന പദമുപയോഗിച്ച് പ്രതിപക്ഷത്തെ തേച്ചൊട്ടിച്ച മുഖ്യന്റെ നാട്ടിൽ ധാർഷ്ട്യമെന്ന പദത്തിന്റെ ആദ്യാക്ഷരമെഴുതുമ്പോൾ അത് ദിവ്യയുടെ ആദ്യ അക്ഷരമായ 'ദ' ആണോയെന്നും 'ന' മറിച്ചിട്ട 'ധ' ആണോ എന്നും സംശയമുണരുന്നത് സ്വാഭാവികം.

ഏതായാലും ഒരു സർക്കാർ ഉദ്യോഗസ്ഥനെ അകാലത്തിൽ കാലപുരിക്ക് അയച്ചത് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സി.പി.എം. സംസ്ഥാന കമ്മിറ്റിയംഗവുമായ പി.പി.ദിവ്യയുടെ അനവസരത്തിലുള്ള വാക്കുകളാണെന്ന് ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ മാധ്യമ പ്രവർത്തകരോടു പറഞ്ഞുവെങ്കിലും തന്റെ  ജില്ലയിലെ 'കാന്താരി' പോലുള്ള വനിതാ നേതാവായ ദിവ്യയെ തള്ളിപ്പറയാൻ അദ്ദേഹം മുതിർന്നതേയില്ല. അതുകൊണ്ട് ചാനൽ ചർച്ചകളിൽ പങ്കെടുത്ത പലരും തന്നെ എം.വി. ജയരാജനെ അലക്കി ഒരു പരുവത്തിലാക്കുന്നതിന് കേരളം ചൊവ്വാഴ്ച (ഒക്. 15) സാക്ഷ്യം വഹിക്കുകയുണ്ടായി.

vachakam
vachakam
vachakam

പാർട്ടിയിൽ നടക്കുന്നത് ഒളിപ്പോരോ?

പി.വി. അൻവറിന്റെ ചില ആരോപണങ്ങൾ ശരിവയ്ക്കുന്ന വിധത്തിലാണ് ഇപ്പോൾ പല സംഭവങ്ങളും അരങ്ങേറുന്നതെന്ന് പറയാതെ വയ്യ. കണ്ണൂരിലെ പാർട്ടിയിലെ പടല പിണക്കം അതിഭീകരമാംവിധം സി.പി.എമ്മിന്റെ കെട്ടുറപ്പിനെ ബാധിച്ചതായി രാഷ്ട്രീയ നിരീക്ഷകർ പറയുന്നു. ഭരണത്തിന്റെ തണൽക്കുളിർമയിൽ പരസ്പരം കാലുവാരുന്നവരുടെ കരുനീക്കങ്ങൾ പാർട്ടിയിലെ സാധാരണക്കാരായ പ്രവർത്തകരുടെ ഉള്ള് പൊള്ളിച്ചിട്ടുണ്ട്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 'മൗനമായി' പാർട്ടി പ്രവർത്തകർ ബി.ജെ.പിക്ക് വോട്ട് മറിച്ചുവെന്നത് രഹസ്യമേയല്ല. നിയമസഭാ തെരഞ്ഞെടുപ്പിൽ ലഭിച്ച ഇടതുപക്ഷത്തിനു ലഭിച്ച വോട്ടുകളിൽ നിന്ന് 2.12 ലക്ഷം വോട്ടുകളാണ് ഇങ്ങനെ 'അരിവാൾ ചുറ്റിക' ചിഹ്നത്തിൽ നിന്നകന്നത്.

പാർട്ടിയുടെ തെരഞ്ഞെടുപ്പ് അവലോകനത്തിന്റെ 26-ാം പേജിൽ ഈ വോട്ട് ചോർച്ചയുടെ വിശദാംശങ്ങളുണ്ട്. ഇരിങ്ങാലക്കുട, പുതുക്കാട് നിയമസഭാ മണ്ഡലങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിന് ലഭിക്കേണ്ട വോട്ടുകൾ താമരച്ചന്തത്തിനു പിന്നാലെ പോയതായി ഇതേ റിപ്പോർട്ടിലുണ്ട്. തൃശ്ശൂർ നിയമസഭാ മണ്ഡലത്തിൽ ബി.ജെ.പിക്ക് കൂടിയത് 209982 വോട്ടുകളാണ്. സി.പി.എം. തങ്ങൾക്ക് ലഭിക്കുമെന്ന് കരുതിയ വോട്ടുകളിലുള്ള വ്യത്യാസം പോലും 1,05965 വരെയെത്തി. മലപ്പുറം, പൊന്നാനി, ചാലക്കുടി, പത്തനംതിട്ട ഒഴിച്ചുള്ള 16 ലോക്‌സഭാ മണ്ഡലങ്ങളിലും ബി.ജെ.പിക്ക് വോട്ടുകൾ കൂടിയത് ഇടതുപാർട്ടികളുടെ ചെലവിലായിരുന്നു.

vachakam
vachakam
vachakam

18 നിയമസഭാ മണ്ഡലങ്ങളിലാണ് ബി.ജെ.പിക്ക്  വോട്ട് വർധിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെയും പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദന്റെയും മണ്ഡലങ്ങളിൽ പോലും ബി.ജെ.പിക്ക് കൂടുതൽ വോട്ട് ലഭിച്ചത് വേണ്ടത്ര ഗൗരവത്തോടെ പാർട്ടി ചർച്ച ചെയ്തില്ലെന്ന പരാതി ഇപ്പോഴും നിലനിലക്കുന്നുണ്ട്. കണ്ണൂരിൽ നിന്നുള്ള നേതാക്കൾ ഭരണത്തിലും പാർട്ടി നേതൃത്വത്തിലുമുണ്ടെങ്കിലും അവർ തമ്മിലുള്ള ഉൾപ്പോര് ഒളിപ്പോരായി ഇന്ന് മാറിക്കഴിഞ്ഞിട്ടുണ്ട്.

പണമില്ല: പ്രതിപക്ഷം പണമുണ്ട്: ധനമന്ത്രി

നിയമസഭയുടെ എട്ട് ദിവസം നീണ്ടു നിന്ന സമ്മേളനത്തിൽ എ.ഡി.ജി.പിയുടെ ആർ.എസ്.എസ് നേതാക്കളെ സന്ദർശിച്ചതായിരുന്നു സഭയിൽ അവതരിപ്പിച്ച ആദ്യത്തെ അടിയന്തര പ്രമേയം. തൃശ്ശൂർ പൂരം കലക്കൽ, വയനാട് പുനരധിവാസം, സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി എന്നീ പ്രശ്‌നങ്ങളും അടിയന്തര ചർച്ചയ്ക്ക് വിഷയമായെങ്കിലും ഒന്നിലും 'കൃത്യമായ' മറുപടി നൽകാൻ ഭരണപക്ഷത്തിനു കഴിഞ്ഞതേയില്ല. എ.ഡി.ജി.പിയെപ്പറ്റി കുറ്റാരോപണം നടത്താതെയുള്ള റിപ്പോർട്ടിൽ 'ഇനിയെന്ത്' എന്ന ചോദ്യം മുഖ്യമന്ത്രി വെളിപ്പെടുത്തിയില്ല. 'പനിയും തൊണ്ടവേദനയും' മൂലം നിയമസഭയിൽ എത്താൻ മുഖ്യമന്ത്രിക്ക് കഴിയാതെ പോയതും ഭരണപക്ഷത്തിന് ഉപകാരമായി. മുഖ്യമന്ത്രിക്കുവേണ്ടി മറുപടി പറഞ്ഞ മന്ത്രിമാരായ എം.ബി. രാജേഷും വാസവനും ഒരുമാതിരി 'ആർട്ട് സിനിമ'യിലെ ഡയലോഗുകളടിച്ച് സ്പീക്കറുടെ കണ്ണിൽ പൊടിയിടുകയും ചെയ്തു.

വയനാട് പുനരധിവാസ പ്രശ്‌നം സംബന്ധിച്ച മന്ത്രി കെ.രാജന്റെ മറുപടി എല്ലാ ഇടതുപക്ഷ എം.എൽ.ഏ.മാർക്കും വല്ലാതെ ബോധിച്ചു. എല്ലാവരെയും പുനരധിവസിപ്പിച്ചേ സർക്കാർ ചുരമിറങ്ങൂ എന്നായിരുന്നു രാജന്റെ മമ്മൂട്ടിയുടെ രാജമാണിക്യം ശൈലിയിലുള്ള വാഗ്ദാനം! പുനരധിവസിച്ചവർക്കുള്ള ധനസഹായവും വീട്ടു വാടകയുമെല്ലാം വയനാട്ടിൽ കുടിശ്ശികയാണിപ്പോൾ. സർക്കാർ വക കെട്ടിടങ്ങളിൽ താൽക്കാലികമായി പാർപ്പിച്ചവരുടെ കറന്റ് ബില്ലടയ്ക്കാത്തതിന്റെ പേരിൽ കൃഷ്ണൻകുട്ടിയുടെ കണ്ണിൽ ചോരയില്ലാത്ത ഇലക്ട്രിസിറ്റി ബോർഡ് കട്ട് ചെയ്തതു പോലും നിയമസഭയിൽ ചർച്ച ചെയ്യാൻ പ്രതിപക്ഷത്തെ സ്പീക്കർ അനുവദിച്ചില്ല.

കേരളം ഗുരുതരമായ സാമ്പത്തിക പ്രശ്‌നത്തിലാണെന്നുള്ള പ്രതിപക്ഷത്തിന്റെ വാദം ധനമന്ത്രി തള്ളിക്കളയുകയായിരുന്നു. എന്നാൽ 9 കോടി രൂപ ഹെലികോപ്ടർ വാടക കൃത്യമായി നൽകുന്ന സർക്കാർ തന്റെ നിയോജക മണ്ഡലത്തിലെ അഞ്ച് സ്‌കൂളുകൾക്കായി വാങ്ങിയ ബസ്സുകളുടെ വിലയായ 90 ലക്ഷം കൊടുക്കാത്തത് കോൺഗ്രസ് അംഗം ഏ.പി. അനിൽകുമാർ വിളിച്ചു പറഞ്ഞത് ഭരണപക്ഷം കേട്ടില്ലെന്ന് നടിക്കുകയായിരുന്നു.

പദ്ധതികൾക്കായി പണം ചെലവഴിക്കുന്നതിലെ പാപ്പരത്തം പ്രതിപക്ഷം ചൂണ്ടിക്കാണിച്ചിട്ടും എന്തൊക്കെയോ കണക്കുകൾ പറഞ്ഞ് ധനമന്ത്രി തടിതപ്പുന്നതും നിയമസഭ കണ്ടു. സ്പീക്കർ ഇത്തവണ പിണറായിയുടെ 'ഹിസ് മാസ്റ്റേഴ്‌സ് വോയ്‌സാ'യി മാറിയത് ജനാധിപത്യ കേരളത്തിന് കളങ്കമായി മാറുകയും ചെയ്തു. 'ആകാം' 'ആയിരിക്കാം' 'അങ്ങനെയുമാവാം' തുടങ്ങിയ പദങ്ങൾ ആവോളം പ്രയോജനപ്പെടുത്തിയാണ് ഭരണപക്ഷം ഇത്തവണ നിയമസഭയിൽ നിന്ന് തടിതപ്പിയത്. ഇതെല്ലാം ഉപതെരഞ്ഞെടുപ്പാകുന്ന 'ജനസഭ' എങ്ങനെ വിലയിരുത്തുമെന്നായിരിക്കും ഇനിയുള്ള രാഷ്ട്രീയ കേരളത്തിന്റെ ചർച്ച.

ആന്റണിചടയംമുറി

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam