കേരളത്തിൽ പിണറായി വിജയൻ നയിച്ച എൽ.ഡി.എഫ് ഭരണം പൊട്ടിയപ്പോൾ ഇന്ത്യയിലെ മാത്രമല്ല, ബി.ബി.സി അടക്കമുള്ള പല അന്തർദേശിയ മാധ്യമങ്ങളും ചോദിച്ച ഒരു ചോദ്യം ഇതോടെ ഇന്ത്യയിലും കമ്യൂണിസം അവസാനിച്ചുവോ എന്നതാണ്.
ചോദ്യത്തിൽ ന്യായമുണ്ട്. 1917ൽ റഷ്യയിൽ ലെനിനും കൂട്ടരും അധികാരം പിടിച്ചെടുത്തത് സാർ ചക്രവർത്തിയുടെ പട്ടാളത്തെ തോക്കെടുത്തു വെടിവെച്ചു തോല്പിച്ചു കൊണ്ടാണ്. ചക്രവർത്തിയുടെ മഞ്ഞുകാല കൊട്ടാരത്തിലേക്കാണ് ആദ്യത്തെ വെടിയുണ്ടകൾ പാഞ്ഞത്. അതോടെ റഷ്യൻ പട്ടാളത്തിൽ ഒരു വിഭാഗം കാലുമാറി. അവർ തോക്കുമെടുത്തു സഖാക്കളുടെ ചെമ്പടയിൽ അണിനിരന്നു. ചക്രവർത്തിയും കുടുംബവും അറസ്റ്റിലായി.
കേരെൻസ്‌കി എന്നൊരു കക്ഷിയുടെ നേതൃത്വത്തിൽ ഒരു താത്കാലിക സർക്കാർ നാട്ടിൽ അധികാരത്തിൽ ഉണ്ടായിരുന്നു. ചെമ്പട വരുന്നതു കണ്ട് അവരും സ്ഥലം വിട്ടു. ലെനിനും സംഘവും റഷ്യയിൽ അധികാരം സ്ഥാപിച്ചു. പിന്നെ എഴുപതു വർഷം റഷ്യയിൽ കമ്മ്യൂണിസ്റ്റ് ഭരണം ആയിരുന്നു. എന്നാൽ 1991ൽ അവിടെയും അവർ പുറത്തായി. ജനം അവരെ തൂത്തെറിഞ്ഞു എന്നുതന്നെ പറയണം. കാരണം ജനങ്ങളും റഷ്യൻ പട്ടാളവും ഒന്നിച്ചാണ് റഷ്യൻ പാർലമെന്റിനു നേരെ അന്നു ആക്രമണം നടത്തിയത്. അതോടെ കമ്മ്യൂണിസ്റ്റ് ഭരണം വീണു.
എന്നിട്ടും ഇന്ത്യയിൽ കമ്മ്യൂണിറ്റുകൾക്കു ഒരു കുലുക്കവും ഉണ്ടായില്ല. റഷ്യയിൽ ഉണ്ടായത് താത്കാലികമായ തിരിച്ചടി മാത്രമാണെന്നും കുരങ്ങിൽ നിന്നും പരിണാമം പ്രാപിച്ചു മനുഷ്യൻ ഉണ്ടായ ശേഷം അവരിൽ ആരും തിരിച്ചു കുരങ്ങ് ആയി മാറിയിട്ടില്ലാത്തതു പോലെ ഒരിക്കൽ കമ്മ്യൂണിസ്റ്റ് ഭരണത്തിന്റെ സുഖം അനുഭവിച്ച ജനം യാതൊരു കാരണവശാലും ഫ്യൂഡൽബൂർഷ്വ ഭരണത്തിലേക്കു തിരിച്ചു പോകുകയില്ലെന്നും ഇ.എം.എസിനെപ്പോലുള്ള താർക്കികന്മാർ വാദിച്ചു. അതിനാൽ ഇന്ത്യയിൽ കമ്മ്യൂണിസം നശിച്ചുപോകുന്ന പ്രശ്‌നമേ ഉദിക്കുന്നില്ല എന്നും അദ്ദേഹം സിദ്ധാന്തിച്ചു.
സത്യത്തിൽ അദ്ദേഹം മരിക്കുന്ന നേരത്തു ഇന്ത്യയിൽ കമ്മ്യൂണിസം കുറ്റിയറ്റു പോയിരുന്നില്ല. പഴയ പ്രതാപം ഒന്നുമില്ലെങ്കിലും ബംഗാളിലും ത്രിപുരയിലും തുടർച്ചയായും കേരളത്തിൽ ഒന്നടവിട്ടും അവർ ഭരണത്തിൽ തന്നെ നിലനിന്നു. പക്ഷേ ഇ.എം.എസ് മരിച്ചു ഒരു പതിറ്റാണ്ടുകൂടി കഴിഞ്ഞപ്പോൾ സ്ഥിതി മാറി. മുപ്പതുവർഷത്തോളം അധികാരത്തിൽ ഇരുന്ന ബംഗാളിൽ 2011 തെരഞ്ഞെടുപ്പിൽ അവർ പൊട്ടി. പഴയ കോൺഗ്രസ്സുകാരി മമതാ ബാനർജി അധികാരത്തൽ വന്നു. പിന്നാലെ ത്രിപുരയും കയ്യിൽനിന്നു പോയി.
എന്നിട്ടും കേരളത്തിൽ ഒരു കുലുക്കവും ഉണ്ടായില്ല. വി.എസ് അച്യുതാനന്ദനും പിന്നീട് പിണറായി വിജയനും കേരളത്തിൽ കമ്മ്യൂണിസ്റ്റ് ഭരണത്തെ നയിച്ചു. പിണറായി 2021ൽ ഭരണത്തുടർച്ച പോലും നേടി. ലോകത്തെവിടെയും കമ്മ്യൂണിസം ബാക്കിയില്ലെങ്കിലും കേരളത്തിൽ ചെങ്കൊടി പാറിപ്പറക്കും എന്നു അഖിലലോക സഖാക്കളും അഭിമാനം പൂണ്ടു.
എന്നാൽ ഇത്തവണ അവിടെയും പൊട്ടി. കനത്ത അടിയാണ് പിണറായിക്കും പാർട്ടിക്കും കിട്ടിയത്. ഇങ്ങനെ തോൽക്കാൻ കാരണം കോൺഗ്രസോ ബി.ജെ.പിയോ വമ്പിച്ച കരുത്ത് പെട്ടെന്ന് നേടിയെടുത്തതല്ല എന്ന് പാർട്ടി നേതാക്കൾക്കും അറിയാം. പാർട്ടിയിലെ അണികളും പ്രവർത്തകരും ഇത്തവണ തിരിച്ചുകുത്തി. അവർ പാർട്ടിയെ, അല്ലെങ്കിൽ അതിന്റെ നേതാക്കളെ, ഒരു പാഠം പഠിപ്പിച്ചു.
അപ്പോൾ ഭരണം പോയാൽ പാർട്ടിയും പോയി എന്നാണോ? സത്യത്തിൽ മുസ്ലിം ലീഗും കേരളാ കോൺഗ്രസ്സും പോലും അങ്ങനെ പറയില്ല. ഭരണം ഇല്ലാതെ കേരളാ കോൺഗ്രസ്സും മുസ്ലിം ലീഗും എത്രകാലം കഴിഞ്ഞുകൂടി? ആർ.എസ്.പി ഒരു എം.എൽ.എ പോലും ഇല്ലാതെയാണ് കുറെ വർഷങ്ങൾ കഴിഞ്ഞത്. എന്നിട്ടും അവരുടെ പാർട്ടികൾക്കൊന്നും ഒരു പരിക്കും പറ്റിയില്ല. അവരൊക്കെ ഇത്തവണ വീണ്ടും തിരിച്ചുവന്നു.
എന്നിട്ടും, ഈ തിരിച്ചടിയോടെ സി.പി.എം എന്ന പാർട്ടിയുടെ കാറ്റുപോവും എന്നു ചിലരൊക്കെ പറയുന്നതിന്റെ കാര്യമെന്താണ്? അതിനുള്ള ഉത്തരം കിട്ടണമെങ്കിൽ ബംഗാളിലും ത്രിപുരയിലും നോക്കിയാൽ മതി. ഇരു സംസ്ഥാനങ്ങളിലും സി.പി.എം വമ്പിച്ച കരുത്തുള്ള പ്രസ്ഥാനമായിരുന്നു. പക്ഷേ ഭരണം പോയതോടെ അവിടെ പാർട്ടി ഓഫിസുകൾ പോലും അപ്രത്യക്ഷമായി. ചെങ്കൊടി ഒളിവിലായി.
എന്താണ് പറ്റിയത്? ബംഗാളിൽ പാർട്ടിയുടെ ഭരണം ഹർമദ് സേന എന്നറിയപ്പെട്ട ഒരു ഗുണ്ടാസംഘം വഴിയാണ് കുറേക്കാലമായി നടത്തിവന്നത്. സാധാരണ പാർട്ടിക്കാർക്ക് അതിൽ വലിയ സ്ഥാനമൊന്നും ഉണ്ടായിരുന്നില്ല. ചോദ്യം ചെയ്യുന്ന ജനങ്ങളെയും, എന്തിനു പാർട്ടി സഖാക്കളെ പോലും, ഹർമദ് സംഘം കൈകാര്യം ചെയ്തു. സിംഗുരിലും നന്ദിഗ്രാമിലും വിദേശ കമ്പനികൾക്കു വേണ്ടി കൃഷിഭൂമി ഏറ്റെടുക്കാൻ സർക്കാർ നോക്കിയപ്പോൾ ജനം പ്രതിഷേധിച്ചു.
അവിടെ പ്രതിഷേധക്കാരെ കൈകാര്യം ചെയ്യാൻ പൊലീസല്ല, ഹർമദ് ഗുണ്ടകളാണ് മുന്നിൽ നിന്നത്. അവർക്കു സർക്കാർ എല്ലാവിധ പിന്തുണയും പ്രോത്സാഹനവും നൽകി. ഭരണവും പാർട്ടിയും അവരുടെ കൈയിലായപ്പോൾ സാധാരണ പാർട്ടി പ്രവർത്തകരും അനുഭാവികളും പതുക്കെ പിൻവാങ്ങി. ഭരണം പോയതോടെ അവർ പാർട്ടിയുമായുള്ള ബന്ധങ്ങളും അവസാനിപ്പിച്ചു. പലരും തൃണമൂലിൽ പോയി. അവിടെനിന്നു പലരും ബി.ജെ.പിയിലും എത്തി. അങ്ങനെയാണ് ബംഗാളിൽ ചെങ്കൊടി ഭരണം ഇപ്പോൾ കാവിക്കൊടി ഭരണം ആയി പരിവർത്തിച്ചത്.
കേരളത്തിലും അതാണ് സംഭവിക്കുന്നത് എന്ന് ഇത്തവണത്തെ വോട്ടെടുപ്പിന്റെ കണക്കുകൾ നോക്കിയാൽ അറിയാം. സി.പി.എമ്മിൽ നിന്നും ധാരാളം വോട്ടുകൾ ഒഴുകിപ്പോയി. കുറേ വോട്ടുകൾ കോൺഗ്രസ്സ് മുന്നണിയുടെ സ്ഥാനാർത്ഥികൾക്കു കിട്ടി. പക്ഷേ വലിയൊരു സംഖ്യ വോട്ടുകൾ ബി.ജെ.പിയിലേക്കും ഒഴുകിയിട്ടുണ്ട്. അവർ ഇനി സി.പി.എം എന്ന പാർട്ടിയിലേക്കു തിരിച്ചുവരും എന്നു പ്രതീക്ഷിക്കുന്നതിൽ അർത്ഥമില്ല. കമ്മ്യൂണിസ്റ്റ് ഭരണത്തിന്റെ തനിസ്വഭാവം അവർ കണ്ടറിഞ്ഞതാണ്. അതവർക്കു കൃത്യമായി മനസ്സിലാക്കിക്കൊടുത്തു എന്നതാണ് പിണറായി വിജയന്റെ വിജയം.
അദ്ദേഹത്തിന്റെ പ്രസിദ്ധമായ ജൈതയാത്ര ഓർക്കുക. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ബസ്സിലുള്ള യാത്ര. പഴയ കാലത്തു നാടകക്കമ്പനിക്കാരും സർക്കസ് കമ്പനിക്കാരും മാത്രമാണ് കേരളത്തിൽ ഇങ്ങനെ യാത്ര നടത്തിയതായി കണ്ടിട്ടുള്ളത്. യാത്രക്കിടയിൽ പലരും പ്രതിഷേധിച്ചു; കരിങ്കൊടി കാണിച്ചു. അവരെ കൈകാര്യം ചെയ്യാൻ പാർട്ടി ബംഗാളിലെ ഹർമദ് മോഡലിൽ പ്രത്യേക സേനയെ സജ്ജമാക്കി. അവർക്കു മുഖ്യമന്ത്രി പിണറായി വിജയൻ ജീവൻരക്ഷാ സേന എന്നൊരു പേരും കല്പിച്ചു കൊടുത്തു.
വണ്ടി പോകുന്ന വഴിയിലൊക്കെ ജീവൻരക്ഷാ സേനയുടെ സ്തുത്യർഹമായ പ്രവർത്തന മികവു നാട്ടിലെ ജനങ്ങളൊക്കെ കണ്ടു കോൾമയിർ കൊണ്ടു. എത്ര പേരുടെ തലമണ്ടയാണ് കിറുകൃത്യമായി അവർ അടിച്ചു പൊട്ടിച്ചത്! അതിനായി ചെടിച്ചട്ടി മുതൽ ലാത്തിയും പിച്ചാത്തിയും വരെ എന്തെല്ലാം ആയുധങ്ങളാണ് അവർ ഉപയോഗിച്ചത്. യാത്ര പോകുന്ന വഴിയിലെ ചെടിച്ചട്ടി കച്ചവടക്കാരൊക്ക അന്നു ഒളിവിൽ പോയതായി ഒരു കിംവദന്തി കേട്ടിരുന്നു. കാരണം രക്ഷാപ്രവർത്തകർ ആയുധമായി ചെടിച്ചട്ടികൾ എടുത്തുകൊണ്ടു പോയാൽ പിന്നെ അതിന്റെ പൊടി പോലും ബാക്കി കിട്ടില്ല.
കാശിന്റെ കാര്യം പിന്നെ പറയാനുമില്ല. അതും ചോദിച്ചു അങ്ങോട്ടു പോയാൽ ജീവൻ തിരിച്ചുകിട്ടിയാൽ ഭാഗ്യം എന്നു കരുതിയാൽ മതി. അതിനാൽ അവരൊക്കെ ചട്ടിയുമെടുത്തു ജീവനും കൊണ്ടു സ്ഥലം കാലിയാക്കി. ബസ്സും മുഖ്യനും പരിവാരങ്ങളും പരിസരത്തൊന്നുമില്ല എന്ന് ഉറപ്പാക്കിയ ശേഷമാണ് അന്ന് കേരളത്തിൽ ചെടികളും ചെടിച്ചട്ടികളും വിൽപനക്കായി വീണ്ടും പ്രത്യക്ഷപ്പെട്ടത്.
ഇനിയിപ്പോൾ ഈ ജീവൻരക്ഷാ സേനയിലെ സഖാക്കൾ എന്തുചെയ്യും? തങ്ങളുടെ അന്നദാതാവായ പാർട്ടി തന്നെ ജീവൻപോയ അവസ്ഥയിൽ എത്തിയാൽ അവർ എന്തുചെയ്യും? ഭാഗ്യത്തിനു ഗുണ്ടായിസം കേരളത്തിൽ നല്ല സാധ്യതയുള്ള തൊഴിൽ മേഖലയാണ്. ഓർഡറുകൾ ഇഷ്ടം പോലെ കിട്ടും. പാർട്ടിക്കാർ മാത്രമല്ല, കച്ചവടക്കാരും കല്യാണക്കാരും കുലുക്കിക്കുത്തു സംഘങ്ങളും ബ്ലേഡ് കമ്പനിക്കാരും ഒക്കെ അവരുടെ സേവനം ആഗ്രഹിക്കുന്ന കൂട്ടരാണ്.
നേരത്തെ സർക്കാരും ഭരണകക്ഷിയും നൽകുന്ന കൂറ്റൻ ഓർഡർകൾ കാരണം സാദാ ഓർഡറുകൾ ഒന്നും ഏറ്റെടുക്കാൻ ജീവൻരക്ഷാ സഖാക്കൾക്കു കഴിഞ്ഞിരുന്നില്ല. ഏതായാലും ഭരണം പോയതോടെ സർക്കാർ വിലാസം ഓർഡറുകൾ ഇനി ഉണ്ടാവാൻ ഇടയില്ല. അതിനാൽ ജീവൻരക്ഷകർ പുതിയ തൊഴിൽ മേഖലകളിലേക്കു ചേക്കേറും. അവരുടെ സേവനം നാട്ടിലെ മറ്റു ജനവിഭാഗങ്ങൾക്കും ലഭ്യമാകും എന്ന് പ്രതീക്ഷിക്കുക.
എൻ.പി. ചെക്കുട്ടി
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
