മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് നേരെ ഉണ്ടായ വധശ്രമത്തിന്റെ ഞെട്ടലിലാണ് രാജ്യവും ലോകവും. ഈ സംഭവം നവംബറില്‍ നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ എങ്ങനെ ബാധിക്കുമെന്ന ആകാംഷയിലാണ് ലോകം. പെന്‍സല്‍വേനിയയിലെ ബട്‌ലറില്‍ ഒരു തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിച്ചുകൊണ്ടിരിക്കെ, തോമസ് മാത്യു ക്രൂക്‌സ് എന്ന ഇരുപതുകാരന്‍ ട്രംപിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തന്നെ അപായപ്പെടുത്താനുള്ള ശ്രമം തന്റെ ദൗത്യത്തിന് ശക്തിപകരുകയേയുള്ളൂ എന്ന ശക്തമായ സന്ദേശമാണെന്നാണ് ട്രംപ് ആ വേദിയില്‍ നിന്നുതന്നെ നല്‍കിയത്.
നാല്‍പത് വര്‍ഷത്തിന് ശേഷം അമേരിക്കയില്‍ നടക്കുന്ന പ്രമാദമായ രാഷ്ട്രീയ വധശ്രമത്തെക്കുറിച്ച അന്വേഷണം ത്വരിതഗതിയില്‍ നടന്നുവരുകയാണ്. പ്രതിയുടെ പശ്ചാത്തലം സംബന്ധിച്ച വിശദമായ അന്വേഷണത്തിനു ശേഷവും ഇത്തരമൊരു അവിവേകത്തിന് അയാളെ പ്രേരിപ്പിച്ചതെന്തെന്ന് വ്യക്തമായിട്ടില്ല. റിപ്പബ്ലിക്കന്‍ രാഷ്ട്രീയ നിലപാടുള്ള ഈ കന്നിവോട്ടര്‍ക്ക് മനോരോഗമോ, തീവ്രവാദ ആശയമോ ഇല്ലെന്നാണ് അന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ട്. അതിനാല്‍ തോക്ക് സംസ്‌കാരമെന്ന അമേരിക്കയുടെ ആഭ്യന്തര ഭീകരവാദത്തിന്റെ ഇരയാകാം കുറ്റവാളി എന്നാണ് പ്രാഥമികനിഗമനം. ശാന്തനും ഏകാകിയും എന്നാല്‍, പഠനത്തില്‍ മിടുക്കനുമായിരുന്ന ക്രൂക്‌സ് ഷൂട്ടിങ് ക്ലബ് അംഗമായിരുന്നു.
ഇരുപതിലൊരാള്‍ എന്ന നിലയില്‍ അമേരിക്കയില്‍ വ്യാപകമായ സിവിലിയന്‍ ഉപയോഗത്തിലുള്ളതാണ് കുറ്റവാളി ഉപയോഗിച്ച എ ആര്‍-15 ഇനത്തില്‍ പെട്ട തോക്ക്. 2012 മുതല്‍ 2022 വരെയുള്ള ദശകത്തില്‍ അമേരിക്കയില്‍ നടന്ന 17 കൂട്ടക്കൊലകളില്‍ പത്തിലും ഉപയോഗിച്ച അതേ ഇനം ആയുധം. 2012 ല്‍ കൊളറാഡോയിലെ അറോറയില്‍ സിനിമ തിയറ്ററില്‍ നടന്ന വെടിവെപ്പില്‍ 12 പേര്‍ കൊല്ലപ്പെട്ടിരുന്നു. 2018 ല്‍ ഫ്‌ളോറിഡയിലെ പാര്‍ക് ലാന്‍ഡ് സ്‌കൂളില്‍ 17 ഉം 2022 മെയില്‍ ടെക്‌സാസിലെ ഉവാഡെ സ്‌കൂളില്‍ 21 ഉം വിദ്യാര്‍ഥികളെ കൂട്ടക്കൊല ചെയ്തത് ഈ തോക്ക് ഉപയോഗിച്ചാണ്. അതുകൊണ്ട് തോക്ക് ഉപയോഗം സാര്‍വത്രികമാക്കുന്നതിനെ എതിര്‍ക്കുന്ന ഡെമോക്രാറ്റുകള്‍ ഈ തോക്കിനെയും വിലക്കുപട്ടികയില്‍ ഉള്‍പ്പെടുത്തിയതാണ്. അതേസമയം, റിപ്പബ്ലിക്കന്‍ പാര്‍ട്ടി തോക്ക് വിലക്കിനെ ശക്തമായി എതിര്‍ക്കുന്നവരാണ്.
ഈ വിഷയത്തില്‍ ജനങ്ങള്‍ക്കിടയിലും രണ്ടാണ് പക്ഷം. കഴിഞ്ഞ വര്‍ഷം നടന്ന ഒരു അഭിപ്രായ വോട്ടെടുപ്പില്‍ തോക്കുകളിയെ 46 ശതമാനം എതിര്‍ത്തപ്പോള്‍ 49 ശതമാനം അനുകൂലിക്കുകയായിരുന്നു. റിപ്പബ്ലിക്കന്‍ അനുയായിയില്‍ നിന്നു തന്നെ സ്ഥാനാര്‍ഥിക്ക് വെടിയേല്‍ക്കേണ്ടി വന്ന സാഹചര്യത്തില്‍ തോക്ക് നിരോധനത്തെ എതിര്‍ക്കുന്ന നിലപാടില്‍ നിന്ന് അവര്‍ പിറകോട്ടു പോകുമോ എന്നതില്‍ വ്യക്തമായ ഉത്തരം കണ്ടെത്താനാവില്ല. കുഴപ്പം പിടിച്ചതാണ് അമേരിക്കയുടെ നിലവിലെ രാഷ്ട്രീയാന്തരീക്ഷമെന്ന് ആഭ്യന്തര നിരീക്ഷകരെല്ലാം ഒരുപോലെ പരിഭവപ്പെടുന്നുണ്ട്. അതിനിടെ നവംബര്‍ അഞ്ചിലെ തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ഥി നിര്‍ണയത്തിന്റെ അന്തിമഘട്ടത്തില്‍ നടന്ന വെടിവെപ്പ് രാജ്യത്തെ കൂടുതല്‍ അതിക്രമങ്ങളിലേക്കും അരാജകത്വത്തിലേക്കും നയിക്കുമോ എന്ന ആശങ്കയാണ് പൊതുവില്‍ ഉയരുന്നത്.
അത് കണ്ടറിഞ്ഞു തന്നെയാവണം യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ അക്രമത്തെ അപലപിക്കുകയും കുറ്റമറ്റ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തത്. സംഭവത്തെ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥിത്വത്തിനും ഒടുവില്‍ വിജയത്തിനുമുള്ള ഉപാധിയാക്കി ട്രംപും കൂട്ടരും മാറ്റുമോ എന്ന സന്ദേഹം ഇപ്പോഴേ ഉയര്‍ന്നിട്ടുണ്ട്. രാജ്യത്തെ ശിഥിലമാക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ നിലകൊള്ളണമെന്ന് ജോ ബൈഡന്‍ പറഞ്ഞത് ഏറ്റുപിടിച്ചായിരുന്നു പതിവിന് വിപരീതമായി ട്രംപും പ്രതികരിച്ചത്. അമേരിക്കക്കാര്‍ ആശയപരമായല്ല, വൈകാരികമായി വിഭജിക്കപ്പെട്ടിരിക്കുന്നെന്നും എതിര്‍കക്ഷിക്കാരെ തികഞ്ഞ അസഹിഷ്ണുതയോടെയാണ് അവര്‍ കണ്ടുവരുന്നതെന്നും ഈയിടെ ചില പഠനങ്ങള്‍ പുറത്തുവന്നിരുന്നു.
തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ അടുത്ത കാലത്തായി വര്‍ധിച്ചുവരുന്നത് ഇതിന്റെ ഭാഗമാണെന്നാണ് പഠനം പറയുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ പരാജയം സമ്മതിക്കാതെ ട്രംപിന്റെ ആളുകള്‍ 2021 ജനുവരി ആറിന് കാപിറ്റോള്‍ ഹില്‍ പിടിക്കാന്‍ നടത്തിയ അതിക്രമം ഈയിനത്തിലെ ഏറ്റവും മാരകമായതായിരുന്നു. അധികാരത്തില്‍ നിന്ന് പുറത്തായത് ട്രംപിനും അനുയായികള്‍ക്കും സഹിക്കാന്‍ ആവുമായിരുന്നില്ല. അതാണ് അധികാര കേന്ദ്രം കൈയടക്കാനുള്ള അപൂര്‍വ അരാജകനീക്കത്തിന് അനുയായികളെ പ്രേകോപിപ്പിച്ചത്.
വീണ്ടും അധികാരം പിടിക്കാനുള്ള നീക്കത്തില്‍ വലതുപക്ഷ തീവ്രവാദം കത്തിനിര്‍ത്തുകയാണ്. അമേരിക്ക ട്രംപിന്റെ കക്ഷിയും ആഭ്യന്തരശത്രുക്കളും തമ്മിലുള്ള പോര്‍നിലമായെന്നാണ് അദ്ദേഹത്തിന്റെ തത്ത്വശാസ്ത്രം. രാഷ്ട്രീയപ്രതിയോഗികള്‍ക്കെതിരെ അനുയായികളെ ഇളക്കിവിടുന്ന വായ്ത്താരികളാണ് ട്രംപിന്റേത്. അവര്‍ എനിക്ക് പിറകെയല്ല, നിങ്ങള്‍ക്ക് പിറകെയാണ്. ഈ തിരഞ്ഞെടുപ്പ് അന്തിമയുദ്ധമാണ്. 2016 ല്‍ ഞാന്‍ നിങ്ങളുടെ ശബ്ദമായിരുന്നു. ഇന്ന് ഞാന്‍ നിങ്ങളുടെ യോദ്ധാവാണ്, നിങ്ങളുടെ നീതിയാണ്, വഞ്ചകര്‍ക്കുള്ള നിങ്ങളുടെ പ്രതികാരമാണ് എന്നു തുടങ്ങി രാഷ്ട്രീയരക്തസാക്ഷിയുടെ പരിവേഷത്തില്‍ അണികളെ ഇളക്കിവിട്ടുകൊണ്ടാണ് ഇത്തവണ ട്രംപ് പ്രചാരണയുദ്ധം നയിക്കുന്നത്. അതുകൊണ്ടു തന്നെ ഇരുപതുകാരന്റെ തോക്കില്‍ നിന്നുതിര്‍ന്ന എട്ട് വെടിയുണ്ടകള്‍ ഈ രക്തസാക്ഷി പരിവേഷത്തിന് കൂടുതല്‍ പൊലിമക്കായി ട്രംപ് ഉപയോഗപ്പെടുത്താതെ ഇരിക്കാനുള്ള ന്യായമൊന്നും അദ്ദേഹത്തെ അറിയുന്ന നിരീക്ഷകര്‍ കാണുന്നുമില്ല.
ആഭ്യന്തര ശത്രുക്കളെന്ന് പ്രതിയോഗികള്‍ക്ക് നേരെ വിരല്‍ചൂണ്ടാറുള്ള ട്രംപിന്റെ ചുവടുപിടിച്ച് അതിക്രമത്തെ ബൈഡന്‍ ഭരണകൂടവുമായി ബന്ധപ്പെടുത്തി റിപ്പബ്ലിക്കന്‍ നേതാക്കള്‍ പോലും പ്രസ്താവനയിറക്കി. വധശ്രമത്തിന് ആളുകളെ ഇളക്കിവിട്ടതിന് ബൈഡനെ അറസ്റ്റ് ചെയ്യണമെന്നുവരെ ഒരു ജനപ്രതിനിധി ആവശ്യപ്പെട്ടു. ഈ ദിശയിലാണ് രാഷ്ട്രീയപ്രചാരണം മുന്നോട്ടുപോകുന്നതെങ്കില്‍ രാജ്യം കൂടുതല്‍ രാഷ്ട്രീയ വെറിയിലേയ്ക്ക് എടുത്തെറിയപ്പെടും. അമേരിക്കക്ക് പകരുന്ന സമാശ്വാസം നിലനില്‍ക്കണമെങ്കില്‍ സമചിത്തതയും രാഷ്ട്രീയ പ്രബുദ്ധതയുമുള്ള കൂട്ടായ നീക്കം കൂടിയെ തീരു. ഇക്കാര്യത്തില്‍ റിപ്പബ്ലിക്കന്‍, ഡെമോക്രാറ്റ് ഭേദം മറന്ന് അതിനുള്ള മനസ്സാന്നിധ്യവും ഇച്ഛാശക്തിയും വീണ്ടെടുക്കാന്‍ അമേരിക്കന്‍ ജനതക്കുള്ള വിവേകം അവിടുത്തെ രാഷ്ട്രീയനേതൃത്വം പ്രകടിപ്പിക്കണം.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1