എല്ലായിപ്പോഴും ബഹളത്തിൽ മുങ്ങിക്കുളിച്ചിരുന്ന ഇന്ദിരാ ഭവൻ ഏതാണ്ട് നിശബ്ദതയിലാണിപ്പോൾ. ഭരണമാറ്റത്തിന്റെ അനന്തരഫലമാണോ ഈ നിശബ്ദത? ആയിരിക്കാം. കെ.പി.സി.സി അധ്യക്ഷന്റെ മുറിയിൽ കയറിയാലും ആ നിശബ്ദത തൊട്ടറിയാനാകും.
ആന്റണിയുടെ മുഖത്ത് കാണുന്ന ആഴത്തിലുള്ള ശാന്തത. ആ ഓഫീസിലും കൈവന്നതുപോലെ. രാഷ്ട്രീയമായി ഈ മനുഷ്യനോട് നിങ്ങൾക്ക് യോജിക്കാം. വിയോജിക്കാം. പക്ഷേ ഒരു വ്യക്തിയെന്ന നിലയിൽ ആന്റണിയിൽ കളങ്കം കാണാൻ ശത്രുക്കൾക്ക് പോലും കഴിയുമെന്ന് തോന്നുന്നില്ല. രാഷ്ട്രീയത്തിന്റെ ഞാണിന്മേൽക്കളിയിൽ അങ്ങേയറ്റത്തേക്ക് നടന്ന കയറുമ്പോഴും സ്വന്തം വ്യക്തിത്വത്തിന്റെ ബാലൻസ് തെറ്റാതെ ആന്റണി സൂക്ഷിക്കുന്നു.
കെ.പി.സി.സി ഓഫീസിന്റെ വരാന്ത എന്ന് പറയാവുന്ന ഒരു സ്ഥലത്താണ് അദ്ദേഹത്തിന്റെ കിടപ്പുമുറി. വെള്ളത്തുണി വിരിച്ച് ഒരു ചെറിയ സോഫ കം ബെഡ്. അദ്ദേഹത്തിന് അത്രയൊക്ക സൗകര്യങ്ങളേ വേണ്ടു. അങ്ങനെയിരിക്കയാണ് ഡൽഹി ഡൽഹി രാഷ്ട്രീയം കൂടുതൽ ഇളകി മറിയാൻ തുടങ്ങിയത്. വിശ്വനാഥ് പ്രതാപ് സിംഗ് എന്ന വി.പി. സിംഗ് കോൺഗ്രസിൽ നിന്ന് പുറത്തായി. ബോഫോഴ്‌സ് ഇടപാടുമായി ബന്ധപ്പെട്ടുണ്ടാക്കിയ അഴിമതി ആരോപങ്ങളുടെ പുകമറയിൽ രാജീവ് ഗാന്ധിയെ രാഷ്ട്രീയമായി ഒതുക്കാൻ ഒരുപറ്റം രാഷ്ട്രീയക്കാരും ചില പത്ര മാധ്യമങ്ങളും സംഘടിതമായി തന്നെ ശ്രമിച്ചുവരുന്ന കാലം.
അങ്ങനെ ഒരു അവസ്ഥയിലാണ് 1989 ലെ ലോകസഭാ തെരഞ്ഞെടുപ്പ് വരുന്നത്. വി.പി.സിംഗ് പുതിയൊരു രാഷ്ട്രീയ കൂട്ടായ്മ രൂപീകരിച്ചു അതാണ് ജനമോർച്ച. കോൺഗ്രസ് എസ്, ജനത ലോക് ദൾ എന്നിവ ലയിച്ച് ജനതാദൾ രൂപംകൊണ്ടു. തെലുങ്ക് ദേശം, അസം ഗണപരിഷത്ത്, ഡി.എം.കെ അകാലിദൾ പോലെയുള്ള പാർട്ടികളുമായി ചേർന്ന് ദേശീയ മുന്നണി ഉണ്ടാക്കി. സി.പി.എം അടക്കം ഇടതുപക്ഷ രാഷ്ട്രീയ പാർട്ടികളും ബി.ജെ.പിയുമായി മുന്നണി ധാരണ ഉണ്ടാക്കി. ബി.ജെ.പിയുമായി കൂട്ടചേർന്നിട്ടായാലും കോൺഗ്രസിനെ തകർക്കുക എന്നതായിരുന്നു സി.പി.എമ്മിന്റെ ലക്ഷ്യം.
ഈ തെരഞ്ഞെടുപ്പിന് രമേശ് ചെന്നിത്തലയും കെ. മുരളീധരനും ലോക്‌സഭയിലേക്ക് മത്സരിക്കാൻ ഹൈക്കമാൻഡ് നിർദ്ദേശം ഉണ്ടായി. കെ.ജി. അടിയോടി അന്തരിച്ച ഒഴിവിൽ മുരളിയെ കോഴിക്കോട് മത്സരിപ്പിക്കാൻ നേരത്തെ തന്നെ ആലോചിച്ചിരുന്നതുമാണ്. മുരളിയെ കോഴിക്കോട് മത്സരിപ്പിക്കാൻ വലിയ താല്പര്യമൊന്നും കെ. കരുണാകരൻ പുറമേക്ക് കാണിച്ചില്ല.
സ്ഥാനാർത്ഥി ചർച്ച വന്നപ്പോൾ കരുണാകരൻ ഒഴിഞ്ഞുമാറി. ആന്റണിയാണ് മുരളിയോട് കോഴിക്കോട് മത്സരിക്കാൻ ആവശ്യപ്പെട്ടത്. രമേശ് ചെന്നിത്തല കോട്ടയത്തും സ്ഥാനാർത്ഥിയായി. കോട്ടയത്ത് ഉമ്മൻചാണ്ടിക്ക് പ്രതിരോധം തീർക്കാനാണ് രമേശ് ചെന്നിത്തലയെ അവിടെ മത്സരിപ്പിക്കുന്നത് എന്ന് പൊതുവേ പറഞ്ഞുവെങ്കിലും അതിൽ യാതൊരു വാസ്തവവും ഇല്ലെന്നാണ് ഉമ്മൻചാണ്ടി തന്നെ പറയുന്നത്.
അന്ന് യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന പ്രസിഡന്റ് ആയിരുന്നു രമേശ് ചെന്നിത്തല. പൊതവേ എല്ലാവർക്കും സ്വീകാര്യൻ. അടൂരിൽ യുവ നേതാവ് കൊടിക്കുന്നിൽ സുരേഷും മുകുന്തപുരത്ത് സാവിത്രി ലക്ഷ്മണനും സ്ഥാനാർത്ഥികളായി. ഇടുക്കിയിൽ പി.സി. ചാക്കോയുടെ പേര് അവസാന നിമിഷം വരെ സജീവമായിരുന്നു. പക്ഷേ ഹൈക്കമാന്റിന്റെ അംഗീകാരം കിട്ടിയില്ല. പകരം പല കെ.എം. മാത്യുവിനെയാണ് സ്ഥാനാർത്ഥിയാക്കിയത്.
1989 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നടത്തിയ ചർച്ചയിൽ സീറ്റിന്റെ പേരിൽ തർക്കം ഉണ്ടായതിനെത്തുടർന്ന് കേരള കോൺഗ്രസ് ഐക്യ ജനാധിപത്യമുന്നണി വിട്ടുമെങ്കിലും ആ തീരുമാനം അംഗീകരിക്കാൻ ആർ. ബാലകൃഷ്ണപിള്ള തയ്യാറായില്ല. തുടർന്ന് പാർട്ടിയുടെ പരാതിയുടെ വെളിച്ചത്തിൽ കൂറുമാറ്റ നിരോധന നിയമം അനുസരിച്ച് ബാലകൃഷ്ണപിള്ളയുടെ നിയമസഭാംഗത്വം 1990 ജനുവരി 15ന് സ്പീക്കർ റദ്ദാക്കി.
നവംബർ 22ന് ലോകസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഐക്യ ജനാധിപത്യം മുന്നണി 17 സീറ്റുകളിലും ഇടത് ജനാധിപത്യമുന്നണി മൂന്ന് സീറ്റുകളിലും വിജയിച്ചു കയറി. ദേശീയതലത്തിൽ 197 സീറ്റുമായി കോൺഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും മന്ത്രിസഭ ഉണ്ടാക്കാൻ ഉള്ള സാധ്യത തേടാതെ തന്നെ പ്രതിപക്ഷത്തിരിക്കാൻ രാജീവ് ഗാന്ധി തയ്യാറായി. 146 സീറ്റ് കിട്ടിയ ദേശീയ മുന്നണി ഇടതുപക്ഷ പാർട്ടികളുടെയും ബി.ജെ.പിയുടെയും പുറത്തുനിന്നുള്ള പിന്തുണയോടെ സർക്കാർ ഉണ്ടാക്കി. വി.പി. സിംഗ് പ്രധാനമന്ത്രിയായി.
89 ലെ തെരഞ്ഞെടുപ്പിൽ ലോക്‌സഭാ സീറ്റിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് പി.ജെ. ജോസഫ് മുന്നണി വിട്ടു പോകുകയാണുണ്ടായത്. പി.സി. തോമസിന് മത്സരിക്കാൻ വേണ്ടി കേരളാ കോൺഗ്രസ് മാണി ഗ്രൂപ്പിന് കൊടുത്തതാണ് മൂവാറ്റുപുഴ. എന്നാൽ മൂവാറ്റുപുഴ തന്നെ വേണമെന്ന് ജോസഫ് വാശി പിടിച്ചു. വിജയം ഉറപ്പായ ഇടുക്കി സീറ്റ് നൽകാമെന്ന് കോൺഗ്രസ് പറഞ്ഞു. ഉമ്മൻചാണ്ടി പലവട്ടം ജോസഫുമായി സംസാരിച്ചിട്ടും അദ്ദേഹം കൂട്ടാക്കിയില്ല. മൂവാറ്റുപുഴ യിൽ പി.സി. തോമസിനെതിരെ ജോസഫ് തന്നെ മത്സരത്തിന് ഇറങ്ങി. എന്നാൽ 68619 വോട്ട് മാത്രമാണ് ജോസഫിന് ലഭിച്ചത്.
(തുടരും)
ജോഷി ജോർജ്
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1