വിസിറ്റ് വയനാട് ': ഭീതിയുടെ അനുപാതം തിരുത്തപ്പെടണം

AUGUST 28, 2024, 7:08 PM

വയനാട് ജില്ലയിൽ വൻദുരന്തത്തിനിടയായ മുണ്ടക്കൈ ചൂരൽമല നിവാസികൾക്കായി മനം നൊന്തു തേങ്ങി കരുണയുടെ കടലായി മാറി ലോകമെങ്ങുമുള്ള മലയാളി സമൂഹം. സംസ്ഥാന, രാജ്യ അതിരുകൾക്കിപ്പുറത്തേക്ക് ഭീതിയുടെയും അനുകമ്പയുടെയും അലകളൊഴുകി. ദുരിതബാധിതരുടെ പൂർണ സജ്ജമായ പുനരധിവാസമാണ് ഇനി സർക്കാരിന്റെ മുമ്പിലുള്ള മഹാദൗത്യം. അതേസമയം, ദുരന്തം വന്നതോടെ കനത്ത പ്രതിസന്ധിയിലായ വയനാടിന്റെ ടൂറിസം മേഖലയുടെ രക്ഷയ്ക്ക് കാര്യക്ഷമമായ നടപടികൾ അനിവാര്യം.

ദശാബ്ദങ്ങളായി കൃഷിയെ പിന്നിലാക്കി ടൂറിസം മേഖല വയനാടിന്റെ മുഖ്യവരുമാന മാർഗമായിരുന്നു. ജില്ലയുടെ വരുമാനത്തിന്റെ 55 ശതമാനത്തോളം ടൂറിസത്തിൽ നിന്നാണ്. പക്ഷേ, ദുരന്തത്തിന് പിന്നാലെ വയനാട് സുരക്ഷിതമല്ലെന്ന ഭയത്താൽ ടൂറിസ്റ്റുകൾ ഇവിടേക്ക് വരാൻ മടിക്കുന്നു. ദുരന്താനന്തരം മൂന്നാഴ്ച കൊണ്ട് വിനോദ സഞ്ചാര, അനുബന്ധ മേഖലകൾക്ക് 22 കോടിയുടെ നഷ്ടം സംഭവിച്ചതായാണ് ഏകദേശ കണക്ക്. റിസോർട്ടുകളും ഹോംസ്റ്റേകളുമടക്കം സന്ദർശകർക്കുള്ള നാലായിരത്തോളം താമസകേന്ദ്രങ്ങൾ ഈ പ്രദേശങ്ങളിലുണ്ടെന്നാണ് കണക്ക്. ആഴ്ചകളായി ഇവയിൽ ബഹുഭാഗവും ഒഴിഞ്ഞുകിടക്കുന്നു. മഴക്കാലമായിട്ടും റിസോർട്ടുകളിലും ഹോംസ്റ്റേകളിലും ഈ വർഷം 40 ശതമാനം വരെ ബുക്കിംഗുണ്ടായിരുന്നു. വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായിരുന്നു വയനാട്. എന്നാൽ, ദുരന്തത്തിനു ശേഷം മിക്കയിടത്തും ബുക്കിംഗുകൾ വൻ തോതിൽ റദ്ദാക്കപ്പെട്ടു.

വന്യമൃഗാക്രമണവും ഇക്കോ ടൂറിസ്റ്റ് കേന്ദ്രങ്ങൾ അടച്ചിട്ടതും കാരണം ആറ് മാസത്തോളമായി മന്ദീഭാവം നേരിട്ടിരുന്നു ടൂറിസം മേഖലയിൽ. വനസംരക്ഷണ ജീവനക്കാരനായിരുന്ന പുൽപ്പള്ളി പാക്കം വെള്ളച്ചാലിൽ പോൾ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്ന് ഫെബ്രുവരി 19നാണ് കുറുവ ദ്വീപ്, ബ്രഹ്മഗിരി ട്രക്കിംഗ് കേന്ദ്രം, തോൽപെട്ടി വന്യജീവി സങ്കേതം, മുത്തങ്ങ വന്യജീവി സങ്കേതം, സൂചിപ്പാറ വെള്ളച്ചാട്ടം, മീൻമുട്ടി വെള്ളച്ചാട്ടം, ചെമ്പ്ര പീക്ക് തുടങ്ങിയ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടച്ചത്. വന്യമൃഗാക്രമണ വർധനയെ തുടർന്ന് ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ സഞ്ചാരികൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്ന ഹൈക്കോടതി ഉത്തരവിനെ തുടർന്നായിരുന്നു ഈ നടപടി. അതിനിടെ വയനാട്ടിലെ മുഴുവൻ ടൂറിസ്റ്റ് കേന്ദ്രങ്ങളും അടച്ചിട്ടതായി തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിൽ കുപ്രചാരണവും അരങ്ങേറി. ഇതുമൂലം ഏപ്രിൽ, മെയ് മാസങ്ങളിൽ പോലും ജില്ലയിൽ ടൂറിസ്റ്റുകളുടെ എണ്ണത്തിൽ കുറവ് സംഭവിച്ചിരുന്നു.

vachakam
vachakam
vachakam

ഉരുൾ പൊട്ടൽ ദുരന്ത ബാധിതർക്കായുള്ള പുനരധിവാസ പരിപാടി സന്നദ്ധ സംഘടനകളുടെയും രാഷ്ട്രീയ പാർട്ടികളുടെയും ഉദാരമതികളായ വ്യവസായ പ്രമുഖരുടെയും സഹകരണത്തോടെ നടപ്പാക്കാനുള്ള ശ്രമത്തിനാണ് സർക്കാർ നിലവിൽ മുഖ്യശ്രദ്ധ ചെലുത്തുന്നത്. ലോകോത്തര നിലവാരമുള്ള പുനരധിവാസമാണ് ലക്ഷ്യമിടുന്നതെന്നും സമയബന്ധിതമായി അത് പൂർത്തിയാക്കുമെന്നുമാണ് മുഖ്യമന്ത്രി പ്രസ്താവിച്ചത്. ദുരന്ത മേഖലയിലെ 729 കുടുംബങ്ങൾക്ക് മികച്ച തോതിലുള്ള പുനരധിവാസം നടപ്പാക്കുകയെന്നത് ഭാരിച്ച പദ്ധതിയാണ്. പുനരധിവാസവുമായി ബന്ധപ്പെട്ട കാര്യങ്ങൾ, പ്രകൃതി ദുരന്ത അതിജീവന മേഖലയിലെ വിദഗ്ധരുമായും വയനാട്ടിലെ ജനപ്രതിനിധികളുമായും ചർച്ച ചെയ്ത് അഭിപ്രായ ശേഖരണം നടത്താൻ സംസ്ഥാന ചീഫ് സെക്രട്ടറിയെ അധികാരപ്പെടുത്തിയിട്ടുമുണ്ട്. ദുരന്തമേഖലയിലെ തൊഴിലന്വേഷകർക്ക് അനുയോജ്യമായ തൊഴിൽ ഉറപ്പാക്കുകയെന്നതും അടിയന്തര പ്രാധാന്യമർഹിക്കുന്ന പ്രശ്‌നം തന്നെ. ഇതുമായി ബന്ധപ്പെട്ട് പ്രദേശത്തെ യുവജനങ്ങൾക്കായി 'ഞങ്ങളുമുണ്ട് കൂടെ' എന്ന ബാനറിൽ തൊഴിൽമേള നടന്നുവരുന്നു. പുനരവധിവാസ പദ്ധതിയിൽ ടൂറിസം മേഖലക്ക് വന്ന മന്ദീഭാവത്തിന് പരിഹാരം കാണാനുള്ള പരിപാടികളും ഉൾക്കൊള്ളിക്കേണ്ടത് അനിവാര്യം.

ദുരന്തത്തിന് ഇരകളായവർ മാത്രമല്ല, ഉരുൾപൊട്ടൽ സാധ്യതാ മേഖലകളിലെ താമസക്കാർ കൂടി ഉൾപ്പെടുന്നുണ്ട് പുനരധിവാസ പാക്കേജിൽ. അനുയോജ്യമായ സ്ഥലങ്ങൾ കണ്ടെത്തുവാനുള്ളതാണ് ആദ്യ നടപടി. പത്തോളം പ്രദേശങ്ങളാണ് പരിഗണനയിലുള്ളത്. സാധ്യതാ പ്രദേശങ്ങൾ അന്വേഷിച്ചു കണ്ടെത്താൻ സർക്കാർ നിയോഗിച്ച സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, പരിഗണനാർഹമായ പ്രദേശങ്ങളുടെ ഭൂമിശാസ്ത്ര പഠനം കൂടി നടത്തിയ ശേഷമായിരിക്കും അന്തിമമായുള്ള സ്ഥല നിർണയം. വീടുകൾ നിർമിച്ചുനൽകാമെന്ന് പലരും വാഗ്ദാനം ചെയ്ത് കഴിഞ്ഞു. എത്ര വീടുകളാണ് സന്നദ്ധ സംഘടനകളുടെയും വ്യക്തികളുടെയും ചാരിറ്റി പ്രവർത്തനത്തിന്റെ ഭാഗമായി ലഭ്യമാകുകയെന്ന് വ്യക്തമായ ശേഷം ബാക്കിവരുന്ന കുടുംബങ്ങളുടെ പുനരധിവാസത്തിന് ടൗൺഷിപ്പ് സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നതത്രേ.

അതേസമയം, ദുരിതബാധിതരെ പുനരധിവസിപ്പിച്ചത് കൊണ്ട് മാത്രം തീരുന്നതല്ല ദുരന്തം സൃഷ്ടിച്ച പ്രത്യാഘാതങ്ങൾ. ജില്ലയെ മൊത്തത്തിൽ പിടിച്ചുകുലുക്കിയിട്ടുണ്ട് ഉരുൾപൊട്ടൽ മൂലമുണ്ടായ പലവിധ പ്രശ്‌നങ്ങൾ. ടൂറിസം മേഖല ദുരന്തത്തോടെ കനത്ത പ്രതിസന്ധിയിലായതാണ് അതിൽ പ്രധാനം. ടൂറിസ്റ്റ് കേന്ദ്രങ്ങൾക്ക് സമീപത്തെ ചെറിയ വ്യാപാര സ്ഥാപനങ്ങളിലും കുടുംബശ്രീ സ്റ്റാളുകളിലും കച്ചവടം മുടങ്ങി. ടാക്‌സികൾക്ക് ഓട്ടമില്ലാതായി. കരകൗശല ഉത്പന്ന വിൽപ്പന സ്റ്റാളുകളിലും സന്ദർശകർ നാമമാത്രം. ഹോട്ടൽ കച്ചവടത്തിൽ കനത്ത ഇടിവ് സംഭവിച്ചു. ഊട്ടിയുടെ ഗതിവരുമോ വയനാടിനെന്നാണ് ജില്ലയിൽ ടൂറിസവുമായി ബന്ധപ്പെട്ട് ജീവിക്കുന്നവരുടെ ആശങ്ക. ജനത്തിരക്കും ഗതാഗതക്കുരുക്കും സന്ദർശകർക്ക് ഭീഷണിയായ സാഹചര്യത്തിൽ ഇപാസ്സ് ഏർപ്പെടുത്തിയതിനെ തുടർന്ന് ഊട്ടിയിൽ സന്ദർശകരുടെ എണ്ണം ഗണ്യമായി കുറഞ്ഞിരുന്നു.

vachakam
vachakam
vachakam

വയനാട് സുരക്ഷിതമാണെന്ന് വിദേശ, ആഭ്യന്തര സഞ്ചാരികളെ ബോധ്യപ്പെടുത്താനുള്ള ക്യാമ്പയിനും പ്രചാരണങ്ങളുമാണ് തകർച്ചയിൽ നിന്ന് വിനോദ സഞ്ചാര മേഖലയെ രക്ഷിക്കാനുള്ള മാർഗം. 'വിസിറ്റ് വയനാട്' എന്ന പേരിൽ സാമൂഹിക മാധ്യമങ്ങൾ വഴിയുള്ള ക്യാമ്പയിനുകൾക്ക് അധികൃതർ തുടക്കം കുറിച്ചിട്ടുണ്ട്. ഇത് കൂടുതൽ ശക്തവും കാര്യക്ഷമവുമാക്കേണ്ടതുണ്ട്. വയനാട് ജില്ലയുടെ ചെറിയൊരു ഭാഗത്തെ മാത്രമാണ് ദുരന്തം ഗ്രസിച്ചതെങ്കിലും ഈ മേഖലയാകെ പ്രശ്‌നബാധിതമാണെന്ന പ്രതീതി പരന്നതാണ് ഏറ്റവും വലിയ പ്രതിസന്ധിയായി മാറിയതെന്ന് നാട്ടുകാർ പറയുന്നു. ഈ അബദ്ധ ധാരണ മാറ്റാനുള്ള വലിയ ശ്രമമാണ് ആദ്യമുണ്ടാകേണ്ടത്.

കണ്ണീർ കാഴ്ചയല്ല ഇനി

''വയനാട് അത് പ്രകൃതി സൗന്ദര്യത്തിന്റെ പറുദീസയാണ് കണ്ണിനും മനസ്സിനും കുളിരേകുന്ന ഹരിത മനോഹരമായ മലകളും അരുവികളും വെള്ള ചാട്ടങ്ങളും ഡാമുകളും പാർക്കുകളും എല്ലാം അടങ്ങിയ ഈ മണ്ണിലെ ദൃശ്യ വിസ്മയങ്ങളുടെ ഈ കലവറയെ ഒരു ദുരന്തത്തിന്റെ പേരിൽ എഴുതി തള്ളരുത്. അനേകായിരങ്ങളുടെ ജീവിത മാർഗമാണ് വയനാട് ടൂറിസം, അത് കൊണ്ട് തന്നെ ഈ മേഖല പൂർണ തിളക്കത്തോടെ തിരിച്ച് വരേണ്ടതുണ്ട്. ദുരന്തങ്ങൾ വേട്ടയാടിയവരോടൊപ്പം അവരുടെ ദുഖത്തിൽ പങ്ക് ചേരുകയും മറ്റുള്ളവരുടെ അതിജീവനത്തിനായി നമുക്ക് കൈകൾ കോർക്കുകയും ചെയ്യാം. ഒരുപാട് പാവങ്ങൾ പട്ടിണിയിൽ ആണ്, അവരെ നമുക്ക് കൈപിടിച്ച് ഉയർത്തണം...'' വയനാട് സ്വദേശി യാസർ അലി ഇവിടേക്കുള്ള യാത്രയിൽ കണ്ട കാര്യങ്ങളെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പ് ഇപ്രകാരം.

vachakam
vachakam
vachakam

'നിങ്ങളെല്ലാം ഇനിയും ഈ നാട് കാണാൻ വരണം. ഉരുൾപൊട്ടലുണ്ടായ ദുരന്ത ഭൂമിയിലെ കണ്ണീർ കാഴ്ചകൾ കാണാനല്ല. മഞ്ഞും മഴയും പെയ്തിറങ്ങി പച്ചപ്പ് നിറഞ്ഞേ നിൽക്കുന്ന അതിമനോഹരമായ ഭൂമിക കാണാൻ. വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിങ്ങളുടെ കുടുംബങ്ങളോടൊപ്പം ഒഴിവു സമയങ്ങൾ ആസ്വദിക്കാൻ. വയനാടൻ തനിമയുള്ള വിഭവങ്ങൾ കൈമാറ്റം ചെയ്യപ്പെടാൻ... അപേക്ഷാ സ്വരത്തിൽ ഇക്കാര്യം പറയാൻ കാരണമുണ്ട്. കുടുംബസമേതം കോഴിക്കോട് താമസമാക്കിയ ശേഷം വയനാട്ടിൽ പോയി വരുമ്പോഴെല്ലാം ലക്കിടി മുതലങ്ങോട്ടുള്ള ദേശീയ പാതയോരം ആയിരക്കണക്കിന് മനുഷ്യരെ കൊണ്ട് സജീവമായൊരു പ്രദേശമായേ ഇതു വരെ കണ്ടിട്ടുള്ളു. ചങ്ങലമരവും പലവിധ പാർക്കുകളും റോപ് വേകളും ചെറുകിട കച്ചവടക്കാരും വലിയ ഭക്ഷണശാലകളുമൊക്കെയായി ശബ്ദമുഖരിതമായൊരു അന്തരീക്ഷം..

ഈയൊരു കാഴ്ചകൾ തന്നെയാണ് വിനോദ സഞ്ചാരികളെത്തുന്ന വയനാട്ടിലെ മറ്റു പ്രദേശങ്ങളിലെല്ലാം ഉണ്ടായിരുന്നത്. എന്നാൽ നാടിന്റെ നെഞ്ചു തകർത്ത ഉരുൾപൊട്ടലിന് ശേഷം രണ്ടാഴ്ച മുൻപ് ചുരം കയറിയപ്പോൾ കണ്ടത് വല്ലാത്ത സങ്കടക്കാഴ്ച തന്നെയായിരുന്നു. മരണ വീട്ടിലേക്ക് കയറിയ പോലെ ലക്കിടി മുതൽ എന്റെ വീട് വരെ.. ആളും ആരവങ്ങളുമില്ലാത്തൊരു വീഥി. പല വ്യാപാര സ്ഥാപനങ്ങളും അടഞ്ഞു കിടക്കുന്നു. പൂക്കോടും വൈത്തിരിയും കൽപ്പറ്റയുമെല്ലാം ഹർത്താൽ പ്രതീതിയിൽ ജീവനറ്റ അങ്ങാടികളായി പരിണമിച്ചു. അന്വേഷിച്ചപ്പോൾ വയനാട് ജില്ല മൊത്തത്തിൽ ഈയൊരു മൂകത തന്നെയാണെന്നറിഞ്ഞു. നാളുകൾ കുറെ കഴിഞ്ഞെങ്കിലും ഇപ്പോഴും ആ നാടുകളിലും വഴിയോരങ്ങളിലും ആളുകളില്ല. ആരവങ്ങളുമില്ല.. !

സ്വത്തും സമ്പാദ്യവും രക്തബന്ധങ്ങളും നഷ്ടമായി ദുരന്തഭൂമിയിൽ അവശേഷിച്ച മനുഷ്യരെ ചേർത്ത് പിടിക്കാൻ സർക്കാരും സന്നദ്ധ സംഘടനകളും പലവിധ പദ്ധതികളുമായി മുന്നിട്ടിറങ്ങിയത് സന്തോഷം തന്നെ. എന്നാൽ കഴിഞ്ഞ 10 വർഷത്തിനുള്ളിൽ കാർഷിക, പ്രവാസ, ഉദ്യോഗ മേഖലകളേക്കാളും കൂടുതൽ വയനാടിന്റെ സാമ്പത്തിക രംഗത്തിന് ഏറ്റവും ഉണർവ്വ് കിട്ടിക്കൊണ്ടിരുന്നത് വിനോദ സഞ്ചാര മേഖലയിൽ നിന്നാണെന്ന് മനസ്സിലാക്കുന്നു. റോഡരികത്ത് ഉപ്പിലിട്ടത് വിൽക്കുന്ന ഉന്തുവണ്ടി കച്ചവടക്കാരൻ മുതൽ സ്റ്റാർ ഫെസിലിറ്റിയുള്ള ഹോട്ടലുകൾ വരെ ജീവിച്ചിരുന്നത് എന്റെ നാട് കാണാൻ വന്നിരുന്ന സഞ്ചാരികളെ ആശ്രയിച്ചാണെന്ന് വ്യാപാരികളുടെ സംഘടന കണക്കുകൾ നിരത്തി പറയുന്നു.

വയനാടിനെ അടയാളപ്പെടുത്തുന്ന കാർഷികമേഖല മുതൽ നാടിന്റെ നാനാവിധ മേഖലകളിലെ ക്രയവിക്രയങ്ങളെല്ലാം സഞ്ചാരികളെ ആശ്രയിച്ചായി മാറിയിട്ട് അൽപ കാലമായി. ഏകദേശം 15000ൽ പരം വ്യാപാര സ്ഥാപനങ്ങൾ മാത്രം വയനാട്ടിലുണ്ട്. അതിന്റെ 75% ഉപഭോക്താക്കളും മറുനാട്ടിലെ മനുഷ്യരായിരുന്നു. അവർ നടത്തിയ വ്യവഹാരങ്ങളാണ് ആ സ്ഥാപനങ്ങളെയും ജീവനക്കാരെയും അതിന്റെ ആശ്രിതരേയും ഈ നാട്ടിൽ ജീവിക്കാൻ പ്രേരിപ്പിച്ചത്. എന്റെ ജന്മനാടായ കാക്കവയലിന്റെ തൊട്ടടുത്തുള്ള കാരാപ്പുഴ ഡാം കാണാനും അവിടുത്തെ റൈഡുകളാസ്വദിക്കാനും ദിനംപ്രതി 1000 1500നിടയിൽ ആളുകൾ വന്നിരുന്നു. ദുരന്തത്തിന് ശേഷം ഇപ്പോളവിടെ ശരാശരി 100ൽ താഴെ ടിക്കറ്റുകൾ മാത്രമാണ് ദിവസവും മുറിക്കുന്നത്. ഇപ്പോൾ തുറന്നു പ്രവർത്തിക്കുന്ന മറ്റു ടൂറിസ്റ്റ് സ്‌പോട്ടുകളുടേയുമെല്ലാം അവസ്ഥ ഇതൊക്കെ തന്നെയാണെന്ന് ആ മേഖലയിൽ സജീവമായവർ സാക്ഷ്യപ്പെടുത്തുന്നു.

പ്രിയപ്പെട്ടവരേ.... അതി ഭീകരമാണ് വയനാടിന്റെ ഇപ്പോഴത്തെ നേർക്കാഴ്ച. മുൻപത്തെ പോലെ സഞ്ചാരികൾ കൂട്ടമായി വന്ന് നാടിന്റെ നാഡീ ഞരമ്പുകളിൽ കൂടി തലങ്ങും വിലങ്ങും യാത്ര ചെയ്ത് മാനസികമായി തളർന്നു പോയ, സാമ്പത്തികമായി തകർന്നു പോകുന്നൊരു ജനതയെ കൈപിടിച്ചുയർത്തണം. ഞങ്ങൾക്കിനി വേണ്ടത് സഹതാപമല്ല.......സഹകരണമാണ്.! സന്തോഷങ്ങളാണ്.. നിങ്ങളുടെ വിനോദസമയങ്ങൾ ചെലവഴിക്കുന്ന സ്വർഗഭൂമികയാണ്....!വയനാടിന്റെ വിവിധ മേഖലകളിൽ ചിലവഴിക്കുന്ന നിങ്ങളുടെ സമ്പത്തും സമയവുമെല്ലാം ഒരുകണക്കിന് പല ദുരിതാശ്വാസ നിധികളിലേക്കുള്ള സംഭാവന പോലെ തന്നെയായിരിക്കും. ടൂറിസം മേഖലയെ ആശ്രയിച്ച് പല ബിസിനസുകൾ ചെയ്യുന്ന പതിനായിരക്കണക്കിന് മനുഷ്യരുടേയും അവരുടെ കുടുംബത്തിന്റേയും ജീവിതചുറ്റുപാടുകളെല്ലാം മാറണം.

ഒരു മരണ വീട്ടിലെ പരേതന്റെ ആശ്രിതരെ ഒരുപാട് നാളുകൾക്ക് ശേഷം പോയി കാണുന്ന സ്വന്തക്കാരെ പോലെ നിങ്ങളിനിയും ഈ മണ്ണിൽ വരണം. ഇവിടുന്ന് ഉടുക്കണം, ഉണ്ണണം, ഉറങ്ങണം...ഇവിടുത്തെ സാമ്പത്തിക സ്രോതസ്സുകളെ പുനഃജീവിപ്പിക്കണം.. എന്നാലെ ദുരന്തം വിതച്ച മാനസിക/ ശാരീരിക ആഘാതത്തിൽ നിന്നും വയനാടൻ ജനത പൂർണ്ണമായും രക്ഷപ്പെടുകയുള്ളു.. സഞ്ചാരികളെ കാത്ത് അണിഞ്ഞൊരുങ്ങി തന്നെയാണ് ഈ ഹരിതാഭ ഭൂമി ഇപ്പോഴുമുള്ളത്. ഇനിയുള്ള നാളുകളിൽ ഓരോ വിരുന്നിനു ശേഷവും ചുരമിറങ്ങുന്ന നിങ്ങളുടെയും കുടുംബങ്ങളുടെയും മനസ്സ് കുളിർക്കുന്ന അനുഭവങ്ങൾ മാത്രമായിരിക്കട്ടെ......!

അൻപതോളം വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഇക്കോ ടൂറിസം മേഖലയിൽപെട്ട കുറുവ ദ്വീപ്, എടക്കൽ ഗുഹ, ചെമ്പ്ര പീക്, എൻ ഊര്, മുത്തങ്ങ / തോൽപ്പെട്ടി കേന്ദ്രങ്ങളൊന്നും ഇത് വരെ തുറന്നിട്ടില്ല. പരിസ്ഥിതി സ്‌നേഹികൾ നൽകിയ പരാതിയിന്മേൽ കോടതി ഉത്തരവ് കാത്തിരിക്കുകയാണ് ഇവിടങ്ങൾ. ചുരം വ്യൂ പോയിന്റുകൾ, കാരാപ്പുഴ/ബാണാസുര ഡാമുകൾ, പൂക്കോട് തടാകം, ഹെറിറ്റേജ് മ്യുസിയം തുടങ്ങിയ കേന്ദ്രങ്ങളും സ്വകാര്യ മേഖലയിലെ ചെറുതും വലുതുമായ നൂറിൽപരം വാട്ടർ തീം/ അഡ്വഞ്ചർ പാർക്കുകളും റിസോർട്ടുകളും സഞ്ചാരികളെ കാത്തിരിക്കുന്നു. നിങ്ങൾക്ക് പരിചയമുള്ള ഇതര സംസ്ഥാന/രാജ്യങ്ങളിലെ മനുഷ്യരോടും കൂടെ ഇവിടം സന്ദർശിക്കാൻ പറയണം. അവരൊക്കെ എന്തോ വലിയ പ്രശ്‌ന ബാധിത പ്രദേശമായാണ് വയനാടിനെ മൊത്തത്തിൽ ഇപ്പോൾ കാണുന്നത്. ആ കാഴ്ചപ്പാടുകൾ മാറണമെങ്കിൽ ഈ നാടുണരണം.! നിങ്ങളുണർത്തണം ....!'

ബാബു കദളിക്കാട്

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam