'മീശ മാധവൻ' എന്ന സൂപ്പർ ഹിറ്റ് സിനിമയിൽ മണികണ്ഠൻ പട്ടാമ്പി എന്ന നടന്റെ ഒരു അടിപൊളി ഡയലോഗുണ്ട്. മൈക്കിൽ കൂടി വിളിച്ചു പറയാതെ വെടിവഴിപാടിനുള്ള ചാർജ് വാങ്ങി പെട്ടിയിൽ ഇടാമോ എന്ന ചോദ്യവും തുടർന്നുളള സംഭാഷണവുമെല്ലാം ചലച്ചിത്ര പ്രേക്ഷകർക്ക് ഇന്നും കാണാപ്പാഠമാണ്. സോഷ്യൽ മീഡിയയിലാകട്ടെ ആ ഡയലോഗ് ട്രോളർമാർ ഏറ്റെടുത്ത് കിടുക്കാച്ചിപ്പരുവത്തിലാക്കി. ഇപ്പോൾ ഒരു ചോദ്യമുയരും: മൈക്കിലൂടെ വിളിച്ചു പറയാത്തതും പറയുന്നതുമായ വെടിവഴിപാടും ഈ ആഴ്ചക്കുറിപ്പുമായി എന്തു ബന്ധം? ബന്ധമുണ്ടല്ലോ.
അതാണ് പറഞ്ഞുവരുന്നത്. രാഷ്ട്രീയ പാർട്ടികൾ ഏത് നട്ടുച്ചയ്ക്കും പാതിരയ്ക്കും വിളിച്ചു പറയുന്നത് അവർ സ്ത്രീപക്ഷക്കാരാണെന്നാണ്. സ്ത്രീ ശക്തീകരണം, സ്ത്രീകളോടുള്ള കരുതൽ, തുടങ്ങിയ വിഷയങ്ങളിൽ സി.പി.എം. ആകട്ടെ ഒരു പടി മുന്നിലാണ്. ശബരിമലയിലേക്ക് സ്ത്രീകളെ പ്രവേശിപ്പിക്കാൻ പാർട്ടി നടത്തിയ സമരങ്ങൾ കേരള ചരിത്രത്തിൽ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. എവിടെ സ്ത്രീകൾ ആക്രമിക്കപ്പെട്ടാലും അതെല്ലാം അപലപിക്കാൻ പേരിൽ തന്നെ 'ശ്രീമതി'യും 'സതി' യുമെല്ലാമുള്ള നേതാക്കൾ ആ പാർട്ടിയിൽ ഏറെയുണ്ട്.
ഗൗരിയമ്മയെ കേരളത്തിലെ പ്രഥമ വനിതാ മുഖ്യമന്ത്രിയാക്കാതിരിക്കാൻ ചരട് വലിച്ച പാർട്ടിയുടെ 'വനിതാ പ്രേമം' പണ്ടേ പ്രസിദ്ധവുമാണ്. ഇതേ പാർട്ടി കോഴിക്കോട് പി.ബി. അനിതയെന്ന സീനിയർ നഴ്‌സിങ്ങ് ഓഫീസറെ ഹൈക്കോടതി ഉത്തരവുണ്ടായിട്ടും സർവീസിൽ കയറ്റാതിരുന്നതിനെതിരെ ഇടതു പെൺ ശിങ്കങ്ങൾ എന്തേ മിണ്ടാതിരുന്നു? ഒടുവിൽ ഇലക്ഷൻ കാലമായതിനാലും, മാധ്യമങ്ങളുടെ 'തൊഴി' സഹിക്കവയ്യാതെയും സർക്കാരിന് അനിതയെ സർവീസിൽ എടുക്കേണ്ടിവന്നുവെന്നതല്ലേ സത്യം? പാർട്ടിയുടെ വിളിച്ചു പറയുന്നതും പറയാത്തതുമായ വെടിവഴിപാടു കഥകൾ ഇനിയും ഏറെയുണ്ട് പറയാൻ.
അഞ്ച് പെണ്ണുങ്ങൾ ചെയ്ത നീതികേട്...
പി.ബി. അനിത സർവീസിൽ നിന്ന് പുറത്തായതിന്റെ കാരണങ്ങൾ കൂടി കേൾക്കൂ: 2023 മാർച്ച് 18ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ തൈറോയ്ഡ് ശസ്ത്രക്രിയയ്ക്കുശേഷം ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്ന ഒരു സ്ത്രീയെ ശശീന്ദ്രൻ എന്ന ജീവനക്കാരൻ പീഡിപ്പിച്ചതായി പരാതിയെത്തി. ശശീന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തു. അയാൾ സസ്‌പെൻഷനിലുമായി. ശശീന്ദ്രൻ ഇടതുപക്ഷ യൂണിയൻ അംഗമായതുകൊണ്ട് അയാളെ സംരക്ഷിക്കാൻ യൂണിയനുകൾ ശ്രമിക്കാൻ തുടങ്ങി. ആദ്യം അതിജീവിതയെ കൊണ്ട് പരാതി പിൻവലിപ്പിക്കാനായി ശ്രമം. പൊലീസ് അന്വേഷണത്തിൽ അതിജീവിതയെ ഭീഷണിപ്പെടുത്തിയവരെ കണ്ടെത്തി. ഇതിൽ 5 പേരുകൾ എഴുതി നൽകിയത് പി.ബി. അനിതയാണ്. അഞ്ചു പേരെയും സസ്‌പെൻഡ് ചെയ്തു.
ഈ അഞ്ച് പേരും വനിതകളാണ്. അനിതയെ ഇടുക്കിയിലേക്ക് സ്ഥലം മാറ്റിയതിനെതിരെ അവർ ട്രൈബ്യൂണലിൽ പോയി. 2024 ജനുവരി 16ന് അനിതയ്ക്ക് വീണ്ടും ഇടുക്കിയിലേക്ക് സ്ഥലം മാറ്റി. കോഴിക്കോട് മെഡിക്കൽ കോളേജിൽ ഒഴിവ് വരുമ്പോൾ അനിതയ്ക്ക് നിയമനം നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഈ ഉത്തരവ് നടപ്പാക്കാൻ സർക്കാർ തയ്യാറായില്ല. 6 ദിവസം അതിജീവിതയ്‌ക്കൊപ്പം മെഡിക്കൽ കോളേജിനു മുമ്പിൽ സമരമിരുന്ന അനിതയെ ഒടുവിൽ സർവീസിൽ തിരിച്ചെടുക്കുകയായിരുന്നു. ഇനി അപകട മുന്നറിയിപ്പുകൾ എണ്ണിപ്പറയാം: ഒരു യൂണിയൻ മെമ്പർ നടത്തിയ മാനഭംഗത്തിന് മറപിടിക്കാൻ സ്ത്രീകളായ വനിതാ ജീവനക്കാരെ തന്നെ പ്രേരിപ്പിച്ച യൂണിയൻ നടപടി എത്ര കിരാതമാണ്? ഒരു സ്ത്രീയുടെ മാനത്തിന് വില കൽപ്പിക്കാത്ത അഞ്ച് വനിതാ ജീവനക്കാർ മെഡിക്കൽ കോളേജ് പോലുള്ള ഒരു ആതുരാലയത്തിൽ സേവനത്തിലിരിക്കുന്നത് സ്ത്രീകളായ രോഗികൾക്ക് അപകടകരമല്ലേ?
ആറ് ദിവസം സത്യം വിളിച്ചു പറഞ്ഞതിന്റെ പേരിൽ ജോലി നൽകാതിരുന്ന വനിതാ മന്ത്രി വീണാ ജോർജിന് എന്ത് ന്യായീകരണമാണ് പറയാനുള്ളത്? ഇടതു സർക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും വിവിധ ഇടതു യൂണിയനുകളുടെയും അതൃപ്തി ഏറ്റുവാങ്ങിയതിനാൽ ഇനിയുള്ള സർവീസ് കാലഘട്ടത്തിൽ അനിതയെ പകയോടെയല്ലേ എതിരാളികൾ പിന്തുടരുക? പുറമെ സ്ത്രീകളുടെ സംരക്ഷകരാണെന്നു പറയുകയും ഉള്ളിൽ മാനഭംഗം നടത്തുന്നവനെ മാലയിട്ടു പൂജിക്കുകയും ചെയ്യുന്ന സർക്കാർ നയം ശരിയാണോ? ഒറ്റച്ചങ്കാണെങ്കിലും ഇരട്ടച്ചങ്കാണെങ്കിലും ആ നെഞ്ചിൽ കൈവച്ചുകൊണ്ട് പിണറായി പറയുമോ, അനിതയ്‌ക്കെതിരെ ഇനി നടപടി ഒന്നുമുണ്ടാകില്ലെന്ന്! അങ്ങനെ പറഞ്ഞാൽ അദ്ദേഹം 'മിന്നൽപ്പിണറായി' ആവുന്നതെങ്ങനെ? അതുകൊണ്ട് അനിതയ്ക്കുവേണ്ടി ഒരു വരിപോലും എഴുതാതെയും പ്രസംഗിക്കാതെയും വായിൽ അമ്പഴങ്ങ തള്ളിവച്ച സ്ത്രീ നേതാക്കളേ, സ്ത്രീ വിമോചനക്കാരേ, സാംസ്‌കാരിക പെൺ ശിങ്കങ്ങള, ഉളുപ്പില്ലാതെ സ്ത്രീകളുടെ പാതിരാ നടത്തമെന്ന ഇവന്റുകൾ തട്ടി കൂട്ടുന്നവരേ, നിങ്ങൾക്ക് എന്റെ ....?!
റിയൽ ബോംബും പാർട്ടിപ്പുളുവടിയും....
പാനൂരിൽ ബോംബ് നിർമ്മിച്ചവരെ അറിയില്ലെന്നും സി.പി.എമ്മുമായി അവർക്ക് ബന്ധമില്ലെന്നും പറഞ്ഞത് പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദനാണ്. പിന്നീട് ബോബ് സ്‌ഫോടനത്തിൽ മരിച്ചയാളുടെ വീട് സന്ദർശിച്ച പ്രാദേശിക നേതാക്കളെ മുഖ്യമന്ത്രി ന്യായീകരിച്ചു. അതൊരു നാട്ടു മര്യാദ മാത്രമാണെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. അതോടെ ബോംബ് സ്‌ഫോടനത്തിൽ ബന്ധമുണ്ടെന്നു സംശയിക്കുന്ന ഡി.വൈ.എഫ്.ഐ നേതാവ് സ്‌പോട്ടിൽ പോയത് രക്ഷാപ്രവർത്തനത്തിനാണെന്നായി പാർട്ടി സെക്രട്ടറി. നുണകളുടെ ക്യാപ്‌സ്യൂളുകൾ ഇങ്ങനെ യാതൊരു മടിയുമില്ലാതെ അടിച്ചിറിക്കുന്ന നേതാക്കൾ പാർട്ടിയെ ജനമധ്യത്തിൽ അപഹാസ്യരാക്കുകയാണ്. പാർട്ടിയംഗങ്ങൾ തെറ്റായ വഴികളിലൂടെ പോകുമ്പോൾ അവരെ തിരുത്തുന്ന പാർട്ടി നേത്യത്വമല്ലേ നാടിന് നല്ലത്? എന്തേ ഇടതു നേതാക്കൾ ഇത് മറന്നുപോകുന്നു?
കൊച്ചിയിൽ നിന്നു കണ്ണൂർവരെ സഞ്ചരിച്ച ഒരു മുൻ പത്ര പ്രവർത്തകൻ പറഞ്ഞത്, സി.പി.എം. ഈ തെരഞ്ഞെടുപ്പിൽ പോസ്റ്ററുകളും ഫ്‌ളെക്‌സ് ബോർഡുകളും വളരെ പിശുക്കിയാണ് ഉപയോഗിക്കുന്നതത്രെ. മലയോരങ്ങളിൽ ഇടതു സ്ഥാനാർത്ഥികളുടെ പോസ്റ്ററുകൾ ദുർലഭമാണ്. ഷൈലജ ടീച്ചർ മൽസരിക്കുന്ന വടകര മണ്ഡലത്തിൽ പോലും പ്രചാരണത്തിലെ 'ഇടതു ചൂട്' നഷ്ടപ്പെട്ടുവോയെന്നാണ് സംശയിക്കുന്നത്. ബോംബ് സ്‌ഫോടനം നടന്ന പാനൂർ ഒരു ചെറിയ മീനൊന്നുമല്ല. 2008 നവംബർ 13ന് പാനൂരിലെ വടക്കെ പൊയിലൂർ മൈലാടിക്കുന്നിൽ ഒരേ ദിവസം, ഒരേ സ്ഥലത്തു നിന്ന് പിടികൂടിയത് 125 ബോംബുകളായിരുന്നു.
കേസിന്റെ അന്വേഷണം രണ്ട് മാസം തുടർന്നു. പിന്നീട് ഫയലുകൾ കൊളവല്ലൂർ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. അതോടെ, അന്വേഷണവും നിലച്ചു. ഇങ്ങനെ ബോംബ് ഉണ്ടാക്കിയ യഥാർത്ഥ പ്രതികൾ ആരെന്നോ, എന്തിനുവേണ്ടിയായിരുന്നു ബോംബുകൾ നിർമ്മിച്ചതെന്നോ ഉള്ള രഹസ്യം നാട്ടിൽ 'പാട്ടും കൂത്തുമൊക്കെ' ആണെങ്കിലും പൊലീസ് ഫയലുകളിൽ അതെല്ലാം തെളിവില്ലാപ്പുകിലുകളായി ഇപ്പോഴും അവശേഷിക്കുന്നു!.
കഴിഞ്ഞ തവണ കിറ്റ്, ഇത്തവണ പെൻഷൻ !
തെരഞ്ഞെടുപ്പ് കാലത്ത് കിറ്റ് വിതരണത്തിലൂടെ വോട്ട് തരമാക്കിയവർ ഇത്തവണ രണ്ട് മാസത്തെ ക്ഷേമ പെൻഷനുമായി ചൊവ്വാഴ്ച മുതൽ (ഏപ്രിൽ 9) വോട്ടർമാരുടെ വീട്ടിലെത്തുമെന്ന കാര്യം ഉറപ്പായി. സഹകരണ സംഘങ്ങൾ വഴി പെൻഷൻ വാങ്ങുന്നവരെ തേടിയാണ് പാർട്ടിക്കാരെത്തുക. ബാങ്ക് അക്കൗണ്ടിലൂടെ പെൻഷൻ വാങ്ങുന്നവർക്ക് പ്രോപ്പർ ചാനലിലൂടെ പെൻഷൻ ലഭിക്കും. 3200 രൂപയാണ് 2 മാസത്തെ ഗഡുവായി ലഭിക്കുക. മസ്റ്ററിങ്ങ് പൂർത്തിയാക്കിയവർക്കേ ഇത്തവണ പെൻഷൻ ലഭിക്കൂ. ഇതിനിടെ ക്ഷേമ പെൻഷൻ അവകാശമല്ലെന്നും അതൊരു സഹായം മാത്രമാണെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. ചുരുക്കത്തിൽ കാശ് കിട്ടുന്ന മുറയ്‌ക്കേ പെൻഷൻ കിട്ടൂ എന്ന് ചുരുക്കം.
മോഹൻലാലിന് ഒരു സൂപ്പർ ഡൂപ്പർ ഹിറ്റ് വേണം !
മോഹൻലാലിന്റെ മലൈക്കോട്ട വാലിബൻ പ്രതീക്ഷിച്ച കളക്ഷൻ നേടിയില്ലെങ്കിലും ജിത്തു ജോസഫിന്റെ 'നേര്' ബോക്‌സ് ഓഫീസിൽ തകർന്നില്ല. ഭ്രമയുഗം ഹിറ്റായതോടെ മമ്മൂട്ടിക്ക് തിയറ്ററുകാർക്ക് പ്രിയങ്കരനായി. ഇനി സ്വന്തം സംവിധാനത്തിൽ 'ബാറോസ്' എന്ന ചിത്രവുമായി മോഹൻലാലെത്തുകയാണ്. ജിജോ പൂന്നൂസിന്റേതാണ് കഥ. തിരക്കഥ കലവൂർ രവികുമാർ. 400 വർഷം മുമ്പ് നടന്നുവെന്നു കരുതുന്ന നിധി കാക്കുന്ന ഭൂതമായ ബാറോസിന്റെ കഥ ഹിറ്റാകേണ്ടത് ലാലിന്റെ കൂടി ആവശ്യമാണ്. ചിത്രത്തിന്റെ റിലീസിംഗ് തീയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല.
വിജയ്‌യുടെ പ്രതിഫലം 200 കോടി രൂപ !
ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം എന്ന വിജയ്‌യുടെ സിനിമയും റിലീസിനൊരുങ്ങിയിട്ടുണ്ട്. G.O.A.T എന്ന ചുരുക്കപ്പേരിൽ ഈ ചിത്രത്തിന്റെ വിതരണാവകാശം 125 കോടി രൂപയ്ക്ക് നെറ്റ് ഫ്‌ളിക്‌സ് സ്വന്തമാക്കിക്കഴിഞ്ഞു. വിജയ്‌യുടെ ഈ ചിത്രത്തിന്റെ പ്രതിഫലം 200 കോടി രൂപയാണത്രെ. ഒരു ഇന്ത്യൻ നടൻ വാങ്ങുന്ന റെക്കോഡ് പ്രതിഫലമാണിത്. G.O.A.T ഒരു സയൻസ് ഫിക്ഷൻ സിനിമയാണ്. വിജയ് യുവാവായും മധ്യവയസ്‌ക്കനായും ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.
ആന്റണി ചടയംമുറി
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1