ആഗോള വിഷയങ്ങളില്‍ അമേരിക്കയുടെ ഇടപെടലുകള്‍ പല ചോദ്യങ്ങളും ഉയര്‍ത്തുന്നുണ്ട്. ഇതിനിടയിലാണ് വെനിസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടാനുള്ള ശ്രമങ്ങളുമായി ബന്ധപ്പെട്ട്, വെനിസ്വേലന്‍ സൈനികസാങ്കേതിക സംവിധാനങ്ങള്‍ പ്രവര്‍ത്തനരഹിതമാക്കാന്‍ അമേരിക്ക ''രഹസ്യ ആയുധം'' ഉപയോഗിച്ചുവെന്ന ട്രംപിന്റെ പരാമര്‍ശം.
''ദി ഡിസ്‌കോംബോബുലേറ്റര്‍'' എന്ന പേരില്‍ സൂചിപ്പിച്ച ഈ ആയുധത്തെക്കുറിച്ച് വിശദീകരിക്കാന്‍ തനിക്ക് അനുവാദമില്ലെന്ന് ട്രംപ് പറയുമ്പോഴും, യുദ്ധവും ഭീഷണിയും ഇപ്പോഴും അമേരിക്കന്‍ വിദേശനയത്തിന്റെ പ്രധാന ഉപകരണങ്ങളാണെന്നാണ് ലോകം വ്യാഖ്യാനിക്കുന്നത്.
വെനിസ്വേലയ്ക്ക് റഷ്യന്‍, ചൈനീസ് ആയുധങ്ങള്‍ ഉണ്ടായിരുന്നിട്ടും ''ഒന്നും പ്രവര്‍ത്തിച്ചില്ല'' എന്നാണ് ന്യൂയോര്‍ക്ക് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് പറഞ്ഞത്, സാങ്കേതിക മേല്‍ക്കൈയുടെ അഹങ്കാരപ്രകടനമായി മാത്രമല്ല, മറ്റൊരു രാജ്യത്തിന്റെ പ്രതിരോധ സംവിധാനങ്ങള്‍ അട്ടിമറിച്ചതിന്റെ പരോക്ഷമായ സമ്മതമായി കൂടിയാണ് വായിക്കപ്പെടുന്നത് എന്നാണ്. കാരക്കാസിലെ ''മിക്കവാറും എല്ലാ ലൈറ്റുകളും'' ഓഫ് ചെയ്തുവെന്ന അദ്ദേഹത്തിന്റെ പഴയ പരാമര്‍ശവും ചേര്‍ത്തുനോക്കുമ്പോള്‍, അമേരിക്ക നടത്തിയതെന്ന് ആരോപിക്കപ്പെടുന്ന നടപടികള്‍ ഒരു സൈനിക ഓപ്പറേഷനേക്കാള്‍ വലിയ സൈബര്‍ഇലക്ട്രോണിക് ആക്രമണത്തിന്റെ സ്വഭാവം വഹിക്കുന്നുണ്ടെന്നും വിലയിരുത്തപ്പെടുന്നു.
ഇത്തരം വെളിപ്പെടുത്തലുകള്‍ വെനിസ്വേലയെ മാത്രം ബാധിക്കുന്നില്ല. അത് ആഗോള സുരക്ഷാ സംവിധാനങ്ങളെയും അന്താരാഷ്ട്ര നിയമത്തിന്റെ പ്രസക്തിയെയും തന്നെ ചോദ്യം ചെയ്യുന്നു. ഒരു രാജ്യത്തിന്റെ വൈദ്യുതി, പ്രതിരോധം, ആശയവിനിമയ ശൃംഖലകള്‍ പ്രവര്‍ത്തനരഹിതമാക്കുന്ന രഹസ്യ ആയുധങ്ങള്‍ ഉപയോഗിക്കുന്നത്, യുദ്ധപ്രഖ്യാപനമില്ലാത്ത യുദ്ധത്തിന്റെ ഏറ്റവും അപകടകരമായ രൂപമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇത് ''ഭീകരതയ്ക്കെതിരായ പോരാട്ടം'' എന്ന പേരില്‍ ഉള്ളതാണെങ്കിലും യഥാര്‍ത്ഥത്തില്‍ അത് ശക്തമായ രാജ്യങ്ങള്‍ ദുര്‍ബല രാജ്യങ്ങളെ കീഴ്‌പ്പെടുത്താനുള്ള ആധുനിക സാമ്രാജ്യത്വത്തിന്റെ പുതിയ രൂപമായി മാറുന്നു എന്നാണ് ഒരു കൂട്ടര്‍ വ്യക്തമാക്കുന്നത്.
മെക്‌സിക്കോ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ മയക്കുമരുന്ന് കാര്‍ട്ടലുകളെ ലക്ഷ്യം വച്ച് സൈനിക ആക്രമണം നടത്തുമെന്ന ഭീഷണിയും ട്രംപ് ആവര്‍ത്തിച്ചതോടെ, ലാറ്റിന്‍ അമേരിക്കയില്‍ അമേരിക്കയുടെ ഇടപെടല്‍ നയം വീണ്ടും തുറന്ന ആക്രമണാത്മക ഘട്ടത്തിലേക്ക് നീങ്ങുന്നുവെന്ന ആശങ്ക ശക്തമാക്കി. ഒരു രാജ്യത്തിനകത്ത് നടക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള അവകാശം ആ രാജ്യത്തിനുതന്നെയാണ്.
വെനിസ്വേലയെ സംബന്ധിച്ചിടത്തോളം, മയക്കുമരുന്ന് കടത്ത് തടയാന്‍ യുഎസുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് മഡുറോ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, ട്രംപിന്റെ നിലപാട് സംഭാഷണത്തിലേക്കല്ല, ഭീഷണിയിലേക്കാണ് നീങ്ങുന്നത്. ഇത് അമേരിക്കയുടെ പതിവ് തന്ത്രമാണ്‌സംവാദം എന്ന വാക്ക് ഉപയോഗിച്ചാലും, പിന്നില്‍ ഒളിഞ്ഞിരിക്കുന്നത് സൈനികവും സാമ്പത്തികവുമായ സമ്മര്‍ദ്ദമാണ്. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങള്‍ കഴിഞ്ഞ ദശകങ്ങളില്‍ അനുഭവിച്ച ഭരണകൂട മാറ്റങ്ങളും ഉപരോധങ്ങളും അട്ടിമറികളും ഇതിന്റെ ചരിത്രസാക്ഷ്യങ്ങളാണ്.
മഡുറോ പിടിയിലായതിന് ശേഷമുള്ള ആദ്യ യുഎസ് ആക്രമണം എന്ന നിലയില്‍ കിഴക്കന്‍ പസഫിക്കില്‍ നടന്ന ബോട്ട് ആക്രമണവും, ചിലര്‍ ചോദ്യം ചെയ്യുന്നു. തെളിവുകളും അന്താരാഷ്ട്ര സമ്മതവും കൂടാതെ നടത്തുന്ന ഇത്തരം ആക്രമണങ്ങള്‍, അമേരിക്ക സ്വയം ലോകത്തിന്റെ ന്യായാധിപനായി പ്രഖ്യാപിക്കുന്നതിന്റെ മറ്റൊരു മുഖമാണെന്നും വിലയിരുത്തപ്പെടുന്നു.
വെനിസ്വേലയെ പോലുള്ള രാജ്യങ്ങള്‍ക്കെതിരായ ഇത്തരം നടപടികള്‍, ഒരിക്കല്‍ ആ രാജ്യത്തെ മാത്രം ബാധിച്ചാലും, ദീര്‍ഘകാലത്തില്‍ അത് ആഗോള സമാധാനത്തിനും അന്താരാഷ്ട്ര ക്രമത്തിനും തന്നെ ഗുരുതരമായ വെല്ലുവിളിയായി മാറുമെന്നതാണ് ഏറ്റവും വലിയ ഭയം.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
