മരണം വിതച്ച് ടിപ്പറുകൾ; 'കാലപാശ'മായി കേബിളും

MARCH 28, 2024, 10:45 AM

ടിപ്പറുകളും ഭാരവണ്ടികളും ന്യൂജെനറേഷൻ ബൈക്കുകളും തുടങ്ങി വൈദ്യുത തൂണുകളിലും മറ്റും അലക്ഷ്യമായി തൂങ്ങുന്ന കേബിളുകൾ വരെ ഭീകര റോഡപകടങ്ങൾക്കു നിദാനമാകുന്ന സംഭവങ്ങൾ കേരളത്തിൽ ദിനംപ്രതി ആവർത്തിക്കുന്നു. അശ്രദ്ധമായ വാഹനമോടിക്കലും റോഡുകളുടെ ശോച്യാവസ്ഥയും നടപ്പാതകളിലെ കെണികളും വഴിയോര വാണിഭവുമൊക്കെ തുടർച്ചയായി ജീവനുകൾ അപഹരിക്കുന്നു. ഉയിരു രക്ഷപ്പെട്ടാലും ജീവിതം മുഴുവൻ ദുരിതപൂർണമാവുന്ന നിസ്സഹായരും ധാരാളം.

2022ലേതിനേക്കാൾ നാലായിരത്തിൽ അധികം അപകടങ്ങൾ കഴിഞ്ഞ വർഷം കേരളത്തിലുണ്ടായി. എഐ ക്യാമറ സ്ഥാപിച്ചിട്ടും ഹെൽമറ്റും സീറ്റ് ബെൽറ്റും നിർബന്ധമാക്കിയിട്ടും നിരത്തിലെ ദുരന്തങ്ങൾ ഏറി; ഭീകര സ്വഭാവമാർന്ന അപകടങ്ങളും ആവർത്തിച്ചുകൊണ്ടേയിരിക്കുന്നു. നിയമങ്ങളും ചട്ടങ്ങളും കാറ്റിൽ പറത്തി നിരത്തിലൂടെ പറക്കുന്ന ടിപ്പറുകളും ഭാരവണ്ടികളും അടുത്തനാളുകളിൽ എത്രയോ ജീവനെടുത്തു. എന്നിട്ടും അമിതവേഗത്തിനോ അമിതഭാരം കയറ്റുന്നതിനോ യാതൊരു നിയന്ത്രണവുമില്ല. പിഴയടച്ച് രക്ഷപ്പെടാമെന്ന ചിന്ത അശ്രദ്ധ വർധിപ്പിക്കുന്നു. ഇതിനു ബ്രേക്കിടാൻ അധികൃതർക്കു കഴിയുന്നില്ല.

വീടിന്റെ തറയിൽ ഉറങ്ങിക്കിടന്നയാൾ ടിപ്പർ ലോറി കയറി മരിച്ച ദാരുണ സംഭവം കഴിഞ്ഞ ദിവസം പുലർച്ചെ മൂന്നരയ്ക്ക് പാലക്കാട്ടുണ്ടായി. അയിലൂർ പുതുച്ചി കുന്നക്കാട് വീട്ടിൽ രമേഷ് (45) ആണ് മരിച്ചത്. പുതുച്ചി സ്വദേശി ജയപ്രകാശന്റെ വീട് നിർമാണത്തിന്റെ ഭാഗമായി മണ്ണിടിക്കുന്നതിന് സഹായിയായെത്തിയതായിരുന്നു രമേഷ്. ഇതിനിടെയായിരുന്നു അപകടം. ഒരു തവണ മണ്ണടിച്ച് ടിപ്പർ മടങ്ങിപ്പോയതോടെ രമേഷ് തറയിൽ കിടന്നുറങ്ങുകയായിരുന്നു. രണ്ടാമതും മണ്ണുമായി വന്ന ടിപ്പർ ലോറി മണ്ണ് കൊട്ടുന്നതിനായി പുറകോട്ട് എടുക്കുന്നതിനിടെ ഉറങ്ങിക്കിടന്ന രമേഷിന്റെ ശരീരത്തിലൂടെ കയറിയിറങ്ങി. സംഭവത്തിൽ ടിപ്പർ ഡ്രൈവർ വിശ്വംഭരനെ നെന്മാറ പോലീസ് കസ്റ്റഡിയിലെടുത്തു.

vachakam
vachakam
vachakam

തിരുവനന്തപുരത്ത് കഴിഞ്ഞയാഴ്ച അടുത്തടുത്ത ദിവസങ്ങളിൽ ടിപ്പർ അപകടത്തിൽ രണ്ടുപേർക്കു ജീവൻ നഷ്ടപ്പെട്ടിരുന്നു. ശനിയാഴ്ച വീണ്ടുമൊരു ടിപ്പർ ദുരന്തം കാട്ടാക്കടയിലുണ്ടായി. അമിതവേഗത്തിൽ പാഞ്ഞ ടിപ്പർ ഇടിച്ച് ബൈക്കിൽ യാത്ര ചെയ്ത വിതുര സ്വദേശി അഖിൽ എന്ന യുവാവിന്റെ ഇടതുകൈ മുട്ടിനു താഴെ അറ്റു തൂങ്ങി. ടിപ്പറിന്റെ പിന്നിലെ ടയറിൽ കുടുങ്ങിയ അഖിലിനെ ഇരുപതു മീറ്ററോളം വലിച്ചിഴച്ചു. ശരീരമാസകലം പരിക്കുണ്ട്. സിഗ്‌നൽ നൽകാതെയും വേഗം കുറയ്ക്കാതെയും ടിപ്പർ ഇടറോഡിലേക്കു പെട്ടെന്നു വെട്ടിത്തിരിച്ചതാണ് അപകടകാരണമെന്നു പറയപ്പെടുന്നു.

കൊച്ചി ലേക്ക് ഷോർ ആശുപത്രിയിൽ വൃക്ക മാക്കിവയ്ക്കൽ ശസ്ത്രക്രിയക്കുശേഷം തുടർചികിത്സയ്ക്കായി നെട്ടൂരിൽ താമസിച്ചുവരികയായിരുന്ന കണ്ണൂർ സ്വദേശി അബ്ദുൾ സത്താർ എന്ന 53കാരൻ ആശുപത്രിക്കു സമീപം പരുത്തിച്ചുവട് പാലത്തിനുസമീപം പ്രഭാത സവാരിക്കിടെ ഞായറാഴ്ച രാവിലെ ഏഴോടെ ദേശീയ പാതയിലൂടെ പാറപ്പൊടി കയറ്റിവന്ന ടോറസ് ലോറി ഇടിച്ചു മരിച്ചു. ദുബായിൽ ജോലിയുള്ള അബ്ദുൾ സത്താർ ചികിത്സ കഴിഞ്ഞ് അടുത്തയാഴ്ച മടങ്ങാനിരിക്കുകയായിരുന്നു.

കുറവിലങ്ങാട് തോട്ടുവാകുറപ്പന്തറ റോഡിൽ അളവിൽ കൂടുതൽ മണ്ണു കയറ്റിവന്ന ലോറിയുടെ പിറകിലെ ലോക്ക് തട്ടിപ്പോയതിനെത്തുടർന്ന് വഴിയിലാകെ കല്ലും മണ്ണും നിരന്നത് ശനിയാഴ്ച പുലർച്ചെയാണ്. തൊട്ടു പിന്നാലെവന്ന വാഹനയാത്രക്കാർ കഷ്ടിച്ചു രക്ഷപ്പെടുകയായിരുന്നു. മണ്ണുമാന്തി യന്ത്രം എത്തിച്ചു മണ്ണു നീക്കിയാണ് ഗതാഗതം പുന:സ്ഥാപിച്ചത്.

vachakam
vachakam
vachakam

പൊതുനിരത്തുകളിലുണ്ടാകുന്ന അപകടങ്ങളിൽ മിക്കപ്പോഴും വില്ലൻവേഷം വലിയ വാഹനങ്ങൾക്കായിരിക്കുമെങ്കിലും, ആ കെണിയിലേക്ക് ഇരകളെ എറിഞ്ഞുപിടിക്കുന്ന മരണക്കുരുക്കായി മാറുന്നുണ്ട് പാതയോരങ്ങളിലെ ഇലക്ട്രിക് തൂണുകളിലും മറ്റും അലക്ഷ്യമായി കൊരുത്തു ഞാത്തിയിട്ടിരിക്കുന്ന കേബിളുകൾ. തടിലോറിയിൽ കുടുങ്ങിയ ടെലിഫോൺ കേബിൾ പൊട്ടിവീണ് സ്‌കൂട്ടർ യാത്രക്കാരിയായ വീട്ടമ്മയുടെ നട്ടെല്ലു തകർന്ന സംഭവം കഴിഞ്ഞദിവസം കൊല്ലം കൊച്ചുകുറ്റിപ്പുറം ജംഗഷനിലുണ്ടായി.

അപകടത്തിൽപ്പെട്ട സന്ധ്യ എന്ന വീട്ടമ്മയ്ക്ക് ആ ദുര്യോഗമുണ്ടായത് അവരുടെ ശ്രദ്ധക്കുറവു കാരണമല്ല. തഴവ കൊച്ചുകുറ്റിപ്പുറത്ത് ഭർത്താവിന്റെ വർക്‌ഷോപ്പിലെത്തി, തിരികെ വീട്ടിലേക്കു പോകാൻ സ്‌കൂട്ടറിൽ കയറിയിരുന്നതാണ് അവർ. തടി കയറ്റി വന്ന ലോറിയിൽ തട്ടി, പൊട്ടിവീണ കേബിൾ സന്ധ്യയുടെ ശരീരത്തിലും സ്‌കൂട്ടറിലും കുരുങ്ങുകയും, ഇരുപത്തഞ്ചു മീറ്ററോളം ദൂരം സന്ധ്യയെയും സ്‌കൂട്ടറിനെയും ആ ലോറി റോഡിലൂടെ വലിച്ചിഴയ്ക്കുകയുമായിരുന്നു. കേബിൾക്കുരുക്കിൽ വലിഞ്ഞ് ഉയർന്നുപൊങ്ങിയ സ്‌കൂട്ടർ സന്ധ്യയുടെ ദേഹത്തേക്കുതന്നെ വീഴുകയും ചെയ്തു.

റോഡിനു കുറുകെ, ഉയരപരിധി പാലിക്കാതെ വലിച്ചിരുന്ന കേബിളാണ് ഇവിടെ അപകടഹേതു. ഇരുചക്ര വാഹമോടിക്കുന്നവർ മുൻഭാഗത്തെ റോഡും, റിയർവ്യൂ മിററിൽ പിൻഭാഗവും, വശങ്ങളിലെ സാഹചര്യങ്ങളും മാത്രമല്ല, തലയ്ക്കു മീതെ തൂങ്ങിനിൽക്കുന്ന കേബിളുകളെയും ശ്രദ്ധിച്ചെങ്കിലേ ഉയിരോടെ ലക്ഷ്യസ്ഥാനത്തെത്തൂ എന്നതാണ് അവസ്ഥ!പ്രദേശിക കേബിൾ ടിവി ചാനലുകാരും ഇന്റർനെറ്റ് സേവന ദാതാക്കളുമാണ് വഴിനീളെയുള്ള ഈ കേബിൾ കെണികളുടെ ഉടമസ്ഥർ. കെ.എസ്.ഇ.ബിയുമായി കരാറിലേർപ്പെട്ട്, വൈദ്യുതി ബോർഡിന്റെ പോസ്റ്റുകൾ വഴി കേബിൾ വലിക്കുന്നവരും, തദ്ദേശസ്ഥാപനങ്ങൾക്കും മരാമത്തു വകുപ്പിനും ഫീസടച്ച് സ്വന്തമായി ചെറുതൂണുകൾ സ്ഥാപിച്ച് കേബിൾ വലിക്കുന്നവരുമുണ്ട്.

vachakam
vachakam

ഇത്തിക്കണ്ണികൾ

ആർക്കും ഒരു ഫീസും നൽകാതെ ഇതേ പോസ്റ്റുകളിലൂടെത്തന്നെ ഇത്തിക്കണ്ണികളായി ചുളുവിൽ സേവനം വിൽക്കുന്നവരുമുണ്ട്. കേബിൾ വഴിയുള്ള സേവനദാതാക്കൾ നിശ്ചിത അകലത്തിൽ, ഇവരുടെ കരാർ സംബന്ധിച്ച വിവരമടങ്ങിയ ടാഗുകൾ ഘടിപ്പിച്ചിരിക്കണമെന്നാണ് ചട്ടം. ഇത്തരം ടാഗുകൾ ഇല്ലാത്ത കേബിളുകൾ വൈദ്യുതി ബോർഡിന് മുറിച്ചുമാറ്റാം. പക്ഷേ, അംഗീകൃത സ്ഥാപനങ്ങളുടെയും അനധികൃത സേവന ദാതാക്കളുടെയും കേബിളുകളെല്ലാം കൂടി ഒരേ പോസ്റ്റിൽ കൂടിക്കുരുങ്ങി കിടക്കുന്നതിൽ നിന്ന് ഏതെങ്കിലുമൊരു കേബിൾ മാത്രമായി മുറിച്ചുമാറ്റുക പ്രയാസം. അതുതന്നെയാണ് വ്യാജന്മാരുടെ രക്ഷയും!

ലോഡുമായി വരുന്ന പൊക്കമേറിയ ലോറികളിലും മറ്റും തട്ടാതിരിക്കത്തക്ക ഉയരത്തിൽ, നിശ്ചിത ഉയരപരിധി പാലിച്ചാണ് റോഡുകൾക്കു കുറുകെ കേബിളുകൾ സ്ഥാപിച്ചിരിക്കുന്നതെന്ന് ഉറപ്പാക്കാനോ, റോഡരികിലെ ഇലക്ട്രിക് പോസ്റ്റുകളിലും മറ്റും നീളമേറിയ കേബിളുകൾ സുരക്ഷിതത്വമില്ലാതെ വളയമായി കൊരുത്തിടുന്നത് തടയാനോ ഒന്നും നിലവിൽ ഫലപ്രദമായ പരിശോധനാ സംവിധാനങ്ങളില്ല. കേബിൾക്കുരുക്കുകൾ മരണത്തിലേക്കു തള്ളിവിട്ട ഇരുചക്രവാഹന യാത്രികരെക്കുറിച്ചുള്ള വാർത്തകൾ മിക്കപ്പോഴുമുണ്ടാകുന്നു. കേബിളുകൾ 'കാലപാശ'മാകുന്ന സംഭവങ്ങൾ വർദ്ധിച്ചിട്ടും പാതയോരങ്ങളിലെ ഈ മരണക്കുരുക്ക് നീക്കാൻ ഫലപ്രദമായ എന്തു നടപടിയുണ്ടെന്ന് ചിന്തിച്ചിരിക്കുകയാണ് സർക്കാരും വൈദ്യുതി ബോർഡും.

ഈ മരണക്കുരുക്കുകൾക്കു തടയിടാൻ പരീക്ഷണാടിസ്ഥാനത്തിൽ ഒരു പദ്ധതി സർക്കാർ നടപ്പാക്കിയിരുന്നു. കൊച്ചിയിലെ പാലാരിവട്ടം കെ.എസ്.ഇ.ബി സെക്ഷനിലായിരുന്നു ഈ പരീക്ഷണം. അവർ ഒരു മാസംകൊണ്ട് നീക്കംചെയ്തത് ആറു ലോഡ് കേബിളുകളാണ്!വെറും അഞ്ചോ ആറോ കിലോമീറ്റർ ദൂരത്തിൽ നിന്നായിരുന്നു ഈ നീക്കംചെയ്യൽ. അനധികൃത കേബിളുകളുടെ അപകടവ്യാപ്തി മനസിലാക്കാൻ ഈ കണക്കു മാത്രം മതി. പാലാരിവട്ടത്തു നടത്തിയ പരീക്ഷണം എത്രയും വേഗം സംസ്ഥാന വ്യാപകമായി നടപ്പാക്കുകയാണ് കേബിൾ കെണിയിൽ നിന്ന് റോഡ് യാത്രക്കാരെ രക്ഷിക്കാനുള്ള മാർഗം.
റോഡ് സുരക്ഷയെക്കുറിച്ചു സെമിനാറുകളും ബോധവത്കരണ ക്ലാസുകളുമൊക്കെ ധാരാളമായി അരങ്ങേറുന്നുണ്ട്. പക്ഷേ നിരത്തിലിറങ്ങിയാൽ അതൊക്ക ഓർമ്മിക്കുന്നവർ അധികമില്ല.

കൈയൂക്കുള്ളവർ കാര്യക്കാരൻ എന്ന സ്ഥിതി തന്നെ. തിരക്കേറിയ ട്രാഫിക് ജംഗ്ഷനുകളിൽ ഫ്രീ ലെഫ്റ്റുള്ള സ്ഥലങ്ങളിൽപോലും ഇടത്തോട്ടു തിരിയാനുള്ള വാഹനങ്ങൾക്കു തടസമായി നിൽക്കുന്നു വാഹനങ്ങൾ. വഴി നൽകുക എന്ന ബോർഡ് ഉണ്ടെങ്കിലും വഴി മുടക്കുന്നുവർക്ക് ഒരു വിഷമവുമില്ല. വാഹമോടിക്കുന്നവർ അല്പം മര്യാദ കാട്ടിയാൽ പരിഹരിക്കാവുന്ന പ്രശ്‌നങ്ങളാണിതൊക്കെയെന്ന ഉദ്‌ബോധനം ഏട്ടിലെ പശു മാത്രം.

കുറ്റകരമായ അശ്രദ്ധ കൊണ്ടു വാഹനാപകടം ഉണ്ടായാലും പലപ്പോഴും മനപൂർവമല്ലാത്ത നരഹത്യയ്ക്കാണു കേസെടുക്കുന്നത്. ഭാരവാഹനങ്ങളിൽ ലോഡ് കയറ്റുന്നതിനും അതു പൊതുവഴിയിൽ കൂടി കൊണ്ടുപോകുന്നതിനും കർശനമായ നിബന്ധനകൾ വേണം. അതു പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. പെറ്റിയടിച്ച് എതു നിയമവിരുദ്ധതയും അതിജീവിക്കാം എന്ന തോന്നൽ അപകടമാണ്.
പല വികസിത രാജ്യങ്ങളിലും ഇതിലും എത്രയോ അധികം വാഹനങ്ങളാണ് നിരത്തിലുള്ളത്. പക്ഷേ, അവിടെ കർശനമായ നിയമങ്ങളുണ്ടാവും. അതു പാലിക്കുന്നതിൽ വാഹനമോടിക്കുന്നവർ ജാഗ്രത കാട്ടുകയും ചെയ്യും.

ഭാരവണ്ടികളിൽ സ്പീഡ് ഗവർണറും ജിപിഎസുമൊക്കെ ഘടിപ്പിച്ചാൽ പല നിയമലംഘനങ്ങളും ഒഴിവാക്കാനാവും. അത് അപകടം കുറയ്ക്കാനും സഹായമാകും. പോലീസിനെയോ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെയോ കാണുമ്പോൾ മാത്രം ഉണരുന്ന നിയമാവബോധം പൗരന്മാരുടെ ജീവനു ഭീഷണിതന്നെ. നിരത്തിൽ സുരക്ഷ ഉറപ്പാക്കാൻ ഭരണകൂടത്തിന് ഉത്തരവാദിത്വമുണ്ടെന്നത് അധികൃതർ മറക്കുന്നു.

ബാബു കദളിക്കാട്

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam