പഴയ കാലത്തെ കഷ്ടപ്പാടുകളും പുതുതലമുറയുടെ അലസജീവിതവുമൊക്കെ പല വേദികളിലും ചർച്ചയാകാറുണ്ട്. അതേക്കുറിച്ചൊക്കെ കഥകളും കവിതകളും ഏറെ എഴുതപ്പെട്ടിട്ടുണ്ട്. മോട്ടിവേഷണൽ സ്പീക്കേഴ്‌സിന്റെ ഇഷ്ടവിഷയമാണത്. കുടുംബസദസുകളിൽ പഴമക്കാർ ഗതകാല കഥകളുടെ കെട്ടുകൾ അഴിക്കുമ്പോൾ 'ജെൻ സി' അസ്വസ്ഥമായേക്കും. മുതിർന്നവരുടെ വീരവാദങ്ങൾ സഹിക്കവയ്യാതെ അവർ മുറിക്കുള്ളിലേക്കു വലിയും. മൊബൈലിന്റെ വശ്യതയിൽ അലിഞ്ഞുചേരും.
ജീവിതം എന്നും എല്ലാവർക്കും ഒരു പരീക്ഷയും മത്സര ഓട്ടവുമൊക്കെയാണ്. ചിലരൊക്കെ അതിൽ എ പ്ലസ് നേടും. ചിലർ കഷ്ടിച്ചു കടന്നുകൂടും. മറ്റു ചിലർ തോറ്റു തുന്നം പാടും. പക്ഷേ കഠിനാധ്വാനവും നിശ്ചയദാർഢ്യവും പരാജയപ്പെടാറില്ല. തടസങ്ങൾ ഏറെയുണ്ടാവും. പക്ഷേ, അതെല്ലാം കടന്നുകയറി വരുന്നവർ എല്ലാക്കാലത്തും ഉണ്ട്. അവരാണ് നമുക്ക് മാതൃകയാകേണ്ടത്.
അതിദാരിദ്ര്യം നിർമാർജനം ചെയ്യപ്പെട്ട സംസ്ഥാനമാണ് കേരളം. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ നടൻ മമ്മൂട്ടികൂടി പങ്കെടുത്ത സമ്മേളനത്തിലാണ് അതിന്റെ പ്രഖ്യാപനം ആഘോഷപൂർവം നടത്തിയത്. അതിദാരിദ്ര്യം അവസാനിച്ചെങ്കിലും ഇന്നും തെരുവിൽ സന്നദ്ധ സംഘടനകളുടെ പൊതിച്ചോർ കാത്തിരിക്കുന്നവരുണ്ട്. കീറിപ്പറിഞ്ഞ പ്ലാസ്റ്റിക് മേൽക്കൂരയ്ക്കുകീഴിൽ കിടന്നുറങ്ങുന്ന ആദിവാസി കുടുംബങ്ങൾ ഉണ്ട്.
ജീവിതത്തിന്റെ കഠിനപാതകൾ കടന്നെത്തുന്ന പലരും ഇന്നും നമ്മുടെ ഇടയിലുണ്ട്. അവരുടെ വിജയഗാഥകൾ ചിലതെങ്കിലും പഴയകാല കഥാകഥനത്തെയും വെല്ലുന്നതാണ്. വനിതാദിനം ആഘോഷിക്കുമ്പോൾ ചില വനിതകളുടെ വിജയകഥകൾ മാധ്യമങ്ങളിൽ വരാറുണ്ട്. സ്‌കൂൾ കലോത്സവവും സർവകലാശാലാ കലോത്സവങ്ങളുമൊക്കെ നടക്കുമ്പോൾ പരിമിത സാഹചര്യങ്ങളിൽ നിന്നും വളർന്നുവന്ന പല കലാപ്രതിഭകളെയുംകുറിച്ചുള്ള കഥകൾ മാധ്യമങ്ങൾ കൊടുക്കാറുണ്ട്. രാജ്യത്തെ വിവിധ പ്രവേശനപരീക്ഷകളിൽ ഉന്നത റാങ്ക് നേടുന്നവരെക്കുറിച്ചും ഗവേഷണരംഗത്ത് മികവു കാട്ടുന്നവരെക്കുറിച്ചുമുള്ള വാർത്തകൾ കുറെപ്പേരൊക്കെ ശ്രദ്ധിച്ചെന്നിരിക്കും.
പണ്ടൊക്കെ എസ്.എസ്.എൽ.സി പരീക്ഷാ ഫലപ്രഖ്യാപനം വലിയൊരു സംഭവമായിരുന്നു. ദൃശ്യമാധ്യമങ്ങളൊന്നും ഇല്ലാതിരുന്ന കാലം. പത്രങ്ങളാണ് പ്രധാനം. എസ.്എസ്.എൽ.സി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ആളുടെ പടം ഒന്നാം പേജിൽ ഫുൾ സൈസിൽ ഒരു പത്രത്തിൽവന്നിരുന്നു. ആ റാങ്ക് ജേതാവ് പിന്നീടും പല ഒന്നാം റാങ്കുകൾ നേടി. പക്ഷേ ജീവിതപരീക്ഷയിൽ പലതിലും അദ്ദേഹത്തിന് റാങ്ക് നിലനിർത്താനായില്ല.
അന്നും ഇന്നും ഏറെ ശ്രദ്ധിക്കപ്പെടുന്നൊരു പരീക്ഷാഫലം സിവിൽ സർവീസിന്റേതാണ്. ഈ വർഷത്തെ സിവിൽ സർവീസ് പരീക്ഷാഫലം അടുത്താനാളിലാണ് പ്രഖ്യാപിച്ചത്. ഒന്നാം റാങ്കൊന്നും കേരളത്തിൽനിന്നുള്ളവർക്കു കിട്ടിയില്ല. ടി.എൻ ശേഷനും രാജു നാരായണസ്വാമിയും ഹരിത വി. കുമാറുമൊക്കെ സിവിൽ സർവീസ് പരീക്ഷയിൽ ദേശീയതലത്തിൽ ഒന്നാം റാങ്ക് നേടിയിട്ടുണ്ട്. ഇത്തവണ 57-ാം റാങ്ക് നേടിയ ജെ.എസ്. ശ്രീജയാണ് കേരളത്തിൽനിന്ന് ഒന്നാമത്.
ശ്രീജയുടെയും 109-ാം റാങ്കുകാരനായ കോഴിക്കോട് സ്വദേശി അജയ് ആർ. രാജിന്റെയും 167-ാം റാങ്ക് നേടിയ കാസർഗോഡ് നീലേശ്വരം സ്വദേശിനി കാജൽ രാജുവിന്റെയുമൊക്കെ വിജയം അവരുടെ റാങ്ക് നില കൊണ്ടുമാത്രമല്ല പ്രസക്തമാകുന്നത്. അവർ 'ജെൻസി'ക്കു മാത്രമല്ല, സമൂഹത്തിനാകെ നൽകുന്ന ചില മാതൃകയും സന്ദേശങ്ങളുണ്ട്. ഏതു ജീവിതസാഹചര്യത്തിലും ഇച്ഛാശക്തിയോടെ പൊരുതിയാൽ നേട്ടം കൊയ്യാനാവും എന്നതാണ് അത്.
സിവിൽ സർവീസ് വിജയം രാജ്യത്തെ സമുന്നത ഉദ്യോഗസ്ഥപദവികളിലെത്തുന്നതിനുള്ള അവസരം മാത്രമല്ല, രാജ്യസേവനത്തിനും ജനസേവനത്തിനുമുള്ള അസുലഭ അവസരം കൂടിയാണ്. എത്രയോ സമർത്ഥരായ വിദ്യാർത്ഥികളുടെ മോഹമാണത്. സിവിൽ സർവീസ് ഒരു ബാലികേറാമലയാണെന്നു കരുതുന്നവരാണ് ഏറെയും. അതുകൊണ്ടുതന്നെ പല മത്സരപരീക്ഷകളെയും നമ്മുടെ കുട്ടികൾ തള്ളിക്കളയുന്നു. നിരന്തരമായ പരിശ്രമവും പ്രത്യാശയോടുകൂടിയ പഠനവും ആർക്കും ഈ ലക്ഷ്യം അപ്രാപ്യമല്ലെന്നു വ്യക്തമാക്കുന്നു. പല വിജയികളുടെയും ജീവിതകഥകൾ നമ്മെ പഠിപ്പിക്കുന്നതും അതാണ്.
സാധാരണ ജീവിത പശ്ചാത്തലത്തിൽനിന്നു വന്നവരും കഠിനമായ ജീവിതപരീക്ഷണങ്ങളെ അതിജീവിച്ചവരുമൊക്കെ സിവിൽ സർവീസ് കടമ്പ കടന്നുവരുന്ന കഥകൾ ഇന്നത്തെ 'ജെൻസി'ക്ക് മാതൃകയാകേണ്ടതാണ്. ഉപദേശ നിർദേശങ്ങളല്ല, മറിച്ച് ജീവിതമാതൃകകളാണല്ലോ പുതുതലമുറയെ ഏറെ സ്വാധീനിക്കുന്നത്.
ഇന്ത്യൻ വിദേശകാര്യ സർവീസ് ഉൾപ്പെടെ നിരവധി ഉയർന്ന തലങ്ങളിൽ സേവനമനുഷ്ഠിക്കാനുള്ള സമർത്ഥരായ ഉദ്യോഗാർത്ഥികളെയാണ് എല്ലാവർഷവും നടക്കുന്ന സിവിൽ സർവീസ് പരീക്ഷകളിലൂടെ തെരഞ്ഞെടുക്കുന്നത്. അതിനായി പ്രത്യേക പരിശീലന കേന്ദ്രങ്ങളുമുണ്ട്. വ്യക്തിപരമായി ഓരോരുത്തരും നടത്തുന്ന ചിട്ടയായ പഠനവും അധ്വാനവുമാണ് പ്രധാനം. മറ്റു പല ഘടകങ്ങളും അതിനെ സ്വാധീനിക്കും. ശാരീരിക പരിമിതികൾ ഉള്ളവർക്ക്‌പോലും ഈ പരീക്ഷ പാസായി ഉന്നത ഉദ്യോഗതലങ്ങളിൽ പ്രവർത്തിക്കാനാവും. അത്തരം ചിലരുടെ ആവേശകരമായ ജീവിതകഥകൾ സിവിൽ സർവീസ് ആഗ്രഹിക്കുന്നവരെ മാത്രമല്ല, എല്ലാ വിഭാഗം ആളുകളെയും, വിശിഷ്യാ കുട്ടികളെയും ചെറുപ്പക്കാരെയും ഏറെ സ്വാധീനിക്കാറുണ്ട്.
ജീവതത്തിലെ നിസാരമായ പ്രതിസന്ധിഘട്ടങ്ങളെപ്പോലും അതിജീവിക്കാൻ കഴിയാതെ നമ്മുടെ 'ജെൻസി ' തലമുറ തളർന്നുപോകുന്നതും നാം കാണുന്നുണ്ട്. ജീവനൊടുക്കാൻപോലും അവർ മടിക്കുന്നില്ല. അടുത്തകാലത്താണ് കുട്ടനാട്ടിൽ പ്ലസ് ടുവിനു പഠിക്കുന്ന രണ്ടു വിദ്യാർത്ഥിനികൾ ജീവനൊടുക്കിയത്. സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ കൊല്ലം ഹോസ്റ്റലിൽ പത്താംക്ലാസിലും പ്ലസ് വണ്ണിലും പഠിക്കുന്ന രണ്ടു പെൺകുട്ടികൾ ജീവൻ ഒടുക്കിയതും സമീപ നാളുകളിൽതന്നെ. ഇതിൽ ഒരു കുട്ടി കബഡി താരവും മറ്റേ പെൺകുട്ടി സ്പിന്റ് താരവുമായിരുന്നു. ഇത്തരം നിരവധി ദുരന്തങ്ങൾ നമുക്കു ചുറ്റും നടക്കുന്നു. കൗമാര പ്രണയവും ലഹരി ഉപയോഗവും തകർന്ന കുടുംബബന്ധങ്ങളുമൊക്കെ ഇതിനു കാരണമാകാം. പരീക്ഷാ പേടിമൂലം ജീവനൊടുക്കുന്ന സംഭവങ്ങളും കുറവല്ല. ജീവിതം പ്രതിസന്ധികളെ അതിജീവിച്ചു മുന്നേറാനുള്ളതാണെന്ന അടിസ്ഥാന വസ്തുത അറിയാതെ പോകുന്നതാണ് പ്രധാന പ്രശ്‌നം.
തിരുവനന്തപുരം നരുവാമൂട് സ്വദേശി കൂലിപ്പണിക്കാരനായ എം. ജയകുമാറിന്റെയും കെ. ഷീജാകുമാരിയുടെയും മകളാണ് സിവിൽ സർവീസ് പരീക്ഷയിൽ കേരളത്തിൽനിന്ന് ഒന്നാമത് എത്തിയ ജെ.എസ്. ശ്രീജ. പരിമിതമായ ജീവിതസാഹചര്യങ്ങളിൽനിന്നാണ് ശ്രീജ ഈ നേട്ടം കൈവരിച്ചത്. കാഴ്ചപരിമിതിയെ അതിജീവിച്ച് 109 -ാം റാങ്ക് നേടിയ കോഴിക്കോട് തൊട്ടിൽപാലം സ്വദേശി അജയ് ആർ രാജിന്റെ ജീവിതം അതിലേറെ ആവേശകരമാണ്. ഹ്യുമാനിറ്റീസ് പഠിക്കാനുള്ള താത്പര്യം കൊണ്ട് തിരുവനന്തപുരം മക്കോല സെന്റ് തോമസ് കോളേജിലെത്തിയ അജയ് ദേശീയ തലത്തിൽ നാലാം റാങ്കോടെ പ്ലസ് ടു പാസായി. ഡൽഹി സെന്റ് സ്റ്റീഫൻസിൽനിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടി.
കഴിഞ്ഞ തവണ 730 -ാം റാങ്കാണ് ലഭിച്ചത്. ഐ.എ.എസ് നേടണമെന്ന ആഗ്രഹത്തോടെ ഇത്തവണ വീണ്ടും ശ്രമിച്ചു, നേടി. ജന്മനാ വലതു കൈപ്പത്തി ഇല്ലാത്ത കാജൽ രാജിന് 2022ൽ 910-ാം റാങ്ക് കിട്ടിയിരുന്നു. ഐ.ഐ.ടി മദ്രാസിൽ പഠനംതുടരുന്നതിനൊപ്പം വീണ്ടു ശ്രമിച്ചു. ഇത്തവണ 167-ാം റാങ്കിലൂടെ സ്വപ്‌നം പൂവണിഞ്ഞു.
റോഡ് അപകടത്തിൽപെട്ട് അരയ്ക്കു താഴെ തളർന്നുപോയ ആതിര ആത്മവിശ്വാസത്തിന്റെ മറ്റൊരു പര്യായമാണ്. മലയാളം ഐച്ഛികവിഷമായി എടുത്താണ് ആതിര സിവിൽ സർവീസ് എഴുതിയത്. അഭിമുഖവും മലയാളത്തിലാണ് നേരിട്ടത്. 483-ാം റാങ്കുണ്ട് ആതിരയ്ക്ക്. സെറിബ്രൽ പാൾസിയെ അതീജീവിച്ച് നേടിയ വിജയമാണ് കണ്ണൂർ സ്വദേശി മുഹമ്മദ് ഷെമിന്റേത്. ആറാം ക്ലാസിലാണ് ആദ്യം സ്‌കൂളിൽ എത്തിയത്. സിവിൽ സർവീസ് ആദ്യ അഭിമുഖത്തിൽതന്നെ 860-ാം റാങ്ക്.
ഇതുപോലുള്ള നിരവധി ജീവിത വിജയങ്ങളുടെ കഥകൾ സിവിൽ സർവീസിൽ മാത്രമല്ല, മറ്റു വിവിധ ജീവിത മേഖലകളിലും കാണാനാവും. കേരളത്തിൽനിന്ന് ഒന്നാമതെത്തിയ ശ്രീജ തന്റെ മാതാപിതാക്കളെക്കുറിച്ചു പറയുന്ന വാക്കുകൾ ആ കുടുംബബന്ധത്തിന്റെ ഊഷ്മളത വ്യക്തമാക്കുന്നു. ഉത്തരവാദപ്പെട്ട പേരന്റിംഗിന്റെ അടിസ്ഥാന മാതൃകകൂടിയാണ് അത്. കുട്ടികളുടെ ഉന്നമനത്തിനുവേണ്ടി പരക്കം പായുന്ന മാതാപിതാക്കളും നിസാര കാര്യങ്ങളുടെ പേരിൽ ജീവനൊടുക്കാൻ പോലും തയ്യാറാവുന്ന പുതുതലമുറയുമൊക്കെ ഈ അനുഭവ സാക്ഷ്യങ്ങൾ മനസിരുത്തി കാണട്ടെ.
സമീപ നാളുകളിൽ ഏറെ ശ്രദ്ധിക്കപ്പെട്ട, ചർച്ച ചെയ്യപ്പെട്ടയാളാണ് സഞ്ജു സാംസൺ. ട്വന്റി 20 ക്രിക്കറ്റിൽ ഇന്ത്യക്ക് മൂന്നാം കിരീടം നേടുന്നതിൽ നിർണായക പങ്കു വഹിച്ചയാൾ. നിരവധി വെല്ലുവിളികളെയും അവഗണനകളെയും നേരിട്ടായിരുന്നു സഞ്ജുവിന്റെ ഈ അപൂർവനേട്ടം.
ഇവരൊക്കെ മലയാളി സമൂഹത്തിനെന്നല്ല മനുഷ്യരാശിക്കാകെ നൽകുന്ന ചില മഹനീയ മാതൃകയുണ്ട്. അത് കഠിനാധ്വാനത്തിന്റെയും സ്ഥിരോത്സാഹത്തിന്റെയും വ്യക്തമായ ലക്ഷ്യബോധത്തിന്റെതുമാണ്.
വിജയങ്ങളിൽ അമിതമായി ആഹ്ലാദിക്കുകയും സെലിബ്രിറ്റി പദവികളിൽ അഭിരമിക്കുകയും ചെയ്യുന്ന പലരെയും നാം കാണാറുണ്ട്. അവരിൽ പലരും പല ഏടാകൂടങ്ങളിലും ചെന്നു ചാടാറുമുണ്ട്. അമിതമായ മാധ്യമ ശ്രദ്ധ കിട്ടുന്നതോടെ അടിപതറുന്നവരും ഏറെ. സമകാലിക ഉദാഹരങ്ങൾ നിരവധി ഉണ്ട്. എന്നാൽ സഞ്ജു സാംസണിന്റെയും ജെ.എസ് ശ്രീജയുടെയും പ്രതികരണങ്ങളിലെ പക്വത കണ്ടുപഠിക്കേണ്ടതുതന്നെ. അതുപോലെതന്നെയാണ് അവരുടെ വിശ്വാസജീവിതത്തിന്റെ ഉറപ്പും.
വളഞ്ഞ വഴികളിലൂടെയും എളുപ്പവഴികളിലൂടെയും നേട്ടങ്ങൾ കൊയ്യാൻ വ്യഗ്രത കാട്ടുന്നവരാണ് ഏറെയും. അധ്വാനം അപമാനമായി കാണുന്നവർ അലസതയുടെ ആലസ്യത്തിലാണ്. അന്യനാട്ടിൽ പോയി എന്തു ജോലി ചെയ്യാനും മടിയില്ലാത്ത നാം നാട്ടിലെ അത്തരം ജോലികളൊക്കെ അതിഥി തൊഴിലാളികൾക്കു കൈമാറിയിരിക്കുന്നു. സൗജന്യങ്ങളോടും അധ്വാനിക്കാതെയുള്ള വരുമാനത്തോടും നാം കാട്ടുന്ന ആസക്തി അലസതയുടെ മറ്റൊരു പര്യായമാണ്.
കോഴിക്കോട്ട് കഴിഞ്ഞ ദിവസം ഒരു രൂപയ്ക്ക് ഷൂ വിൽപന എന്ന ഓഫർ കേട്ട് ആയിരങ്ങളാണ് ഓടിക്കൂടിയത്. വയനാട്ടിൽനിന്നുവരെ യുവാക്കൾ പാഞ്ഞെത്തി. പുലർച്ചെ രണ്ടുമണിക്കുതന്നെ കടയുടെ പരിസരം ആളുകളാൽ നിറഞ്ഞു. ആദ്യത്തെ നൂറ് ഉപഭോക്താക്കൾക്ക് ഒരു രൂപയ്ക്ക് ഷൂ നൽകുമെന്നായിരുന്നുവത്രേ കടക്കാരുടെ ഓഫർ. ഏതായാലു ജനം ആർത്തിരമ്പി എത്തി. ഗതാഗതം തടസപ്പെട്ടു. അവസാനം ജനക്കൂട്ടത്തെ ഒതുക്കാൻ പോലിസിന് ലാത്തിച്ചാർജ് വരെ നടത്തേണ്ടിവന്നു. കടയുടമകളെ കസ്റ്റഡിയിലെടുക്കുകയുംചെയ്തു.
ഇത്തരം പല സൗജന്യങ്ങളും ഓഫറുകളും നമ്മുടെയെല്ലാം ചുറ്റുവട്ടത്തു നടക്കുന്നുണ്ട്. കച്ചവട തന്ത്രങ്ങൾ കബളിപ്പിക്കലാവരുത്. മാർക്കറ്റിംഗിന്റെ ഇത്തരം ചില വകഭേദങ്ങൾ പൊതുജീവിതത്തിലും കാണാനാവും. വ്യക്തികളെയും നേതാക്കളെയും ഉയർത്തിക്കാട്ടാനും ഇകഴ്ത്തിക്കാട്ടാനും ഇപ്പോൾ ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പുകൾ സജീവമാണ്. റീലുകൾ തയ്യാറാക്കി അവർ പ്രാദേശിക നേതാക്കളെപോലും അവതാര പുരുഷരാക്കും.
പണച്ചെലവുള്ളകാര്യമാണെങ്കിലും പിന്നീട് പണം കൊയ്യാനുള്ള വഴികൾ കണ്ടാണ് പലരും ഇതിനു മുതൽ മുടക്കുന്നത്. പ്രധാന നേതാക്കൾ പലർക്കും സൈബർ സംഘങ്ങളുണ്ട്. കാലം മാറുമ്പോൾ അതനുസരിച്ചുള്ള തന്ത്രങ്ങളും അനിവാര്യമാണല്ലോ. റീലുകളുടെ കാഴ്ചക്കാർ കൂടുന്നതുകൊണ്ട് ജനപിന്തുണ കൂടണമെന്നില്ല. പലർക്കും ഇതൊക്കെ കൗതുക വാർത്തകളും പരിഹാസവിഷയങ്ങളുമാണെന്ന കാര്യവും വിസ്മരിക്കരുത്.
ഇവിടെയൊക്കെയാണ് സഞജുവും ശ്രീജയുമൊക്കെ നമുക്കു മാർഗദീപങ്ങളാകേണ്ടത്. അവരുടെയൊക്കെ നേട്ടങ്ങൾക്കുപിന്നിൽ കഠിനാധ്വാനത്തിന്റെയും നിതാന്ത പരിശ്രമത്തിന്റെയും എത്രയോ ഏടുകളാണുള്ളത്. വീഴ്ചകളും അതിൽനിന്നുള്ള ഉയർച്ചയുമൊക്കെ അവർ നേരിട്ടത് അസാമാന്യ മനോബലം കൊണ്ടും ഉറച്ച ദൈവവിശ്വാസം കൊണ്ടും കൂടിയാണ്. അത് പരസ്യമായി പറയാനോ പ്രകടിപ്പിക്കാനോ അവർക്ക് യാതൊരു മടിയുമില്ല. സഞ്ജുവിനെയും ശ്രീജയെയും പോലുള്ള നിരവധി പേർ നമുക്കിടയിൽ ഉണ്ടാകും. അവരെയെല്ലാം നാം തിരിച്ചറിയണമെന്നില്ല. പക്ഷേ കൂടുതൽ കുട്ടികളെ, ചെറുപ്പക്കാരെ ഇവരുടെയൊക്കെ ജീവിതപാഠങ്ങളിലേക്കു കൈപിടിച്ചു നടത്താൻ നമുക്കാവണം.
ജനകോടികൾ അവേശത്തോടെ കാണുന്ന ക്രിക്കറ്റോ ഉന്നത ഉദ്യോഗങ്ങൾ കരസ്ഥമാക്കാൻ സഹായകമായ സിവിൽ സർവീസോ മാത്രമല്ല, ജീവിതത്തിന്റെ ചെറുതും വലുതുമായ എത്രയോ ഇടങ്ങളിൽ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ച എത്രയോ പേർ നമുക്കിടയിലുണ്ടാവും. അവരുടെ ജീവിതകഥകൾ പത്രങ്ങളിലോ ടിവിയിലോ വന്നെന്നിരിക്കില്ല. ചുറ്റുവട്ടത്തുള്ള കുറച്ചുപേരുടെ മനസിൽ മാത്രം പതിഞ്ഞവരാവും അവരിൽ പലരും.
പക്ഷേ, അത്തരം ചെരാതുകളിൽനിന്നുയരുന്ന പ്രകാശത്തിനുപോലും ഇരുട്ടിനെ ഭേദിക്കാൻ സാധിക്കും. ആയിരക്കണക്കിന് അത്തരം ചെരാതുകൾ നമ്മുടെ സമൂഹത്തിൽ കത്തിജ്വലിക്കുമ്പോഴുണ്ടാകുന്ന പ്രകാശം ഏതു കൂരിരുളിനെയും കടന്നുപോകും.
സെർജി ആന്റണി
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
