പൊതുജനം ജയിച്ചുകൊണ്ടേയിരിക്കുന്നു, പിണറായി തോറ്റുകൊണ്ടേയിരിക്കുന്നു....

MAY 20, 2026, 1:12 PM

യു.ഡി.എഫിന്റെ ഓരോ മന്ത്രിസഭാതീരുമാനങ്ങളിലൂടെയും ജനം ജയിച്ചുകൊണ്ടിരിക്കുന്നു. സിൽവർ ലൈൻ പദ്ധതിയുടെ റദ്ദാക്കൽ, പി.എസ്.സി. റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടൽ, ആശാവർക്കമാരുടെയും അങ്കണവാടി ജീവനക്കാരുടെയും മറ്റും വേതനം വർദ്ധിപ്പിക്കൽ, പിണറായിയുടെ രക്ഷ പ്രവർത്തകർക്കെതിരെയുള്ള അന്വേഷണ പ്രഖ്യാപനം തുടങ്ങിയ എല്ലാ സർക്കാർ തീരുമാനങ്ങളും ജനങ്ങൾ പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും ആഘോഷിക്കുന്ന മണിക്കൂറിലാണ് ഈ ആഴ്ചക്കുറിപ്പ് തയ്യാറാക്കുന്നത്.

കേരളത്തിലെ ഒട്ടുമിക്ക ജനകീയ സമരപ്പന്തലുകളും സന്ദർശിച്ച അന്നത്തെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ എങ്ങനെയാണ് ജനങ്ങൾക്ക് പ്രിയങ്കരനായതെന്ന് ബുധനാഴ്ചത്തെ ചാനൽ ദൃശ്യങ്ങൾ തന്നെയാണ് നമുക്ക് പറഞ്ഞു തരുന്നത്.  സിൽവർലൈനിന് എതിരെ 2020 ഒക്‌ടോബർ 2നാണ് മലബാറിലെ കാട്ടിലംപീടികയിൽ സമരമാരംഭിച്ചത്. സി.പി.എം. പക്ഷത്തുള്ള ശാസ്ത്ര സാഹിത്യ പരിഷത്ത് സിൽവർലൈൻ പദ്ധതിയുടെ പരിസ്ഥിതി ദ്രോഹത്തെക്കുറിച്ച് തയ്യാറാക്കിയ റിപ്പോർട്ട് ഇതിനിടെ പുറത്തുവന്നിരുന്നു.

പിന്നീട് കോട്ടയം ജില്ലയിലെ മാടപ്പള്ളി, കോഴിക്കോട് ജില്ലയിലെ തിരുനാവായ, എറണാകുളം ജില്ലയിലെ കീഴ്മാട് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം പദ്ധതിക്കെതിരെ രാഷ്ട്രീയവും ജാതിയും മതവുമെല്ലാം മറന്നാണ് ആബാലവൃദ്ധം ജനങ്ങൾ സമരവേദിയിലെത്തിയിട്ടും പിണറായിക്കോ പാർട്ടിക്കോ ജനരോഷമളക്കുന്നതിന് കഴിഞ്ഞതേയില്ല.  നാല് മക്കളുള്ള ഒരു പടുവൃദ്ധയുടെ പറമ്പിൽ പോലും സിൽവർലൈനിന്റെ മഞ്ഞക്കുറ്റികൾ നാട്ടാൻ ശ്രമിച്ച പൊലീസ് താണ്ഡവം അന്നേ ചാനലുകളിൽ വന്നിരുന്നു. ഒരു പുതിയ പദ്ധതിക്കുവേണ്ടി 3000ഓളം ഏക്കർ ജനവാസയോഗ്യമായ ഭൂമി ഏറ്റെടുക്കുമ്പോൾ പാലിക്കേണ്ട പ്രാഥമിക നടപടികൾ പോലും സ്വീകരിക്കാതെ പിണറായി സർക്കാർ നടത്തിയ പൊതുജന പീഡനം എത്രത്തോളം മാരകമായിരുന്നുവെന്ന് ഇന്നത്തെ വാർത്താ ദൃശ്യങ്ങൾ നമ്മെ ബോദ്ധ്യപ്പെടുത്തുന്നു.

vachakam
vachakam
vachakam

പിണറായിയുടെ വിശ്വസ്തനായ മന്ത്രി സജി ചെറിയാൻ പോലും ഒരു പട്ടിണിപ്പാവത്തിന്റെ അടുക്കളയ്ക്കത്തുകയറി മഞ്ഞക്കുറ്റി സ്ഥാപിക്കാൻ നേതൃത്വം നൽകി. ''എനിക്ക് ഒറ്റ അപ്പനേയുള്ളൂ. ഈ അടുക്കളയ്ക്കു പകരം ഞാൻ അമ്മയ്ക്ക് ഒരു പുതിയ വീട് വച്ചുതരാം'' എന്ന് പൊതുജന മദ്ധ്യേ വാക്ക് കൊടുത്തിരുന്നു മന്ത്രി ഏതായാലും മന്ത്രി വാക്ക് പാലിച്ചില്ല. പകരം ജനകീയ സമരസമിതി ആ പാവത്തിന് നാട്ടുകാരിൽ നിന്ന് പണം പിരിച്ച് വീട് വച്ച് നൽകുകയാണുണ്ടായത്. 

ടി.പി. രാമകൃഷ്ണാ, 'കൊണ്ണീശം' പറയല്ലേ

പാവമാണ് പഴയ എൽ.ഡി.എഫ്. കൺവീനർ ടി.പി.രാമകൃഷ്ണൻ. എക്‌സൈസ്  വകുപ്പിലിരുന്നിട്ടു പോലും പത്ത് പൈസ കൈക്കൂലി വാങ്ങാതിരുന്ന നന്മ മനസ്സുള്ള മലബാറുകാരൻ. ടി.പി. വധത്തിനു പിന്നാലെ പാർട്ടിയുമായി മനസ്സ് കൊണ്ടകന്ന ആ പാവത്തിനെ പിണറായി പദവികൾ നൽകി തിരികെയെത്തിക്കുകയായിരുന്നു.

vachakam
vachakam
vachakam

ആശാവർക്കർമാർക്ക് ഓണറേറിയത്തിൽ 3000 രൂപ കൂട്ടിയപ്പോൾ അത് 'മല എലിയെ പ്രസവിച്ചതുപോലെയായി' എന്നു പറഞ്ഞ് സതീശനെ കളിയാക്കിയ രാമകൃഷ്ണൻ എന്തൊരു രാഷ്ട്രീയക്കാരനാണ്? 100 രൂപയെങ്കിലും കൂട്ടിയാൽ ഞങ്ങൾ സമരവസാനിപ്പിക്കാമെന്നു പറഞ്ഞ ആശാവർക്കരുടെ വാക്കുകൾക്ക് പുല്ലുവില കൽപ്പിക്കാതിരുന്ന പിണറായി ഭരണ കൂടത്തെ ഇങ്ങനെ 'വെള്ളച്ചാണകം (അതോ ചുവന്നതോ) കൊണ്ട് മെഴുകണമായിരുന്നോ? ഒന്നും രണ്ടുമല്ല, ഒമ്പത് മാസമാണ് ആശാവർക്കർമാർ സെക്രട്ടറിയേറ്റിനു മുമ്പിൽ സമരമിരുന്നത്. ഇടതുപക്ഷത്തിന്റെ തൊഴിലാളി സംഘടനയായ സി.ഐ.ടി.യുവിന്റെ നേതാവ് എളമരം കരീമെല്ലാം ആ സമരത്തെ കഠിന പദങ്ങൾ കൊണ്ട് നിന്ദിച്ചത് ആരും മറന്നിട്ടില്ല. 

ഇടതുപക്ഷമെന്നത് പിണറായിയാണെന്നും സർക്കാരെന്നത് ആ കാരണഭൂതനാണെന്നും വാഴ്ത്തിപ്പാടിയ ഇടതുനേതാക്കളിൽ ആർക്കും ഇനിയും നേരം വെളുത്തിട്ടില്ലെന്നു തോന്നുന്നു. ടി.കെ. ഗോവിന്ദനും കുഞ്ഞിക്കൃഷ്ണനും നൽകിയ അപായ സൂചനകൾ സി.പി.എം. കാണാതെ പോകുന്നത് എല്ലാവരും പിണറായി നൽകിയ 'ത്രീഡി' കണ്ണടകൾ വച്ച് നോക്കുന്നതുകൊണ്ടായിരിക്കാം.

മുഖ്യമന്ത്രിയല്ലെങ്കിലും 'നെയ്യപ്പം' വേണം...

vachakam
vachakam
vachakam

ഭരണത്തിന്റെ ശീതളച്ഛായയല്ല, അതിലും കൂടിയ  മനപ്പായസക്കുളത്തിൽ കിടന്ന് കുത്തിമറിഞ്ഞ് ജനത്തെ പരിഹസിച്ചതായിരുന്നു ഇടതുപക്ഷത്തെ തോൽപ്പിച്ചതെന്ന് ചിന്തിക്കാൻ എന്തുകൊണ്ടോ 'ബുദ്ധിസ്റ്റു' കളായ സ്വരാജിനെപോലെയുള്ള നേതാക്കൾക്കു പോലും കഴിയുന്നില്ല. പി.ബി.യിൽ പിണറായിക്ക് എതിരെ ഉയർന്നത് ചില്ലറ അപസ്വരങ്ങളാണ്. എന്നാൽ കേരളത്തിലെ ജില്ലാ കമ്മിറ്റികൾ മുഴുവനും പിണറായിക്കും ഗോവിന്ദൻ മാഷിനുമെതിരെയുള്ള ശാപവാക്കുകളാണുയർന്നത്.

'നിരന്തരം, നിർഭയം' ഉയർന്ന പിണറായി വിരുദ്ധ അഭിപ്രായങ്ങൾക്ക് സി.പി.എം നേതാക്കൾ ചെവികൊടുക്കാത്തത് ഇടതുപക്ഷ മനസ്സുള്ള പല ജനാധിപത്യ സ്‌നേഹികളെയും വല്ലാതെ അലോസരപ്പെടുത്തുന്നുണ്ട്. പ്രതിപക്ഷ നേതാവിന്റെ കന്റോൺമെന്റ് ഹൗസ് ഓഫീസാക്കി, ഒരു ആഡംബര ഹർമ്യം വാടകയ്‌ക്കെടുത്ത് തലസ്ഥാനത്തു തുടരാൻ ശ്രമിക്കുന്ന പിണറായി അധ്വാനവർഗത്തിന്റെ നേതാവാണെന്നു പറയാൻ നമുക്കു എങ്ങനെ കഴിയും? ഭരണം പോയാലും ജനങ്ങളുടെ നികുതിപ്പണം കൊണ്ടുതന്നെ ശിഷ്ടകാലം സുഖിച്ചു കഴിയണമെന്ന 'മുതലാളിത്ത ചിന്ത' വച്ചു പുലർത്തുന്ന ഈ നേതാവിന്റെ രാഷ്ട്രീയ ശൈലി പാർട്ടിയിലെ യുവ തുർക്കികൾക്കുപോലും വിമർശിക്കാത്തത് എന്തുകൊണ്ട്?

തിരുവനന്തപുരത്ത് പ്രതിമാസം 10ലക്ഷം രൂപ വാടക നൽകി പോലും ഒരു 'ലക്ഷ്വറി വീട്ടിൽ' കഴിയാൻ പിണറായി ശ്രമിച്ചുവെന്ന് ഏഷ്യാനെറ്റ് ന്യൂസിലെ വിനു വി.ജോൺ ഒരു ചർച്ചയിൽ വെളിപ്പെടുത്തിയിരുന്നു. ഒരു തൊഴിലാളിപ്പാർട്ടിയുടെ ദേശീയ നേതാവ് ഇങ്ങനെയൊരു ധാരാളിത്തത്തിന് മുതിരുന്നത് ശരിയോ? ഇപ്പോഴും സ്വന്തം വീടില്ലാതെ തലസ്ഥാനത്ത് ചെറിയൊരു മുറിയിൽ വാടകയ്ക്കു കഴിയുന്ന പന്ന്യൻ രവീന്ദ്രനാണോ പിണറായിയ്ക്കാണോ കറകളഞ്ഞ കമ്മ്യൂണിസ്റ്റെന്നു പറയാൻ അവകാശം?

കണ്ണൂരിലെ 'കൊലവെറി' എന്തിന്?

പരമ്പരാഗത മാധ്യമങ്ങളും നവമാധ്യമങ്ങളും ചേർന്നുള്ള 'സംയുക്ത സർജിക്കൽ സ്‌ട്രൈക്കിൽ' വീണ പിണറായി വിജയൻ അടുത്തെങ്ങും നന്നാകുന്ന മട്ടില്ല. പരാജയത്തെക്കുറിച്ച് മാധ്യമങ്ങളുടെ മുമ്പിൽ ഒന്നും പറയാതെ 'തടിതപ്പിയ' പിണറായി കണ്ണൂരിൽ പാർട്ടി സംഘടിപ്പിച്ച പൊതുയോഗത്തിൽ വച്ച് വീണ്ടും ഭീഷണിയുടെ സ്വരത്തിൽ സംസാരിച്ചത് ശരിയായോ എന്ന് ചിന്തിക്കേണ്ടത് അദ്ദേഹം തന്നെയാണ്. ജനവിധി മാനിക്കുന്നുവെന്നു പറഞ്ഞ അതേ നാവുകൊണ്ട് യു.ഡി.എഫ്. വിജയത്തിൽ അങ്ങനെയങ്ങ് അർമാദിക്കേണ്ട എന്ന മുന്നറിയിപ്പ് നൽകിയതോടെ കാരണഭൂതന്റെ ശൈലി മാറില്ലെന്ന് ഉറപ്പായിക്കഴിഞ്ഞു.

തമിഴ്‌നാട്ടിൽ ഡി.എം.കെ.യുടെ കനിവുകൊണ്ടും രാജസ്ഥാനിൽ കോൺഗ്രസിന്റെ ഔദാര്യം കൊണ്ടും ലഭിച്ച എം.പി.സ്ഥാനങ്ങളാണ് ഇപ്പോഴും സി.പി.എം.ന് ദേശീയ പാർട്ടി എന്ന പദവി നഷ്ടപ്പെടാതിരിക്കാൻ കാരണം. ബംഗാളിൽ 'ബി.ജെ.പി. വരട്ടെ' എന്ന ഉഡായിപ്പ് തീരുമാനം സി.പി.എം. എടുത്തിരുന്നുവെന്നത് തീർച്ചയാണ്. ബംഗാളിൽ ഇലക്ഷൻ പ്രചാരണ രംഗത്ത് സി.പി.എംന്റെ സാന്നിദ്ധ്യം ശുഷ്‌ക്കമായിരുന്നു.

ബംഗാളിൽ പോൾ ചെയ്ത വോട്ടിൽ ഒന്നര ശതമാനം മാത്രമാണ് സഖാക്കൾക്ക് ലഭിച്ചത്. ബംഗാളിൽ ബി.ജെ.പി. നടത്തിയ രാഷ്ട്രീയക്കളിക്ക് എതിരെ നിൽക്കാൻ മമതയ്ക്ക് സാധിക്കാതെ പോയി. മമതയുടെ വലം കൈയായ സുവേന്ദു അധികാരിയെ തന്ത്രത്തിൽ ചാക്കിലാക്കിയതോടെ മമതയുടെ പതനം തുടങ്ങിയിരുന്നു. എസ്.ഐ.ആർ. പ്രശ്‌നത്തിൽ രാഹുൽഗാന്ധിയുടെ പോരാട്ടങ്ങൾക്ക് ഒപ്പം മമതയും ചേർന്നിരുന്നുവെങ്കിൽ ഇലക്ഷൻ കമ്മീഷന്റെ കുതന്ത്രത്തിന് തടയിടാൻ കഴിയുമായിരുന്നു. എന്നാൽ ബി.ജെ.പി. യെയും കോൺഗ്രസിനെയും ഒരേ രീതിയിൽ എതിർക്കുകയെന്ന മമതയുടെ തന്ത്രം പരാജയപ്പെടുകയായിരുന്നു.

സിന്ധു എന്തിന് അങ്ങനെ പറഞ്ഞു?

വി.ഡി. സതീശനൊപ്പം മനോരമ. കെ.സി.വേണുഗോപാലിനോടൊപ്പം ഏഷ്യാനെറ്റ് ന്യൂസ് ഇതായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മാധ്യമങ്ങൾ നടത്തിയ അന്തർനാടകത്തിൽ നമുക്ക് സാക്ഷ്യം വഹിക്കാൻ കഴിഞ്ഞത്. മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള പോരിൽ സതീശനോടൊപ്പം മനോരമ നിലകൊണ്ടത് ജനഹിതമറിഞ്ഞുള്ള നീക്കമായിരുന്നു. കെ.സിയ്‌ക്കൊപ്പമുള്ള ഏഷ്യാനെറ്റ് ന്യൂസിന്റെ പക്ഷം പിടിക്കലാകട്ടെ, ഒരർത്ഥത്തിൽ ചാനൽ മുതലാളി രാജീവ് ചന്ദ്രശേഖറിനെ തൃപ്തിപ്പെടുത്താനായിരുന്നുവെന്ന് കരുതുന്നവരുണ്ട്.

ഏഷ്യാനെറ്റ് ന്യൂസിന്റെ 'കവർ സ്റ്റോറി' എന്ന വാർത്താ പംക്തിയിൽ കെ.സി.ക്കു വേണ്ടി സിന്ധു സൂര്യകുമാർ നടത്തിയ പതം പറഞ്ഞുള്ള കരച്ചിൽ ഓവറായിപ്പോയത് ശ്രദ്ധിച്ചു. എന്നാൽ ഒരു ഇലക്ഷനാകുമ്പോൾ കുറെക്കൂടി നിഷ്പക്ഷത പാലിക്കാൻ ആ ചാനൽ ശ്രദ്ധിക്കേണ്ടതായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ എം.പി.മാർ മൽസരിക്കേണ്ട എന്നത് കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനമായിരുന്നു. എന്നാൽ, ഈ തീരുമാനം അട്ടിമറിക്കാൻ ആദ്യം രംഗത്തെത്തിയത് കെ.സുധാകരനായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ ജയം ഉറപ്പായിരിക്കെ, ജയിച്ചാൽ മുഖ്യമന്ത്രിയോ ആഭ്യന്തര മന്ത്രിയോ ആകാമെന്ന് സുധാകർജി ചിന്തിച്ചിരിക്കാം കെ.എസിനു പിന്നാലെ കൊടിക്കുന്നിലും എം.കെ.രാഘവനുമെല്ലാം നിയമസഭയിലേക്ക് മൽസരിക്കാൻ ഒരുങ്ങിയത് ഹൈക്കമാൻഡിന് തലവേദനയാവുകയായിരുന്നു.

102 സീറ്റ് നേടിയ യുഡി.എഫ്. അധികാരത്തിൽ എത്തിയതോടെ കെ.സി. മുഖ്യമന്ത്രി പദത്തിനായി രംഗത്തെത്തിയത് ഹൈക്കമാൻഡിന്റെ തീരുമാനത്തെ അവർ തന്നെ വിഴുങ്ങേണ്ടി വരുമെന്ന അവസ്ഥ സംജാതമക്കി. ഏഷ്യാനെറ്റ് ന്യൂസ് കെ.സി.ക്കുവേണ്ടി കണ്ണീരൊഴുക്കിയപ്പോൾ എന്തേ സുപ്രധാനമായ ഈ പാർട്ടി  തീരുമാനം മറന്നുപോയെന്ന് നമുക്കറിയില്ല. കെ.സി.യെ കോൺഗ്രസ് ഹൈക്കമാൻഡ്, പ്രത്യേകിച്ചും സോണിയാ ഗാന്ധി അടക്കമുള്ള നെഹ്‌റു കുടുംബം വഞ്ചിച്ചുവെന്ന സിന്ധു സൂര്യകുമാറിന്റെ 'നറേറ്റീവ്' സത്യത്തിന് നിരക്കുന്നതല്ല. കോൺഗ്രസ് പാർട്ടിയുടെ സംഘടനാ ചുമതലയുള്ള സെക്രട്ടറിയെന്ന നിലയിൽ സീറ്റ് കൊടുത്തതും ഇലക്ഷൻ ഫണ്ട് നൽകിയതും മൂലം എം.എൽ.ഏ.മാർക്ക് കെ.സിയോട് അമിതമായ വിധേയത്വമുണ്ടായി.

കെ.സി. പറഞ്ഞവർ സ്ഥാനാർത്ഥികളായപ്പോൾ എം.എൽ.ഏ.മാരിൽ ഭൂരിപക്ഷം പേരും ആ നേതാവിനു വേണ്ടിയല്ലേ കൈ ഉയർത്തൂവെന്ന് സിന്ധുവിന് അറിയാത്താത്തതാണോ? 'കവർ സ്‌റ്റോറി' പലതും കവർ ചെയ്ത് മറയ്ക്കാനുള്ള പംക്തിയാക്കി മാറ്റരുതേ. സിന്ധുവിനോടുള്ള ഒരു വിനയകുനിയന്റെ അഭ്യർത്ഥന മാത്രമാണിത്.

ആന്റണി ചടയമുറി

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam