വൈരുദ്ധ്യാത്മകവാദത്തിന്റെ ഏറ്റവും വലിയ ഗുണം ഏതു പ്രതിഭാസത്തെയും അതിന്റെ എതിർപ്രതിഭാസമായും തിരിച്ചും വ്യാഖ്യാനിക്കാൻ അത് അവസരം നൽകുന്നു എന്നതാണ്. അതായതു സത്യത്തിൽ ഒരു കായംകുളം വാളിന്റെ സ്വഭാവം അതിനുണ്ട്. വെട്ടിയാൽ വെട്ടുന്നവനും വെട്ടുകൊള്ളുന്നവനും തലപോകാം. ആർക്കാണ് വെട്ടു കൊള്ളാതെയിരിക്കുന്നത് എന്ന കാര്യം വെറും ഭാഗ്യം മാത്രമായി കണക്കാക്കിയാൽ മതി.
കമ്മ്യൂണിസ്റ്റ് ചരിത്രത്തിൽ സഖാവ് സ്റ്റാലിനാണ് ഈ കായംകുളം വാൾ പ്രയോഗത്തിന്റെ ഉസ്താദ്. കാരണം പാർട്ടിയിൽ തന്നേക്കാൾ പ്രായവും പക്വതയും പ്രവർത്തനപരിചയവും രാഷ്ട്രീയബോധവും ഒക്കെയുള്ള ഡസൻ കണക്കിന് നേതാക്കളെ വെട്ടിനിരത്തിയാണ് ടിയാൻ സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വം പിടിച്ചെടുത്തത്. അതിനായി വൈരുദ്ധ്യാത്മകവാദം ശാസ്ത്രീയമായി പ്രയോഗിച്ചു. എതിരാളികൾ മൂരാച്ചികളും താനും കൂടെയുള്ളവരും മാത്രം യഥാർത്ഥ കമ്മ്യൂണിസ്റ്റുകളും എന്ന് സിദ്ധാന്തിച്ചു.
ട്രോട്‌സ്‌കി മുതൽ ബുഖാറിൻ വരെയുള്ള നിരവധി നേതാക്കളെ ഒന്നൊന്നായി വകവരുത്തി. അവരുടെ കമ്മ്യൂണിസം കമ്മ്യൂണിസ്റ്റ് വിരുദ്ധമാണ് എന്ന തത്വത്തിന്റെ അടിസ്ഥാനത്തിലാണ് ഈ വകവരുത്തൽ പ്രക്രിയ അരങ്ങേറിയത്. ലെനിന്റെ കാലത്തു പാർട്ടി പോളിറ്റ് ബ്യൂറോയിൽ അംഗങ്ങളായിരുന്നനേതാക്കളിൽ തൊണ്ണൂറു ശതമാനവും സ്റ്റാലിൻ വന്നു അഞ്ചുവർഷം തികയും മുമ്പ് ഒന്നുകിൽ നാടുവിട്ടു. അല്ലെങ്കിൽ അവരെ കാലപുരിയ്ക്കയച്ചു. നാടുവിട്ടവരിൽ പ്രമുഖൻ ട്രോട്‌സ്‌കി ആയിരുന്നു. പക്ഷേ അങ്ങേരെ അങ്ങനെ വെറുതെ വിട്ടാൽ കുഴപ്പമാവും എന്ന് സ്റ്റാലിൻ കരുതി. അതിനാൽ വാടകക്കൊലയാളികളെ വിട്ട് വിദൂരമായ മെക്‌സിക്കോയിൽ വെച്ചാണ് അദ്ദേഹത്തെ വകവരുത്തിയത്.
സ്റ്റാലിന്‌ശേഷം വൈരുദ്ധ്യാത്മകവാദത്തെ ഇങ്ങനെ ഫലപ്രദമായി ശത്രുസംഹാരത്തിനുപയോഗിച്ച പാർട്ടിയാണ് കേരളത്തിലെ സി.പി.ഐ (എം) എന്നത് മലയാളികൾക്കാകെ അഭിമാനം ഉണ്ടാക്കേണ്ട കാര്യമാണ്. പാർട്ടിയിൽ എതിരഭിപ്രായങ്ങൾ ഉയർന്നപ്പോൾ, അതിനെ അടിച്ചമർത്താൻ എതിരാളികൾ ലെനിനിസ്റ്റ് സംഘടനാതത്വങ്ങൾ ലംഘിക്കുന്നു എന്ന വാദമാണ് അന്ന് പാർട്ടി പ്രമുഖൻ പിണറായി വിജയൻ ഉയർത്തിയത്. ലെനിൻ പറഞ്ഞ സംഘടനാ തത്വങ്ങളിൽ ആഭ്യന്തര ജനാധിപത്യവും തുറന്ന ചർച്ചയും ഭൂരിപക്ഷ നിലപാടുകൾക്ക് ന്യൂനപക്ഷം കീഴടങ്ങുന്ന രീതിയും ഉണ്ട്.
നിലപാടുകളിൽ മാറ്റങ്ങൾ കൊണ്ടുവരാൻ ന്യൂനപക്ഷത്തിന് പാർട്ടിവേദികളിൽ തുടർന്നും ശ്രമം നടത്താനുള്ള അവകാശവും അതിൽ അടങ്ങിയിരിക്കുന്നു. സ്റ്റാലിൻ അത് അംഗീകരിച്ചില്ല. പകരം എതിരാളികളെ ഒന്നൊന്നായി ഇല്ലായ്മ ചെയ്തു. പിണറായിയും ടി.പി. ചന്ദ്രശേഖരൻ പോലെ ചിലരുടെ കാര്യത്തിൽ സഖാവ് സ്റ്റാലിനെ മാതൃകയാക്കി. ബാക്കിയുള്ളവരുടെ കാര്യത്തിൽ അവരെ പുറംതള്ളി പാർട്ടിയെ ശുദ്ധീകരിച്ചു.
അതേ ശൈലിയാണ് ഇന്നും കേരളത്തിലെ സി.പി.ഐ (എം) പിന്തുടരുന്നത്. എതിർശബ്ദങ്ങൾക്കു പാർട്ടിയിൽ സ്ഥാനമില്ല. തലപോയില്ലെങ്കിലും ജീവിക്കാൻ വഴിയില്ലാതെ വഴിയാധാരമാക്കും. അത്ര കരുത്തുള്ള പാർട്ടിയാണ്. അതിനാൽ അത്തരക്കാർ പതുക്കെ ഒളിവിൽപോയി. അവർ പകൽ പാർട്ടിക്കാരും രാത്രി പാർട്ടിവിരുദ്ധരുമായി പരിണമിച്ചു. പലരും പതുക്കെ മറ്റു പാർട്ടികളിലേക്കു കാലുമാറാൻ ശ്രമം നടത്തി. പാർട്ടിയുടെ അഭ്യാസികളെ നേരിടാൻശേഷിയുള്ള കൈക്കരുത്ത് കൈവശമുള്ള പാർട്ടികളിലേക്ക്‌വേണം കൂടുവിട്ടു കൂടുമാറ്റം. അല്ലെങ്കിൽ അചിരേണ തല മണ്ണിൽ വീഴും. അതിനാൽ അഭയംതേടാൻ പറ്റിയ പാർട്ടി ബി.ജെ.പിയും ആർ.എസ്.എസും ഒക്കെയാണെന്നു പാർട്ടിക്കാർക്ക് നന്നായി അറിയാം.
അതിനാൽ പലരും അവരുമായി രഹസ്യ ചർച്ച നടത്തി. ചിലർക്ക് അവിടെ അക്കമഡേഷൻ കിട്ടി. കേന്ദ്രക്കമ്മിറ്റിയിലെ ഒരു സീനിയർ അംഗംപോലും അങ്ങനെ രഹസ്യചർച്ച നടത്തിയതായി പറയുന്നത് അതിനു ദൃക്‌സാക്ഷ്യം വഹിച്ച ശോഭാ സുരേന്ദ്രനെ പോലുള്ള ബി.ജെ.പി നേതാക്കളാണ്. പറഞ്ഞത് ശോഭയായതു കൊണ്ട് കണ്ണൂരിലെ ചിറ്റപ്പൻ രക്ഷപ്പെട്ടു. കാരണം മാഡം പ്രധാനമായും ഭൂമിക്കച്ചവടം പോലുള്ള പൊതുക്കാര്യങ്ങളിലാണ് ഇടപെടുന്നത്. കച്ചവടത്തിൽ തെറ്റിയാൽ എന്തു കള്ളത്തരവും ആകാമെന്ന നിലയുള്ള നാട്ടിലായതിനാൽ ജനങ്ങൾ അത്തരം വാക്കുകൾക്ക് വലിയ വില കൊടുത്തില്ല.
എന്നാൽ മാഡം പറഞ്ഞതിൽ വസ്തുതയുണ്ട് എന്നാണ് ഇപ്പോഴത്തെ ത്രിതല പ്രാദേശിക തെരഞ്ഞെടുപ്പുകളിലെ ഫലങ്ങൾനോക്കുമ്പോൾ വ്യക്തമാകുന്നത്. ചരിത്രത്തിൽ ഇന്നുവരെയില്ലാത്ത പരാജയമാണ് സി.പി.ഐ (എം) നേരിട്ടത്. എന്നാൽ ഞങ്ങൾ മുമ്പും തോറ്റിട്ടുണ്ട്; തിരിച്ചു വന്നിട്ടുമുണ്ട് എന്നാണ് പാർട്ടി വക്താക്കൾ പറയുന്നത്. അതിൽ മുമ്പൻ നിലവിലെ സെക്രട്ടറി എം.വി. ഗോവിന്ദൻ തന്നെ. കായിക വിഷയത്തിൽ ആയിരുന്നു അധ്യാപനം. എന്നാൽ കടുകട്ടി സൈദ്ധാന്തികൻ. വൈരുദ്ധ്യാത്മകവാദത്തിന്റെ ആശാൻ. അതിനാൽ അദ്ദേഹം നോക്കിയിട്ടൊരിടത്തും ഒരു പരാജയവും കാണുന്നില്ല. എല്ലാം എതിരാളികളുടെ ദുഷ്പ്രചാരണം. അപ്പോൾ സീറ്റുകളും പഞ്ചായത്തുകളും കോർപ്പറേഷനുകളും കയ്യിൽ നിന്ന് പോയതോ? നമ്മൾ ഭരിച്ച തിരുവനന്തപുരം നഗരസഭ ബി.ജെ.പിയുടെ കയ്യിലേക്ക്‌പോയതോ? അതൊക്കെ എന്ത് മായാജാലം?
അവിടെയാണ് വൈരുധ്യാത്മകയുടെ ജാലവിദ്യ പ്രയോഗത്തിൽ വരുന്നത്. അത് നമ്മൾ തോറ്റതല്ല. ബി.ജെ.പിയും കോൺഗ്രസ്സും കൂട്ടു ചേർന്ന് നമ്മളെ തോല്പിച്ചതാണ്. അതായതു വെറും കൊടുംചതി. പാർട്ടി ജയിക്കുന്ന സീറ്റിൽ കോൺഗ്രസ്സ് സ്വന്തം വോട്ടൊക്കെ ബി.ജെ.പിയ്ക്ക് കൊടുത്തു. അങ്ങനെ ബി.ജെ.പി നമ്മുടെ മുമ്പിൽകേറി. എവിടെയൊക്കെ അവർ വിജയിച്ചോ, അവിടെയൊക്കെ ഇങ്ങനെയൊരു അന്തർധാര പ്രവർത്തിച്ചു.
നേതാവ് ഇങ്ങനെ വിശദീകരിച്ചു നാക്കെടുക്കും മുമ്പാണ് പാർട്ടി സ്ഥാനാർത്ഥിയായി നിന്ന് തോറ്റ വ്യക്തി ബി.ജെ.പിയുടെ വിജയാഹ്‌ളാദ പ്രകടനത്തിന് പോയതും നേരത്തെ പഞ്ചായത്ത് പ്രസിഡന്റ് പദവിയും പാർട്ടി നേതൃപദവിയും കയ്യാളിയ ചങ്ങാതി നേരെപോയി ബി.ജെ.പിയിൽ ചേർന്നതുമൊക്കെ. അങ്ങനെചേരാനായിഇനിയും എത്രയോപേര് തയ്യാറായി നിൽക്കുന്നുണ്ട് എന്നാണ് അദ്ദേഹം അറിയിച്ചത്.
കേരളത്തിലെ ഇന്നത്തെ അന്തരീക്ഷം നോക്കിയാൽ ഗോവിന്ദൻ പറഞ്ഞതല്ല, മറിച്ചു ബി.ജെ.പിയിലേക്ക്‌ചേക്കേറിയ നേതാവ് പറഞ്ഞതാണ് ശരിയെന്ന് ആർക്കും ബോധ്യമാവും.
അതാണ് ഇന്നത്തെ കേരളത്തിൽ സി.പി.ഐ (എം) എന്ന പാർട്ടിയുടെ അവസ്ഥ. കൈയിലുള്ളത്‌പോയി, ഉത്തരത്തിലുള്ളത് കിട്ടിയതുമില്ല എന്ന ദുരവസ്ഥയിലാണ് അവർ. ബി.ജെ.പിയുടെ വർഗീയരാഷ്ട്രീയം അല്പം മറഞ്ഞുനിന്നു പരീക്ഷിച്ചു. മുസ്ലിം ഭീകര ഭീഷണിയായിരുന്നു പ്രധാന വായ്ത്താരി.
ഹിന്ദുവോട്ട് മൊത്തം പിടിക്കാം എന്നായിരുന്നു പദ്ധതി. എന്നാൽ സംഭവിച്ചതോ? ഹിന്ദുവോട്ടുകൾ ഏകീകരിക്കാൻ കഴിഞ്ഞതുമില്ല, മുസ്ലിം ക്രിസ്ത്യൻ വോട്ടുകൾ യു.ഡി.എഫ് പക്ഷത്തു ഉറച്ചു നിൽക്കുകയും ചെയ്തു. മലപ്പുറത്തെയും തൃശൂരിലെയും എറണാകുളത്തേയും കോട്ടയത്തെയും യു.ഡി.എഫ് വോട്ടുകളും തകർപ്പൻ വിജയവും നോക്കിയാൽ അറിയാം കാറ്റ് എങ്ങോട്ടാണ് വീശുന്നതെന്ന്.
എന്നാൽ സർക്കാർ വിരുദ്ധ കാറ്റൊന്നും ഇവിടെ വീശുന്നില്ലെന്നും ആകെയുള്ളത് കോൺഗ്രസ്സ് ബി.ജെ.പി അന്തർധാരയാണെന്നുമാണ് ഗോവിന്ദൻ മാഷ് പറയുന്നത്. സ്‌കൂളിൽ മാഷ് പറയുന്നത് കേട്ട് തലയാട്ടാത്ത കുട്ടിയുടെ ചെവിക്കു പിടിച്ചു കശക്കാൻ വകുപ്പുണ്ട്. എന്നാൽ ഒരു നാട്ടിലെ വോട്ടർമാരുടെ മുഴുവൻ ചെവിക്കു പിടിക്കാൻ പഴയ കായികാധ്യാപകനായ ഗോവിന്ദൻ മാസ്റ്റർക്ക് സാധിക്കുമോ എന്നൊരു ചോദ്യം അവശേഷിക്കുന്നു.
എൻ.പി. ചെക്കുട്ടി
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
