നടനത്തിന്റെ ബഹുമുഖ ഭാവങ്ങൾ

AUGUST 19, 2026, 9:24 PM

വാൻഗോഗിന്റെ ദുരന്തജീവിതത്തെ ആസ്പദമാക്കി ഇർവിങ് സ്റ്റോൺ രചിച്ച Lust for Life  എന്ന നോവലിൽനിന്ന് പ്രചോദനമുൾക്കൊണ്ട് എഴുതപ്പെട്ട നോവലാണ് ഭരതനടനം. വാൻഗോഗിന്റെ സ്ഥാനത്ത് പി.ജെ. ആന്റണിയാണ് ഈ ജീവചരിത്രനോവലിലെ പ്രധാന കഥാപാത്രം.

കഥയല്ലിതു ജീവിതം എന്ന് അർത്ഥപൂർണമായി പറയാവുന്ന ആന്റണിയുടെ ജീവിതത്തെ ഭരതനടനത്തിന്റെ രചയിതാക്കൾ കഥയായി അവതരിപ്പിക്കുന്നു. രചയിതാക്കൾ എന്നു പറഞ്ഞത് ഈ നോവലിന് രചയിതാക്കളായി രണ്ടു പേരുള്ളതുകൊണ്ടാണ്. കഥാകൃത്തായി അറിയപ്പെടുന്ന ജോസഫ് വൈറ്റിലയും പത്രപ്രവർത്തകനായ ജോഷി ജോർജും ചേർന്നുള്ള സംയുക്ത സംരംഭമാണ് ഭരതനടനം.

ഫ്രീഡം അറ്റ് മിഡ്‌നൈറ്റ് ഉൾപ്പെടെ സംയുക്തസംരംഭങ്ങൾ പലത് മലയാളത്തിലുൾപ്പെടെ നമുക്ക് പരിചയമുണ്ട്. അറബിപ്പൊന്നിൽ കൂട്ടെഴുത്തുകാരായ എൻ.പി. മുഹമ്മദും എം.ടി. വാസുദേവൻ നായരും ഇക്കൂട്ടത്തിൽ പ്രഥമഗണനീയരാണ്. പിന്നീട് മാധവിക്കുട്ടിയും കെ.എൽ. മോഹനവർമയും ചേർന്നെഴുതിയ നോവലാണ് അമാവാസി. സംയുക്തസംരംഭമാകുമ്പോൾ ഏച്ചുകെട്ടലിലെ മുഴകൾ സ്വാഭാവികമാണ്. വിദഗ്ധനായ എഡിറ്റർക്ക് അത് ഒപ്പമിട്ടെടുക്കാനാകും. നിർഭാഗ്യവശാൽ പ്രൂഫ് റീഡറുടേതൊഴികെ മറ്റൊരു പരിശോധനയും ഇല്ലാതെയാണ് മലയാളത്തിൽ പുസ്തകങ്ങൾ ഇറങ്ങുന്നത്.

vachakam
vachakam
vachakam

ഒഴിവാക്കാമായിതുന്ന ചില രചനാവൈകല്യങ്ങൾ ഈ പുസ്തകത്തിലുണ്ടെന്ന് ആദ്യമേ പറയട്ടെ. രണ്ടു പേർ ചേർന്നെഴുതുമ്പോൾ രണ്ടു പേരെയും വായിച്ചിട്ടുള്ളവർക്ക് ആരെഴുതിയതാണ് തങ്ങൾ വായിക്കുന്നതെന്ന് നിഷ്പ്രയാസം മനസ്സിലാകും. ജോസഫിന്റെ കഥാഖ്യാനവും ജോഷിയുടെ വസ്തുതാവിവരണവും വേറിട്ടു നിൽക്കുന്നു. അതുകൊണ്ട് ചില ഭാഗങ്ങളിൽ കഥാപാത്രത്തെ മാറ്റിനിർത്തി കഥാകൃത്ത് നേരിട്ട് വിവരണവ്യഗ്രതയിൽ മുഴുകുന്ന കാഴ്ച കാണുന്നു.

ആന്റണിയുടെ ജനനത്തിനു മുമ്പുള്ള കാര്യങ്ങൾ നോവലിന്റെ പദാവലിയും രചനാശൈലിയും ഉപയോഗിച്ച് കൃതഹസ്തതയോടെ രചിക്കപ്പെട്ടപ്പോൾ ആന്റണിക്ക് പ്രായപൂർത്തിയായതിനുശേഷമുള്ള ഭാഗത്തെത്തുമ്പോൾ രചയിതാക്കളെ മാറ്റി നിർത്തി കഥാപാത്രം സ്വന്തം കഥ പറയുന്ന പ്രതീതിയുണ്ടാകുന്നു. സൂക്ഷ്മവായനയിൽ ഇത്തരത്തിലുള്ള വൈകല്യങ്ങൾ എന്റെ ശ്രദ്ധയിൽ പെട്ടെങ്കിലും ആസ്വാദകർക്ക് തടസ്സങ്ങളില്ലാതെ വായിച്ചുപോകാവുന്ന രചനാരീതിയാണ് ജോസഫും ജോഷിയും സ്വീകരിച്ചിരിക്കുന്നത്.

ഉദ്വേഗം ജനിപ്പിക്കുന്നതല്ലെങ്കിലും ഉത്സാഹത്തോടെ വായിച്ചുപോകാവുന്നതാണ് ആന്റണിയുടെ കഥ. പി.ജെ. ആന്റണിയെ നേരിട്ടറിഞ്ഞ ആളെന്ന നിലയിൽ എന്റെ മനസിന്റെ ഗാലറിയിലുള്ള ചിത്രം പൂർണമായി ഈ പുസ്തകത്തിൽ ആവിഷ്‌കൃതമായില്ലെന്ന പരാതി എനിക്കുണ്ട്. അത് പക്ഷേ എഴുത്തുകാരുടെ കുറ്റമല്ല. ബഹുമുഖപ്രതിഭയാകുമ്പോൾ പ്രകൃതവും ബഹുമുഖമായിരിക്കും. ദശമുഖന് ദശഭാവങ്ങളുണ്ട്. എത്ര കൃതഹസ്തനായ എഴുത്തുകാരനാണെങ്കിലും അതപ്പാടെ ആവിഷ്‌കരിക്കാൻ കഴിഞ്ഞെന്നു വരില്ല. 

vachakam
vachakam
vachakam

ഭരതനടനം പി.ജെ. ആന്റണി എന്ന കലാകാരന്റെ കഥയാണ്. ജീവിതത്തോടുള്ള ആസക്തി നിലനിർത്തിക്കൊണ്ടുതന്നെ ജീവിതത്തെ ലഹരിയാക്കിയ വിനീതനായ കൊച്ചിക്കാരനായിരുന്നു ആന്റണി. അദ്ദേഹത്തിന് മാതൃകയായുണ്ടായിരുന്നത് മറ്റൊരു കൊച്ചിക്കാരനായ ചങ്ങമ്പുഴ കൃഷ്ണപിള്ളയായിരുന്നു. ചങ്ങമ്പുഴയെപ്പോലെ നഷ്ടസ്വപ്‌നങ്ങളുടെ വിജനവന്യതയിൽ കുഴലൂതാൻ വിധിക്കപ്പെട്ട ഇടയനായിരുന്നില്ല ആന്റണി.

സ്വപ്‌നംപോലെ കടന്നുവന്ന തന്റെ ചന്ദ്രികയെ (മേരിയെ) ആന്റണിക്ക് സ്വന്തമാക്കാൻ കഴിഞ്ഞു. നാടകമാണ് ജീവിതം എന്ന് ചെറിയ പ്രായത്തിലേ തിരിച്ചറിഞ്ഞ ആന്റണിക്ക് ആരും കൊതിക്കുന്ന ഭരത് അവാർഡ് സ്വന്തമാക്കാൻ കഴിഞ്ഞു. കേവലം അന്തോണിക്കുട്ടിയായിരുന്നപ്പോൾ ആ ബാലന്റെ കവിളിൽ സുബൈദ ആരാധനയോടെ നൽകിയ അത്തറിന്റെ മണമുള്ള ചുടുചുംബനം പോലെ രാഷ്ട്രം അതുല്യനായ ആ കലാകാരന്റെ കവിളിൽ നൽകിയ അംഗീകാരത്തിന്റെ സ്‌നേഹമുദ്രയായിരുന്നു ആ പതക്കം. ആന്റണിക്കുവേണ്ടി തട്ടുകളും തട്ടകങ്ങളും കാത്തുകിടന്നു.

പക്ഷേ നായകൻ വെള്ളിവെളിച്ചത്തിൽനിന്നും ജീവിതത്തിന്റെ മുഖ്യധാരയിൽനിന്നും ഒഴിവായിനിന്നു. അദ്ദേഹം സ്വയം ദുരന്തകഥാപാത്രമാകുകയായിരുന്നു. ഗ്രീക് ട്രാജഡിയിലെന്നപോലെ അനിവാര്യമായ ദുരന്തമായിരുന്നു അത്. ദുരന്തം എങ്ങനെയാണ് ആ കലാകാരനെ ആകെമൊത്തം ആവരണം ചെയ്തതെന്ന് ഈ നോവൽ വായിക്കുമ്പോൾ മനസ്സിലാകും.
സിനിമയല്ല നാടകമായിരുന്നു ആന്റണിയുടെ കർമരംഗം. മലയാളത്തിലെ തെസ്പിയൻ ആയിരുന്നു ആന്റണി. യവനനാടകവേദിയിലെ ആദ്യത്തെ നടനായിരുന്നു തെസ്പിസ്.

vachakam
vachakam
vachakam

ആതൻസിൽ സംരക്ഷിക്കപ്പെട്ടു കിടക്കുന്ന പുരാതനമായ നാടകവേദിയുടെ മുന്നിലെ കൽപ്പടവിലിരുന്ന് തെസ്പിസിന്റെ പ്രകടനം മനസ്സിൽ കണ്ട എന്റെ മുന്നിൽ തെസ്പിസ് പൊടുന്നനെ ആന്റണിയായി മാറി. അത് സ്വാഭാവികമായ രൂപപരിണാമമായിരുന്നു. വേദിയിൽ സദാസാന്നിധ്യമായിരുന്ന ഹാർമോണിസ്റ്റിനെ ഇറക്കിവിട്ട് വേദി പൂർണമായും അഭിനേതാക്കൾക്കുവേണ്ടി സ്വന്തമാക്കിയ ആന്റണി അക്ഷരാർത്ഥത്തിൽ മലയാളത്തിലെ തെസ്പിയനായിരുന്നു.

പുരാതന ഗ്രീക്ക് നാടകങ്ങളുമായി അദ്ദേഹത്തിന് നല്ല അടുപ്പമുണ്ടായിരുന്നു. നാടകത്തിന്റെ ആചാര്യൻ എന്നതുപോലെ ശോകാന്തനാടകത്തിലെ നടൻ എന്നും തെസ്പിയന് അർത്ഥമുണ്ട്. ആലപ്പി വിൻസെന്റുമൊത്ത് ഒരു സന്ധ്യാനേരത്ത് അദ്ദേഹത്തെ കണ്ടപ്പോൾ അദ്ദേഹം സോക്രട്ടീസിന്റെ ജീവചരിത്രം വായിക്കുകയായിരുന്നു. സോക്രട്ടീസിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരു നാടകത്തിന്റെ ആലോചനയിലായിരുന്നു അദ്ദേഹം. ഒരു തരത്തിൽ സോക്രട്ടീസിനു സദൃശനാണ് ആന്റണി. സമൂഹവുമായി ലേശം പൊരുത്തപ്പെട്ടിരുന്നുവെങ്കിൽ ആ പാനപാത്രം ഒഴിഞ്ഞുപോകുമായിരുന്നു.

പീലാത്തോസിനെപ്പോലെ ആതൻസിലെ ജൂറിയും പ്രതിയെ വിട്ടയക്കാൻ ആവുന്നത്ര പരിശ്രമിച്ചതാണ്. രണ്ടിടത്തും പ്രതികളുടെ സഹകരണണുണ്ടായില്ല. ആരാച്ചാർ തയാറാക്കിയ വിഷചഷകം സോക്രട്ടീസ് വാങ്ങുകയായിരുന്നു. ആന്റണി തനിക്കുള്ള ചഷകം സ്വയം പാകപ്പെടുത്തുകയായിരുന്നു.

ജോസഫ് മേസ്തിരിയുടെ ബോർമയിൽ നിന്നാരംഭിക്കുന്ന കഥനം ആ മേസ്തിരിയുടെ മകനായി ആന്റണി ജനിക്കുന്ന കാലത്തെ സമ്യക്കായി വിവരിക്കുന്നു. കാലത്തിന്റെയും ദേശത്തിന്റെയും വിവരണത്തിന് ആഖ്യായികയിൽ അതീവമായ പ്രാധാന്യമുണ്ട്. ലത്തീൻ കത്തോലിക്കരുടെ ജീവിതത്തിന്റെ നേർചിത്രം രുചികളിലൂടെയും അഭിരുചികളിലൂടെയും നന്നായി രേഖപ്പടുത്തിയിരിക്കുന്നു. അത് ജോസഫിന്റെ സംഭാവനയാണെന്ന് ദ്രുതവായനയിൽപ്പോലും മനസ്സിലാകും. ജോഷിയുടെ എഴുത്തുമായി അര നൂറ്റാണ്ടിന്റെ പരിചയമുള്ള എനിക്ക് ജോഷി എഴുതിയത് അടിവരയിട്ട് കാണിക്കാൻ കഴിയും.

പക്ഷേ പുസ്തകത്തിന്റെ സമഗ്രമായ വായനയിൽ ഈ വ്യത്യാസം അറിയുന്നതേയില്ല. ക്ഷോഭിക്കുന്ന ആന്റണിക്ക് അല്പം കൂടി മിഴിവ് നൽകുകയും ശങ്കരാടി, മരട് ജോസഫ്, തിലകൻ എന്നിവർക്ക് നൽകേണ്ടതായ പ്രാധാന്യം നൽകുകയും ചെയ്തിരുന്നുവെങ്കിൽ ഞാനറിയുന്ന ആന്റണി ആകുമായിരുന്നു. ഓരോ വായനക്കാരനും ഇങ്ങനെ തോന്നുന്നുവെങ്കിൽ രചനയുടെ പൂർണതയിൽ രചയിതാക്കൾക്ക് സംതൃപ്തരാകാം. ആർക്കും, വ്യാസനുപോലും, ആരുടെയും കഥ പൂർണമായി പറയാനാവില്ല.

മഹാരാജാസ് കോളജിൽ വിദ്യാർത്ഥിയായിരിക്കുമ്പോൾ കോളജിലേക്ക് ക്ഷണിക്കാൻ ചെന്ന എന്നെയും സതീർത്ഥ്യരെയും ചീത്ത പറഞ്ഞോടിച്ച ആന്റണി എന്റെ ഓർമയിലുണ്ട്. തലേവർഷം എം.ടി പങ്കെടുത്ത യോഗം അലങ്കോലമാക്കിയ വിദ്യാർത്ഥികളോടുള്ള ദേഷ്യമായിരുന്നു അതെന്ന് ഞങ്ങളെ ആശ്വസിപ്പിച്ചുകൊണ്ട് ശങ്കരാടി പറഞ്ഞു.

എന്റെ സുഹൃത്തുക്കൾ ഹസനും റഷീദും ചേർന്നു നിർമിച്ച പെരിയാറിന്റെ സംവിധായകനെന്ന നിലയിൽ ആലുവയിലെ അജന്ത സ്റ്റുഡിയോയിൽ അദ്ദേഹത്തെ കണ്ടപ്പോൾ ആന്റണി വ്യത്യസ്തനായിരുന്നു. ബഹുമുഖപ്രതിഭയ്ക്ക് ഭാവങ്ങളും ബഹുമുഖമാകും. അതിന്റെ മിന്നലാട്ടങ്ങളാണ് ജോസഫ് വൈറ്റിലയും ജോഷി ജോർജും ചേർന്നെഴുതിയ ഭരതനടനം.

സെബാസ്റ്റ്യൻ പോൾ

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam