കരട് വിജ്ഞാപന പരമ്പര പോരാ പശ്ചിമഘട്ട സംരക്ഷണത്തിന്

SEPTEMBER 30, 2026, 9:53 AM

മഹാശാസ്ത്രജ്ഞരായിരുന്ന മാധവ് ഗാഡ്ഗിലിനും കസ്തൂരിരംഗനും മറുലോകത്തു മനഃസമാധാനം നൽകാതെ പശ്ചിമഘട്ട പരിസ്ഥിതി ലോല മേഖല സംബന്ധിച്ച തർക്കം അനിശ്ചിതമായി നീളുന്നു. നൂറ്റാണ്ടിലേറെയായി ഈ മേഖലയിൽ ജീവിക്കുകയും കൃഷി ചെയ്യുകയും ചെയ്യുന്ന സാധാരണക്കാരുടെ കാര്യം ഇതോടൊപ്പം പരിസ്ഥിതി സംരക്ഷണത്തിന്റെ പേരിൽ അനിശ്ചിതത്വത്തിലാകുന്നു.

2026 ജൂലൈ 27ന് കേന്ദ്ര വനം പരിസ്ഥിതി  കാലാവസ്ഥാ വ്യതിയാന മന്ത്രാലയം പുറത്തിറക്കിയ ഏഴാം കരട് ഇഎസ് എ വിജ്ഞാപനത്തിനു മേൽ പൊതുജനങ്ങളുടെ പരാതി സമർപ്പിക്കാൻ അനുവദിച്ച 60 ദിവസ സമയപരിധി ഈ മാസം അവസാനിച്ചു. 2014ലെ ആദ്യ കരട് വിജ്ഞാപനം പുറത്തിറക്കി ഒരു വ്യാഴവട്ടം കഴിഞ്ഞിട്ടും ജനങ്ങളുടെ ആശങ്കകൾ നീക്കാനായിട്ടില്ല ഭരണകൂടത്തിന്.

ആസന്നമെന്നു പറയപ്പെടുന്ന അന്തിമ ഇ.എസ്.എ (പശ്ചിമഘട്ട പരിസ്ഥിതി ലോല മേഖല) വിജ്ഞാപനത്തെച്ചൊല്ലിയുള്ള ആശങ്ക കേരളത്തിനു മാത്രമല്ല, പശ്ചിമഘട്ട ബന്ധമുള്ള കർണാടക, തമിഴ്‌നാട്, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങൾക്കുമുണ്ട്. ഇ.എസ്.എ നിർവചനത്തിനാധാരമായ പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ച കെ. കസ്തൂരിരംഗൻ റിപ്പോർട്ട് നിലവിലെ രൂപത്തിൽ തള്ളിക്കൊണ്ട് ഇതിനിടെ കർണാടക നിയമസഭ പ്രമേയം പാസാക്കിയത് നിർണ്ണായക സംഭവമായി.

vachakam
vachakam
vachakam

റിപ്പോർട്ടിലെ പോരായ്മകൾ പരിഹരിക്കണമെന്ന് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അവതരിപ്പിച്ച പ്രമേയം വഴി കേന്ദ്ര സർക്കാരിനോട് നിയമസഭ ആവശ്യപ്പെട്ടു. നിയമസഭയും നിയമനിർമാണ കൗൺസിലും ഏകകണ്ഠമായാണ് പ്രമേയം പാസാക്കിയത്. കർണാടകയിലെ പശ്ചിമഘട്ടം സംസ്ഥാനത്തിന്റെ പ്രകൃതിവിഭവങ്ങൾ, ജൈവവൈവിധ്യം, പാരിസ്ഥിതിക സന്തുലിതാവസ്ഥ എന്നിവയുടെ കാര്യത്തിൽ അതീവ പ്രാധാന്യമാർന്ന മേഖലയാണെന്ന് പ്രമേയത്തിൽ പറയുന്നു.

2026 ജൂലൈ 27ന് കേന്ദ്ര സർക്കാർ കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഏഴാമത്തെ കരട് പരിസ്ഥിതിലോല പ്രദേശ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഇതുപ്രകാരം കർണാടകയിലെ 10 ജില്ലകളിലെ 1,449 ഗ്രാമങ്ങളിലായി ഏകദേശം 20,668 ചതുരശ്ര കിലോ മീറ്റർ പ്രദേശമാണ് പരിസ്ഥിതിലോല മേഖലയിൽ ഉൾപ്പെടുത്താൻ നിർദേശിച്ചിരിക്കുന്നത്. ഗ്രാമങ്ങളിലെ വനമേഖലകൾക്കൊപ്പം കൃഷിയിടങ്ങൾ, തോട്ടങ്ങൾ, വീടുകൾ എന്നിവയും നിർദിഷ്ട പരിസ്ഥിതി ലോല മേഖലയിൽ ഉൾപ്പെടുത്തി.

സംയുക്തമായി നേരിട്ടുള്ള സ്ഥലപരിശോധന നടത്താതെയാണ് ഉപഗ്രഹ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അതിർത്തികൾ നിർണയിച്ചത്. വനമേഖലകൾക്കൊപ്പം കൃഷിയിടങ്ങൾ, തോട്ടങ്ങൾ, വീടുകൾ, പൊതുഅടിസ്ഥാന സൗകര്യങ്ങൾ എന്നിവ പരിസ്ഥിതിലോല മേഖലയിൽ ഉൾപ്പെടുത്തുന്നത് വീട് നിർമിക്കൽ, കുടുംബസ്വത്ത് വിഭജിക്കൽ, അവകാശ കൈമാറ്റം തുടങ്ങിയ കാര്യങ്ങളിൽ പ്രശ്‌നങ്ങൾ സൃഷ്ടിക്കുമെന്ന് പ്രമേയത്തിൽ പറയുന്നു.

vachakam
vachakam
vachakam

ഉപഗ്രഹ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ കരട് വിജ്ഞാപനത്തിൽ സർവേ നമ്പറുകൾ അടിസ്ഥാനമാക്കിയുള്ള കൃത്യമായ അതിർത്തികൾ വ്യക്തമാക്കിയിട്ടില്ല. പരിസ്ഥിതിലോല മേഖല നിയന്ത്രണങ്ങൾ മൂലം ബാധിക്കപ്പെടുന്നവർക്ക് പ്രത്യേക സാമ്പത്തിക സഹായമോ ബദൽ ഉപജീവനമാർഗ സഹായമോ കസ്തൂരിരംഗൻ റിപ്പോർട്ടിൽ നിർദേശിച്ചിട്ടില്ലെന്നും പ്രമേയത്തിൽ പറയുന്നു. സംസ്ഥാന സർക്കാർ റിപ്പോർട്ട് സമർപ്പിച്ചശേഷം വിഷയത്തിൽ കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരുമായി വിശദമായ ചർച്ച നടത്തണം. അതിനുശേഷം മാത്രമേ അന്തിമ തീരുമാനം എടുക്കാവൂ എന്നും പ്രമേയം നിർദേശിച്ചു.

കേരളവും തമിഴ്‌നാടും ഉൾപ്പെടുന്ന സംസ്ഥാനങ്ങളുടെ പൊതുനിലപാടും ഇതു തന്നെ. പ്രമേയം പാസാക്കിയും നിയമ പോരാട്ടത്തിനിറങ്ങിയും കേരളം രംഗത്തു വരണമെന്ന ആവശ്യം ഇതിനിടെ സജീവം. കർഷകരും സാധാരണക്കാരുമടങ്ങുന്ന കേരളത്തിലെ അമ്പത് ലക്ഷത്തോളം പേരെയാണ് ഇ.എസ്.എ സാരമായി ബാധിക്കുക. കരട് വിജ്ഞാപനം സാധാരണ കൃഷിക്കും തോട്ടകൃഷിക്കും പൊതുവായ നിരോധനം ഏർപ്പെടുത്തുന്നില്ലെങ്കിലും പശ്ചിമഘട്ടത്തിലെ കൃഷിയേയും പ്ലന്റേഷൻ പ്രവർത്തനങ്ങളേയും സാരമായി ബാധിക്കും. കൃഷിഭൂമി റിസോർട്ടാക്കി മാറ്റുക, വലിയ വാണിജ്യ കെട്ടിടം നിർമിക്കുക, ടൗൺഷിപ്പ് സ്ഥാപിക്കുക, വലിയ റിയൽ എസ്റ്റേറ്റ് പദ്ധതി നടപ്പാക്കുക തുടങ്ങിയ ഭൂവിനിയോഗ മാറ്റങ്ങൾ നിയന്ത്രിക്കപ്പെടും.

ഇ.എസ്.എ പരിധിയിൽ സ്വന്തം ഭൂമി വന്നാൽ വിൽക്കുന്നതിനും ബാങ്ക് വായ്പ നേടുന്നതിനും നേരിടേണ്ടിവരുന്ന നിയന്ത്രണങ്ങൾ, ഭൂമിയുടെ തരംമാറ്റത്തിനും വീടുകൾ ഉൾപ്പെടെയുള്ള സാധാരണ നിർമാണ പ്രവർത്തനങ്ങൾക്കും അനുമതി ലഭിക്കുന്നതിലെ പ്രയാസങ്ങൾ എന്നിവ മലയോരജനതയുടെ ആശങ്ക വർധിപ്പിക്കുന്നു. റോഡ്, കുടിവെള്ളം തുടങ്ങിയ അടിസ്ഥാനസൗകര്യ വികസനപ്രവർത്തനങ്ങൾ തടസ്സപ്പെടുമെന്ന ഭീതിയും നിലനിൽക്കുന്നുണ്ട്. ക്വാറികൾക്ക് പൂട്ട് വീഴുന്നതോടെ നിർമാണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ കല്ലിനും മെറ്റലിനും അനിയന്ത്രിതമായി വിലയുയരും.

vachakam
vachakam
vachakam

ആദ്യ കരട് 2014ൽ

ഗുജറാത്ത് മുതൽ തമിഴ്‌നാടും കേരളവും വരെ നീളുന്ന പശ്ചിമഘട്ടത്തെ സംരക്ഷിക്കാൻ പരിസ്ഥിതി ലോല പ്രദേശങ്ങൾ ഉൾപ്പെടെ നിശ്ചയിക്കുന്നതായിരുന്നു ഗാഡ്ഗിൽ റിപ്പോർട്ട്. ഈ മേഖലയിലെ പാരിസ്ഥിതികവ്യൂഹം നേരിടുന്ന പ്രശ്‌നങ്ങൾ സംബന്ധിച്ചു പഠിച്ച്, റിപ്പോർട്ടു സമർപ്പിക്കുന്നതിനായി കേന്ദ്ര വനം പരിസ്ഥിതിമന്ത്രാലയം രൂപീകരിച്ച വിദഗ്ദ്ധസമിതി സമർപ്പിച്ച ഗാഡ്ഗിൽ സമിതിയുടെ റിപ്പോർട്ടിന് എതിരെ വലിയൊരു വിഭാഗം ജനങ്ങളും വിവിധ രാഷ്ട്രീയകക്ഷികളും ശക്തമായ നിലപാടെടുത്തു. ഇതോടെ ഗാഡ്ഗിൽ സമിതി ശുപാർശകൾ വിലയിരുത്തി പ്രത്യേക റിപ്പോർട്ട് സമർപ്പിക്കുകയെന്ന നിർദ്ദേശത്തോടെ കേന്ദ്ര ആസൂത്രണക്കമ്മീഷനംഗം കെ. കസ്തൂരിരംഗന്റെ നേതൃത്വത്തിലുള്ള മറ്റൊരു സമിതിയെ കേന്ദ്രസർക്കാർ നിയോഗിച്ചു. കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ ചുവടുപിടിച്ചാണ് 2014ൽ ആദ്യ കരട് വിജ്ഞാപനമിറക്കിയത്.

മുൻ ഐഎസ്ആർഓ ചെയർമാൻ കൂടിയായിരുന്ന ഡോ.കെ കസ്തൂരിരംഗൻ 2025 ഏപ്രിൽ 25 നും  സെന്റർ ഫോർ ഇക്കോളജിക്കൽ സയൻസസ് സ്ഥാപകനായിരുന്ന ഗാഡ്ഗിൽ 2026 ജനുവരി ഏഴിനും അന്തരിച്ചു. ഗാഡ്ഗിൽ സമിതി ശുപാർശകളെ തത്ത്വത്തിൽ അംഗീകരിക്കുന്ന നിലപാടാണ് കസ്തൂരി രംഗൻ സമിതിയും മുന്നോട്ട് വെച്ചത്. വിശദമായ വിലയിരുത്തലുകൾക്ക് ശേഷമായിരുന്നു സമിതിയുടെ ശുപാർശകൾ.

എന്നാൽ ഗാഡ്ഗിൽ റിപ്പോർട്ട് പരിസ്ഥിതി ലോലമെന്ന് വിലയിരുത്തിയ മേഖലകളിൽ കാതലായ മാറ്റങ്ങൾ കസ്തൂരിരംഗൻ റിപ്പോർട്ട് മുന്നോട്ടുവച്ചു. പശ്ചിമഘട്ട മലനിരകളുടെ നാലിൽ മൂന്ന് ഭാഗവും പരിസ്ഥിതി ദുർബല പ്രദേശമാണെന്ന ഗാഡ്ഗിൽ സമിതി ശുപാർശയ്ക്ക് വിരുദ്ധമായി മലനിരകളുടെ ഏകദേശം 37 ശതമാനം മാത്രമായിരുന്നു ഈ മേഖലയെന്ന് കസ്തൂരി രംഗൻ സമിതി ചൂണ്ടിക്കാട്ടി. കേരളത്തിലെ റിസർവ്, നിക്ഷിപ്ത വന മേഖലകൾ ഈ റിപ്പോർട്ടിൽ സംരക്ഷിത മേഖലയുടെ പുറത്തായത് വലിയ എതിർപ്പ് വിളിച്ചുവരുത്തി.

ദുർബലമെന്ന് വിലയിരുത്തിയ കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിലെ ഒറ്റ വില്ലേജും പരിസ്ഥിതി സംവേദക മേഖലയുടെ പട്ടികയിലില്ലായിരുന്നു. തലശ്ശേരി താലൂക്കിലെ വനമേഖലയും സംരക്ഷണ പട്ടികയിൽ നിന്ന് പുറത്തായി. പരിസ്ഥിതി പ്രവർത്തകരുടെ വിമർശനം ക്ഷണിച്ചുവരുത്തിയതായിരുന്നു ഈ ശുപാർശകൾ. കസ്തൂരിരംഗൻ റിപ്പോർട്ട് തയ്യാറാക്കിയത്

ഗാഡ്ഗിൽ സമിതി റിപ്പോർട്ടിന്റെ അന്തഃസത്ത ഉൾക്കൊള്ളാതെയാണെന്നും റിപ്പോർട്ടിൽ പരിസ്ഥിതി സംരക്ഷണത്തിനുള്ള മാർഗങ്ങൾ വ്യക്തമായി നിർദേശിക്കുന്നില്ലെന്നും വിമർശകർ ചൂണ്ടിക്കാട്ടി. വിവിധ സംസ്ഥാന സർക്കാരുകളുടെയും കുടിയേറ്റ കർഷകർക്ക് വേണ്ടി ചില എൻജിഒ സംഘടനകളുടെയും നിവേദനങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു കസ്തൂരിരംഗൻ റിപ്പോർട്ടിലെ ശുപാർശകൾ എന്നും ആക്ഷേപിക്കപ്പെട്ടു.

അമ്പത് വർഷത്തിന് മുകളിൽ പ്രായമുള്ള അണക്കെട്ടുകൾ പ്രവർത്തനമവസാനിപ്പിക്കണമെന്ന ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് ശുപാർശയോടും കസ്തൂരിരംഗൻ സമിതിക്കു വിയോജിപ്പായിരുന്നു. അറ്റകുറ്റപ്പണികൾ നടത്തി അണക്കെട്ടുകൾ സംരക്ഷിക്കാം എന്നായിരുന്നു റിപ്പോർട്ടിലെ നിർദേശം. അതേസമയം, അതിരപ്പള്ളി ജലവൈദ്യുത പദ്ധതിയെ എതിർക്കുകയും ചെയ്തു. ഇതോടൊപ്പം പുതിയ പദ്ധതിയായി അതിരപ്പള്ളി പദ്ധതി അവതരിപ്പിക്കാം എന്ന നിർദേശവും റിപ്പോർട്ടിൽ ഉണ്ടായിരുന്നു.

അട്ടിമറിയരോപണം

കസ്തൂരി രംഗൻ റിപ്പോർട്ടിന് എതിരെ കേരളത്തിലെ പ്രമുഖ പരിസ്ഥിതി സംഘടനയായ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഉൾപ്പെടെ രംഗത്തെത്തി. കസ്തൂരിരംഗൻ റിപ്പോർട്ട് തള്ളിക്കളയണമെന്ന് പരിഷത്ത് സംസ്ഥാന വാർഷിക പ്രമേയം സർക്കാരുകളോട് ആവശ്യപ്പെട്ടു. കസ്തൂരിരംഗൻ റിപ്പോർട്ടിനെതിരെ മാധവ് ഗാഡ്ഗിൽ തന്നെ രംഗത്തെത്തി. കസ്തൂരിരംഗൻ സമിതി റിപ്പോർട്ട് സമ്പന്നർക്കും ആഗോളീകരണത്തിനും കൂട്ടുനിൽക്കുന്നുവെന്നും നിയമരഹിത, തൊഴിൽരഹിത വികസനത്തെ പിന്തുണയ്ക്കുന്നുവെന്നും ചൂണ്ടിക്കാട്ടി അദ്ദേഹം തുറന്ന കത്തെഴുതി. ഗ്രാമസഭകളെ ഉൾപ്പെടുത്തി പരിസ്ഥിതിലോലമേഖലകളുടെ അതിർത്തികൾ നിശ്ചയിക്കാനുള്ള ഗാഡ്ഗിൽ സമിതി നിർദ്ദേശത്തെ കസ്തൂരിരംഗൻ കമ്മിറ്റി അട്ടിമറിച്ചെന്നും ആക്ഷേപമുയർുന്നു.

കസ്തൂരിരംഗൻ സമിതി കേരളത്തിൽ 13,108 ചതുരശ്ര കിലോമീറ്റർ പ്രദേശം പരിസ്ഥിതി ലോല മേഖലയായി നിർദേശിച്ചെങ്കിലും സംസ്ഥാനതല ഭൗതിക പരിശോധനയ്ക്ക് ശേഷം ഇത് 9,993.7 ചതുരശ്ര കിലോമീറ്ററായി കുറച്ചു. ഇതിൽ 9,107 ചതുരശ്ര കിലോമീറ്റർ വനമേഖലയും 886.7 ചതുരശ്ര കിലോമീറ്റർ വനേതര പ്രദേശവുമാണ്. 2026ലെ ഏഴാം കരടിലും കേരളത്തിന്റെ ഇഎസ്എ വിസ്തീർണം 9,993.7 ചതുരശ്ര കിലോ മീറ്റർ തന്നെയാണ്. ഭരണപരമായ വിഭജനത്തെ തുടർന്ന് വില്ലേജുകളുടെ എണ്ണം 123ൽ നിന്ന് 131 ആയി വർദ്ധിച്ചിട്ടുണ്ട്. കരട് വിജ്ഞാപനത്തിനെതിരെ വിയോജനക്കുറിപ്പ് ഇറക്കിയ സംസ്ഥാന സർക്കാർ ഇതിനെ 98 വില്ലേജുകളിലെ 8,590 ചതുരശ്ര കിലോമീറ്ററാക്കി കുറയ്ക്കണമെന്നും ജനവാസ മേഖലകളും കൃഷിയിടങ്ങളും തോട്ടങ്ങളും ഒഴിവാക്കി പരിസ്ഥിതി ലോല മേഖല പ്രധാനമായും വനഭൂമിയിൽ പരിമിതപ്പെടുത്തണമെന്നും ആവശ്യപ്പെട്ടിരുന്നു.

ഭൂപ്രകൃതി, കാടിന്റെ വ്യത്യസ്തത, ജലസ്രോതസ്സുകൾ, ചതുപ്പുകൾ, സൂക്ഷ്മ കാലാവസ്ഥാ ജൈവവൈവിധ്യം, ആവാസ വ്യവസ്ഥാ പ്രത്യേകതകൾ തുടങ്ങിയവ കണക്കിലെടുക്കാതെയുള്ള വികസനപ്രവർത്തനങ്ങളും വർധിച്ചുവരുന്ന റിയൽ എസ്റ്റേറ്റ് ബിസിനസ്സും ടൂറിസവും പശ്ചിമ മലനിരകളെ വല്ലാതെ ശോഷിപ്പിക്കുന്നു. ജൈവ വൈവിധ്യ സമ്പത്തായ പശ്ചിമഘട്ടത്തിനു കരുതൽ നൽകേണ്ടത് ജന ജീവിതത്തെ അനിശ്ചിതത്വത്തിലാക്കിയാകരുതെന്ന നിർബന്ധമുണ്ടാകണം.

കർഷകരുടെ ഭൂമിയും വീടുകളും ഉപജീവനവും സംരക്ഷിക്കപ്പെടുമെന്ന് വ്യക്തമായ ഉറപ്പ് നൽകാതെയുള്ള ഏതു നിയന്ത്രണവും നടപ്പാക്കുന്നത് സാമൂഹിക അസ്വസ്ഥത വർധിപ്പിക്കും. മറുവശത്ത്, നിയന്ത്രണങ്ങൾ ഒഴിവാക്കാനെന്ന പേരിൽ പ്രകൃതിയുടെ സംരക്ഷണ കവചം തന്നെ നീക്കിയാൽ അത് വരുത്തിവെക്കുന്ന പ്രകൃതി ദുരന്തങ്ങൾ സാധാരണ ജനങ്ങൾ തന്നെ വഹിക്കേണ്ടിവരും. ഒരോ ഗ്രാമത്തിന്റെയും ഭൂവിനിയോഗം, ജനസാന്ദ്രത, വനപരിധി, കൃഷിരീതി, ജലസ്രോതസ്സുകൾ, ദുരന്തസാധ്യത എന്നിവ പഠനവിധേയമാക്കി ശാസ്ത്രീയവും സുതാര്യവുമായ അതിർത്തി ഇഎസ്എയ്ക്കു വേണ്ടി  നിർണയിക്കപ്പെടണം.

ബാബു കദളിക്കാട്

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam