മാറുന്ന മലയാളി മനസ്

SEPTEMBER 3, 2026, 8:52 AM

മലയാളി മനസ് ഇത്രയധികം വിഷലിപ്തമാകുന്നത് എന്തുകൊണ്ടാണ്? മനുഷ്യർക്ക് എങ്ങിനെ ഇങ്ങനയൊക്കെ പെരുമാറാനാകും? ചുറ്റുപാടും നടക്കുന്ന പല സംഭവങ്ങളും ഇത്തരമൊരു ചോദ്യം പലരുടെയും മനസിൽ ഉയർത്തുന്നു. വികസിത, പരിഷ്‌കൃത സമൂഹമെന്നു കരുതുന്ന അമേരിക്കയിലും യൂറോപ്പിലുമൊക്കെ അരങ്ങേറുന്ന ചില ക്രൂരമായ കൊലപാതകങ്ങളും മറ്റും നമ്മുടെ മാധ്യമങ്ങളിലും വരാറുണ്ട്. അമേരിക്കയിൽ സ്‌കൂളുകളിൽ പോലും തോക്കുമായി എത്തുന്ന കുട്ടികൾ നിറയൊഴിച്ചു നിരവധിപേരെ വകവരുത്തുന്ന സംഭവങ്ങൾ നാം കേൾക്കാറുണ്ട്.

നമ്മുടെ നാട്ടിലാണെങ്കിൽ ഇതിനെയൊക്കെ വളർത്തദോഷമെന്നു പറഞ്ഞ് നാം വിമർശിക്കും. കൊലപാതകം കൊടിയ ക്രൂരതയാണല്ലോ. ക്രൂരമനസുള്ളവർക്കേ അതു ചെയ്യാനാവൂ. ചുരുക്കം ചില അവസരങ്ങളിൽ ക്ഷിപ്രകോപമോ പെട്ടെന്നുണ്ടാകുന്ന മാനസിക വിഭ്രാന്തിയോ ഒക്കെ കൊലപാതകത്തിലേക്കു നയിച്ചേക്കാം. എന്നാൻ അത്തരത്തിലൊരു സൂചനപോലും നൽകാത്തവർ പൊടുന്നനെ ചില കേസുകളിൽ പെടുമ്പോൾ എല്ലാവരും അത്ഭുതസ്തംബധരാകും. പിന്നീട് അവരെക്കുറിച്ചു പല കഥകളും വരും. ഇത്തരം ചില സംഭവങ്ങൾ കഥയ്ക്കും സിനിമയ്ക്കുമൊക്ക ഇതിവൃത്തം ആയിട്ടുണ്ട്.

പിടികിട്ടാപ്പുളളി സുകുമാരക്കുറുപ്പിനെ ബ്രൂണെയിൽ കണ്ടെന്ന കള്ളക്കഥ അടുത്തകാലത്ത് ആഭ്യന്തര മന്ത്രിയെയും കേരള പോലീസിനെയുമൊക്കെ ഏതാനും ദിവസം വട്ടംകറക്കി. അതു കുറുപ്പല്ലെന്നും നാലു പതിറ്റാണ്ടുമുമ്പു ബ്രൂണെയിലെത്തിയ മറ്റൊരു മലയാളി ആണെന്നും പിന്നീട് തിരിച്ചറിഞ്ഞു. 'ബ്രൂണെയിലെ കുറുപ്പിനെ' പിടികൂടാൻ ഇന്റർപോളിന്റെ സഹായം തേടാനിരിക്കുകയായിരുന്നു കേരള പോലീസ്. സുകുമാരക്കുറുപ്പ് കേരളത്തിന്റെ കുറ്റകൃത്യ ചരിത്രത്തിൽ നാലു പതിറ്റാണ്ടു പിന്നിട്ടൊരു കൗതുക കഥാപാത്രമായിരിക്കുന്നു.

vachakam
vachakam
vachakam

അമേരിക്കയിലെ കലിഫോർണിയയിൽ മലയാളികളായ മൂന്ന് വനിതാ സുഹൃത്തക്കൾ ഉൾപ്പെട്ട ഒരു കൊലപാതക കേസ് വലിയ ചർച്ചയ്ക്കു വിധേയമായത് അതിൽ ദുരൂഹതയുടെ അളവ് വളരെ അധികം ആയതുകൊണ്ടുകൂടിയാണ്. രണ്ടു പേർ കൊല്ലപ്പെട്ടു. കൊലപാതകം നടത്തിയത് മൂന്നാമത്തെ സുഹൃത്തും. സംഭവം നടക്കുന്നതിനു തൊട്ടുമുമ്പ് ഇവർ മൂവരും ഒരുമിച്ച് അവിടെ ഒരു ഓണപ്പരിപാടിയിൽ പങ്കെടുത്തിരുന്നു. മൂവരും സെറ്റുമുണ്ടുടുത്തു നിൽക്കുന്ന ചിത്രങ്ങളും ഉണ്ട്. 35 വയസുള്ള തൃശൂർ മുടിക്കോട്ട് തെക്കൂട്ട് അഞ്ജന ഹരി, 40 വയസുള്ള തിരുവനന്തപുരം കേശവദാസപുരം കാക്കനാട് ലെയ്‌നിൽ മറ്റത്ത് ആൻ മേരി മാത്യു എന്നിവരാണ് കൊല്ലപ്പെട്ടത്. കേസിൽ പ്രതി ഇവരുടെ ഉറ്റ സുഹൃത്തുകൂടിയായ ഈരാറ്റപേട്ട മൂന്നിലവ് തഴയ്ക്കവയൽ മാറാമറ്റം അനില ബേബി എന്ന 32കാരിയും. മൂവരും ഒരേ ഫ്‌ളാറ്റ് സമുച്ചയത്തിലാണ് താമസിച്ചിരുന്നത്.

ആൻ മേരി ഫ്‌ളാറ്റിൽ കുത്തേറ്റു മരിച്ചനിലയിലാണ് കാണപ്പെട്ടത്. അപ്പാർട്ടുമെന്റിന്റെ പാർക്കിംഗ് സ്ഥലത്തേക്ക് അഞ്ജനയെവിളിച്ചു വരുത്തിയശേഷം കാറിടിപ്പിച്ചു കൊല്ലുകയായിരുന്നു. ഇതിന് ദൃക്‌സാക്ഷികളുണ്ട്. സോഫ്റ്റ്‌വെയർ എൻജിനിയറാണ് അനില. ഭർത്താവും നാലു വയസുള്ള കുട്ടിയുമുണ്ട്. അമേരിക്കയിൽ തോക്കു കൈവശം വയ്ക്കുന്നതുമായി ബന്ധപ്പെട്ട നിയമം വലിയ വിവാദമുളവാക്കിയിരുന്നു. ഈ വർഷം ഓഗസ്സ്റ്റ് വരെ അമേരിക്കയിലെ വിദ്യാലയങ്ങളിൽ മാത്രം 39 വെടിവയ്പ് കേസുകളാണ് ഉണ്ടായതെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. ഇതിൽ 24 എണ്ണവും സ്‌കൂൾ പരിസരങ്ങളിലായിരുന്നു. കോളജുകളിൽ 12 വെടിവയ്പു കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ മൊത്തം 23 പേർ കൊല്ലപ്പെട്ടുവെന്നും 32 പേർക്കു പരിക്കേറ്റുവെന്നും സിഎൻഎൻ റിസർച്ച് വിഭാഗം സ്ഥിരീകരിക്കുന്നു. കോവിഡ് കാലത്ത് അല്പം കുറഞ്ഞുനിന്ന ഈ ക്രൂരത പിന്നീട് കുതിച്ചുകയറി. 2023ൽ വിദ്യാലയപരിസരങ്ങളിൽ നടന്ന വെടിവയ്പുകളുടെ എണ്ണം 84 ആയിരുന്നു. 2022ൽ ടെക്‌സസിലെ റോബ് എലിമെന്ററി സ്‌കൂളിൽ നടന്ന വെടിവയ്പിൽ 19 വിദ്യാർഥികളും രണ്ട് അധ്യാപകരും കൊല്ലപ്പെട്ടിരുന്നു.

ഓഗസ്റ്റ് 31 തിങ്കളാഴ്ചയാണ് അമേരിക്കയിലെ പ്രസിദ്ധമായ ടൈംസ് സ്‌ക്വയറിൽ ഒരു സ്ത്രീ കത്തിയുമായി താണ്ഡവമാടിയത്. ന്യൂയോർക്കിലെ തിരക്കേറിയ, കനത്ത സുരക്ഷാ സംവിധാനമുള്ള മേഖലയിലാണ് സംഭവം. അടുക്കളയിൽ ഉപയോഗിക്കുന്ന രണ്ടു കത്തികളുമായി തെരുവിലൂടെ കൊലവിളി നടത്തി പാഞ്ഞ 49 വയസുള്ള പാമല സിസ്‌നെറോസ് എന്ന സ്ത്രീ ബാങ്ക് ഓഫ് അമേരിക്കയിലെ ഒരു വിഭാഗത്തി്‌ന്റെ വൈസ് പ്രസിഡന്റായിരുന്ന 32 വയസുള്ള എറിൻ പിയസെന്റിയെ കൊലപ്പെടുത്തി. മറ്റൊരു വയോധികനെ ഗുരുതരമായി പരിക്കേല്പിച്ചു. ഇതിനു ശേഷവും കത്തിയുമായി പോലീസിനു നേരെ പാഞ്ഞടുത്ത ഇവർ അവരെയും ആക്രമിക്കാൻ മുതിർന്നു. തുടർന്ന് വെടിവച്ചുവീഴ്ത്തുകയായിരുന്നു. ഓഗസ്റ്റ് 31ന് വൈകുന്നേരമായിരുന്നു സംഭവം. റോഡ് കുറുകെ കടക്കാനായി ഭാര്യയക്കൊപ്പം നിന്ന വയോധികനെയാണ് ആദ്യം കുത്തിവീഴ്ത്തിയത്. ഇതുവഴി നടന്നു നീങ്ങിയ എറിനും പമേലേയുടെ കത്തിക്ക് ഇരയായി. വിവാഹമോചിതയും മൂന്നു കുട്ടികളുടെ മാതാവുമായ പമേല മാനസികാസ്വാസ്ഥ്യത്തിന് ചികിത്സ തേടിയിരുന്നതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

ക്രൂരതയുടെ നെഞ്ചുലയ്ക്കുന്ന ഇത്തരം നിരവധി സംഭവങ്ങൾ നമ്മുടെ നാട്ടിലും നടക്കുന്നു. വിദേശത്തുള്ള മലയാളികളുടെ ഇടയിലും ക്രൂരമായ കൊലപാതകങ്ങൾ അപൂർവമല്ലാതായിരിക്കുന്നു. മലയാളിയുടെ മാനസികാരോഗ്യത്തിലും സ്വഭാവരീതികളിലും പ്രകടമായ ചില മാറ്റങ്ങൾ വന്നിരിക്കുന്നു. മറ്റുള്ളവരുടെ ഉയർച്ചയിലുള്ള അടങ്ങാത്ത അസൂയ മലയാളിയുടെ മുഖമുദ്രയാണ്. അപവാദ പ്രചാരണത്തിലും നമ്മൾ മുന്നിൽതന്നെ. കാര്യങ്ങളുടെ നിജസ്ഥിതി മനസിലാക്കാതെ കേട്ടുകേൾവി പ്രചരിപ്പിക്കുന്ന സ്വഭാവവും നമുക്കുണ്ട്. പരദൂഷണം വൈറലാക്കാൻ മലയാളിക്കുള്ള മികവ് കഥകളിലും നോവലുകളിലും സിനിമകളിലുമൊക്കെ രസകരമായി അവതരിപ്പിച്ചിട്ടുണ്ട്. ഏതെങ്കിലുമൊരു സംഭവം കാതോടു കാതോരം പകർന്ന് വൈറലാക്കുന്ന സാമർഥ്യം സമൂഹ മാധ്യമങ്ങളുടെ വരവിനു മുമ്പുതന്നെ മലയാളി സ്വായത്തമാക്കിയിരുന്നു.

കാരുണ്യ പ്രവർത്തന രംഗത്തും മലയാളികൾ മാതൃകയാണ്. ഉത്തരേന്ത്യയിലും വിദേശത്തുമൊക്കെ മലയാളികളുടെ കാരുണ്യ കരങ്ങൾ ഏറെ സേവനം ചെയ്തിട്ടുണ്ട്, ഇപ്പോഴും ചെയ്തുപോരുന്നു. കേരളത്തിലും എത്രയോ കാരുണ്യഭവനങ്ങളാണ് പ്രവർത്തിക്കുന്നത്. മത, സാമൂദായിക സംഘടനകൾമാത്രമല്ല, വ്യക്തികളും ഇത്തരം മികച്ച സ്ഥാപനങ്ങൾക്കു നേതൃത്വം നൽകുന്നു. ക്രൂരതയുടെ കഥകൾ ഏറെയുള്ളപ്പോഴും ഇത്തരം കാരുണ്യകഥകളും നമുക്കു വിസ്മരിക്കാനാവില്ല. എങ്കിലും സമീപകാലത്ത് മലയാളി മനസിനുണ്ടാകുന്ന ഇടർച്ച കൂടുതൽ ഗൗരവത്തോടെ കാണേണ്ടിയിരിക്കുന്നു. അതൊരു ആഗോള പ്രതിഭാസമായി കണ്ട് അവഗണിക്കാനാവില്ല. അമേരിക്കയിലും യൂറോപ്പിലുമൊക്കെ ഇത്തരം കുറ്റകൃത്യങ്ങൾ ഏറെ നടക്കുന്നുണ്ടല്ലോ എന്നതൊരു ഒഴികഴിവല്ല.

ഏതു സമൂഹത്തിനും അവരുടേതായൊരു സാമൂഹ്യ വീക്ഷണവും സാംസ്‌കാരിക പശ്ചാത്തലവുമുണ്ടാകും. അതു ജനതയുടെ സ്വഭാവത്തിലും പ്രതിഫലിക്കും. പുഴുക്കുത്തുകൾ ഏതു സമൂഹത്തിലും ഉണ്ടാകും. അതു കണ്ടെത്താനും നിയന്ത്രിക്കാനുമാണല്ലോ നമുക്കു ഭരണകൂടങ്ങളും അതിന്റെ ഭാഗമായ നിരവധി സംവിധാനങ്ങളുമുള്ളത്. കേവലം ക്രമസമാധാന പ്രശ്‌നം മാത്രമല്ല കുറ്റകൃത്യങ്ങൾ. മാനസികാരോഗ്യവും പെരുമാറ്റ രീതികളുമൊക്കെ മനുഷ്യരുടെ സാമൂഹിക ജീവിതത്തെയും വ്യക്തിജീവിതത്തെയും സ്വാധീനിക്കും.  

vachakam
vachakam
vachakam

ക്രൂരതയുടെയും മനുഷ്യത്വമില്ലായ്മയുടെയും നിരവധി സംഭവങ്ങളാണ് നമുക്കു ചുറ്റും ദിവസേനയെന്നോണം അരങ്ങേറുന്നത്. കൗമാരക്കാർപോലും ഇത്തരം കൊടും ക്രൂരത കാട്ടാൻ മടിക്കുന്നില്ല. എങ്ങിനെയാണ് ഇളം മനസിലേക്കും യുവതയുടെ ഇടയിലുമൊക്കെ ഇത്തരം ദുഷ്ടവിചാരങ്ങൾ കടന്നുകയറുന്നത്?അതു കണ്ടെത്തി പരിഹാരം കാണാൻ സമൂഹത്തിനും ഉത്തരവാദിത്വമുണ്ട്. ആലപ്പുഴ കരുവാറ്റയിൽ കഴിഞ്ഞ മാസം ഒരു വയോധികനെ പതിമൂന്നുകാരിയും മൂന്നു സുഹൃത്തുക്കളും ചേർന്നു കൊലപ്പെടുത്തിയ സംഭവം കൗമാര മനസിന്റെ ക്രിമിനൽ ചിന്തകളും കൊലപാതകം പോലൊരു കുറ്റകൃത്യത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള അജ്ഞതയും വ്യക്തമാക്കുന്നുണ്ട്. ഇതിനു പിന്നിൽ മറ്റു ചില കാരണങ്ങളും പറയപ്പെടുന്നുണ്ടെങ്കിലും പോലീസ് നൽകുന്ന വിവരങ്ങൾ ഉൾപ്പെടെ വിലയിരുത്തുമ്പോൾ നമ്മുടെ കൗമാരക്കാരുടെ മനോഗതിയിൽ വന്നിട്ടുള്ള മാറ്റങ്ങളെക്കുറിച്ചുള്ള ഉത്കണ്ഠ വർധിക്കുന്നു.

പതിമൂന്നു വയസുള്ള ഒരു പെൺകുട്ടി തനിക്കൊരു മൊബൈൽ ഫോൺ സ്വന്തമാക്കാൻ ഇത്തരമൊരു ക്രൂരകൃത്യത്തിനു കളമൊരുക്കുമെന്നു കരുതാൻ ബുദ്ധിമുട്ടാവും. പെൺകുട്ടിയുടെ സുഹൃത്തും മറ്റു മൂന്നുപേരുംകുടി ഈ ക്രൂരതയ്ക്കു കൂട്ടുനിന്നതോടെ കവർച്ചയും അതിന്റെ തുടർച്ചയായുള്ള കൊലപാതകവും അരങ്ങേറി. എല്ലാവരും കൗമാരക്കാർ തന്നെ. അതുകൊണ്ട് പ്രായപൂർത്തിയാകാത്തവർ എന്ന സംരക്ഷണം നിയമപരമായി ഇവർക്കു ലഭിച്ചേക്കാം. അവരുടെ ചിത്രമോ തിരിച്ചറിയുന്ന മറ്റു വിവരങ്ങളോ മാധ്യമങ്ങൾക്കു നൽകാനുമാവില്ല. കൊലപാതകത്തിന്റെ ദൃശ്യങ്ങൾ അതു നടപ്പാക്കിയ ആൺകുട്ടികളിലൊരാൾ ലൈവായി പെൺകുട്ടിക്കു നൽകിയതായും പറയപ്പെടുന്നു.

സംഭവം നടന്ന വീടിനെക്കുറിച്ചു നന്നായി അറിയാവുന്ന ആളുകളാണ് മോഷണത്തിനും കൊലപാതകത്തിനും പിന്നിലെന്ന് ആദ്യമേ തന്നെ പോലീസിനു മനസിലായിരുന്നു. സംഭവസ്ഥലത്തെത്തിയ പെൺകുട്ടിയടെ പെരുമാറ്റവും ഈ സംശയം ഉറപ്പിച്ചു. കുറ്റകൃത്യം പ്ലാൻ ചെയ്തു നടപ്പാക്കുന്നതിന്റെ മികവിന് അപ്പുറമുള്ള ചില കാര്യങ്ങൾ അതു പുറത്തുകൊണ്ടുവരുമെന്ന സാമാന്യതത്വം മനസിലാക്കാൻ പക്ഷേ ആ കൗമാരബുദ്ധിക്കു കഴിഞ്ഞില്ല. മോഷണമായിരുന്നു ലക്ഷ്യമെന്ന് പിടിയിലായ മൂന്ന് ആൺകുട്ടികളും പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.

ഈ കുട്ടികളുടെ ജീവിതസാഹചര്യങ്ങളും കുടംബബന്ധങ്ങളും ഒക്കെ വിലയിരുത്തിയാൽ മാത്രമേ അവർ ഇത്തരം കെണികളിൽ പെട്ടുപോകുന്നതിന്റെ കാരണം കണ്ടുപിടിക്കാനാവൂ. തങ്ങളുടെ പദ്ധതികളെല്ലാം പൊളിഞ്ഞതോടെ പെൺകുട്ടി പോലീസിനോടു ചില കാര്യങ്ങൾ വെളിപ്പെടുത്തിയിരുന്നു. മാതാപിതാക്കളിൽനിന്ന് തനിക്കു സനേഹം കിട്ടിയിട്ടില്ലെന്നാണ് പെൺകുട്ടി പൊട്ടിക്കരഞ്ഞുകൊണ്ടു പറഞ്ഞത്. സ്‌പൈഡർ എന്നൊരു സിനിമയുടെ സ്വധീനം കൊലപാതകത്തിൽ ഉണ്ടായതായും പ്രതികൾ പോലീസിനോടു പറഞ്ഞിട്ടുണ്ട്. ആൺകുട്ടികൾ മൂന്നുപേർക്കും 16വയസ് കഴിഞ്ഞതിനാൽ ഇവരെ കുട്ടിക്കുറ്റവാളികളായി കണക്കാക്കാതെ കേസ് വിചാരണ ചെയ്യണമെന്നാണ് പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്.

മൊബൈൽ ഫോണിന്റെ അമിതോപയോഗം വിലക്കിയതിന്റെ പേരിൽ കൊല്ലം ആയൂരിൽ രക്ഷിതാക്കളോടുള്ള പക തീർക്കാൻ പതിനേഴുകാരി മുറിക്കുള്ളിലെ ഫാനിൽ ജീവനൊടുക്കാൻ ശ്രമിച്ചത് ഇക്കഴിഞ്ഞ മാസമാണ്. പുലർച്ചെ നാലുമണികഴിഞ്ഞും കുട്ടി മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് മാതാവ് വിലക്കി. അതോടെ കോപാകുലയായ മകൾ കത്തിയെടുത്ത് ഭീഷണിപ്പെടുത്തി. തുടർന്ന് വീട്ടുകാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസ് ഉടൻ സ്ഥലത്തെത്തി. ഇതിനകം മുറിയടച്ച് പെൺകുട്ടി ജീവനൊടുക്കാൻശ്രമിച്ചു. വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തു കയറിയ എസ്‌ഐയും വനിതാ ഹോം ഗാർഡും ചേർന്ന് ഷാൾ അറുത്ത് കുട്ടിയെ താഴെയിറിക്കി സിപിആർ കൊടുത്ത് ജീവൻ രക്ഷിച്ചു.

പാലക്കാട് മുതലമടയിൽ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ മോശം കമന്റ് ഇട്ടതിന്റെപേരിൽ പ്ലസ്ടു വിദ്യാർഥിയും പൂർവവിദ്യാർഥികളും തമ്മിലുണ്ടായ സംഘർഷത്തിൽ വിദ്യാർഥിയുടെ അച്ഛനും രണ്ടു ബന്ധുക്കൾക്കും കുത്തേറ്റതും ഇക്കഴിഞ്ഞ  മാസംതന്നെ. ഹോസ്റ്റലിൽ ലഹരി ഉപയോഗിക്കുന്ന വിവരം അധ്യാപകരെ അറിയിച്ചതിന്റെ പ്രതികാരമായി സഹപാഠിയെ വിദ്യാർഥികൾ ക്രൂരമായി മർദിച്ചെന്ന പരാതി ഉയർന്നത് തൊടുപുഴയിൽനിന്ന്. മൊബൈൽ ഫോൺ ആൻഡ് ലാപ്‌ടോപ് സർവീസ് കോഴ്‌സിനു പഠിക്കുന്ന വിദ്യാർഥികളാണ് ഇവർ. സ്ഥാപന അധികൃതർ സജ്ജമാക്കിയ വീടാണ് ഹോസ്റ്റലായി പ്രവർത്തിച്ചിരുന്നത്. സ്ഥിരമായി ലഹരി മരുന്ന് ഉപയോഗിക്കുന്ന ഏതാനും വിദ്യാർഥികൾ ഇക്കൂട്ടത്തിലുണ്ടായിരുന്നു.

ഓപ്പറേഷൻ തൂഫാൻ പോലുള്ള പദ്ധതികൾ വലിയ പ്രതീക്ഷ നൽകുമ്പോഴും ലഹരിയുടെ അടിവേരുകൾ പലതും അറത്തുമാറ്റാൻ ഇനിയും കഴിഞ്ഞിട്ടില്ല. തൊടുപുഴ ഇടവെട്ടിയിൽ ഒറ്റയ്ക്കു താമസിക്കുന്ന മകന് കഞ്ഞിവച്ചുകൊടുക്കാൻ പോയ അമ്മയെ അയാൾ തടിക്കഷണം കൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തി. ഇയാൾ മദ്യത്തിന് അടിമയായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. കരുവാറ്റയിലും തൊടുപുഴയിലും പാലക്കാട്ടുമൊക്കെ നടന്ന സംഭവങ്ങളും അതിനുമുമ്പും പി്ന്നീടും നടക്കുന്ന സമാന സംഭവങ്ങളും നമ്മുടെ ആരുടെയും കാര്യമല്ലല്ലോ എന്ന ചിന്തയിൽ അവഗണിച്ചു കടന്നുപോവുകയാണു നാം. കണ്ണടച്ച് ഇരുട്ടാക്കാനും കണ്ടിട്ടും കാണാതെ കടന്നുപോകാനും നമുക്കാവും. പക്ഷേ ആ ഇരുട്ട് സമൂഹഗാത്രത്തിൽ അടിമുടി പടരുമ്പോൾ നമ്മളും ഒരുനാൾ ഇരുട്ടിൽ തപ്പേണ്ടിവരില്ലേ?

സ്വത്തുതർക്കത്തെത്തുടർന്ന് മകനും കൂട്ടുകാരും കൂടി പിതാവിനെ തട്ടിക്കൊണ്ടുപോയി മാനസികാരോഗ്യ കേന്ദ്രത്തിലാക്കിയ സംഭവം നടന്നതും കേരളത്തിൽതന്നെ. കഴിഞ്ഞ ജൂലൈയിൽ. സഹോദരിയുടെ പരാതിയിലായിരുന്നു പോലീസ് നടപടി. കുടുംബവഴക്കിൽ ഭാര്യയ്ക്കുവേണ്ടി കോടതിയിൽ ഹാജരായ അഭിഭാഷക ദമ്പതിമാരുടെ വീടു കയറി എതിർകക്ഷിയായ ഭർത്താവും ബന്ധുവും നടത്തിയ ആക്രമണത്തിൽ കുത്തേറ്റ വയോധികൻ മരിച്ച സംഭവം നടന്നത് കൊച്ചി എളങ്കുന്നപ്പുഴയിൽ. ഭാര്യയ്ക്കുവേണ്ടി ഹാജരായ അഭിഭാഷകന്റെ പിതാവാണ് മരിച്ചത്.

നിർഭയ കേസിന്റെ അപമാനം രാജ്യം ഇനിയും മറന്നിട്ടില്ല. യുപിയിലെ ഗ്രേറ്റർ നോയിഡയിൽ 16 വയസുള്ള സ്‌കൂൾ വിദ്യാർഥിനി ബസിൽ പീഡിപ്പിക്കപ്പെട്ടത് ഇക്കഴിഞ്ഞ മാസമാണ്. ഹൈദരാബാദിൽ  21 വയസുള്ള നഴ്‌സ്പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടതും അടുത്തകാലത്താണ്. ഒറ്റപ്പെട്ടതന്നു പറഞ്ഞ് വിസ്മരിക്കാനാവില്ല ഇതൊന്നും.

കാലിഫോർണിയയിലായാലും കരുവാറ്റയിലായാലും നമ്മുടെ കുട്ടികളും യുവജനങ്ങളും കൊടിയ ക്രിമിനൽ സംഭവങ്ങളിൽ ഉൾപ്പെടുമ്പോൾ അതിനു പിന്നിൽ പല കാരണങ്ങളും ഉണ്ടാവും. അതിൽ പലതും എത്ര നിസാരമെന്നു നമുക്കു തോന്നിയേക്കാം. പക്ഷേ ചില നേരങ്ങളിൽ ചില മനുഷ്യരുടെ മനസിൽ രൂപപ്പെടുന്ന ചിന്തകളും വികാരങ്ങളും അതിന്റെ ഭാഗമായി എടുക്കുന്ന വികലമായ തീരുമാനങ്ങളും അവരെ മാത്രമല്ല മറ്റു പലരെയും തീരാദുഖത്തിലേക്കു തള്ളിവിടും.

സെർജി ആന്റണി

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam