ചാവേർ എന്നതു മലയാളത്തിൽ ഒരുപാടു കാലം മുമ്പേ നടപ്പുള്ള വാക്കാണ്. വടക്കൻ പാട്ടുകളിൽ പ്രതാപികളായ അങ്കച്ചേകവർമാരെപ്പറ്റി പറയുന്നുണ്ട്. തച്ചോളി ഒതേനനും ആരോമൽ ചേകവരും പേരുകേട്ട യോദ്ധാക്കൾ. എന്നാൽ അവരൊക്കെയും ചാവേർപടയാളികൾ തന്നെ. അവരിലാരും പോരാടിയത് തങ്ങളുടെ വ്യക്തിതാല്പര്യങ്ങൾക്കു വേണ്ടി ആയിരുന്നില്ല. പലർക്കായി അവർ അങ്കത്തിനു പുറപ്പെട്ടു. അടരാടി ജയിച്ചു വീറോടെ വീട്ടിലെത്തി.
അല്ലെങ്കിൽ തോറ്റു പച്ചോലയിൽ പൊതിഞ്ഞു ജഡമായി തിരിച്ചെത്തി. അതാണ് അവരുടെ നിയോഗം. പോരാടുക; ചത്തും കൊന്നും ജീവിക്കുക. അതേപ്പറ്റിയാണ് വടക്കൻ പാട്ടുകൾ എഴുതിയ കവികൾ വർണിച്ചത്. മലബാറിൽ വടകരയും പാനൂരും നാദാപുരവും അടക്കമുള്ള ഒരു ദേശത്താണ് വടക്കൻ പാട്ടുകളിലെ പോരാളികൾ വിരാജിച്ചത്. അവരുടെ പേരിലുള്ള കാവുകളും ക്ഷേതങ്ങളും ഇന്നും ആ നാട്ടിലുണ്ട്. അവരുടെ ഇതിഹാസങ്ങൾ നാട്ടുകാർ ഇന്നും ഓർമിക്കുന്നുണ്ട്.
എന്നാൽ കാലാന്തരത്തിൽ ചാവേർ എന്നതു അത്രയൊന്നും അഭിമാനജനകമല്ലാത്ത ഒരു തൊഴിലായി മാറി എന്നതാണ് സത്യം. കാരണം യുദ്ധത്തിൽ നീതിയും സത്യവും ഇല്ലാതായി. പോരാളികൾ കാശു കിട്ടുന്ന മുറയ്ക്ക് പോരിന് ഇറങ്ങുന്ന അവസ്ഥയായി. അതോടെ അവരെ പാടിപുകഴ്ത്താൻ, അവരുടെ ഐതിഹ്യങ്ങൾ വർണിക്കാൻ നാട്ടിൽ ആരുമില്ലാതെയായി. വടക്കൻ പാട്ടുകളുടെ പാരമ്പര്യം കുറ്റിയറ്റുപോയി.
എന്നാൽ ചാവേർ പരിപാടി ഇല്ലാതെയായില്ല. പഴയ കാലത്തു നാടുവാഴി പ്രഭുക്കളുടെ അഭിമാനം സംരക്ഷിക്കാനാണ് പല ചാവേർപടയാളികളും ജീവൻ വെടിഞ്ഞത്. പക്ഷേ സമീപകാലത്തു രാഷ്ട്രീയ പാർട്ടികളുടെ താൽപര്യം സംരക്ഷിക്കാനായി ചാവേറുകൾ രംഗത്തിറങ്ങി. പഴയ ചാവേറുകളുടെ വിഹാരഭൂമിയായ വടക്കെ മലബാറിൽ തന്നെയാണ് അവരും രംഗത്തിറങ്ങിയത്. കഴിഞ്ഞ പത്തുനാല്പതു കൊല്ലമായി സ്ഥിരമായി കണ്ടുവന്ന ഒരു പ്രതിഭാസമായിരുന്നു ഇത്. പക്ഷേ വടക്കൻ പാട്ടുകളിൽ വർണിച്ച പോരാട്ട രീതിയല്ല തലശേരിയിലെ രാഷ്ട്രീയ പോരാട്ടങ്ങളിൽ കണ്ടത്.
അതു പലപ്പോഴും ഒരു ഒളിപ്പോരിന്റെ രീതിയിലാണ് നടത്തപ്പെട്ടത്. ശത്രുവിനെ സംഹരിക്കാൻ ഒളിച്ചുനിൽക്കും. കക്ഷി വരുന്നതോടെ വാളും കുന്തവും ബോംബുമായി ചാടി വീഴും. നിമിഷങ്ങൾക്കകം കൃത്യം നിർവഹിക്കും. പിന്നെ, വാഹനങ്ങളിൽ കയറി സ്ഥലം കാലിയാക്കും. പിന്നീടുള്ള ചുമതലകൾ ബന്ധപ്പെട്ട പാർട്ടിയുടെ നേതാക്കളുടേതാണ്.
അവർ ചാവേറുകളെ ഒളിപ്പിക്കാനായി സുരക്ഷിതകേന്ദ്രങ്ങൾ ഒരുക്കി വെച്ചിരിക്കും. അതിനായി സ്ഥിരം സംവിധാനങ്ങളുണ്ട്. ഭക്ഷണം, മദ്യം, വൈകുന്നേരങ്ങളിലെ നേരംപോക്ക്, സ്ത്രീസേവ ഇങ്ങനെ പോരാളികൾക്ക് എന്തൊക്കെ വേണോ അതൊക്കെ സുലഭമായി ലഭ്യമാകും. കേസൊക്കെ പാർട്ടി നടത്തും. പലപ്പോഴും ഒറിജിനൽ പ്രതികളെ ഒളിപ്പിച്ചു വ്യാജ പ്രതികളെ ഹാജരാക്കുന്ന രീതിയുമുണ്ട്. ഭരണം കയ്യിലുള്ള പാർട്ടിയാണെങ്കിൽ പോലീസും അതിനു കൂട്ടുനിൽക്കും. അതിന്റെ ഗുണം എന്തെന്നാൽ, കോടതിയിൽ കേസ് വരുമ്പോൾ പ്രതിയായി ഹാജരാക്കപ്പെട്ട കക്ഷി കുറ്റം ചെയ്തതായി തെളിയിക്കാൻ പ്രയാസമാകും.
കാരണം കോടതിക്ക് വേണ്ടത് തെളിവുകളാണ്. അവ ശാസ്ത്രീയമായി ബോധ്യപ്പെടുത്താനും സാധ്യമാകണം. സംഭവം കഴിഞ്ഞു കൊല്ലങ്ങൾക്കു ശേഷം കേസ് കോടതിയിൽ വിചാരണയ്ക്കു വരുമ്പോൾ തെളിവുകൾ മാഞ്ഞുപോയിരിക്കും. മിക്ക കേസുകളിലും പ്രതികൾ രക്ഷപ്പെട്ടു പോകും. അതേസമയം, ഒറിജിനൽ പ്രതികൾ സാമൂഹിക സേവകരും ജനപ്രതിനിധികളും മന്ത്രിമാരും ഒക്കെയായി വിലസുന്നുണ്ടാവും. ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിലും അങ്ങനെ ചില കൊലക്കേസ് പ്രതികൾ എം.എൽ.എമാരും മറ്റുമായി ജയിച്ചു നാട്ടിൽ വിലസുന്നുണ്ട്.
എന്നിരുന്നാലും ഈ കൂട്ടരെപ്പോലും വെറും കൂലിക്കൊലയാളികൾ എന്നുപറഞ്ഞു തള്ളിക്കളയാൻ പറ്റുകയില്ല. തങ്ങളുടെ രാഷ്ട്രീയ കക്ഷികളുടെ കൂലിത്തല്ലു പരിപാടി മാത്രമേ അവർ ഏറ്റെടുക്കുകയുള്ളൂ. പുറം കരാറുകൾ ഏൽക്കാറില്ല. അവർ വിശ്വസിക്കുന്നത്, തങ്ങൾ മഹത്തായ ഒരു ആദർശത്തിന്റെ സംരക്ഷകരും അതിന്റെ പോരാളികളും ഒക്കെയാണെന്നാണ്. അതിനാൽ തങ്ങളടേത് മഹത്തായ സാമൂഹിക സേവനമാണെന്നും ജനസമൂഹം തങ്ങളോടു കൃതജ്ഞത ഉള്ളവരായി നിലനിൽക്കുമെന്നും അവർ കരുതുന്നു. ജനം എന്തു കരുതുന്നു എന്ന കാര്യത്തിൽ ഉറപ്പില്ല.
എന്നാൽ ബന്ധപ്പെട്ട പാർട്ടിക്കാർ അവരോടു നന്ദിയുള്ളവർ തന്നെയാണ്. ടി.പി. ചന്ദ്രശേഖരനെ അമ്പത്തൊന്നു വെട്ടുവെട്ടി കൊല ചെയ്ത സംഘം മുടക്കോഴി മലമുകളിൽ സകലമാന സുഖസൗകര്യങ്ങളും അനുഭവിച്ചു കൊണ്ടാണ് നാളുകൾ കഴിച്ചത്. പോലീസ് അവരെ പിടിച്ചു കേസാക്കി. കോടതി ശിക്ഷിച്ചിട്ടും ഒരു കുലുക്കവും അവരിൽ ആർക്കും ഉണ്ടായില്ല. കാരണം അവരുടെ പാർട്ടിയുടെ സംരക്ഷണം. ജയിലിൽ പോലും ഒന്നിനും ഒരു കുറവും അവർക്ക് ഉണ്ടായില്ല. അവരുടെ പരാതി കേൾക്കാൻ പോളിറ്റ് ബ്യൂറോ മെമ്പർ വരെ തൃശൂർ ജയിലിലേക്ക് പാഞ്ഞെത്തിയ സംഭവം കേരളം കണ്ടതാണ്. അവരുടെ വീടുകളിൽ വിവാഹമായാലും ചരമമായാലും മറ്റെന്തു വിശേഷമായാലും നേതാക്കൾ അവിടെ പാഞ്ഞെത്തും.
അതൊക്കെ ജനാധിപത്യ രാഷ്ട്രീയത്തിന്റെ രീതി. ക്രിമിനലുകൾ ഇല്ലാതെ എന്തു ജനാധിപത്യം? ബൂത്ത് പിടിക്കാനും കള്ളവോട്ടു ചെയ്യാനും ഗാന്ധിയന്മാർ വിചാരിച്ചാൽ സാധ്യമാവില്ല. അതിനൊക്കെ വിദഗ്ദ്ധർ തന്നെ വേണം. അതിനാൽ ക്രിമിനലുകൾക്കു തൊഴിലില്ലായ്മ എന്ന പ്രശ്‌നം നമ്മുടെ നാട്ടിൽ ഉദിക്കുന്നില്ല.
ഇതൊക്കെയാണെങ്കിലും ഈയിടെ കേരളത്തിൽ കരിമണൽ കർത്തായുടെ വീട്ടിലും ഓഫീസുകളിലും എൻഫോഴ്‌സ്‌മെന്റ് റെയ്ഡ് നടന്നപ്പോൾ ഉണ്ടായ സംഭവങ്ങൾ ക്രിമിനൽ പൊളിറ്റിക്കൽ ബന്ധത്തിന്റെ പുതിയ ഒരു തലം തന്നെയാണ് കാണിച്ചു തന്നത്. കർത്താവ് കേരളത്തിലെ കരിമണൽ ലേലം വിളിച്ചെടുത്തു കച്ചവടം ചെയ്യുന്ന ബിസിനസ്സുകാരനാണ്. കരിമണൽ സ്വർണം പോലെ അമൂല്യമാണ്. മോണോസൈറ്റും ഇൽമനൈറ്റും അടക്കം പലവിധ ധാതുക്കൾ അവയിലുണ്ട്. അവയുടെ വാണിജ്യമൂല്യം വലുതാണ്. അതിനാൽ കർത്താവും കമ്പനിയും കോടികൾ കൊയ്യുന്നു. അതിൽ നിന്നും പലർക്കും കയ്യയച്ചു അദ്ദേഹം കൊടുക്കാറുമുണ്ട്.
രാഷ്ട്രീയക്കാരും ജാതിമത നേതാക്കന്മാരും സാംസ്‌കാരിക നായകരും എന്തിനു ചില പത്രക്കാർ പോലും അദ്ദേഹത്തിൽ നിന്നും പണം കൈപ്പറ്റിയിട്ടുണ്ട്. അതൊക്കെ ഡയറിയിൽ എഴുതി വെച്ചിട്ടുമുണ്ട്. എല്ലാ പാർട്ടിയുടെ നേതാക്കളുടെ പേരും ലിസ്റ്റിലുണ്ട്.
എന്നിട്ടും കരിമണൽ കർത്താവിന്റെയും ഇടപാടുകാരുടെയും വീട്ടിലും മറ്റും ഇ.ഡി റെയ്ഡ് നടന്നപ്പോൾ ഒരു പാർട്ടി മാത്രമാണ് അതിൽ പ്രതിഷേധിച്ചു തെരുവിലിറങ്ങിയത്. അത് ഇന്നലെവരെ കേരളം ഭരിച്ച സി.പി.ഐ(എം) എന്ന പാർട്ടിയാണ്.
അവർ കണ്ണൂരിലെ പിണറായി മുതൽ തിരുവനന്തപുരം ബേക്കറി ജങ്ഷൻ വരെ തെരുവിൽ ഇറങ്ങി. മാത്രമല്ല, ഇ.ഡി ഓഫീസർമാരെയും അവർ വന്ന വാഹനത്തെയും ആക്രമിക്കുകയും ചെയ്തു. എന്തിന്? തങ്ങളുടെ നേതാവ് പിണറായി വിജയനെതിരെയുള്ള നീക്കം എന്നാണ് അവരുടെ ഭാഷ്യം. എന്നാൽ റെയ്ഡിന് വന്ന ആരും തന്നോട് ഒരു വാക്കുപോലും ചോദിച്ചില്ല എന്നാണ് പിണറായി വിജയൻ തന്നെ പറഞ്ഞത്.
അവർക്കു വേണ്ടത് വീട്ടിൽ താമസിക്കുന്ന മറ്റൊരു വ്യക്തിയെയാണ്. അത് പിണറായിയുടെ മകളാണെന്നത് ശരി; പക്ഷേ കർത്താവിന്റെ ബിസിനസ്സ് പങ്കാളിയുമാണ്. അപ്പോൾ ബിസിനസ്സ് കേസുകളിൽ കൊട്ടേഷൻ എടുക്കുന്ന പരിപാടിയും പാർട്ടി ആരംഭിച്ചു കഴിഞ്ഞുവോ എന്നൊരു സംസാരം നാട്ടിൽ പരക്കുന്നുണ്ട്. കർത്താവിന്റെ കാര്യമായതിനാൽ പണത്തിനു പഞ്ഞമുണ്ടാവില്ലെന്ന് ആർക്കാണ് അറിയാത്തത്?
എൻ.പി. ചെക്കുട്ടി
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
