രൂപയുടെ ഇടിവ് ഓര്‍ത്ത് ആകുലരാകാതെ അവസരം മുതലാക്കൂ

FEBRUARY 19, 2025, 3:54 AM

ലോക കറന്‍സികള്‍ അമേരിക്കന്‍ ഡോളറിനെതിരെ ഇടിയുമ്പോള്‍ ഇന്ത്യന്‍ രൂപയുടെ ഇടിവും തുടര്‍ക്കഥയാവുകയാണ്. ഈ സന്ദര്‍ഭത്തില്‍ നാം ഭയപ്പെടുകയല്ല വേണ്ടത്. ആ ഇടിവില്‍ നിന്ന് പരമാവധി ലാഭം കൊയ്യാനുള്ള അവസരം കണ്ടെത്തുകയാണ് വേണ്ടതെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. കേരളത്തെ സംബന്ധിച്ച് വലിയ നേട്ടങ്ങള്‍ക്കുള്ള അവസരമാണ് ഇത് തുറക്കുന്നത്.

റബ്ബര്‍, കുരുമുളക്, ഏലം, ജാതി, ഗ്രാമ്പൂ, വാനില, കറിപ്പൊടികള്‍, മസാലപ്പൊടികള്‍, പച്ചക്കറികള്‍, ഭക്ഷ്യവസ്തുക്കള്‍, എണ്ണയും എണ്ണയുടെ സംയുക്തങ്ങളും, കശുവണ്ടി, തേയില, കാപ്പി, മത്സ്യം, മാംസം, കയര്‍, കരകൗശലമേഖല, ധാന്യങ്ങള്‍ എന്നിങ്ങനെയുള്ള എല്ലാ മേഖലയിലും ചെറിയതോതിലോ വലിയ തോതിലോ കയറ്റുമതി നടത്തുന്ന എല്ലാ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഇതിന്റെ ഗുണഫലം കിട്ടും. വിദേശത്ത് ജോലി ചെയ്ത് വിദേശ നാണ്യം സമ്പാദിക്കുന്ന ലക്ഷകണക്കിന് മലയാളികള്‍ അവരുടെ വരുമാനം നാട്ടിലേക്ക് അയയ്ക്കുമ്പോള്‍ വന്‍തോതില്‍ മൂല്യ വര്‍ദ്ധനവാണ് അവര്‍ക്ക് ലഭിക്കുന്നത്.

വിദേശത്ത് ബിസിനസോ വ്യവസായമോ പ്രൊഫഷനോ നടത്തുന്ന ഏതൊരാള്‍ക്കും സര്‍വീസ് മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും ലഭിക്കുന്ന പണം ഇന്ത്യന്‍ രൂപയിലേക്ക് മാറ്റി അയക്കുമ്പോള്‍ വലിയ വര്‍ദ്ധനവാണ് ലഭിക്കുക. ജനസംഖ്യയുടെ മൂന്നിലൊന്ന് പ്രവാസികളായി പണിയെടുക്കുന്ന കേരളത്തെ സംബന്ധിച്ച്, അമേരിക്കന്‍ ഡോളറിനെതിരെ രൂപ തകരുക എന്ന് പറഞ്ഞാല്‍ വീട്ടില്‍ കൂടുതല്‍ പണം എത്തുക എന്ന് തന്നെയാണ് അര്‍ഥം.

വിവിധ എണ്ണ ഉല്‍പാദക രാജ്യങ്ങളില്‍ നിന്ന് ക്രൂഡോയില്‍ വാങ്ങി ശേഖരിച്ച് ശുദ്ധീകരിച്ച് വിദേശ രാജ്യങ്ങളിലേക്ക് തന്നെ വിറ്റഴിക്കുന്ന ഇന്ത്യയെ സംബന്ധിച്ച് ഈ വിലത്തകര്‍ച്ച, കയറ്റുമതിയിലൂടെ ഏറെ പണം കണ്ടെത്താനുള്ള അവസരം കൂടിയാണ്. ധാന്യങ്ങള്‍, മുട്ട, പാലുല്‍പന്നങ്ങള്‍ തുടങ്ങി ബാലിസ്റ്റിക് മിസൈലുകള്‍ വരെ കയറ്റുമതി ചെയ്യുന്ന രാജ്യമായി ഇന്ത്യ വളര്‍ന്നിരിക്കുന്നു. വന്‍തോതില്‍ ഇറക്കുമതി ചെയ്തുകൊണ്ടിരുന്ന ആയുധങ്ങള്‍ ടെലിഫോണുകള്‍ കമ്പ്യൂട്ടറുകള്‍ തുടങ്ങി ശാസ്ത്രസാങ്കേതിക രംഗത്തെ ധാരാളം ഹാര്‍ഡ്‌വെയര്‍ ഉത്പന്നങ്ങള്‍ ഇന്ന് നാം സ്വന്തമായി ഉത്പാദിപ്പിക്കുകയും കയറ്റി അയയ്ക്കുകയും ചെയ്യുന്നു. അതിനാല്‍ നമുക്ക് ആ മേഖലയില്‍, ഇതുപോലുള്ള സാഹചര്യം വലിയ ആശ്വാസമാണ് നല്‍കുന്നത്.

ലോകത്തെ മുന്‍നിര കാര്‍ നിര്‍മ്മാതാക്കള്‍ എല്ലാംതന്നെ ഇന്ത്യയില്‍ നിര്‍മ്മാണ യൂണിറ്റുകള്‍ ആരംഭിക്കുകയും ആയിരക്കണക്കിന് കാറുകള്‍ കയറ്റി അയയ്ക്കുകയും ചെയ്യുന്നു. അതുവഴി നമുക്കു ലഭിക്കുന്ന നേട്ടം വളരെ വലുതാണ്. പരുത്തി വസ്ത്രങ്ങളുടെ ലോകത്തെ പ്രധാന ഉത്പാദകരിലും കയറ്റുമതിക്കാരിലും ഒന്ന് ഇന്ത്യ തന്നെയാണ്. അതുകൊണ്ട് വസ്ത്ര കയറ്റുമതിയുടെ മേഖലയിലും ആഭരണ കയറ്റുമതിയുടെ മേഖലയിലും നമുക്ക് നേട്ടം കൊയ്യാന്‍ പറ്റും.

മറ്റൊരു സുപ്രധാനമായ മേഖല മരുന്നുകളുടെ ആഗോള കച്ചവടമാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ മരുന്ന് ഉത്പാദിപ്പിക്കുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്ന രാജ്യങ്ങളില്‍ ഒന്ന് ഇന്ത്യയാണ് എന്നുള്ളതുകൊണ്ടും ഈ മാര്‍ക്കറ്റ് ഒരു ദിവസം പോലും ക്ഷീണിക്കാത്തതാണ് എന്നുള്ളതുകൊണ്ടും ഔഷധ കയറ്റുമതിയിലൂടെ ഭാരതത്തിന് ഒരു കുതിച്ചുചാട്ടം തന്നെ ഉണ്ടാക്കാവുന്ന സമയമാണിത്.

ഷെയര്‍ മാര്‍ക്കറ്റിലും അനുകൂല അന്തരീക്ഷം സൃഷ്ടിക്കപ്പെടും. കയറ്റുമതിയിലൂടെ കൂടുതല്‍ വിദേശ നാണ്യം നേടാന്‍ കിട്ടുന്ന അവസരം പ്രയോജനപ്പെടുത്താന്‍ കഴിയുന്ന നൂറുകണക്കിന് കമ്പനികള്‍ ഇന്ത്യന്‍ ഷെയര്‍ മാര്‍ക്കറ്റില്‍ ഉണ്ട്. മുകളില്‍ ചൂണ്ടിക്കാണിച്ച ഉല്‍പ്പന്നങ്ങളും സേവനങ്ങളും വിദേശത്തേക്ക് വിറ്റ് വരുമാനം ഉണ്ടാക്കുന്ന ഈ കമ്പനികളുടെ ഷെയറിന്റെ വില ഉയരാനാണ് സാധ്യത. നേരിട്ട് ഷെയര്‍ മാര്‍ക്കറ്റില്‍ പോകാന്‍ അവസരമില്ലാത്തവര്‍ മ്യൂച്ചല്‍ ഫണ്ടുകളിലൂടെയും സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനുകളിലൂടെയും ഇതേ നേട്ടം കൊയ്യാന്‍ അവസരം ലഭിച്ചവരാണ്. അതായത് ഡോളറിനെതിരെ രൂപയുടെ വില ഇടിയുമ്പോള്‍ ഇന്ത്യന്‍ ഷെയര്‍ മാര്‍ക്കറ്റില്‍ നേട്ടം ഉണ്ടാക്കുന്ന കമ്പനികള്‍ ഏതൊക്കെയാണ് എന്ന് പഠിച്ചുകൊണ്ട് അത്തരം കമ്പനികളുടെ ഷെയറുകള്‍ വാങ്ങുന്നവര്‍ക്കും അതുമായി ബന്ധപ്പെട്ട മ്യൂച്ചല്‍ ഫണ്ടുകള്‍ക്കും നല്ല സമയമാണ് ഇത്.

ഓരോ വര്‍ഷം കഴിയുമ്പോഴും ഡോളറിന്റെ ആഗോള പ്രസക്തിയും നഷ്ടപ്പെടുകയാണ്. ഇന്ത്യ ഇന്ന് 36ല്‍ അധികം രാജ്യങ്ങളിലേക്ക് രൂപയുടെ സ്വതന്ത്ര വിനിമയ സംവിധാനം ഏര്‍പ്പെടുത്തിക്കഴിഞ്ഞു. അതുപോലെ ജപ്പാന്റെ യെന്നും ചൈനയുടെ യുവാനും അടക്കം ഈ രീതിയിലുള്ള സ്വതന്ത്ര വ്യാപാര നിലപാടുകള്‍ സ്വീകരിച്ചു കഴിഞ്ഞു. റഷ്യയുടെ റൂബിള്‍ അതിനൊരു ഉത്തമ ഉദാഹരണമാണ്.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam