വെള്ളിയാഴ്ച (ജൂൺ 28) പിണറായിക്ക് ദുഃഖ വെള്ളിയാഴ്ചയാകുമെന്നാണ് സോഷ്യൽ മീഡിയയിലെ മുന്നറിയിപ്പ്. അന്നാണ് സി.പി.എം. തോൽവിയെക്കുറിച്ച് പി.ബി. ചർച്ച ചെയ്യുന്നത്. എന്നാൽ ഒരു പുല്ലും സംഭവിക്കില്ലെന്ന് പിണറായിക്ക് ഉറപ്പുണ്ട്. അത്രമാത്രം പാർട്ടി ഫണ്ടിന്റെ കടിഞ്ഞാണുകൾ ഈ ഇടതു മുഖ്യമന്ത്രിയുടെ പോക്കറ്റിൽ ഭദ്രമാണത്രെ. കേരളത്തിലെ സി.പി.എമ്മോ, ദേശീയതലത്തിൽ യെച്ചൂരിയും കൂട്ടരുമോ മാധ്യമങ്ങളിലെ പിണറായിക്കെതിരെയുള്ള 'പതപ്പിക്കൽ' കാര്യമാക്കുന്നുമില്ല.
എന്നാൽ, പാർട്ടിയെ ജീവനെ പോലെ സ്‌നേഹിക്കുന്ന കണ്ണൂർ ജില്ലക്കാരുടെ സ്ഥിതി അതല്ല. ടി.പി. ചന്ദ്രശേഖരൻ എന്ന വർഗശത്രുവിനെ വെട്ടിക്കൊന്ന സഖാക്കളിൽ പലരും കലിപ്പിലാണ്. മറുവശത്താകട്ടെ. പാർട്ടി ഗ്രാമത്തിൽ ജനിച്ചു വളർന്ന സീനയെന്ന വീട്ടമ്മ പോലും ചാനലുകൾക്കു മുമ്പിൽ ബോംബുണ്ടാക്കുന്ന പാർട്ടിക്കാരെ തള്ളിപ്പറയുന്നു. ടി.പിക്കു പിന്നാലെ മനു തോമസ് എന്ന കണ്ണൂരുകാരൻ ക്വട്ടേഷൻ സംഘങ്ങളെ പാർട്ടി സഹായിക്കുന്നുവെന്നും സ്വർണ്ണക്കടത്തും മയക്കു മരുന്ന് വ്യാപാരവും പാർട്ടിയുടെ തണൽ പറ്റി ചിലർ നടത്തിവരുന്നുവെന്നും ആരോപിക്കുകയുണ്ടായി. പാർട്ടി വേദിയിൽ തന്നെയാണ് മനു ആദ്യം പരാതി നൽകിയത്.
സി.പി.എമ്മിന്റെ ഇരുമ്പുമുഷ്ടി ഉപയോഗിച്ച് മനുവിനെ ഒതുക്കാനുള്ള ശ്രമങ്ങൾ കഴിഞ്ഞ ഒരു വർഷമായി നടന്നുവന്നിരുന്നുവെന്നത് നാട്ടിൽ പാട്ടാണ്. ഒരു വർഷം മുമ്പ് ഉന്നയിച്ച പരാതിക്ക് മറുപടി ലഭിക്കാതിരിക്കുകയും പാർട്ടി തിരുത്താൻ തയ്യാറാകാതിരിക്കുകയും ചെയ്തത് മനു തോമസിനെ പ്രകോപിതനാക്കി. മനു തോമസ് പരസ്യമായി പാർട്ടിയിലെ ദുഷിച്ചപ്രവണതകൾക്കെതിരെ രംഗത്തു വന്നതോടെ, കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ മനുവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി പത്രക്കുറിപ്പിറക്കി.
എന്നാൽ, ആ പത്രക്കുറിപ്പ് ഉദ്ദേശിച്ച ഫലം ചെയ്യാതെ വന്നപ്പോൾ മനു തോമസ് പാർട്ടി അംഗത്വം പുതുക്കാത്തതു മൂലം പാർട്ടിയിൽ നിന്ന് ഒഴിവായതാണെന്ന് അദ്ദേഹത്തിന് തിരുത്തിപ്പറയേണ്ടി വന്നു. സി.പി.എമ്മിന് ടി.പി.യെ ഒഴിവാക്കിയതുപോലെ മനു തോമസിനെ ഇല്ലായ്മ ചെയ്യാൻ കഴിയില്ലെന്ന തിരിച്ചറിവ് പാർട്ടിയുടെ ഉന്നതങ്ങളിൽ ഇപ്പോഴുണ്ട്. മാത്രമല്ല, പി.ജയരാജൻ ചെയർമാനായുള്ള ജയിൽ ഉപദേശക സമിതി ടി.പി. വധക്കേസിലെ മൂന്നു പ്രതികൾക്ക് കോടതി വിധി ധിക്കരിച്ച് പരോൾ നൽകാൻ ശുപാർശ നൽകിയതും പാർട്ടിയെ പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്.
വാലാട്ടികളാണോ പല നേതാക്കളും ?
പിണറായിയുടെ മൂക്കു ചെത്തിക്കളയുമെന്ന രീതിയിലുള്ള മാധ്യമ വാർത്തകൾക്ക് സി.പി.എമ്മിൽ നടക്കുന്ന യഥാർത്ഥ ചർച്ചകളുമായി പുലബന്ധം പോലുമില്ലെന്ന് ആ പാർട്ടിയെ അടുത്തറിയുന്നവർ പറയും. ദൈവ സദൃശനും സൂര്യ സദൃശനുമെല്ലാമെന്ന് പിണറായിയെ പുകഴ്ത്തുന്ന പാർട്ടി നേതാക്കളുടെ അഭിപ്രായ പ്രകടനങ്ങൾ സി.പി.എം. ഇപ്പോൾ വീണു കിടക്കുന്ന ആശയചതുപ്പുനിലങ്ങളുടെ ആഴമെത്രയെന്ന് നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്. പിണറായിയുടെ ശൈലി എങ്ങനെ മാറ്റണമെന്നാണ് മാധ്യമങ്ങൾ ആഗ്രഹിക്കുന്നതെന്ന പാർട്ടി സെക്രട്ടറിയുടെ മറുചോദ്യത്തിനു പിന്നിൽ, ആ തീപ്പൊരി നേതാവ് ഒളിപ്പിച്ചു പിടിച്ച വാലിന്റെ അറ്റം സൂക്ഷിച്ചു നോക്കിയാൽ കാണാൻ കഴിയും.
പാർട്ടി ഗ്രാമങ്ങൾ കാവി പുതയ്ക്കുമോ?
കണ്ണൂരിലെയും കാസർകോട്ടെയും പാർട്ടി ഗ്രാമങ്ങൾക്ക് ഒരു കുഴപ്പമുണ്ട്. അവിടെ ജനിച്ചു വളർന്നവർ ഏതെങ്കിലും തരത്തിലുള്ള ഒരു 'രാഷ്ട്രീയ സംരക്ഷണം' ആഗ്രഹിക്കാറുണ്ട്. സി.പി.എമ്മിന്റെ പാർട്ടി ഗ്രാമങ്ങൾ, ജാതി കലർന്ന കാവി പുതച്ച ഗ്രാമങ്ങളായി മാറാനുള്ള സാധ്യത ഏറെയാണ്. സീനയെന്ന വീട്ടമ്മ ചാനലിൽ രണ്ടാം തവണ പ്രത്യക്ഷപ്പെട്ടപ്പോൾ അവരുടെ നെറ്റിയിലുണ്ടായിരുന്ന ചന്ദനക്കുറിയെക്കുറിച്ച് ചിന്തിച്ചവരുണ്ട്. നേരും നെറിവുമില്ലാത്ത പ്രാദേശിക പാർട്ടി നേതാക്കൾ നാട്ടുകാരുടെ കൺമുന്നിൽ പെട്ടെന്ന് സമ്പന്നരായി മാറുമ്പോൾ, അവരെ സാധാരണക്കാരായ കണ്ണൂരുകാർ ഒറ്റുകാരെന്ന് വിശേഷിപ്പിക്കാം.
സ്വന്തം അയൽപക്കത്തുള്ള വൃദ്ധന്മാർ പോലും പാർട്ടിക്കാർ ഒളിപ്പിച്ചുവെച്ച ബോംബ് പൊട്ടി മരിക്കുമ്പോൾ, വരുംതലമുറയ്ക്കുവേണ്ടി പാർട്ടിയിൽ പുതിയതായി മുളച്ചു പൊന്തിയ തകരകളെ വെട്ടിയരിയാനുള്ള വിപ്ലവ വീര്യം കടത്തനാടിന്റെ ശൗര്യമുള്ള ആ നാട്ടുകാർക്കുണ്ടാവുക സ്വാഭാവികം. സീനയെന്ന വീട്ടമ്മയുടെ ഉള്ളിൽ നുരയുന്ന രൗദ്രഭാവം മനസ്സിലാക്കുന്നതിൽ പാർട്ടിക്ക് പിഴവ് പറ്റുന്നു. പഴയതുപോലെ ഉമ്മാക്കി കാണിച്ച് ഭയപ്പെടുത്താൻ ചെന്ന പഞ്ചായത്ത് മെമ്പറെയും സഖാക്കളെയും വാക്കുകൊണ്ട് നിർത്തിപ്പൊരിച്ച സീനയെ പോലുള്ള വീട്ടമ്മമാരെ പാർട്ടി ഭയക്കണം. ഗതികെട്ട് സ്വയം മരിക്കാൻ തയ്യാറാകുന്ന സാധാരണക്കാരുടെ കൂടി വരവാണ് മാർക്‌സിസ്റ്റ് പാർട്ടിക്ക് കേരളത്തിൽ വേരോട്ടമുണ്ടാക്കിയത്.
പാർട്ടിയുടെ കൂടുതൽ രക്തസാക്ഷികളും മലബാറിലാണെന്നിരിക്കെ, അതേ പിൻതലമുറയിൽ നിന്ന് ജന്മമെടുത്ത പുതുതലമുറ വരുംതലമുറയ്ക്കുവേണ്ടി ശബ്ദമുയർത്തുമ്പോൾ, അത് കേൾക്കാതെയും കാണാതെയും, ആ വീട്ടക വിപ്ലവക്കനലുകൾ ചുവന്ന പുതപ്പിട്ട് മൂടാമെന്ന് ഗോവിന്ദൻമാസ്റ്ററെ പോലെയുള്ളവർ കരുതുമ്പോൾ, ആ നേതാക്കളുടെ 'പ്രായോഗിക രാഷ്ട്രീയ തന്ത്ര'ങ്ങൾ പിഴച്ചുവെന്നല്ലേ മനസ്സിലാക്കേണ്ടത് ?
പാപനാശവും മുതലപ്പൊഴിയും രാഷ്ട്രീയവും
വർക്കലയ്ക്കടുത്ത് യു.എൻ. പൈതൃക പട്ടികയിലുള്ള പാപനാശമെന്ന 'പൗരാണിക കുന്ന്' മണ്ണ് മാഫിയക്കാർ രാഷ്ട്രീയക്കാരുടെയും ഭരണക്കാരുടെയും ഒത്താശയോടെ ഇടിച്ചു തുടങ്ങിയപ്പോൾ നാട്ടുകാർ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ ഇക്കാര്യമറിയിച്ചു. ദിവസങ്ങൾക്കുള്ളിൽ, കേന്ദ്രത്തിൽ ടൂറിസം വകുപ്പിന്റെ ചുമതല കൂടിയുള്ള സൂപ്പർസ്റ്റാർ സ്ഥലത്തെത്തി പ്രശ്‌നത്തിൽ ഇടപെട്ടു. മണ്ണെടുപ്പിന് കളക്ടറെ കൊണ്ട് സ്റ്റോപ്പ് മെമ്മോയും കൊടുപ്പിച്ചു.
വിഴിഞ്ഞം തുറമുഖത്തിനടുത്തുള്ള മുതലപ്പൊഴിയിൽ എഴുപത്തിയെട്ടാമത്തെ മത്സ്യത്തൊഴിലാളി കൂടി ബോട്ട് മറിഞ്ഞ് കൊല്ലപ്പെട്ടിട്ടും സംസ്ഥാന ഫിഷറീസ് മന്ത്രിയോ, കേന്ദ്ര ഫിഷറീസ് വകുപ്പ് മന്ത്രി ജോർജ് കുര്യനോ സംഭവസ്ഥലം സന്ദർശിച്ചില്ലെന്നു കേൾക്കുമ്പോൾ, ഭരണകർത്താക്കളുടെ സമീപനത്തിലെ ഇരട്ടത്താപ്പ് പ്രകടമല്ലേ? അദാനിക്കുവേണ്ടി മുതലപ്പൊഴിയുടെ സമീപം വരുത്തിയ അശാസ്ത്രീയ ഘടനാമാറ്റങ്ങളെപ്പറ്റി ഏഴോളം പഠന റിപ്പോർട്ടുകളുണ്ട്. എന്നിട്ടും അദാനിക്കുവേണ്ടി തീരദേശവാസികളെ കൊലയ്ക്കു കൊടുക്കുകയാണോ കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങൾ?
പാവങ്ങൾക്ക് വേണ്ടത് സൗജന്യ ഇന്റർനെറ്റല്ല !
കെ ഫോൺ സാധാരണക്കാർക്ക് സൗജന്യമായി നൽകുമെന്ന് ഇടതുമുന്നണിയുടെ പ്രകടന പത്രികയിലുണ്ട്. എന്നാൽ അതൊന്നും പ്രാവർത്തികമാക്കാൻ രണ്ടാം പിണറായി സർക്കാരിന് കഴിഞ്ഞിട്ടില്ല. സർക്കാർ പുറത്തിറക്കിയ പ്രോഗ്രസ് റിപ്പോർട്ടിൽ തന്നെ ഇക്കാര്യം മുഖ്യമന്ത്രി ഏറ്റു പറഞ്ഞിട്ടുമുണ്ട്.
കള്ളങ്ങൾ പറയാൻ പിണറായിയുടെ മന്ത്രിസഭാംഗങ്ങൾക്ക് യാതൊരു നാണവുമില്ലെന്നതാണ് ഇപ്പോഴത്തെ അവസ്ഥ. ബജറ്റ് ചർച്ചയിൽ കോൺഗ്രസംഗം പി.സി. വിഷ്ണുനാഥും മറ്റും രേഖകൾ ഹാജരാക്കി ധനമന്ത്രിയുടെ കള്ളം പൊളിച്ചടുക്കിയിട്ടും ധനമന്ത്രി 'കോൾഗേറ്റ് ചിരി' പാസാക്കി ഒറ്റയിരിപ്പാണ്. ഉമ്മൻചാണ്ടിയുടെ കാലത്ത് 18 മാസത്തെ പെൻഷൻ കുടിശ്ശികയുണ്ടായിരുന്നുവെന്ന് മന്ത്രി രാജഗോപാൽ പറഞ്ഞിരുന്നു.
എന്നാൽ തോമസ് ഐസക് യു.ഡി.എഫ്. ഭരണത്തെക്കുറിച്ച് തയ്യാറാക്കിയ ധവള പത്രത്തിൽ പെൻഷൻ കുടിശ്ശിക 3 മാസത്തേതാണെന്ന് പറഞ്ഞിട്ടുണ്ട്. പതിനെട്ട് മാസത്തെ പെൻഷൻ കുടിശ്ശിക ഇടതു സർക്കാർ എങ്ങനെ, ഏത് അക്കൗണ്ടിലൂടെയാണ് കൊടുത്തു തീർത്തതെന്ന് വിഷ്ണുനാഥ് കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ ധനമന്ത്രിയോട് എഴുതിച്ചോദിച്ചിരുന്നു. മറുപടി ബ ബ്ബ ബ്ബ എന്നാണതാണ് അവസ്ഥ.
പ്രോഗ്രസ് റിപ്പോർട്ടിലെ പച്ചക്കള്ളങ്ങൾ
സി.പി.ഐ. മന്ത്രി ജി.ആർ. അനിൽ അഴിമതിക്കാരനൊന്നമല്ല. എന്നാൽ ഉദ്യോഗസ്ഥരെ മറികടന്ന് എന്തെങ്കിലും ചെയ്യാൻ അനിൽ മന്ത്രി തയ്യാറല്ലെന്നു തോന്നുന്നു. സപ്ലൈകോയുടെ അൻപതാം വർഷം ആഘോഷിക്കാൻ സർക്കാർ ഫണ്ട് വകയിരുത്തിയിട്ടുണ്ട്. എന്നാൽ സപ്ലൈകോ കടകളിൽ നിന്ന് അപ്രത്യക്ഷമായ സബ്‌സിഡി സാധനങ്ങളെപ്പറ്റി മന്ത്രി മൗനം പാലിക്കുന്നു. അതെല്ലാം മാധ്യമങ്ങളുടെ നുണ പ്രചാരണമാണത്രെ. സപ്ലൈകോ കടകളിൽ കാലിയായി കിടക്കുന്ന സബ്‌സിഡി സാധനങ്ങളുടെ റാക്കുകൾ ചാനലുകളിൽ തെളിഞ്ഞു കാണുമ്പോൾ, അത് നുണയാണെന്ന് വച്ചലക്കാനുള്ള തൊലിക്കട്ടി സി.പി.ഐ. പോലുള്ള ഒരു പാർട്ടിയുടെ മന്ത്രിക്ക് എവിടെ നിന്ന് കിട്ടിയോ എന്തോ?
കേരളത്തിലെ 94 ലക്ഷം കാർഡുടമകൾക്ക് റേഷൻ വിഭവങ്ങൾ ലഭിക്കുന്നതിലെ അനിശ്ചിതത്വം ഇനിയും മാറിയിട്ടില്ല. ഏതായാലും റേഷൻ വിഭവങ്ങൾ കേന്ദ്രത്തിന്റെ കീഴിലുള്ള എഫ്.സി.ഐ. ഗോഡൗണുകളിൽ നിന്ന് നേരിട്ട് റേഷൻ കടകളിൽ എത്തിക്കാൻ കേന്ദ്ര സർക്കാർ പദ്ധതി തയ്യാറാക്കി വരികയാണത്രെ. സംസ്ഥാനത്തിന്റെ ഗോഡൗണുകളിൽ നിന്ന് ഭക്ഷ്യ വിഭവങ്ങൾ റേഷൻ കടകളിലേക്ക് എത്തിക്കുന്ന കരാറുകാർ ഏതാനും മാസങ്ങൾക്കുള്ളിൽ മൂന്നു തവണയാണ് സമരം നടത്തിയത്. പ്രശ്‌നം കൂലിക്കുടിശ്ശിക തന്നെ.
ബജറ്റിൽ റേഷൻ വിഹിതം വിതരണം ചെയ്യുന്നതിനായി നീക്കിവയ്ക്കുന്ന തുക വർഷങ്ങളായി കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ബജറ്റ് വിഹിതം പോലും പലപ്പോഴും ധനവകുപ്പ് യഥാസമയം നൽകുന്നുമില്ല. സപ്ലൈകോയ്ക്ക് സാധനങ്ങൾ സപ്ലൈ ചെയ്യുന്നവരുടെ കുടിശ്ശിക 2024 ഫെബ്രുവരിയിലെ കണക്കനുസരിച്ചു തന്നെ 650 കോടി കവിഞ്ഞിട്ടുണ്ട്. നെല്ല് സംഭരണവും, സംഭരിക്കുന്ന നെല്ല് കുത്തി അരിയാക്കുന്നതുമെല്ലാം സപ്ലൈകോയുടെ ചുമതലയാണ്.
ജനങ്ങൾക്കുള്ള റേഷനരി പോലും കൃത്യമായി നൽകാൻ കഴിയാത്ത സംസ്ഥാന സർക്കാർ തയ്യാറാക്കിയ പ്രോഗ്രസ് റിപ്പോർട്ട്, കുതിരവട്ടം പപ്പു അവതരിപ്പിച്ച സിനിമയിലെ കഥാപാത്രത്തിന്റെ ഭാഷയിൽ പറഞ്ഞാൽ ചുരുട്ടി കോണകമുടുത്തോളൂ എന്ന് ജനം പറഞ്ഞു കഴിഞ്ഞു. ഞങ്ങൾ 'തിരുത്തും, തിരുത്തും ജനങ്ങളുടെ തെറ്റിദ്ധാരണ മാറ്റു'മെന്നെല്ലാം പറഞ്ഞുനടക്കുന്ന പാർട്ടി നേതാക്കളേ, സി.പി.എമ്മിലെ അസംതൃപ്തർ ഓടുന്നത് താമര വിരിയുന്ന കുളങ്ങളിലേയ്ക്കാണെന്ന കാര്യം മറക്കല്ലേ !
ആന്റണി ചടയംമുറി
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1