രാജ്യസഭാഗം രാഘവ് ഛദ്ദ ഓന്തിനെ വെല്ലുന്ന നിറമാറ്റക്കാരൻ

MAY 6, 2026, 6:02 AM

1988 നവംബർ 11 ന് ജനിച്ച് ആം ആദ്മി പാർട്ടിയിലൂടെ വളർന്നു പന്തലിച്ച ഈ മനുഷ്യൻ ചാർട്ടേഡ് അക്കൗണ്ടന്റായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 2022 മുതൽ രാജ്യസഭാംഗമായിരുന്നു. മുൻപ് ഡൽഹി ജല ബോർഡ് വൈസ് ചെയർമാനായും ദില്ലി എംഎൽഎയായും പ്രവർത്തിച്ചിട്ടുണ്ട്. ആം ആദ്മിയിലെ 'വിഷലിപ്തമായ പ്രവർത്തന അന്തരീക്ഷം' കാരണം പാർട്ടി വിട്ടതെന്ന ് കല്ലുവച്ച നുണ പറഞ്ഞുകൊണ്ടാണ് അവിടെ നിന്നും പുറത്തു ചാടിയത്.

ലോക രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ അവസരവാദിയായിരുന്ന വ്യക്തിയും ഒരു പത്രസ്ഥാപനവും ഫ്രാൻസിൽ തന്നെ ആയിരുന്നു. കാലം 1815. നെപ്പോളിയൻ എൽബയിൽ നിന്നും തടവു ചാടി. ഏതാനും പടയാളികളോടുകൂടി അദ്ദേഹം നഷ്ടപ്പെട്ട സിംഹാസനം വീണ്ടെടുക്കുന്നതിനു വേണ്ടി പാരീസിലേക്ക് യാത്ര ആരംഭിക്കുകയാണ്. ആ ദിവസം 'മോണീട്ടർ' എന്ന പത്രം കൊടുത്ത തലവാചകം ഇങ്ങനെയായിരുന്നു.

മാർച്ച് 9: ആ ജന്തു കൂട്ടിൽ നിന്നും ചാടി. 

vachakam
vachakam
vachakam

കൃത്യം 19 ദിവസം കഴിഞ്ഞപ്പോൾ അതേ പത്രം കൊടുത്ത തലക്കെട്ട് ഇങ്ങനെ: നെപ്പോളിയൻ ഇന്ന് പാരീസിൽ എത്തുന്നു. ചക്രവർത്തി നീണാൾ വാഴട്ടെ. അതുപോലെ തന്നെ ഫ്രാൻസിൽ ജീവിച്ചിരുന്ന ജോസഫ് ഫൂഷെ ഫ്രഞ്ച് വിപ്ലവകാലത്ത് തീവ്ര വിപ്ലവകാരിയായിരുന്ന അദ്ദേഹം പിന്നീട് നെപ്പോളിയൻ അധികാരത്തിൽ വന്നപ്പോൾ അദ്ദേഹത്തിന്റെ സൈനിക മന്ത്രിയായി. പിന്നെ രാജവാഴ്ച തിരികെ വന്നപ്പോൾ അവർക്കൊപ്പം നിന്നു. നിലനിൽപ്പ് എന്ന പ്രത്യയശാസ്ത്രത്തിനു രാഷ്ട്രീയ ചരിത്രത്തിൽ എന്നും പൊന്നിൻ വിലയാണ്.

പത്രപ്രവർത്തന ചരിത്രത്തിലെയും വ്യക്തി ജീവിത ചരിത്രത്തിലേയും ഏറ്റവും അപമാനകരമായ ഈ സംഭവം ഇപ്പോൾ എഴുതാൻ കാരണം ജോസഫ് ഫൂഷെയേയും മോണീട്ടർ പത്രത്തേയും കടത്തിവെട്ടുന്ന ചില സംഗതികൾ കാണാനിടയായതുകൊണ്ടാണ്. ഇന്ത്യയിൽ പലയിടങ്ങളിലും നിയമസഭാ തെരഞ്ഞെടുപ്പുകൾ നടക്കുന്ന കാലമായതുകൊണ്ട് ഈ വിചിത്ര വാർത്തക്ക് വേണ്ടത്ര പ്രാധാന്യം കിട്ടിയതുമില്ല. അതുകൊണ്ട് അതു ചർച്ചയിൽ വരാതെ പോകുന്നത് ഇന്ത്യൻ ജനാധിപത്യത്തിനു തന്നെ അപമാനകരമാണ്. ഇനി വിഷയത്തിലേക്കു വരാം. 

ആം ആദ്മി പാർട്ടിക്ക് രാജ്യസഭയിൽ ഉണ്ടായിരുന്ന 10 എംപിമാരിൽ ഏഴുപേരും രാഘവ് ഛദ്ദ എന്ന ചെറുപ്പക്കാരനായ ഒരു വിദ്വാനോട് ഒപ്പം ബി.ജെ.പിയിൽ ചേർന്നതാണ് പോയവാരത്തിലെ വിചിത്രവിശേഷം. പാർട്ടി വിടുമ്പോൾ കൂറുമാറ്റ നിരോധന നിയമം വഴി നേരിടേണ്ടിവരുന്ന അയോഗ്യത ഒഴിവാക്കാൻ ഭരണഘടനയുടെ പത്താം ഷെഡ്യൂൾ അനുസരിച്ച് 'പാർട്ടി ലയനം' ആവശ്യമായിരുന്നു. ലയനത്തിന് ആവശ്യമായ കൃത്യം ഏഴ് എംപിമാരെ ഒരേസമയം സംഘടിപ്പിക്കാൻ വലവിരിച്ച് കാത്തിരുന്നു.

vachakam
vachakam
vachakam

രാഘവ് ഛദ്ദയുടെ തന്നെ വെളിപ്പെടുത്തൽ പ്രകാരം പഞ്ചാബ് നിയമസഭയിലെ 92 ആം ആദ്മി എംഎൽഎമാരിൽ 48 പേർ ബി.ജെ.പിയിൽ ചേരാൻ തയ്യാറാണത്രേ! 63 അംഗങ്ങൾ പാർട്ടി മാറാൻ തയ്യാറായാൽ കൂറുമാറ്റ നിരോധന പ്രകാരമുള്ള നടപടികൾ ഒഴിവാക്കാൻ കഴിയൂത്രെ..! 
എന്തുപറയാൻ..! ഒരേസമയം ജനാധിപത്യത്തെ അട്ടിമറിക്കാനും ഭരണഘടനയെ കബളിപ്പിക്കാനും ആധുനിക ഇന്ത്യൻ രാഷ്ട്രീയത്തിന് കഴിയുന്നു എന്നതാണ് വിചിത്രമായ സംഗതി. ജനാധിപത്യ സംവിധാനത്തെ അതിന്റെ തന്നെ ഭരണഘടന സംവിധാനങ്ങൾ, അധികാരം, പണം, പ്രശ്‌ന പരിഹാരം എന്നിങ്ങനെ പല വഴിഇവ ഉപയോഗിച്ച് നൈയ്യാമികമായ നടപടിക്രമങ്ങളിലൂടെ തന്നെ ഇല്ലാതാക്കുന്ന മറിമായമാണ് സത്യാനന്തര കാലത്തെ ബി.ജെ.പിയുടെ കൊടും രാഷ്ട്രീയ ഭീകരത.
രാഘവ ഛദ്ദ ഇന്ത്യൻ രാഷ്ട്രീയത്തിലെ ശ്രദ്ധേയനായ യുവ താരമാണ്.

2022 മുതൽ കൂറുമാറ്റ നിരോധന നിയമം കൂടുതൽ കർശനമാക്കണമെന്ന് അത്യുച്ഛത്തിൽ വാദിച്ചിരുന്ന ആളാണ്.  കൂറുമാറി വരുന്നവർക്ക് ലയനത്തിന് മൂന്നിൽ രണ്ടു ഭൂരിപക്ഷം പോരാ നാലിൽ മൂന്ന് ഭൂരിപക്ഷം വേണമെന്ന് വരെ ശക്തിയായി വാദിച്ചിരുന്നയാൾ. ലോക്പാൽ ഡ്രാഫ്റ്റിംഗ് കമ്മിറ്റിയിൽ ഉണ്ടായിരുന്നപ്പോഴാണ് ഈ ഗീർവാണങ്ങൾ അത്രയും കത്തിച്ചു വിട്ടത്.

ഇദ്ദേഹത്തെക്കുറിച്ചുള്ള വിശേഷണങ്ങൾ ചെറുതൊന്നുമായിരുന്നില്ല. ആം ആദ്മി പാർട്ടിയുടെ രാജ്യസഭാ നേതാവ്, പഞ്ചാബിൽ പാർട്ടിയെ വിജയത്തിലെത്തിച്ച അത്യുന്നതൻ, നിരക്ഷരരായ ഗുണ്ടകളുടെ പാർട്ടി എന്നും ജനാധിപത്യത്തിന്റെ കശാപ്പുകാർ എന്നും നിരന്തരം ബി.ജെ.പിയെ പരിഹസിച്ചിരുന്ന പുങ്കുവൻ..!

vachakam
vachakam
vachakam

എന്നാൽ 2026 ഏപ്രിൽ 24ന് ഭാരതീയ ജനതാ പാർട്ടിയിൽ ലയിച്ചപ്പോൾ തന്റെ സമൂഹമാധ്യമങ്ങളിൽ ബി.ജെ.പിക്കെതിരെ അദ്ദേഹം കുറിച്ചിരുന്ന ഇരുന്നൂറിലേറെ പോസ്റ്റുകൾ ഡിലീറ്റ് ആക്കിയിട്ടാണ് അദ്ദേഹം ബി.ജെ.പിയുടെ കാവിക്കുപ്പായം അണിഞ്ഞത്. ഇട്ടിരുന്ന വസ്ത്രം അഴിച്ചു വയ്ക്കുന്ന ലാഖവത്തോടെ ആദർശങ്ങൾ അഴിച്ചു വച്ചിട്ട്, പുതിയ പ്രത്യയശാസ്ത്രങ്ങളുടെ കാവിക്കുപ്പായം പാകമാക്കി അണിയുക, സോഷ്യൽ മീഡിയയിൽ പുതിയ കുതന്ത്രങ്ങൾ ഒന്നൊന്നായി മെനഞ്ഞെടുക്കാൻ പെടാപാടു പെടുന്നു.

ഒരു പ്രത്യയശാസ്ത്രത്തിന് ഒപ്പം നിന്ന് എന്നല്ല, മുൻപന്തിയിൽ നിന്ന് അത് വാതോരാതെ സംസാരിച്ചും എഴുതിയും പ്രസംഗിച്ചും അതിലേക്ക് ആളുകളെ ആകർഷിച്ച്, ആ ആശയങ്ങൾക്ക് വോട്ട് വാങ്ങി അധികാരക്കസേരയിൽ അള്ളിപ്പിടിച്ചിരുന്ന് കൊണ്ടു തന്നെ അനുഗാമികൾക്ക് ഒത്തിരിയൊത്തിരി പ്രതീക്ഷ കൾ വാരിവിതറി നൽകിയിട്ട്, അതിനെ പിന്തുണച്ചവരുടെ വോട്ടും ധാർമ്മിക പിന്തുണയും, മറ്റുപലതും കൈക്കലാക്കി അവരോടൊപ്പം നിൽക്കെ, അവരെ കബളിപ്പിക്കുക. ജനങ്ങൾ ഉത്തരവാദിത്വത്തോടെ കൈയ്യേൽപിച്ച സ്ഥാനം, ജനങ്ങൾ എതിർപ്പു രേഖപ്പെടുത്തിയ അതേ പ്രത്യയശാസ്ത്രത്തിന് അടിയറ വയ്ക്കുക! അമ്പമ്പോ... ഇവറ്റകളുടെയൊക്കെ തൊലിക്കട്ടി കണ്ടാമൃഗത്തിനെ കടത്തിവെട്ടും..!

ഇന്നും പല പച്ചക്കറി ചന്തകളിലെ വ്യാപാരം തൊട്ട് കോർപ്പറേറ്റ് ഉടമ്പടികൾ വരെ പറഞ്ഞ വാക്കിന്റെ ബലത്തിലാണ് നടക്കുന്നത് എന്ന് ഇവരൊക്കെ ഓർത്താൽ കൊള്ളാം. അനുദിന ജീവിതത്തിലെ അതിസാധാരണ വ്യാപാരങ്ങളിലെ ആ സത്യസന്ധത പോലും വോട്ട് ചെയ്തു ജയിപ്പിച്ച ജനളോട് കാണിക്കാത്തവർ സ്വന്തം ജീവിതത്തിലും സ്വന്തം വീട്ടിലും എത്രമാത്രം സത്യസന്ധനായിരിക്കും. ഇതുകൂടി എല്ലാവരും ആലോചിക്കേണ്ടതാണ്. 

ഇതിനൊരു മറുവശംകൂടിയുണ്ട്. സങ്കൽപ്പിക്കാനാകാത്ത തരത്തിൽ വലിയ വലിയ പ്രലോഭനക്കുരുക്കിൽ വീഴിക്കാനാണ് ബി.ജെ.പി എപ്പോഴും ശ്രമിക്കുന്നത്. അതിനെ ചെറുത്തുനിൽക്കാൻ കഴിയാത്ത ഊ ഈയാംപാറ്റകൾ വായിൽ കൊള്ളാത്ത ആദർശങ്ങൾ ഉച്ചത്തിൽ തട്ടിവിടാതെയെങ്കിലും ഇരിക്കണം.   ഇന്ന് ഇന്ത്യൻ രാഷ്ട്രീയം സത്യാനന്തര കാലത്തിൽ കുരുങ്ങിക്കിടക്കുകയാണ്. ആദർശവാന്മാർ എന്നു നടിച്ച പലരും നിലം തൊട്ടിരിക്കുന്നു. രാഷ്ട്രീയക്കാർക്കുവേണ്ടി രാഷ്ട്രീയക്കാരാൽ നടത്തപ്പെടുന്ന ഒന്നായി ഇന്ന് ജനാധിപത്യം മാറിയിരിക്കുന്നു എന്നു വേണം പറയാൻ. 

2014ലെ ലോക്‌സഭയിലെ 102 ഓളം എംപിമാരുടെ വ്യക്തിപരമായ സാമ്പത്തിക സ്ഥിതി 2019 ലെത്തിയപ്പോൾ 102% വളർച്ച കാണിച്ചു എന്ന റിപ്പോർട്ടുണ്ട്. കൂറുമാറ്റങ്ങൾ സാധാരണമാകുമ്പോൾ രാഷ്ട്രീയത്തെ ഭാവി കരുപ്പിടിപ്പിക്കാൻ പറ്റിയ വഴിയായി കണ്ട് അകത്തു കയറുന്നവരുടെ എണ്ണം അനുദിനം വർധിച്ചുകൊണ്ടിരിക്കുകയാണെന്നു കാണാതല്ല ഇതൊക്കെ പറയുന്നത്. 
കാര്യങ്ങൾ വെണ്ടവിധം നന്നായി മനസ്സിലാക്കാനും അവതരിപ്പിക്കാനും അറിയുന്ന 'പുതിയകാല പൊളിറ്റിക്കൽ ഇൻഫ്‌ളുവൻസർമാർക്ക്' രാഷ്ട്രീയം കോടികൾ കൊയ്യുന്ന ഇടമാണ്.

അവിടെ ഒരു പ്രത്യയശാസ്ത്രമേ ഉണ്ടാകേണ്ടതുള്ളൂ. അത് നിലനിൽപ്പിന്റെ പ്രത്യയശാസ്ത്രം..! അതുമാത്രമാണ്  ലക്ഷ്യം..! ഇത്തരം അപശകുനങ്ങൾക്ക് മൂല്യങ്ങൾ എന്നത്  വെറും ഗോവണിപ്പടികൾ മാത്രം! എന്നാൽ ഇവറ്റകൾ കണ്ണടച്ചു അധികാരക്കസേരയിൽ ഇരുന്നു പാൽ കുടിക്കുന്നത് മറ്റു വിശേഷങ്ങൾക്കും ബഹളങ്ങൾക്കുമിടയിൽ ആരും അറിയാൻ പോകുന്നില്ലെന്നാണ് വിചാരിച്ചത്. എന്നാൽ ഈ പ്രത്യയശാസ്ത്ര പാപ്പരത്വത്തെയും ജനാധിപത്യ വിരുദ്ധതയെയും തിരിച്ചറിയുകയും പ്രതികരിക്കുകയും ചെയ്യുന്ന വലിയൊരു പുതുതലമുറ ഇവിടെയുണ്ട്.

ഇൻസ്റ്റഗ്രാമിൽ 1.46 കോടി ഫോളോവേഴ്‌സിനെ ചെപ്പടിവിദ്യകൾ കാട്ടി കൂടെക്കൂട്ടിയിരുന്നു ഈ വിദ്വാൻ. ആം ആദ്മി പാർട്ടി മാറി 48 മണിക്കൂറിനുള്ളിൽ രണ്ട് മില്യൺ ഫോളോവേഴ്‌സ് ആണ് രാഘവ് ഛദ്ദ എന്ന ചതിയൻ ചന്തുവിന്റെ പ്രൊഫൈലിൽ നിന്ന് പിന്മാറിയത്. 1988 നവംബർ 11 ന് ജനിച്ച് ആം ആദ്മി പാർട്ടിയിലൂടെ വളർന്നു പന്തലിച്ച ഈ മനുഷ്യൻ ചാർട്ടേഡ് അക്കൗണ്ടന്റായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 2022 മുതൽ രാജ്യസഭാംഗമായിരുന്നു. മുൻപ് ഡൽഹി ജല ബോർഡ് വൈസ് ചെയർമാനായും ദില്ലി എംഎൽഎയായും പ്രവർത്തിച്ചിട്ടുണ്ട്. ആം ആദ്മിയിലെ 'വിഷലിപ്തമായ പ്രവർത്തന അന്തരീക്ഷം' കാരണം പാർട്ടി വിട്ടതെന്ന് കല്ലുവച്ച നുണ പറഞ്ഞുകൊണ്ടാണ് അവിടെ നിന്നും പുറത്തു ചാടിയത്. 

തന്റെ ജീവിതത്തിലെ മർമ്മപ്രധാനമായ യൗവനത്തിലെ 15 സംവത്സരക്കാലം ആംആദ്മി പാർട്ടിക്കായി മാറ്റിവെച്ചെന്നും താനൊരു സ്ഥാപകാംഗമാണെന്നും ചദ്ദ ഓർമിപ്പിച്ചു. ''ഞാൻ രാഷ്ട്രീയം ഒരു കരിയർ ആക്കാനായല്ല പാർട്ടിയിൽ ചേർന്നത്. രക്തവും വിയർപ്പും കഠിനാധ്വാനവും നൽകി എന്റെ യൗവനകാലം ഈ പാർട്ടിക്കായി താൻ സമർപ്പിച്ചു, എന്നൊക്കെ ഗത്ഗത കണ്ഠനായി പറഞ്ഞിട്ടും അതാരും കണ്ടതായൊ, കേട്ടതായൊ ഭാവിക്കുന്നില്ല. ജനത്തിനറിയാമല്ലോ കേവലം ഒരു സിഎക്കാരന് ആം ആദ്മി പാർട്ടിയിലൂടെ അല്ലാതെ എത്രത്തോളം ഉയരാനും വളരാനും കഴിയുമെന്ന്. 

അതുകഴിഞ്ഞപ്പോൾ മോങ്ങുന്നതിന്റ രീതി മാറ്റി. ബി.ജെ.പിയിൽ ചേരാൻ തീരുമാനിച്ചതിന്റെ കാരണം ആം ആദ്മി പാർട്ടിയിൽ തനിക്ക് സ്ഥാനമില്ലെന്ന് തോന്നിയെന്നും 'ശരിയായ മനുഷ്യൻ തെറ്റായ പാർട്ടിയിൽ' എന്ന അവസ്ഥയിലായിരുന്നു എന്നുമൊക്കെ പറഞ്ഞുനോക്കി. 
ഒന്നുകിൽ ഇനി രാഷ്ട്രീയം പൂർണ്ണമായും ഉപേക്ഷിക്കുക, പാർട്ടിക്കുള്ളിൽ നിന്ന് മാറ്റത്തിനായി പൊരുതുക, അല്ലെങ്കിൽ മറ്റൊരു രാഷ്ട്രീയ വേദിയിലേക്ക് മാറുക എന്നീ ഓപ്ഷനുകളിൽ നിന്നാണ് മൂന്നാമത്തെ വഴി തന്ത്രപൂർവം താൻ തെരഞ്ഞെടുത്തതെന്നും രാഘവ് ഛദ്ദ തട്ടിവിടുന്നു.

ഏപ്രിൽ 24നാണ് എഎപി രാജ്യസഭാ എംപിമാരായ അശോക് കുമാർ മിത്തൽ, ഹർഭജൻ സിംഗ്, സന്ദീപ് കുമാർ പഥക്, വിക്രംജിത് സിംഗ് സാഹ്നി, സ്വാതി മാലിവാൾ, രജീന്ദർ ഗുപ്ത എന്നിവർക്കൊപ്പം എഎപി വിട്ട് ബി.ജെ.പിയിൽ ചേരുമെന്ന് രാഘവ് ചദ്ദ പ്രഖ്യാപിച്ചത്. തന്റെ തീരുമാനം ഒറ്റപ്പെട്ടതല്ല. ഒരാൾക്കോ രണ്ടു പേർക്കോ തെറ്റ് സംഭവിക്കാം, എന്നാൽ ഏഴു പേർക്കും ഒരേപോലെ തെറ്റ് പറ്റില്ലെന്നും സമ്മർദ്ദം മൂലമല്ല, മറിച്ച് നിരാശയും മടുപ്പും കാരണമാണ് പാർട്ടി വിട്ടതെന്നും രാഘവ് ഛദ്ദ പലവട്ടം പറഞ്ഞിട്ടും ഫോളോവേഴ്‌സിന് മനസിലാകുന്നില്ല. 

രാഘവ് ഛദ്ദയുടെ നേതൃത്വത്തിൽ ഏഴ് എംപിമാർ ബി.ജെ.പിയിൽ ചേർന്നത് എഎപിക്ക് കനത്ത തിരിച്ചടിയായിരുന്നു എന്നകാര്യത്തിൽ സംശയമില്ല. ഇതോടെ രാജ്യസഭയിൽ എഎപി അംഗങ്ങളുടെ എണ്ണം പത്തിൽനിന്നുമൂന്നായി ചുരുങ്ങി.

എമ എൽസ എൽവിൻ

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam