മഹാരാജാവായ ദുഷ്യന്തൻ കാട്ടിലെത്തിയ കഥയാണ് രാഹുൽഗാന്ധിയുടെ വയനാട്ടിലേക്കുള്ള വരവിനെക്കുറിച്ചു പറയുമ്പോൾ നാട്ടുകാരിൽ പലരും ഓർക്കാറുള്ളത്. വനത്തിലെ ആശ്രമത്തിൽ കഴിഞ്ഞുകൂടുന്ന കന്യക ശകുന്തളയിൽ ദുഷ്യന്തൻ ആകൃഷ്ടനായി. ഉടൻതന്നെ ഗാന്ധർവ വിവാഹവും കഴിച്ചു. നാളുകൾ കുറേ കഴിഞ്ഞു രാജാവ് കൊട്ടാരത്തിലേക്കു തിരിച്ചുപോയി. ശകുന്തളയ്ക്കു മുദ്രമോതിരവും മോഹനവാഗ്ദാനങ്ങളും നൽകിയാണ് അദ്ദേഹം സ്ഥലംവിട്ടത്. വൈകാതെ പുള്ളിക്കാരൻ കാട്ടിലെ പ്രേയസിയുടെ കാര്യം മറന്നു.
ഗാന്ധിമാരും ഗാന്ധർവവിവാഹവും തമ്മിൽ പ്രാസംനോക്കിയാൽ ഒരുചേർച്ചയുണ്ട്. എന്നിരുന്നാലും രാഹുൽഗാന്ധി വയനാടിനെ വരിച്ചത് ഗാന്ധർവ രീതിയിൽ ആയിരുന്നില്ല. എന്നും കൂട്ടായിനിന്ന അമേത്തി ചതിക്കും എന്നുബോധ്യമായപ്പോൾലോക്‌സഭയിൽ പ്രവേശിക്കാൻ ഒരു ഉറപ്പിനുവേണ്ടി വയനാട്ടിൽ വന്നതാണ്. വയനാട്ടിലെ ജനങ്ങൾ അദ്ദേഹത്തെ ഇരുകയ്യും നീട്ടി സ്വീകരിച്ചു. കഴിഞ്ഞ തവണയും ഇത്തവണയുംകേരളത്തിൽ റെക്കാർഡ് ഭൂരിപക്ഷം നൽകി അദ്ദേഹത്തെ വിജയിപ്പിക്കുകയും ചെയ്തു.
എന്നാൽ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടങ്ങളിൽ നടന്ന വയനാട് മണ്ഡലത്തിലെവോട്ടെടുപ്പു കഴിഞ്ഞപ്പോഴാണ് റായ്ബറേലിയിൽസോണിയാഗാന്ധിക്ക് പകരം രാഹുൽ മത്സരിക്കും എന്ന വാർത്ത വന്നത്. അദ്ദേഹം അവിടെ മത്സരിക്കുക മാത്രമല്ല, വമ്പിച്ച ഭൂരിപക്ഷത്തിനു വിജയിക്കുകയും ചെയ്തു. ഇനി ഏതു മണ്ഡലം കൈവശം വയ്ക്കണം എന്ന ചോദ്യം വരുമ്പോൾ രാഹുൽജിക്ക് പ്രിയം വയനാട്ടിലെ ആദിവാസികളും കൃഷിക്കാരും അടങ്ങിയ സാധാരണ ജനങ്ങളോടു ആയിരുന്നാലും അതുപേക്ഷിച്ചു ഉത്തർപ്രദേശിലെ റായ്ബറേലിയെ വരിക്കാൻ അദ്ദേഹം നിർബന്ധിതനാവും. അതായതു വയനാടിന്റെ കാര്യം ശകുന്തളയുടെ അവസ്ഥപോലെ തന്നെ.
ഇങ്ങനെയൊക്കെ സംഭവിക്കുന്നതിൽ രാഹുലിനെയോ ഗാന്ധി കുടുംബത്തെയോകോൺഗ്രസിനെയോ കുറ്റം പറയുന്നതിൽ അർത്ഥമില്ല. രാഷ്ട്രീയത്തിൽ വൈകാരികതയ്‌ക്കോ മൃദുലവികാരങ്ങൾക്കോ സ്ഥാനമില്ല. അധികാരം മാത്രമാണ് അവിടെ പ്രധാനം. കവി ഇടശ്ശേരിയും അതുതന്നെയാണ് പറഞ്ഞത്. 'അധികാരം കൊയ്യണമാദ്യം നാം; അതിനുമേലാകട്ടെ പൊന്നാര്യൻ!' പൊന്നാര്യൻ വിള കൊയ്ത്തിനായി കാത്തിരിക്കുമ്പോഴും ആദ്യം അരിവാൾ എടുത്തു പ്രയോഗിക്കേണ്ടത് അധികാരം പിടിക്കാനാണ് എന്നാണ് ശാന്തനും സമാധാനപ്രിയനുമായ പൊന്നാനിക്കാരൻ കവിപോലും ഉപദേശിച്ചതെങ്കിൽ രാഹുൽഗാന്ധിയുടെ കാര്യം പറയേണ്ടതുണ്ടോ?
എന്തുകൊണ്ട് തനിക്ക് അഭയം തന്ന വയനാടിനെ രാഹുൽ കൈവിടുന്നു എന്നചോദ്യത്തിനുള്ള ഉത്തരം, അധികാരത്തിന്റെ മത്സരവേദിയിൽ ഉത്തർപ്രദേശിനോടോ ഗാന്ധി കുടുംബത്തിന്റെ സ്ഥിരം തട്ടകമായ റായ്ബറേലിഅമേത്തിയോടോ ഏറ്റുമുട്ടാൻ വയനാടിന് കരുത്തില്ല എന്നുതന്നെയാണ്. യുപിയിലെ ഇരുമണ്ഡലങ്ങളും ഇന്ദിരയുടെ കാലം മുതൽ കുടുംബത്തിന്റെ സ്ഥിരം മണ്ഡലങ്ങൾ ആയിരുന്നു. കഴിഞ്ഞ തവണ അമേത്തി രാഹുലിനെ കൈവിട്ട സന്ദർഭത്തിൽപോലും റായ്ബറേലിസോണിയാഗാന്ധിയെ ഉപേക്ഷിക്കുകയുണ്ടായില്ല.
നരേന്ദ്രമോദിയുംയോഗി ആദിത്യനാഥുംചേർന്ന് ഉത്തർ പ്രദേശിനെ ഇന്ത്യയിലെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പുതു പരീക്ഷണവേദിയാക്കി മാറ്റിയ സന്ദർഭത്തിലും റായ്ബറേലിയിലെ ജനങ്ങൾ ഗാന്ധി കുടുംബത്തോടുള്ള തങ്ങളുടെ കൂറു മറന്നില്ല. ഇത്തവണസോണിയയ്ക്ക് ആരോഗ്യപരമായ കാരണങ്ങളാൽലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധിക്കാതെ വന്നതിനാൽ രാഹുൽഗാന്ധിയെ തന്നെ അങ്ങോട്ടു നിയോഗിക്കുകയായിരുന്നു. അത് ഗാന്ധി കുടുംബവും അവരുടെ മണ്ഡലത്തിലെ അണികളും തമ്മിലുള്ള ഇഴയടുപ്പത്തിന്റെയും വൈകാരിക ബന്ധത്തിന്റെയും സൂചനയാണ്.
അതിനാൽ രാഹുൽഗാന്ധി വയനാടിനെ ഉപേക്ഷിക്കാൻ തീരുമാനിക്കുന്നതിൽ അസാംഗത്യം ഒന്നുമില്ല. കാരണംകേരളം പിടിക്കാൻ വയനാടിന്റെ ആവശ്യമില്ല. ഇന്നത്തെ നിലയിൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ നിലവിലെ ഭരണകക്ഷി സിപിഎമ്മും കൂട്ടരും എട്ടുനിലയിൽ പൊട്ടും. കാരണം കഴിഞ്ഞ ഏതാനും വർഷങ്ങളിൽ അവരുടെ ഭരണം ജനങ്ങളെ അത്രയേറെ വെറുപ്പിച്ചിട്ടുണ്ട്. ഒരു ബദൽ ശക്തിയായി ഉയർന്നുവരാൻ ബിജെപിക്കു ഇനിയും കഴിഞ്ഞിട്ടുമില്ല. അതിനാൽകോൺഗ്രസ്സിനും സഖ്യകക്ഷികൾക്കുംനേരത്തെ രണ്ടുതവണ കൈവിട്ടുപോയകേരളം തിരിച്ചുപിടിക്കാൻ ഇത്തവണ കഴിയും എന്നാണ് കരുതേണ്ടത്.
എന്നാൽ ഉത്തർപ്രദേശിൽ അതല്ല സ്ഥിതി.കോൺഗ്രസ്സ് അവിടെ നിയമസഭാ മത്സരങ്ങളിൽ കാര്യമായ ഒരുനേട്ടവും ഇല്ലാതെ കഴിയാൻ തുടങ്ങിയിട്ട് കാലമേറെയായി. തൊണ്ണൂറുകൾ മുതൽ മണ്ഡൽ രാഷ്ട്രീയവും കമണ്ഡൽ രാഷ്ട്രീയവും ആ നാടിനെ ആകമാനം മാറ്റിത്തീർക്കുകയുണ്ടായി. ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമാണ് ഉത്തർപ്രദേശ്. യുപി പിടിച്ചാൽ ഇന്ത്യ പിടിക്കാം എന്ന് രാഷ്ട്രീയനിരീക്ഷകർ വെറുതെ പറയുന്നതല്ല.ലോക് സഭയിൽ അത്രയും വിപുലമായ സാന്നിധ്യമാണ് ഉത്തർപ്രദേശിനുള്ളത്. അവിടെ മണ്ഡൽ രാഷ്ട്രീയം ശക്തമായപ്പോൾ ഒ.ബി.സി, മുസ്ലിം ഐക്യം വഴി മുലായം സിങ് അധികാരം പിടിച്ചു.
പിന്നാലെ അയോധ്യയിലെ രാമക്ഷേത്രം മുൻനിർത്തി പ്രചാരണം നടത്തി പിന്നാക്കക്കാരനായ കല്യാൺ സിങ്ങിനെ മുന്നിൽ നിർത്തി ബിജെപി അധികാരം സ്ഥാപിച്ചു. അന്നാണ് സംഘപരിവാര കർസേവകർ ബാബ്രി മസ്ജിദ് തകർത്തത്. എന്നാൽ മസ്ജിദിന്റെ മിനാരങ്ങൾക്കൊപ്പം തകർന്നത്‌കോൺഗ്രസിന്റെ രാഷ്ട്രീയ യശസ്സ് കൂടിയായിരുന്നു. കാരണം എന്തുവന്നാലും അക്രമികളിൽ നിന്നും മസ്ജിദ് സംരക്ഷിക്കും എന്ന് സുപ്രീംകോടതിയിലുംദേശീയോദ്ഗ്രഥന സമിതിയിലും ഉറപ്പു നൽകിയ പ്രധാനമന്ത്രി നരസിംഹറാവു കൃത്യസമയത്തു പൂജാമുറിയിൽകേറിയതാണ്. കർസേവകരുടെ ക്രിയ പൂർത്തിയായി എന്നറിഞ്ഞപ്പോൾ മാത്രമാണ് അദ്ദേഹം പൂജ നിർത്തി പുറത്തിറങ്ങിയത്.
അതിനുശേഷം യുപിയിൽ മാത്രമല്ല, ഉത്തരേന്ത്യയിൽ മിക്കയിടത്തുംകോൺഗ്രസ്സ് പച്ചതൊട്ടിട്ടില്ല. യുപിയിൽ ബിജെപി ഭരണംപോയപ്പോൾ അവിടെനേട്ടമുണ്ടാക്കിയത് മായാവതിയുടെ ദളിത് ബഹുജൻ രാഷ്ട്രീയമാണ്. അവിടെ വലിയ ശക്തിയുള്ള ദളിത് ബഹുജൻ പ്രസ്ഥാനങ്ങളും മുസ്ലിംകളും തമ്മിലുള്ള ഐക്യമാണ് അവർക്കു അന്ന് സഹായകമായത്. ഇന്നിപ്പോൾ മായാവതി രംഗത്തുനിന്ന് അപ്രത്യക്ഷയായ മട്ടാണ്. അവർ പൊതുരംഗത്തു കാര്യമായി പ്രത്യക്ഷപ്പെടുന്നില്ല. അവരുടെ പാർട്ടിയാകട്ടെ, പ്രതിസന്ധിയിലുമാണ്. അതിനാൽ ഇത്തവണ മുസ്ലിംകൾ അവരെ വിട്ടുപോയി.
മറുവശത്തു അഖിലേഷ് യാദവ്‌രാഹുൽഗാന്ധി സഖ്യം വലിയ സ്വാധീനമാണ് ഇത്തവണ യുപിയിൽ ഉണ്ടാക്കിയത്. അവരുടെ റാലികളിലെ ജനസാന്നിധ്യം അത്ഭുതാവഹമായിരുന്നു. അതു മാത്രമല്ല, വാരണാസിയിൽമോദിക്ക് കിട്ടിയതിനേക്കാൾ വലിയ ഭൂരിപക്ഷമാണ് റായ്ബറേലിയിൽ ജനം രാഹുൽ ഗാന്ധിക്ക് നൽകിയത്. ബിജെപിയെ പിന്നിലാക്കി സമാജ്വാദികോൺഗ്രസ്സ് സഖ്യം അവിടെ മുന്നേറിയിരിക്കുന്നു. യുപിയിൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി രണ്ടു വർഷവും രണ്ടു മാസവും ബാക്കിയുണ്ട്. 2027 മാർച്ചിനു മുമ്പ് അതു നടക്കണം.യോഗി ആദിത്യനാഥിന്റെ സർക്കാരിനോടു ജനങ്ങൾക്കുള്ള അതൃപ്തി ഇതിനകം പലനിലയിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങിയിട്ടുണ്ട്.
ഇത്തവണ യുപിയിൽ പര്യടനം നടത്തിയ എല്ലാ നിരീക്ഷകരും സ്വതന്ത്ര മാധ്യമപ്രവർത്തകരും ചൂണ്ടിക്കാട്ടിയ ഒരു വിഷയമാണിത്. ജനജീവിതം കൂടുതൽ ദുസ്സഹമായി എന്നാണവർ നിരീക്ഷിച്ചത്. പ്രധാനപ്രശ്‌നം തൊഴിലില്ലായ്മയും വിലക്കയറ്റവും തന്നെ. കൃഷിക്കാരുടെ അതൃപ്തിയും അവിടെ, പ്രത്യേകിച്ച് പശ്ചിമ യുപിയിൽ, വലിയ വിഷയമാണ്. യുവാക്കൾക്കു സൈന്യത്തിലെ സ്ഥിരംജോലി വലിയ ആകർഷണമായിരുന്നു. ഇപ്പോൾ നാലുവർഷം മാത്രംസേവന കാലാവധിയുള്ള അഗ്‌നിവീർ പദ്ധതി അവർക്കിടയിൽ കടുത്ത അതൃപ്തിയാണ് ഉണ്ടാക്കിയത്. വികസനത്തിന്റപേരിലുള്ള മെഗാപദ്ധതികൾ പ്രധാനമായും ധനികർക്കു മാത്രമാണ് പ്രയോജനം ചെയ്യുന്നത് എന്നാണ് സാധാരണ ജനങ്ങൾ പരാതി പറയുന്നത്.
ഇതൊരു വലിയ സാധ്യത രാഹുലിനുംകോൺഗ്രസ്സിനും മുന്നിൽ തുറന്നുവെക്കുന്നുണ്ട്. യുപിയിൽ പതിറ്റാണ്ടുകളായി തകർന്നു കിടക്കുന്നകോൺഗ്രസ്സിനെ പുനരുജ്ജീവിപ്പിക്കാനുള്ള ഒരു സാധ്യതയാണ് ഇത്തവണത്തെലോക്‌സഭാ തെരഞ്ഞെടുപ്പു ഫലങ്ങൾകോൺഗ്രസ്സിന് നൽകുന്നത്. പ്രിയങ്കാ ഗാന്ധിയാണ് യുപിയിൽ ചുമതലയുള്ളകോൺഗ്രസ്സ് ജനറൽ സെക്രട്ടറി. ഇപ്പോൾ രാഹുൽഗാന്ധി കൂടി അവിടെ ശ്രദ്ധകേന്ദ്രീകരിക്കുമ്പോൾ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ അഖിലേഷ് യാദവിന്റെ സമാജ്വാദി പാർട്ടിയുമായിചേർന്ന് ഒരു തിരിച്ചുവരവിനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
അതിനാൽ രാഹുൽഗന്ധിയ്ക്കു വയനാടിനെ ഉപേക്ഷിക്കുക മാത്രമേ നിർവാഹമുള്ളൂ. ഇന്ത്യൻ രാഷ്ട്രീയത്തിൽകോൺഗ്രസ്സിന് തിരിച്ചുവരണമെങ്കിൽ അവർ യുപിയിൽ ശക്തി തിരിച്ചുപിടിക്കണം. വളരെക്കാലത്തിനിടയിൽ ആദ്യമായി അതിനുള്ള ഒരു കളം ഒരുങ്ങിവരികയാണ്. അതിനാൽ വയനാട് എന്ന ശകുന്തളയെ തത്കാലം ഉപേക്ഷിക്കുക മാത്രമേ രാഹുലിന് കരണീയമായിട്ടുള്ളൂ. അവിടെ തത്കാലംകോട്ട കാക്കാൻ പ്രിയങ്ക വരുമെന്നമോഹവും ഉപേക്ഷിക്കുന്നതാണ് നല്ലത്. കാരണം യുപിയിൽകോൺഗ്രസ്സ് രാഷ്ട്രീയത്തിന്റെ ചക്രം തിരിക്കുന്നത് പ്രിയങ്കയാണ്. രണ്ടു അങ്കക്കളരിയിൽ ഒരേസമയം പടവെട്ടാൻ ഉണ്ണിയാർച്ചക്കും കഴിയില്ല; പ്രിയങ്കയ്ക്കും കഴിയില്ല.
എൻ.പി.ചെക്കുട്ടി
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1