പി.എസ്.സി അംഗത്വ മൂല്യം ഇടിച്ച് 'തലവരി' വിവാദം

JULY 10, 2024, 11:37 PM

'ഒഫെൻസ് ഈസ് ദ ബെസ്റ്റ് ഡിഫെൻസ്' എന്ന് ആദ്യം ഉദ്‌ബോധിപ്പിച്ചത് ഏതെങ്കിലും യുദ്ധ തന്ത്രജ്ഞനായിരിക്കാം. പക്ഷേ, കണ്ണും പൂട്ടിയുള്ള ആക്രമണത്തിലൂടെ സ്വന്തം പ്രതിരോധക്കോട്ടകൾക്ക് കരുത്തേകുന്ന ഉശിരൻ ശൈലി സൈന്യാധിപന്മാരെ മറി കടന്നുള്ള വീറോടെ സ്വായത്തമാക്കി രാഷ്ട്രീയ നേതാക്കൾ. കേരളാ പി.എസ്.സി മെമ്പറാക്കാമെന്ന് വ്യാമോഹിപ്പിച്ച് സി.പി.എമ്മിന്റെ കോഴിക്കോട്ടെ പ്രാദേശിക നേതാവ് 60 ലക്ഷം രൂപയുടെ അഴിമതിക്ക് പദ്ധതിയിട്ടെന്ന ആരോപണം പ്രതിരോധിക്കാൻ, 'പണ്ട് പലരും അങ്ങനെ ചെയ്തതാ'യുള്ള പ്രത്യാരോപണം പക്ഷേ, പാളുകയാണ്. മുഖ്യമന്ത്രിയും, മരുമകൻ മന്ത്രിയും, മുഖ്യ ആരോപിതനും, ഇതര പാർട്ടി നേതാക്കളും നടത്തുന്ന ഇത്തരം പ്രതിരോധ നീക്കങ്ങളിലൂടെ ജനഹൃദയങ്ങളിലെ സംശയങ്ങൾ ഏറുന്നുവെന്നതാണ് യാഥാർത്ഥ്യം.

അതേസമയം, പി.എസ്.സി അംഗത്വം 60 ലക്ഷം രൂപയെന്ന ചെറിയ 'തലവരി 'പ്പണത്തിന് സമ്മതിക്കാൻ മാത്രം എളിമയിലണോ ഭരണ പാർട്ടി നേതാക്കളുടെ നിലയെന്ന ചോദ്യം ജനങ്ങളിൽ നിന്നുയർന്നുതുടങ്ങി. എയ്ഡഡ് സ്‌കൂൾ അധ്യാപക നിയമനത്തിന് 50-60 ലക്ഷമാണ് സാധാരണ നിരക്കെന്ന കാര്യം പാർട്ടി നേതാക്കൾ അറിയാതെ പോയെന്ന് വിശ്വസിക്കാനാകുന്നില്ല ആർക്കും.

അഴിമതിരഹിത കേരളമാണ് സി.പി.എം നേതൃത്വം നൽകുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടനപത്രികയിലെ മുഖ്യ വാഗ്ദാനങ്ങളിലൊന്ന്. 2016ൽ അധികാരമേറ്റ ശേഷം മുഖ്യമന്ത്രി ഇടയ്ക്കിടെ ഈ വാഗ്ദാനം ആവർത്തിക്കുകയും ചെയ്യുന്നുണ്ട്. സമാന്തരമായി അഴിമതിക്കേസുകൾ ദിനംപ്രതി പുറത്തുവന്നുകൊണ്ടുമിരിക്കുന്നു. ഉദ്യോഗതലത്തിൽ മാത്രമല്ല പാർട്ടിക്കകത്തും അഴിമതി കൊടികുത്തി വാഴുന്നുഎന്ന ആക്ഷേത്തിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് പി.എസ്.സി കോഴ.

vachakam
vachakam
vachakam

അറുപത് ലക്ഷം രൂപ നൽകിയാൽ പി.എസ്.സിയിൽ അംഗത്വം വാങ്ങിച്ചു കൊടുക്കാമെന്ന് സി.പി.എമ്മിന്റെ കോഴിക്കോട്ടുകാരനായ പ്രദേശിക യുവനേതാവ് ഒരു വനിതാ (ഹോമിയോ) ഡോക്ടർക്ക് വാഗ്ദാനം നൽകുകയും ആദ്യ ഗഡു കോഴയായി 22 ലക്ഷം കൈപ്പറ്റുകയും ചെയ്തതായാണ് ആരോപണം. മന്ത്രി മുഹമ്മദ് റിയാസ്, എം.എൽ.എമാരായ കെ.എം. സച്ചിൻദേവ്, തോട്ടത്തിൽ രവീന്ദ്രൻ എന്നിവരെ സ്വാധീനിച്ച് പി.എസ്.സി അംഗത്വം വാങ്ങിത്തരാമെന്നായിരുന്നത്രേ യുവ നേതാവിന്റെ വാഗ്ദാനം. ഉറപ്പ് പാളിയപ്പോൾ ഡോക്ടർ നൽകിയ പരാതി പാർട്ടിയിലെ വിഭാഗീയത മൂലം ആളിക്കത്തിയെന്നാണ് സൂചന. 

പി.എസ്.സി ഉൾപ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളിലേക്കു രാഷ്ട്രീയ നിയമനമേ പാടുള്ളൂവെന്നു മാസങ്ങൾക്കു മുൻപ് ഇടതുമുന്നണി യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഘടകകക്ഷികൾക്കു നിർദേശം നൽകിയിരുന്നു. ഘടകകക്ഷികൾ പണം വാങ്ങി നിയമനം നടത്തുന്നതു ശ്രദ്ധയിൽപെട്ടതിനെത്തുടർന്നായിരുന്നു നിർദേശം. എന്നാൽ, മുഖ്യമന്ത്രിയുടെ പാർട്ടിയിൽത്തന്നെ കോഴ വാങ്ങി പി.എസ്.സി അംഗത്വം വാഗ്ദാനം ചെയ്തത് വലിയ തിരിച്ചടിയായി.

യോഗ്യരായ ഉദ്യോഗാർഥികളെ സർക്കാർ സേവനത്തിനു കണ്ടെത്തുക എന്നതാണ് കേരള പബ്ലിക് സർവീസ് കമ്മിഷന്റെ (പി.എസ്.സി) ചുമതല. ആ ഭരണഘടനാസ്ഥാപനത്തിലെ അംഗത്വ വിൽപ്പനയ്ക്കാണ് തലവരി വന്നത്.

vachakam
vachakam
vachakam

പി.എസ്.സി കോഴ വിവാദം നിയമസഭയിൽ കോളിളക്കമുണ്ടാക്കി. ഇതുമായി ബന്ധപ്പെട്ട് പാർട്ടിക്കെതിരെയുള്ള ആരോപണങ്ങൾ സി.പി.എം പതിവു പോലെ നിഷേധിക്കുകയും ചെയ്യുന്നു. ഇങ്ങനെയൊരു സംഭവമേ നടന്നിട്ടില്ലെന്ന നിലപാടാണ് സി.പി.എം കോഴിക്കോട് ജില്ലാ നേതൃത്വത്തിനെങ്കിലും ആരോപണവിധേയനെതിരെ നടപടികളുമായി നീങ്ങാനാണു പാർട്ടിയുടെ നീക്കം. വിവാദത്തിൽ മുഖം നോക്കാതെ നടപടിയെടുക്കാനാണ് കോഴിക്കോട് ജില്ലാ നേതൃത്വത്തോട് സംസ്ഥാന നേതൃത്വം നിർദേശിച്ചത്.വിഷയം ജില്ലാ കമ്മിറ്റി കൈകാര്യം ചെയ്ത രീതിയിൽ സംസ്ഥാന നേതൃത്വത്തിനുള്ള അതൃപ്തി പ്രകടവുമാണ്.

പണക്കൊയ്ത്ത്

പി.എസ്.സി ചെയർമാന്റെയും അംഗങ്ങളുടെയും നിയമനം അതതുകാലത്തെ സർക്കാരിന്റെ താൽപര്യപ്രകാരമായിരിക്കവേ ഇവരെ എങ്ങനെ കണ്ടെത്തുന്നുവെന്നതു പ്രധാനമാണ്. അംഗമായി നിയമിക്കാൻ പല പാർട്ടികളും കോഴ ആവശ്യപ്പെട്ടു പോരുന്നുവെന്നത് രഹസ്യ കാര്യമല്ല. അംഗമാകാൻ പ്രത്യേക യോഗ്യതയൊന്നും നിശ്ചയിച്ചിട്ടില്ലാത്തതിനാൽ പണവും സ്വാധീനവുമുണ്ടെങ്കിൽ ആർക്കും പി.എസ്.സിയിൽ കയറിപ്പറ്റാമെന്ന സ്ഥിതിയും അഴിമതിക്കു വഴി തെളിക്കുന്നുണ്ട്.

vachakam
vachakam
vachakam

ആറു വർഷമാണ് പി.എസ്.സി. അംഗത്വം അനുവദിക്കുന്നത്. അല്ലെങ്കിൽ പരമാവധി 62 വയസ്സുവരെ. മുൻപ് അംഗമായിരുന്നാലും ചെയർമാൻ പദവിയിൽ വീണ്ടും ആറ് വർഷംവരെ അംഗത്വം തുടരാമെന്നും വ്യവസ്ഥയുണ്ട്. പി.എസ്.സി. അംഗത്വം രണ്ട് തരത്തിലുണ്ട്. ചെയർമാൻ ഒഴികെയുള്ള 20 അംഗങ്ങളിൽ 10 പേർ സർവീസ് മേഖലയിൽനിന്നും ബാക്കി 10 പേർ പൊതുപ്രവർത്തന മേഖലയിൽ നിന്നുമുള്ളവരാകണം. സർവീസ് മേഖലയിലുള്ളവർക്ക് സർവീസ് കാലവും പെൻഷൻ കണക്കാക്കാൻ പരിഗണിക്കും. പൊതുപ്രവർത്തന മേഖലയിൽ നിന്നുള്ളവർക്ക്, എത്രകാലം അംഗത്വം വഹിച്ചു എന്നതിന്റെ അടിസ്ഥാനത്തിലാണ് പെൻഷൻ. ആറ് വർഷം അംഗത്വം ലഭിച്ചവർക്ക് ശരാശരി ഒന്നേകാൽ ലക്ഷം രൂപ പെൻഷൻ ലഭിക്കും.

അംഗത്തിന്റെ അടിസ്ഥാന ശമ്പളം70,290 രൂപ വരും. ഇതിനൊപ്പം കേന്ദ്രനിരക്കിൽ ഡി.എ 223 ശതമാനം, എച്ച്.ആർ.എ 10,000 രൂപ, സാധാരണ യാത്രാബത്ത 5000 രൂപ ഇതെല്ലാം ചേർത്ത് പിഎസ്.സി അംഗത്തിന് പ്രതിമാസം 2,42,036 രൂപ ലഭിക്കും. ഇതിനു പുറമേ പെൻഷനും മറ്റ് ആനുകൂല്യങ്ങളും വേറെയുമുണ്ട്.

പി.എസ്.സി അംഗങ്ങൾക്ക് വാഹനത്തിലുള്ള യാത്രകൾക്ക് കിലോമീറ്ററിന് 15 രൂപ നിരക്കിൽ യാത്രാബത്തയുണ്ട്.സ്വന്തം വാഹനമില്ലെങ്കിൽ, പുതിയ വാഹനം വാങ്ങാൻ പലിശരഹിത വായ്പയും കിട്ടും. ഡ്രൈവറെയും നിയോഗിക്കാം, പ്രതിഫലം സർക്കാർ വക.അംഗത്തിന്റെയും പങ്കാളിയുടെയും ചികിത്സച്ചെലവും സർക്കാരിന്റെ ബാധ്യതയാണ്. അതും ആജീവനാന്ത ആരോഗ്യ പരിരക്ഷ.

കരുവന്നൂരോർമ്മ

പി.എസ്.സി കോഴ ആരോപണത്തെപ്പറ്റി നിയമസഭയിൽ ചോദ്യം ഉയർന്നപ്പോൾ ആരോപണം ഏറെക്കുറെ സ്ഥിരീകരിക്കുന്ന തരത്തിലായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. സംസ്ഥാനത്ത് പലവിധ തട്ടിപ്പുകളും നടക്കുന്നുണ്ട്. ഉയർന്ന പോലീസ് ഉദ്യോഗസ്ഥരുടെ പേരിലും വ്യാജ എഫ്.ഐ.ആറും വാറണ്ടും അയച്ചും വ്യാജ വിവരങ്ങളുമായി വെബ്‌സെറ്റ് വഴി ട്രേഡിംഗിന്റെ പേരിലുമെല്ലാം തട്ടിപ്പ് നടക്കുന്നുവെന്ന് ഒപ്പം ചൂട്ടിക്കാട്ടി. ഇതിലൊന്നും അകപ്പെടാതെ സൂക്ഷിക്കണമെന്ന് സമൂഹത്തെ ഉദ്‌ബോധിപ്പിക്കുകയും ചെയ്തു മുഖ്യമന്ത്രി. പ്രശംസനീയമായ വിധത്തിൽ പ്രവർത്തിച്ചു വരുന്ന പി.എസ്.സിയെ അപകീർത്തിപ്പെടുത്താൻ മുമ്പും ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്. അത്തരത്തിലുള്ള ഒരു ശ്രമം മാത്രമാണ് ഇപ്പോഴത്തെ കോഴ ആരോപണമെന്നും മുഖ്യമന്ത്രി പറയുന്നു.

എന്നാൽ പി.എസ്.സിയെ താറടിക്കാനുള്ള ശ്രമമെന്നു പറഞ്ഞ് ഒറ്റയടിക്കങ്ങു തള്ളിക്കളയാവുന്ന ആരോപണമായി ഇതിനെ കാണാനാകില്ല. കരുവന്നൂർ ഉൾപ്പെടെ സി.പി.എം ഭരണത്തിലുള്ള ബാങ്കുകളിൽ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട് ഇഡി അന്വേഷണം വന്നപ്പോൾ, സി.പി.എമ്മിനെയും സഹകരണ മേഖലയെയും തകർക്കാനുള്ള ശ്രമമാണ് ഇ ഡിയുടേതെന്നായിരുന്നു ആദ്യ ഘട്ടത്തിൽ ആക്രമണ ഭാവത്തിലുള്ള പ്രതിരോധ ശ്രമം. പിന്നീട് പാർട്ടി നേതാക്കളുടെ അറിവോടെയും ഒത്താശയോടെയുമാണ് തട്ടിപ്പുകൾ അരങ്ങേറിയതെന്ന് തെളിഞ്ഞു. തട്ടിപ്പിൽ ചില സി.പി.എം നേതാക്കൾക്കുള്ള പങ്ക് സി.പി.ഐ അംഗങ്ങൾ തന്നെ വെളിപ്പെടുത്തി. പ്രളയ ദുരിതാശ്വാസ തട്ടിപ്പിൽ സി.പി.എം നേതാക്കളുടെ പേര് ഉയർന്നപ്പോഴും തുടക്കത്തിൽ പാർട്ടി നിഷേധിച്ചിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് പ്രദേശിക നേതാവ് ഉൾപ്പെടെ അറസ്റ്റിലായി. ഇത്തരമൊരു സാഹചര്യത്തിൽ പി.എസ്.സി തട്ടിപ്പിനെക്കുറിച്ച് വിശദമായ അന്വേഷണം നടക്കേണ്ടതുണ്ട്.

സി.പി.എമ്മിന്റെ കോഴിക്കോട് ജില്ലാ കമ്മിറ്റി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു കോക്കസാണ് പി.എസ്.സി കോഴ തട്ടിപ്പിനു പിന്നിലെന്ന് പറയപ്പെടുന്നുണ്ട്. പാർട്ടിതല അന്വേഷണം കൊണ്ട് മാത്രം അവസാനിപ്പിക്കരുത് ഇതുപോലുള്ള കോഴക്കേസുകൾ. പാർട്ടിതല അന്വേഷണങ്ങളിൽ സംശയത്തിന്റെ മുനകൾ ഉന്നതരിലേക്ക് നീങ്ങുമ്പോൾ അന്വേഷണം വഴിമുട്ടുകയാണ് പതിവ്. ഇത് അഴിമതി വ്യാപനത്തിന് വഴിവെക്കും. അന്വേഷണം ഉത്തരവാദപ്പെട്ട ഏജൻസികളെ ഏൽപ്പിക്കാനാണ് ശ്രദ്ധിക്കേണ്ടത്.

പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദൻ ഈയിടെ വെട്ടിത്തുറന്നു പറഞ്ഞതിങ്ങനെ: 'സഖാക്കൾക്ക് പണത്തോട് ആർത്തിയാണ്. സാമ്പത്തിക നേട്ടം ലക്ഷ്യമാക്കിയാണ് പലരും സി.പി.എമ്മിലേക്ക് വരുന്നത് '. പി.എസ്.സി കോഴത്തട്ടിപ്പ് വിവരം പുറത്തു വന്നതിനു പിന്നാലെയായിരുന്നു ഈ പ്രസ്താവം. അഴിമതിയുൾപ്പെടെ പാർട്ടിയെ ബാധിച്ച ജീർണതകൾ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണമായെന്നാണ് വിലയിരുത്തൽ. ഒരു ആനുകാലികത്തിലെഴുതിയ ലേഖനത്തിൽ പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി ഇക്കാര്യം തുറന്നു പറഞ്ഞത് പാർട്ടി ഏതു വിധം വീക്ഷിക്കുമെന്ന സംശയം വ്യാപകമാകുന്നുമുണ്ട്.

ബാബു കദളിക്കാട്‌

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam