മാർക്‌സിസ്റ്റ് പാർട്ടി (സി.പി.എം) യോട് ബന്ധപ്പെട്ട ചിലവാർത്തകൾ നമ്മെ വല്ലാതെ അലോസരപ്പെടുത്തുന്നു. ഇടതുഭരണമാകട്ടെ, താളം തെറ്റിക്കഴിഞ്ഞു. പൂരം കലക്കലിൽ ത്രിതല അന്വേഷണം പ്രഖ്യാപിച്ച് പോലീസ് എഫ്.ഐ.ആർ ഇട്ടെങ്കിലും മുഖ്യമന്ത്രി ഇപ്പോൾ പറയുന്നത് പൂരം കലങ്ങിയിട്ടില്ലെന്നാണ്!മരണപ്പെട്ട നവീൻ ബാബുവിന്റെ പാർട്ടി കുടുംബത്തോടൊപ്പമാണെന്ന് പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദനാണ് വാർത്താലേഖകരോട് പറഞ്ഞത്. എന്നിട്ട്, മഹിളാ അസോസിയേഷൻ നേതാക്കൾ ദിവ്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ഇന്നലെ മജിസ്‌ട്രേട്ടിന്റെ വീട് വരെയെത്തിയതെന്തിനെന്ന് കണ്ണൂരിലെ പാർട്ടി വിശദീകരിക്കുന്നില്ല. 'ഇതും കടന്നുപോകു' മെന്ന ശുഭാപ്തി വിശ്വാസത്തിലാണ് മുഖ്യമന്ത്രി.
നാണം മറയ്ക്കാനുള്ള തുണിശീലയെടുത്ത്, രാഷ്ട്രീയ പ്രസ്ഥാനങ്ങൾ കൊടിതുന്നിക്കുന്നത് ഏതായാലും നല്ലതല്ല. കണ്ണൂരിലെ മുൻപഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ 36-ാം വയസ്സിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായെന്നാണ് ചരിത്രം. ദിവ്യക്ക് ഇപ്പോൾ 40 വയസ്സ്. 42-ാം വയസ്സിൽ മന്ത്രിയാകാനും, ഷൈലജ ടീച്ചറെ 'ദിവ്യ'പരവേഷത്തിൽ ഒതുക്കാനുമെല്ലാമായിരുന്നു മുഖ്യന്റെ ഓഫീസിലെ ഉപജാപകരെല്ലാം ശ്രമിക്കുന്നതെന്ന് പറഞ്ഞു കേൾക്കുന്നു. ഇന്ന് (ബുധൻ) തലശ്ശേരി സെഷൻസ് കോടതിയിൽ നൽകുന്ന ദിവ്യയുടെ ജാമ്യാപേക്ഷയിൽ തീരുമാനം വരാൻ മൂന്നോ നാലോ ദിവസമെടുത്തേക്കാം. ഏതായാലും രണ്ടാം പിണറായി സർക്കാർ സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ ഇന്നലെ (ചൊവ്വ) പൊളിച്ചു. ദിവ്യയ്ക്ക് നൽകിയ പോലീസ് കരുതൽ രാജ്യത്തിനു തന്നെ മാതൃകയായി നാടുമുഴുവൻ കണ്ടല്ലേ? അരയിൽ കെട്ടേണ്ട ആ തുണിക്കഷണം മുഖത്തിട്ട് നടക്കേണ്ട ഗതകേടിലാണ് ചില പാർട്ടി നേതാക്കൾ. ദിവ്യയ്‌ക്കെതിരെ സംഘടനാ തലത്തിൽ നടപടി വേണോയെന്ന് ചിന്തിക്കാൻ കണ്ണൂർ ജില്ലാ കമ്മിറ്റിയും ഇന്ന് ചേർന്നു കഴിഞ്ഞിരുന്നു. അവിടേയയും 'പാമ്പ് ചാകാതേയും വടി ഒടിയാതെയും' നോക്കാൻ കണ്ണൂരിലെ ചില സഖാക്കൾ ദിവ്യയ്ക്ക് കൂട്ടിനുണ്ടെന്നുള്ള വാർത്തയും കണ്ടു.
മനഃപൂർവമല്ലാത്ത നരഹത്യയാണോ ഇത് ?
കഴിഞ്ഞ
ബുധനാഴ്ച (ഒക്. 23) പെരുമ്പാവൂരിനടുത്തുള്ള ഒക്കലിൽ ഒരു മരണം നടന്നു.
ഒക്കലിൽ ടെലിഫോൺ ബൂത്ത് നടത്തിയിരുന്ന കണ്ണൻ എന്നു വിളിക്കുന്ന സുരേഷ്
പ്രഭാകരനാണ് (52) അന്ന് മരിച്ചത്. ഭിന്നശേഷിക്കാരനായിരുന്നു കണ്ണൻ. മൊബൈൽ
ഫോൺ വ്യാപകമായതോടെ കണ്ണന് ബൂത്ത് അടയ്‌ക്കേണ്ടി വന്നു. കണ്ണന്റെ
വീടിരിക്കുന്ന ഭൂമിയിലൂടെയാണ് നിർദ്ദിഷ്ട ശബരി റെയിൽവേ കടന്നു പോകേണ്ടത്. ആ
ഭൂമി അധികൃതർ കല്ലിട്ട് തിരിച്ചിട്ട് വർഷങ്ങളേറെയായി. കണ്ണന്റെ ഭൂമി ഈട്
വച്ച് വായ്പയെടുക്കാനോ വിൽക്കാനോ കഴിയാത്ത അവസ്ഥയുണ്ടാകുകയും
ദുരിതക്കനലുകളിലൂടെ നടന്ന കണ്ണൻ പിന്നീട് രോഗക്കിടക്കയിൽ നിന്ന്
എഴുന്നേറ്റില്ല. ഭാര്യയേയും മകളേയും തനിച്ചാക്കി കണ്ണൻ അന്ത്യയാത്രയായി.
ശബരി
റെയിൽ പോലെ തന്നെ സംസ്ഥാനത്തെങ്ങും വികസന പദ്ധതികൾക്ക് സ്ഥലം അളന്നു
തിരിച്ചിട്ടതിന്റെ കാണാക്കുരുക്കിൽ ജീവിക്കുന്ന നിരവധി മനുഷ്യരുണ്ട്.
വികസനത്തിനു വേണ്ടി ഭൂമിയേറ്റെടുത്തിട്ട് അതേ പദ്ധതികൾ അനിശ്ചിതമായി
നീണ്ടുപോകുമ്പോൾ കണ്ണനെ പോലെയുള്ളവരുടെ മരണം ഭരണകൂടം നടത്തുന്ന
മന:പൂർവ്വമല്ലാത്ത നരഹത്യയായി മാറുകയല്ലേ? ഏതെങ്കിലും ഒരു വികസന പദ്ധതിക്കു
വേണ്ടി ഭൂമി ഏറ്റെടുത്താൽ, സമയബന്ധിതമായി അത് പൂർത്തിയാകാത്തതിന് കണ്ണനെ
പോലെയുള്ളവർ എന്തു പിഴച്ചു?
'കേരള'മെന്താ ഭാരതത്തിലല്ലേ?
ഭാരതമെന്നെഴുതുമ്പോൾ
ബിരിയാണിയുടേയോ ബാലരമയുടേയോ 'ബ' വേണമെന്ന കുതിരവട്ടം പപ്പുവിന്റെ സിനിമാ
ഡയലോഗ് ഇന്ന് 'ട്രോളാൻ' പലരും ഉപയോഗിക്കാറുണ്ട്. എന്നാൽ ഇന്ത്യൻ
റെയിൽവേയുടെ 'കേരളം' ഉൾപ്പെടുന്ന ഭാരതം അവർ എഴുതിത്തുടങ്ങുന്നന്നത് 'ഫ'
എന്നു വച്ചാണോ? കാരണം, അത്രയേറെ അവഗണനയാണ് കേന്ദ്രം നമ്മോട് കാണിക്കുന്നത്.
കണ്ണന്
കുഴിമാടം തീർത്ത ശബരിറെയിലിന്റെ കാര്യം തന്നെ നോക്കാം: 1997ലാണ് ശബരി
റെയിൽ പ്രഖ്യാപിക്കപ്പെട്ടത്. ഇപ്പോൾ വർഷം 2024. അതായത് 27 വർഷത്തെ
കാത്തിരിപ്പ്. കേരളം ശബരി പദ്ധതിക്കു വേണ്ടി ഭൂമി ഏറ്റെടുത്തു
നൽകിയില്ലെന്ന് കേന്ദ്രം. അതുകൊണ്ട് നിർദ്ദിഷ്ട പദ്ധതിക്ക് പണമനുവദിക്കാതെ
കേന്ദ്രത്തിന്റെ കടുംപിടുത്തം തുടരുകയാണ്. ശബരി റെയിലിന്റെ ദൂരം 111
കിലോമീറ്റർ. ഇതിൽ 7 കി.മീ. നീളത്തിൽ റെയിൽ പാത നിർമ്മിക്കുകയും ചെയ്തു.
അതിന്റെ ചെലവ് 265 കോടി രൂപ. 70 കി.മീ. ദൂരത്തിൽ ശബരി റെയിലിനുവേണ്ടി സ്ഥലം
കല്ലിട്ടു തിരിക്കുകയും ചെയ്തു റെയിൽവേ. ഇതിനിടെ ചെങ്ങന്നൂർ പമ്പ റെയിൽ
പദ്ധതി മതിയെന്നായി കേന്ദ്രം. പക്ഷെ അങ്കമാലിഎരുമേലി റൂട്ടിലുള്ള പദ്ധതി
പൂർത്തിയാകാൻ 3810 കോടിയാണ് അഞ്ചുവർഷം മുമ്പ് കണക്കാക്കിയ ചെലവ്.
ചെങ്ങന്നൂർ പമ്പ റൂട്ടിൽ ട്രെയിൽ ഓടിക്കാൻ വേണ്ടതാകട്ടെ 7200 കോടി രൂപയും.
അങ്കമാലിഎരുമേലി റൂട്ടിൽ റെയിൽവേലൈൻ വന്നാൽ തീവണ്ടി കടന്നു ചെല്ലാത്ത
ഇടുക്കിക്ക് അതൊരു നേട്ടമാകും. എറണാകുളം, കോട്ടയം ജില്ലകളിലൂടെയും
ഇടുക്കിയിലൂടെയും ശബരി റെയിൽ കടന്നുപോകുമ്പോൾ, മലയോര മേഖലയിൽ മാത്രം 14
സ്റ്റേഷനുകൾ വരും. ഇതാകട്ടെ കാർഷികമേഖലയ്ക്ക് ഗുണം ചെയ്യും. എരുമേലിയിൽ
നിന്ന് ശബരിറെയിൽ പുനലൂർക്ക് നീട്ടാൻ കഴിഞ്ഞാലും നേട്ടമുണ്ട്. ഇതേ
റെയിൽവേലൈൻ കൊല്ലം ചെങ്കോട്ട റൂട്ടിലെത്തിച്ചാൽ തമിഴ്‌നാട്ടിലേയ്ക്ക് ഒരു
സമാന്തര പാതയുടെ ഗുണവും കേരളത്തിന് ലഭിക്കും. അങ്കമാലി മുതൽ തിരുവനന്തപുരം
വരെയുള്ള സമാന്തര റെയിൽവേ ലൈനായി അത് മാറ്റിയെടുക്കാനും കഴിയും.
അമ്പലപ്പുഴ തുറവൂർ റൂട്ടിലെ പാത ഇരട്ടിപ്പിക്കുന്നതിലും റെയിൽവേ മുഖം തിരിച്ചുനിൽക്കുകയാണ്. ഗുരുവായൂർ തിരുനാവായ, നിലമ്പൂർ നഞ്ചൻകോട് റെയിൽവേ ലൈൻ പദ്ധതികളും കോൾഡ് സ്റ്റോറേജിലാണ്. അടിസ്ഥാനസൗകര്യ വികസനത്തിന് സംസ്ഥാനങ്ങൾക്ക് പലിശരഹിതവായ്പയായി ഒന്നരലക്ഷം കോടി രൂപയാണ് കേന്ദ്രം നീക്കിവച്ചിരിക്കുന്നത്. അതിൽ ഒരു ഭാഗമെങ്കിലും വാങ്ങിയെടുക്കാനുള്ള ഹോംവർക്കൊന്നും സംസ്ഥാനം നടത്തുന്നില്ല. പകരം പലിശ കൊടുത്ത് വദേശവായ്പ ഒപ്പിച്ചെടുക്കാനാണ് ഇപ്പോൾ ഭരിക്കുന്നവരുടെ ശ്രമം. ഇതിനിടെ തിരുവനന്തപുരം-കന്യാകുമാരി റെയിൽവേലൈനിന് സംസ്ഥാനം ഭൂമിയേറ്റെടുത്തു നൽകിയിട്ടുണ്ട്. എന്നാൽ ഈ റൂട്ടിലുള്ള ജലവിതരണ പൈപ്പുകൾ മാറ്റിയിടാൻ ജല അതോറിറ്റി ഇതേവരെ തയ്യാറായിട്ടില്ല. തിരുവനന്തപുരം മംഗലാപുരം റൂട്ടിൽ 3ഉം 4ഉം പാതകൾ വരുംവർഷങ്ങളിൽ അത്യാവശ്യമാണ്. പക്ഷേ അതൊന്നും നേടിയെടുക്കാൻ സംസ്ഥാന സർക്കാർ തിടുക്കം കാണിക്കുന്നില്ല.
സാലറി ചലഞ്ച്: മുഖ്യന്റെ മുറുമുറുപ്പ്
വയനാട് പുനരധിവാസത്തിന് സർക്കാർ ജീവനക്കാരും അധ്യാപകരും 5 ദിവസത്തെ ശമ്പളം നൽകണമെന്ന് സർക്കാർ ആവശ്യപ്പെട്ടിരുന്നു. സെപ്തംബറിലെ ശമ്പളത്തിൽ നിന്ന് ഒരു ദിവസത്തെ ശമ്പളവും ഒക്‌ടോബർ നവംബർ മാസങ്ങളിൽ 2 ദിവസം വീതമുള്ള ശമ്പളവും നൽകാനായിരുന്നു നിർദ്ദേശം. ഇങ്ങനെ 500 കോടി രൂപ സർക്കാർ പ്രതീക്ഷിച്ചുവെങ്കിലും ഇതുവരെ കിട്ടിയത് 187 കോടി രൂപ മാത്രം. കഴിഞ്ഞയാഴ്ച മുഖ്യമന്ത്രി ഒരു പൊതുപരിപാടിയിൽ ജീവനക്കാരുടെ ദുരിതാശ്വാസത്തുക നൽകാനുള്ള വൈമുഖ്യത്തെ കളിയാക്കുകയും ചെയ്തു.
ഡി.എ, ഇനത്തിൽ സർക്കാർ നൽകേണ്ട 40 മാസത്തെ കുടിശ്ശിക കാര്യത്തിൽ മൗനം പാലിക്കുന്ന സർക്കാരിന് 'പിരിവ്' കൊടുക്കാത്ത ജീവനക്കാരെയും അധ്യാപകരെയും വീമർശിക്കാൻ എന്ത് അവകാശം ? 2021 ജൂലൈ മുതൽ 7 ഗഡുക്കളായി നൽകാനുള്ള 22 ശതമാനം കുടിശ്ശികയുടെ കാര്യത്തിലും സർക്കാർ മൗനത്തിലാണ്.
കുടിശ്ശികയെല്ലാം നൽകുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത് ഇക്കഴിഞ്ഞ ജൂൺ മാസത്തിലാണ്. ക്ഷേമ പെൻഷൻ, ഡി.എ., ഡി.ആർ. ഇനങ്ങളിലുള്ള കുടിശ്ശിക മുഴുവനും നൽകാൻ അന്നത്തെ കണക്കനുസരിച്ച് 2500 കോടി രൂപ വേണം. ഈ ഭീമമായ തുക സമാഹരിക്കാനാവാത്തതുകൊണ്ട് ക്ഷേമപെൻഷനും ഡി.എ.യുമെല്ലാം ''അച്ചാർ'' വിളമ്പുന്നപോലെ ഇത്തിരിമാത്രം നൽകി തടിതപ്പുകയാണ് ധനവകുപ്പ്.
ഇങ്ങനെ പിഴിയല്ലേ, കാറ്റ് പോകും ...
ജി.എസ്.ടി. എന്ന കരിംഭൂതത്തിന്റെ പിടിയിലാണിപ്പോൾ ചെറുകിട വ്യാപാര മേഖല. കോവിഡിനുശേഷം 20,000 വ്യാപാരസ്ഥാപനങ്ങൾ പൂട്ടിപ്പോയെന്നതാണ് അനൗദ്യോഗിക കണക്ക്. ഓരോ കടയിലും മിനിമം 4 വീതം ജോലിക്കാരുണ്ടായിരുന്നു. ഇപ്പോൾ കടകളിൽ മുതലാളി തന്നെയാണ് തൊഴിലാളി. ജോലിയില്ലാത്ത വീട്ടമ്മമാരും ഇപ്പോൾ 'വീട്ടപ്പ'നെ സഹായിക്കാൻ കടകളിലെത്തുന്നുണ്ട്.
ബാങ്ക് ലോൺ അടവ്, മക്കളുടെ വിദ്യാഭ്യാസം, ഭവനവാഹന വായ്പകളുടെ അടവ്, അടിയ്ക്കടി ഉയരുന്ന വൈദ്യുതി ചാർജ് തുടങ്ങി ഊരാക്കുടുക്കുകൾക്കുള്ളിൽ ഞെരുങ്ങുകയാണ് ചെറുകിട കച്ചവടക്കാർ. ഇപ്പോൾ കെട്ടിടയുടമയുടെ ജി.എസ്.ടി. കുടിശ്ശികയെന്ന പേരിലുള്ള ഉദ്യോഗസ്ഥരുടെ പിഴിച്ചിൽ, പാർട്ടികളുടെ സമ്മേളനപ്പിരിവുകൾ തുടങ്ങി കട തുറന്നുവച്ചാൽ കയറിവരുന്ന കഷ്ടനഷ്ടങ്ങൾ ഏറെ.
2024 ഫെബ്രുവരി മാസത്തിൽ തലസ്ഥാനത്ത് ചെറുകിട വ്യാപാരികൾ നടത്തിയ വ്യാപാര സംരക്ഷണ യാത്രയെ തുടർന്ന് സംസ്ഥാന സർക്കാർ ചില ആശ്വാസ നടപടികൾക്ക് തുടക്കമിട്ടിരുന്നു. പക്ഷെ 'ഓൺലൈൻ വ്യാപാരം' നിയന്ത്രിക്കാൻ കേന്ദ്രസംസ്ഥാന ഭരണകൂടങ്ങൾ സന്നദ്ധരല്ല. 40 ലക്ഷം രൂപ വരെ വിറ്റുവരവുള്ള കടകൾക്ക് ജി.എസ്.ടി. ഒഴിവാക്കിയിട്ടുണ്ട്. 2 കോടി രൂപയാക്കി ഈ പരിധിയുയർത്തണമെന്ന് വ്യാപാരികൾ ആവശ്യപ്പെടുന്നുണ്ട്. 'ഒരു രാജ്യം, ഒറ്റ നികുതി' എന്ന ആശയം തന്നെ ഇപ്പോൾ കേരളം അട്ടിമറിച്ചു കഴിഞ്ഞു. എൻട്രി ടാക്‌സ്, സർച്ചാർജ് തുടങ്ങിയ ഓമനപ്പേരുകളിൽ ജി.എസ്.ടി. കൂടാതെയുള്ള നികുതി അടിച്ചേല്പിക്കലിന് കേരളം തുടക്കമിട്ടിരിക്കുകയാണ്.
ഇതോടൊപ്പം വികസന പദ്ധതികൾക്കുവേണ്ടിയുള്ള കട ഒഴിപ്പിക്കലും വ്യാപാരികൾക്ക് പാരയായിട്ടുണ്ട്. മിനിമം രീതിയിൽ ഒരു കട ഫർണിഷ് ചെയ്യാൻ കുറഞ്ഞത് 5 -10 ലക്ഷം രൂപ വേണം. ഇതേ കട ഒഴിപ്പിക്കപ്പെടുമ്പോൾ വ്യാപാരിക്ക് ലഭിക്കുന്ന നഷ്ടപരിഹാരം മാക്‌സിമം 75,000 രൂപയാണ്!
പാവപ്പെട്ടവരും ഇടത്തരക്കാരുമായവരുടെ ജീവിതങ്ങളെ അടിമുടി താറുമാറാക്കുന്ന സ്ഥിതിയിലാണ് കേരളത്തിലെ സാമൂഹിക ജീവിതം കടന്നുപോകുന്നത്. സാമ്പത്തിക പ്രതിസന്ധിയെന്ന കാരണം പറഞ്ഞ് ഒരു പൗരന് അവശ്യം ഉറപ്പാക്കേണ്ട സാമൂഹിക നീതിയിൽ നിന്ന് ഭരിക്കുന്നവർ ഇന്ന് ഒളിച്ചോടുകയാണ്. ഈ അവസ്ഥ കേരളത്തെ എപ്പോഴും അമർഷത്തിന്റെ ചുടുലാവ പൊട്ടിയൊഴുകാവുന്ന അഗ്‌നി പർവത സമാനമായ സമൂഹ പ്രതിസന്ധി തീർത്തുകഴിഞ്ഞു. മടിയിലുള്ള പണം 'ഭരണകൂട'ത്തിന്റെ നിർവ്വഹണത്തിനും, കടങ്ങളുടെ പലിശയ്ക്കും മാത്രമായി മാറ്റിവയ്ക്കപ്പെടുന്ന അഡ്ജസ്റ്റ്‌മെന്റിന്റെ തരികിടയിൽ താളം തെറ്റുന്നുണ്ട് പൗരജീവിതങ്ങൾ.
രാഷ്ട്രീയ വിവാദങ്ങൾ വിളമ്പി തടിതപ്പുന്ന ഭരണകൂടം ജനങ്ങളിലേക്ക്, അവരുടെ ജീവിതങ്ങളിലേക്ക് കണ്ണയയ്ക്കാൻ വൈകിക്കഴിഞ്ഞു. ഒരു തരം 'ഭ്രമയുഗ'സ്റ്റൈലിൽ 'കാരണവർ' കളിച്ചിട്ട് കാര്യമില്ല. ഇന്നലെ പറഞ്ഞത് ഇന്ന് 'വെള്ളം തൊടാതെ' വിഴുങ്ങി 'ഞഞ്ഞാ,പിഞ്ഞാ, പറയുന്നതല്ല ജനാഭിമുഖ്യള്ള ഭരണശൈലി. 'രക്ഷാപ്രവർത്തനം' പാർട്ടിക്കാരിൽ ഒതുങ്ങാതെ ജനങ്ങൾക്കായി പ്രയോജനപ്പെടുത്തണം. എന്തു പറഞ്ഞാലും ജനം മറന്നോളുമെന്ന 'ഹിറ്റ്‌ലർ' ചിന്ത ആർക്കും ഗുണം ചെയ്യില്ല.
ആന്റണി ചടയംമുറി
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1