പിണറായിയുടെ പദാവലി

APRIL 2, 2026, 4:56 AM

തിരഞ്ഞെടുപ്പ് കാലത്ത് വികസ്വരമാകുന്ന രാഷ്ട്രീയ പദാവലിയിലേക്ക് പിണറായി വിജയന്റെ സംഭാവനയാണ് ചെറ്റത്തരം. മലയാളഭാഷയ്ക്ക് നിഘണ്ടു സമ്മാനിച്ച ഹെർമൻ ഗുണ്ടർട്ട് ജീവിച്ച നഗരത്തിൽ എം.എൻ. വിജയന്റെ വിദ്യാർത്ഥിയായിരുന്ന പിണറായി വിജയന് പദദാരിദ്ര്യം ഉണ്ടാവില്ല. പോറ്റിവളർത്തിയ പാർട്ടിയെ നിഷേധിച്ച് എതിർപാളയത്തിലെത്തിയ ജി. സുധാകരന്റെ പ്രവൃത്തിയെ ചെറ്റത്തരം എന്നാണ് പിണറായി വിശേഷിപ്പിച്ചത്. ചെറ്റത്തരത്തിന് ഹീനത എന്നാണ് ഗുണ്ടർട്ടും ബെയിലിയും ശ്രീകണ്‌ഠേശ്വരവും അർത്ഥം പറയുന്നത്. നികൃഷ്ടത എന്നും പറയാം. അതിൽക്കവിഞ്ഞ അശ്‌ളീലമോ ആഭാസമോ ആ പദത്തിനില്ല.

യൂദാസിന്റെ ചതിയെ വിശേഷിപ്പിക്കുന്നതിന് ചെറ്റത്തരം എന്ന പദം ബൈബിളിൽ ഉപയോഗിച്ചിട്ടില്ല. ഫ്യൂഡൽ പദനിർമിതിയുടെ വർഗപരമായ സ്വാധീനം ചെറ്റത്തരം എന്ന പദത്തിലുണ്ട്. വികാരത്തള്ളിച്ചയിൽ പിണറായി അസംസ്‌കൃതപദങ്ങൾ ഉപയോഗിക്കാറുണ്ട്. പാവപ്പെട്ടവന്റെ കുടിയായ ചെറ്റയുമായി ബന്ധം തോന്നുന്നതിനാൽ ചെറ്റത്തരം എന്ന വാക്ക് ഞാൻ ഉപയോഗിക്കാറില്ല. ചാണകം മെഴുകിയ തറയും പനമ്പ് ഭിത്തിയും ഓല മേഞ്ഞ കൂരയുമുള്ള ഇത്തിരി മുന്തിയ ചെറ്റയിൽ ഞാൻ കുട്ടിക്കാലത്ത് താമസിച്ചിട്ടുണ്ട്. പക്ഷേ എന്നെ ആരും ചെറ്റയെന്നു വിളിച്ചിട്ടില്ല. ഞാനും ആരെയും അങ്ങനെ വിളിച്ചിട്ടില്ല. ചെറ്റകളിൽ ഒളിജീവിതം നയിച്ചുകൊണ്ടാണ് നേതാക്കൾ കമ്യൂണിസ്റ്റ് പാർട്ടിയെ വളർത്തിയെടുത്തത്. ചെറ്റകളിൽ താമസിക്കുന്നവരുടെ വിശ്വസ്തതയിലാണ് പാർട്ടി പ്രത്യയശാസ്ത്രപരമായ അസ്തിവാരങ്ങൾ ഉറപ്പിച്ചത്. അതുകൊണ്ട് ചെറ്റയെ പരിഹാസ്യമാക്കുന്ന പദപ്രയോഗങ്ങൾ പാർട്ടിയുമായി ബന്ധപ്പെട്ടവരിൽനിന്ന് ഉണ്ടാകാൻ പാടില്ല.

ക്‌ളിഷ്ടം എന്ന വാക്യദോഷം മാർക്‌സിസ്റ്റ് ആശയപ്രചാരകർ നേരിടുന്ന പ്രതിസന്ധിയാണ്. മാർക്‌സിന്റെ മതപ്രകീർത്തനത്തിൽ കറുപ്പ് എന്ന വാക്കില്ലായിരുന്നുവെങ്കിൽ വിശ്വാസികൾ മാർക്‌സിനൊപ്പം നിൽക്കുമായിരുന്നു. കാരണം ജീസസിനൊപ്പം നിൽക്കുന്ന ആളാണ് മാർക്‌സ്. സംഘടിക്കുക എന്ന് മാർക്‌സ് ലളിതമായി പറഞ്ഞപ്പോൾ വിമോചനത്തിന്റെ സൂത്രവാക്യമായി സർവരാജ്യത്തൊഴിലാളികൾ അതേറ്റെടുത്തു. പിണറായിയുടെ വർത്തമാനത്തിലും ഈ പ്രശ്‌നമുണ്ട്. പ്രായേണ നിർദോഷവും പ്രതികരണം ആവശ്യമില്ലാത്തതുമായ ഒരു പരാമർശത്തിന്റെ പേരിൽ ബിഷപ്പിനെ നികൃഷ്ടജീവി എന്നു വിളിക്കുന്നതിനുള്ള അവിവേകം പിണറായി കാണിച്ചു. ആരും നികൃഷ്ടരല്ല.

vachakam
vachakam
vachakam

എം.വി. ജയരാജനെ ശിക്ഷിച്ച ജസ്റ്റിസ് രാംകുമാർ അദ്ദേഹത്തെ കീടമെന്നു വിളിച്ചു. ഭരണഘടനയ്ക്ക് നിരക്കാത്ത പദപ്രയോഗമാണ് ജസ്റ്റിസ് രാംകുമാർ നടത്തിയത്. വ്യക്തിയുടെ അന്തസ് ഭരണഘടനയുടെ ആമുഖവാഗ്ദാനമാണ്. ദേഷ്യം കലശലാകുമ്പോൾ നാവിന്റെ കെട്ടഴിഞ്ഞുപോകും. അപ്പോൾ കുലംകുത്തി മുതൽ വിശേഷണങ്ങൾ പലത് കുത്തിയൊലിച്ച് വരും.

ശാസിക്കുന്ന ഘട്ടത്തിൽ ശാപവാക്കുകളാകാമെന്ന് ബൈബിൾ പഠിപ്പിക്കുന്നു. വെള്ളയടിച്ച കുഴിമാടങ്ങൾ, അണലിസന്തതികൾ എന്നിവ ഉദാഹരണമായെടുക്കാം. സുവിശേഷം വായിക്കുന്ന ബിഷപ് അതുകൊണ്ടാവാം പിണറായി വിജയനോടു പൊറുത്തത്. ചാനൽ ചർച്ചയിൽ പങ്കെടുക്കുന്ന കോൺഗ്രസ് പാനലിസ്റ്റുകൾ മാത്രമാണ് ഉത്തരം മുട്ടുമ്പോൾ അപ്രസക്തമായി അക്കാര്യം ഓർമിപ്പിക്കുന്നത്. ബിഷപ്പിന്റെ നുണ വിശുദ്ധ നുണയാകുമോ എന്ന് പിണറായി വിജയൻ അനുബന്ധമായി ചോദിച്ചു. ആകുമെന്നാണ് എന്റെ വിനീതമായ ഉത്തരം.

ലെ മീസറാബ്‌ള് (പാവങ്ങൾ) എന്ന പ്രസിദ്ധമായ നോവലിൽ വിക്ടർ യൂഗോ അപ്രകാരം വിശുദ്ധമായ ഒരു രംഗം ചിത്രീകരിക്കുന്നുണ്ട്. ബിഷപ്പിന്റെ വെള്ളി മോഷ്ടിച്ച ഴാങ് വാൽ ഴാങ്ങിനെ തെരുവിൽ പിടികൂടിയ പൊലീസ് അയാളെ ബിഷപ്പിന്റെ മുന്നിൽ കൊണ്ടുവരുന്നതാണ് രംഗം. തൊണ്ടിമുതൽ താൻ ആ മോഷ്ടാവിന് നൽകിയതാണല്ലോ എന്നാണ് ബിഷപ് പൊലീസിനോടു പറഞ്ഞ നുണ. ആ രാത്രിയെ മാത്രമല്ല ചരിത്രത്തെയാകെ വിശുദ്ധമാക്കിയ നുണയായിരുന്നു അത്. അതാണ് വിശുദ്ധ നുണ.

vachakam
vachakam
vachakam

വാക്കിൽ ശരി മാത്രം പോരാ; ഔചിത്യവും വേണം. വാക്കിൽ വിഷം പുരട്ടണമെങ്കിൽ സംസ്‌കൃതത്തിലാകുന്നതാണ് നല്ലത്. അൺപാർലമെന്ററി എന്ന ആക്ഷേപമില്ലാതെ സി.എച്ച്. മുഹമ്മദ് കോയ കുക്കുടഭോഗം എന്ന പദം കണ്ടെത്തി. അഴിഞ്ഞുരിയാട്ടത്തിന് നായനാർക്ക് നൽകിയിരുന്ന സ്വാതന്ത്ര്യം പിണറായിക്കില്ല. പിണറായിക്ക് നർമത്തിന്റെ ഇളവില്ല. എം.എ. ബേബിക്കും അതില്ല. അതുകൊണ്ടാണ് രൂപ താ പ്രയോഗം സ്വീകരിക്കപ്പെടാതെ പോയത്. ഇന്നസെന്റിനെ ലോക്‌സഭയിലേക്കയക്കുകയും സുധീർ കരമനയെ നിയമസഭാ സ്ഥാനാർത്ഥിയാക്കുകയും ചെയ്ത മുന്നണിയുടെ പ്രചാരകനായ തോമസ് ഐസക്ക് രമേഷ് പിഷാരടിയെ കോമാളി എന്നു വിളിച്ചുപോയത് വ്യക്തിപരമായ അധിക്ഷേപമുള്ള തമാശ പറയുന്നത് സാമർത്ഥ്യമാണെന്ന ധാരണ നിമിത്തമാണ്.

അധിക്ഷേപിക്കപ്പെടുന്ന സ്ഥാനാർത്ഥിയെ വിജയിപ്പിച്ച് പ്രായശ്ചിത്തം ചെയ്യുന്ന സ്വഭാവം വോട്ടർമാർക്കുണ്ട്. കായംകുളത്ത് യു. പ്രതിഭയുടെ കണ്ണീരിന്റെ മൂല്യം വോട്ടായിട്ടാണ് ഗണിച്ചെടുക്കേണ്ടത്. രമ്യ ഹരിദാസിന്റെ വിജയത്തിന് വിജയരാഘവനും പ്രേമചന്ദ്രന്റെ വിജയത്തിന് പിണറായിയും നൽകിയ സംഭാവന എപ്പോഴും ഓർമിക്കപ്പെടാറുണ്ട്. സ്ഥാനാർത്ഥിയെ എതിർക്കാം; അവഹേളിക്കരുത്. പ്രതാപിയായ എം.കെ. രാഘവൻ ഞാറക്കലിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായപ്പോൾ എം.കെ. രാഘവൻ ബിഎ ബിഎൽ, എ.എസ് പുരുഷോത്തമൻ തറ പറ എന്നായിരുന്നു മുദ്രാവാക്യം. എണ്ണിയപ്പോൾ തറ പറ ജയിച്ചു.

തിരഞ്ഞെടുപ്പ് ജനാധിപത്യത്തിലെ ഉത്സവമാകുന്നത് ജനങ്ങളുടെ ആവേശകരമായ പങ്കാളിത്തം നിമിത്തമാണ്. അവർക്ക് നേതാവിനെ അടുത്തു കാണുന്നതിനും ഒരു ചോദ്യം ചോദിക്കുന്നതിനും താത്പര്യമുണ്ടാകും. ചോദ്യം ചോദിച്ച കുട്ടി  ക്‌ളാസിൽനിന്ന് പുറത്തായാലും ഉത്തരം കിട്ടും വരെ ചോദ്യം അന്തരീക്ഷത്തിൽ തങ്ങിനിൽക്കുമെന്ന് എം.എൻ. വിജയൻ പറഞ്ഞിട്ടുണ്ടെങ്കിലും എല്ലാ ചോദ്യങ്ങൾക്കും ഉത്തരം ആവശ്യമില്ല. ചോദ്യം ചോദിക്കുന്നത് പിണറായി കരുതുമ്പോലെ സൂക്കേടിന്റെ ലക്ഷണമാണെങ്കിൽ യേശു അത്തരം സൂക്കേടുകാരെ ഫലപ്രദമായി നേരിട്ടത് മറുചോദ്യം ഉന്നയിച്ചും ചെറുകഥകൾ പറഞ്ഞുമായിരുന്നു. മുഖ്യമന്ത്രിയുടെ ആരാധകനായ സഖാവ് സദസ്സിലിരുന്ന് ഒരു ചോദ്യം എന്നു പറഞ്ഞപ്പോൾ വീട്ടിൽ പോയി ചോദിച്ചാൽ മതിയെന്നാണ് പിണറായി പറഞ്ഞത്. സദസ്സിൽ ചോദിക്കേണ്ടത് വീട്ടിൽ ചോദിച്ചിട്ടു കാര്യമില്ല.

vachakam
vachakam
vachakam

ചോദ്യങ്ങൾ ഉയരേണ്ടത് പൊതുമണ്ഡലത്തിലാണ്. സ്വന്തം നേതാവിനോടല്ലാതെ മറ്റാരോടാണ് അവർ ചോദ്യങ്ങൾ ചോദിക്കുക? ചോദ്യങ്ങൾ മാത്രമല്ല നിർദേശങ്ങളും അവരുടെ പക്കലുണ്ടാകും. എല്ലുന്തിയ സ്വന്തം മുഖത്തിന്റെ അഭംഗിക്ക് പരിഹാരമായി എബ്രഹാം ലിങ്കൻ താടി വളർത്തിയത് ഒരു പെൺകുട്ടി കത്തിലൂടെ നൽകിയ നിർദേശമനുസരിച്ചായിരുന്നു. വൈറ്റ് ഹൗസിലേക്കുള്ള വിജയശ്രീലാളിതമായ പ്രസിഡൻഷ്യൽ യാത്രയിൽ തീവണ്ടി ആ പെൺകുട്ടിയുടെ ഗ്രാമത്തിലെത്തിയപ്പോൾ രക്ഷാഭടന്മാർ അവളെ കണ്ടെത്തിയതും ആൾക്കൂട്ടത്തിന്റെ ആർപ്പുവിളികൾക്കിടയിൽ  ലിങ്കൻ അവളെ എടുത്തുയർത്തിതും ജനാധിപത്യത്തിന് പുളകമാകുന്ന ഓർമയായി.

വാഴ്ത്തുപാട്ടുകാർക്കിടയിൽ രാജാവിന്റെ നഗ്‌നതയും പ്രസിഡന്റിന്റെ മുഖവൈകല്യവും ചൂണ്ടിക്കാട്ടുന്ന നിഷ്‌കളങ്കരായ കുട്ടികൾ ഉണ്ടാകണം. ആ നിഷ്‌കളങ്കതയാണ് ജനാധിപത്യത്തിന്റെ കരുത്ത്. ചരിവ് പിസയിലെ ഗോപുരത്തിന്റെ ആകർഷണമാണ്. നിവർന്നുള്ള നിൽപാണ് ജനാധിപത്യത്തിന്റെ അഴക്. മന്നവേന്ദ്രാ വിളങ്ങുന്നു ചന്ദ്രനെപ്പോലെ നിൻമുഖം എന്നെഴുതിയ കവി ആരെന്ന് വ്യാകരണം ക്‌ളാസിൽ ഉപമാലങ്കാരം പഠിക്കുന്നവർക്കുപോലുമറിയില്ല.

ഡോ. സെബാസ്റ്റ്യൻ പോൾ

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam