പിണറായിപ്പേടി മാറാത്ത ക്രൂഷ്‌ചേവിന്റെ ചിരി

MAY 20, 2026, 9:17 AM

കമ്മ്യൂണിസ്റ്റ് ശക്തി കേന്ദ്രമായിരുന്ന സോവിയറ്റ് യൂണിയന്റെ ചരിത്രത്തിൽ ജോസഫ് സ്റ്റാലിനും അദ്ദേഹത്തിന് ശേഷം അധികാരത്തിൽ വന്ന നികിത ക്രൂഷ്‌ചേവും തമ്മിലുള്ള ബന്ധം രാഷ്ട്രീയ വൈരുധ്യങ്ങൾ നിറഞ്ഞതായിരുന്നു. സ്റ്റാലിന്റെ ഭരണകാലത്തെ അടിച്ചമർത്തലുകളെയും വ്യക്തിപൂജയെയും തള്ളിപ്പറഞ്ഞ് 'ഡീസ്റ്റാലിനൈസേഷൻ' എന്ന നയം നടപ്പിലാക്കിയതിലൂടെയാണ് ക്രൂഷ്‌ചേവ് ചരിത്രത്തിൽ ശ്രദ്ധേയനായത്.

ലോകത്ത് എവിടെയും ഒരു കമ്മ്യൂണിസ്റ്റ് ഏകാധിപതി നിലംപൊത്തിയാൽ അതുവരെ നിശബ്ദരായിരുന്ന സഹപ്രവർത്തകർ ഒരു തിരുത്തൽ ശക്തി പോലെ ഉയർത്തെഴുന്നേൽക്കും.
സ്റ്റാലിന്റെ ഭരണകാലത്ത് ക്രൂഷ്‌ചേവ് അദ്ദേഹത്തിന്റെ വിശ്വസ്തനും ഭരണ വൃത്തത്തിലെ പ്രധാനിയുമായിരുന്നു. ഉക്രെയ്‌നിലെ പാർട്ടി മേധാവിയായി സേവനമനുഷ്ഠിക്കുകയും, രണ്ടാം ലോകമഹായുദ്ധസമയത്ത് സ്റ്റാലിനും ജനറൽമാർക്കും ഇടയിൽ ഇടനിലക്കാരനായി പ്രവർത്തിക്കുകയും ചെയ്തു.

എന്നാൽ, 1953ൽ സ്റ്റാലിൻ അന്തരിച്ചതിനു ശേഷം അധികാരത്തിലെത്തിയ ക്രൂഷ്‌ചേവ്, 1956ൽ നടന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഇരുപതാം കോൺഗ്രസിൽ 'സീക്രട്ട് സ്പീച്ച്' എന്ന പേരിൽ വിഖ്യാതമായ ആ രഹസ്യ പ്രസംഗം നടത്തി. സ്റ്റാലിൻ ഒരു ഏകാധിപതിയായിരുന്നുവെന്നും, നിരപരാധികളായ ലക്ഷക്കണക്കിന് ആളുകളെ കൊലപ്പെടുത്തിയെന്നും അദ്ദേഹം തുറന്നടിച്ചു. സ്റ്റാലിന്റെ 'വ്യക്തിപൂജ'യെ അദ്ദേഹം കഠിനമായി വിമർശിച്ചു.

vachakam
vachakam
vachakam

1961ലെ പാർട്ടി കോൺഗ്രസിൽ സ്റ്റാലിനെതിരെയുള്ള വിമർശനങ്ങൾ ക്രൂഷ്‌ചേവ് വീണ്ടും പരസ്യമായി ആവർത്തിച്ചു. തുടർന്ന്, ലെനിന്റെ മൗസിലിയത്തിൽ കിടന്നിരുന്ന സ്റ്റാലിന്റെ മൃതദേഹം അവിടെനിന്നു മാറ്റുകയും, സ്റ്റാലിൻഗ്രാഡ് പോലെയുള്ള നഗരങ്ങളുടെ പേരുകൾ മാറ്റുകയും ചെയ്തു. സ്റ്റാലിന്റെ ഭരണകാലത്ത് അദ്ദേഹത്തിന്റെ കൂടെ പ്രവർത്തിക്കുകയും പിന്നീട് സ്റ്റാലിന്റെ ക്രൂരതകളെ ലോകത്തിന് മുന്നിൽ തുറന്നുകാട്ടുകയും ചെയ്ത ക്രൂഷ്‌ചേവ് പ്രസംഗിച്ചുകൊണ്ട് നിൽക്കെ,' ഈ വിമർശനം നേരത്തെ എന്തു കൊണ്ടു നടത്തിയില്ല' എന്നൊരു ചോദ്യം സദസ്സിൽ നിന്ന് ആരോ ഉയർത്തി. പ്രസംഗം നിർത്തി, ആരാണത് ചോദിച്ചത് എന്നായി ക്രൂഷ്‌ചേവ്.

എല്ലാവരും പരസ്പരം നോക്കി. ആർക്കും ഒന്നും അറിയില്ല. ചോദിച്ചയാൾ വീണ്ടും ആ ചോദ്യം ആവർത്തിച്ചുമില്ല.

അപ്പോൾ ക്രൂഷ്‌ചേവ് പറഞ്ഞത്രേ :' ഇതുതന്നെയായിരുന്നു അന്ന് എന്റെയും പ്രശ്‌നം'.

vachakam
vachakam
vachakam

ഭയം !

ഭയം ഒരാഭരണം

മേൽപ്പറഞ്ഞ കഥ ആവർത്തിക്കുമ്പോൾ ആർക്കെങ്കിലും ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് ഭരണം നിലനിന്നിരുന്ന ഏക സംസ്ഥാനമായ കേരളത്തെ ഓർമ്മ വരുന്നെങ്കിൽ അത് വെറും യാദൃശ്ചികമല്ല. അതിനിടെ, കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രവർത്തന ശൈലിക്കും നേതൃത്വത്തിനും എതിരെ എൽ.ഡി.എഫ് ഘടകകക്ഷിയായ സി.പി.ഐ കടുത്ത വിമർശനമാണ് ഉയർത്തിയത്.

vachakam
vachakam
vachakam

തോൽവിക്ക് ആക്കം കൂട്ടിയത് പിണറായി വിജയന്റെ ഭരണശൈലിയാണെന്നാണ് സി.പി.ഐ വിലയിരുത്തുന്നത്. പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് പുതിയ ഒരാൾ വരണമെന്നും, പിണറായി വിജയൻ വീണ്ടും ആ സ്ഥാനത്തേക്ക് വരുന്നത് ഉചിതമല്ലെന്നും സി.പി.ഐ കേന്ദ്രസംസ്ഥാന നേതൃത്വങ്ങൾ ശക്തമായി ആവശ്യപ്പെട്ടു.

സർക്കാരിന്റെയും മുന്നണിയുടെയും പ്രവർത്തനങ്ങൾ ഒരു 'വൺമാൻ ആർമി' പോലെയായിരുന്നുവെന്നും, കൂട്ടായ തീരുമാനങ്ങൾ ഉണ്ടായില്ലെന്നും വിമർശനമുയർന്നു. ജനകീയ പ്രശ്‌നങ്ങളിൽ നിന്നും സാധാരണക്കാരിൽ നിന്നും പാർട്ടി നേതൃത്വം അകന്നെന്നും, ജനവിരുദ്ധ നയങ്ങൾ തിരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്നും സി.പി.ഐ ചൂണ്ടിക്കാണിക്കുന്നു.

ഇവിടെ, ആൾക്കൂട്ടത്തിൽ ഇരുന്നയാൾ ക്രൂഷ്‌നേവിനോട് ചോദിച്ച അതേ ചോദ്യം തന്നെയാണ് നമുക്ക് പിണറായിയുടെ ഘടകകക്ഷിയായ സി.പി.ഐയോട് ചോദിക്കാനുള്ളത് എന്തുകൊണ്ട് ഇതൊക്കെ ഭരണത്തിൽ ഇരുന്നപ്പോൾ നിങ്ങൾ പറഞ്ഞില്ല!

അതേവികാരം.

ഭയം !

പരാജയപ്പെടാനുള്ള കാരണം പിണറായിയുടെ ധാർഷ്ട്യമാണെന്നും ശരീരഭാഷ സാധാരണക്കാരന് ഉൾക്കൊള്ളാൻ കഴിയാത്തതാണെന്നും ഇതുവരെ മൗനം പൂണ്ടിരുന്ന പാർട്ടി ജില്ലാ ഘടകങ്ങൾ പറഞ്ഞു തുടങ്ങി. പ്രായപരിധിയിൽ എന്തിന് പിണറായിക്ക് മാത്രം ഇളവ് നൽകി. സംസ്ഥാന സമിതി അംഗങ്ങളെ പോലും മത്സരിക്കുന്നതിൽ നിന്ന് ഒഴിവാക്കി. 

പിണറായിയെ പ്രതിപക്ഷ നേതാവാക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും പറയാൻ സഖാക്കൾ ധൈര്യം കാട്ടി. പാർട്ടി സെക്രട്ടറി എന്ന നിലയിൽ തന്റെ ശരീരഭാഷ ശരിയല്ലെന്ന് വീട്ടിൽനിന്നുപോലും അഭിപ്രായമുയർന്നുവെന്ന് സമ്മതിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ കൂടി രംഗത്ത് വന്നതോടെ പരാജയ ചിത്രത്തിന്റെ രചന പൂർത്തിയായി.
സി.പി.എം തിരുവനന്തപുരം ജില്ലാകമ്മിറ്റി യോഗത്തിലാണ് സെക്രട്ടറിയുടെ തുറന്നുപറച്ചിൽ. കോടിയേരി ബാലകൃഷ്ണന്റെ അഭാവം പാർട്ടി അറിയുന്നുണ്ട്. നേതാക്കൾ പോകുന്നെങ്കിൽ പോട്ടെ എന്ന നിലപാട് കോടിയേരി സ്വീകരിക്കില്ലായിരുന്നുവെന്നും ഗോവിന്ദനെതിരെ വിമർശനം ഉയർന്നു.

ഒടുവിൽ ... ചിരിക്കുന്ന പിണറായി വിജയനെ പൊതുജനം അല്പം ആശ്വാസത്തോടെ നോക്കിക്കണ്ടു. നിയമസഭയിൽ തന്റെ നേർ എതിരാളിയായിരുന്ന സതീശന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ അതേ വേദിയിൽ !

പഴയ പ്രതിപക്ഷത്തെ ഒട്ടുമിക്ക നേതാക്കളോടും അദ്ദേഹം കുശലം പറഞ്ഞ് ചിരിച്ചു. ഇനി ഞാനാണ് പ്രതിപക്ഷനേതാവ് എന്ന ഉറപ്പോടെ.. അത് ഞാനല്ലാതെ മറ്റാര് എന്ന ചോദ്യത്തിന് ഇപ്പോഴും സി.പി.എമ്മിൽ മറ്റൊരു മറുപടിയില്ല. അതാണ് ആ പ്രസ്ഥാനം കേരളത്തിൽ ഇപ്പോൾ നേരിടുന്ന ഏറ്റവും വലിയ അസ്ഥിത്വ പ്രതിസന്ധി.

ഇതുവരെ ഉയർന്ന വിമർശനങ്ങൾ വെള്ളത്തിൽ വരച്ച വര പോലെ ആകുമോ എന്നറിയാൻ വരും ദിവസങ്ങളിലെ പാർട്ടിയുടെ സംസ്ഥാന കമ്മറ്റി വിലയിരുത്തലുകൾ കൂടി പുറത്തു വരേണ്ടതുണ്ട്.
എന്നാൽ, അത് സംഭവിക്കാത്ത ഒരിടമായി കേരളം മാറുന്നു. അവിടെയും വ്യത്യസ്തമാകുന്നു നമ്മുടെ നാട്. പിണറായിപ്പേടിയിൽ നിന്നും മോചനം ഇല്ലാതെ!

പ്രിജിത്ത് രാജ്‌

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam