ഒപിടി തട്ടിപ്പ്: ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളെ പുറത്താക്കും; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

MAY 13, 2026, 9:30 AM

യുഎസില്‍ ഒപിടി (Optional Practical Training) സംവിധാനം ദുരുപയോഗം ചെയ്ത് തൊഴില്‍ രേഖകളില്‍ കൃത്രിമം കാണിച്ച പതിനായിരത്തോളം വിദ്യാര്‍ത്ഥികളെ യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് (ICE) കണ്ടെത്തി. വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തോടൊപ്പം ജോലി ചെയ്യാന്‍ അനുവദിക്കുന്ന ഒപിടി വ്യവസ്ഥ ദുരുപയോഗം ചെയ്ത വിദ്യാര്‍ത്ഥികളാണ് നിരീക്ഷണത്തില്‍ ഉള്ളത്. എച്ച്വണ്‍ ബി വിസയിലേക്ക് മാറാനുള്ള എളുപ്പവഴിയായി പലരും ഈ പദ്ധതിയെ തട്ടിപ്പിനായി ഉപയോഗപ്പെടുത്തുന്നതായി അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്.

സംശയാസ്പദമായ കമ്പനികളില്‍ ജോലി ചെയ്യുന്നതായി കാണിച്ച് വിദ്യാര്‍ത്ഥികള്‍ വ്യാജ രേഖകള്‍ സമര്‍പ്പിച്ചതായി കണ്ടെത്തിയിട്ടുണ്ട്. യുഎസിനുള്ളില്‍ നടക്കേണ്ട പരിശീലനവും മേല്‍നോട്ടവും ഇന്ത്യയിലിരുന്ന് നിയന്ത്രിക്കുന്ന അവസ്ഥയാണ് ഉള്ളത്. ഇത് ഒപിടി വ്യവസ്ഥയുടെ നേരിട്ടുള്ള ലംഘനമാണ്. സ്റ്റുഡന്റ് വിസയുടെ മറവില്‍ ചാരവൃത്തി, ബൗദ്ധിക സ്വത്തവകാശ മോഷണം, വിസ തട്ടിപ്പ് തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങള്‍ നടക്കുന്നതായി ഐസിഇ ആക്ടിംഗ് ഡയറക്ടര്‍ ടോഡ് ലിയോണ്‍സ് ആരോപിച്ചു.

തുടക്കത്തില്‍ വിദ്യാഭ്യാസത്തിന്റെ ഭാഗമായിരുന്ന ഒപിടി പദ്ധതി ഇപ്പോള്‍ നിയന്ത്രണമില്ലാത്ത വിദേശ തൊഴിലാളി വിതരണ ശൃംഖലയായി മാറിയെന്ന് ടോഡ് ലിയോണ്‍സ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അമേരിക്കന്‍ വിദ്യാഭ്യാസ രംഗത്തോടുള്ള വിശ്വാസത്തെ തകര്‍ക്കുന്ന ഇത്തരം നടപടികള്‍ ഒരു തരത്തിലും വെച്ചുപൊറുപ്പിക്കില്ലെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എന്താണ് ഒപിടി തട്ടിപ്പ്?


വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ പഠന വിഷയവുമായി ബന്ധപ്പെട്ട മേഖലയില്‍ നിശ്ചിത കാലയളവ് ജോലി ചെയ്യാന്‍ അനുവദിക്കുന്നതാണ് ഒപിടി. എന്നാല്‍ പല വിദ്യാര്‍ത്ഥികളും തങ്ങള്‍ ജോലി ചെയ്യുന്നുണ്ടെന്ന് കാണിക്കാന്‍ വ്യാജ കമ്പനികളുടെ (Shell Companies) പേരിലുള്ള ഓഫര്‍ ലെറ്ററുകളും രേഖകളും സമര്‍പ്പിച്ചതായാണ് കണ്ടെത്തല്‍. യഥാര്‍ത്ഥത്തില്‍ ഈ കമ്പനികള്‍ നിലവിലില്ലാത്തതോ അല്ലെങ്കില്‍ കേവലം രേഖകളില്‍ മാത്രം ഒതുങ്ങുന്നതോ ആണ്.

നിയമനടപടികള്‍


ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയ വിദ്യാര്‍ത്ഥികള്‍ കടുത്ത പ്രത്യാഘാതങ്ങളായിരിക്കും നേരിടേണ്ടി വരുന്നത്. കണ്ടെത്തിയ ഉടന്‍ തന്നെ ഇവരുടെ സ്റ്റുഡന്റ് വിസ (F-1 Visa) റദ്ദാക്കപ്പെടും. കൂടാതെ അമേരിക്കയില്‍ തുടരാനുള്ള അനുമതി നഷ്ടപ്പെടുകയും ഉടനടി രാജ്യം വിടേണ്ടി വരികയും ചെയ്യും. വ്യാജരേഖ ചമയ്ക്കുന്നത് ക്രിമിനല്‍ കുറ്റമായതിനാല്‍, ഭാവിയില്‍ അമേരിക്കയിലേക്ക് വരുന്നത് തടയുന്ന രീതിയിലുള്ള ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്താനും സാധ്യതയുണ്ട്.

അമേരിക്കയില്‍ പഠിക്കുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ ഇത്തരം കെണികളില്‍ വീഴാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അതിനായി ആദ്യം ചെയ്യേണ്ടത് ജോലി വാഗ്ദാനം ചെയ്യുന്ന കമ്പനിയുടെ വിശ്വാസ്യത ഉറപ്പുവരുത്തുക എന്നതാണ്. പണം വാങ്ങി ഓഫര്‍ ലെറ്ററുകള്‍ നല്‍കുന്ന ഏജന്‍സികളെ പൂര്‍ണ്ണമായും ഒഴിവാക്കുക. ഏത് തൊഴില്‍ മാറ്റവും കൃത്യസമയത്ത് യൂണിവേഴ്സിറ്റിയിലെ Designated School Official (DSO)യെ അറിയിക്കുക.

അമേരിക്കന്‍ ഇമിഗ്രേഷന്‍ വിഭാഗം ഇപ്പോള്‍ ഡാറ്റാ അനലിറ്റിക്സ് ഉപയോഗിച്ച് തൊഴില്‍ രേഖകള്‍ കര്‍ശനമായി പരിശോധിക്കുന്നുണ്ട്. അതിനാല്‍ ചെറിയൊരു പിഴവ് പോലും നിങ്ങളുടെ കരിയറിനെ ബാധിച്ചേക്കാം.

ഏറ്റവും പ്രധാനപ്പെട്ട 25 ഒപിടി എംപ്ലോയര്‍മാരെ മാത്രം കേന്ദ്രീകരിച്ച് നടത്തിയ പ്രാഥമിക പരിശോധനയില്‍ തന്നെ 10,000 ത്തിലധികം വിദേശ വിദ്യാര്‍ത്ഥികള്‍ വ്യാജ രേഖകള്‍ ചമച്ചതായി കണ്ടെത്തി. ഇതില്‍ ഗണ്യമായ എണ്ണം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ്. പല കമ്പനികളും വെറും കടലാസില്‍ മാത്രമുള്ളവയാണ്. ഉദ്യോഗസ്ഥര്‍ നടത്തിയ നേരിട്ടുള്ള പരിശോധനയില്‍ പല ഓഫീസുകളും പൂട്ടിക്കിടക്കുന്നതായും ഒരേ ചെറിയ വിലാസത്തില്‍ നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ ജോലി ചെയ്യുന്നതായും രേഖപ്പെടുത്തിയിട്ടുണ്ട്.

വിദേശത്തിരുന്നുള്ള നിയന്ത്രണം: അമേരിക്കയില്‍ പരിശീലനം ലഭിക്കേണ്ട വിദ്യാര്‍ത്ഥികളെ ഇന്ത്യയിലിരിക്കുന്ന മാനേജര്‍മാര്‍ നിയന്ത്രിക്കുന്ന രീതി വരെ കണ്ടെത്തിയിട്ടുണ്ട്. ഇത് ഒപിടി T നിയമങ്ങളുടെ ലംഘനമാണ്.

എന്തുകൊണ്ടാണ് നടപടി കടുപ്പിക്കുന്നത്?

അമേരിക്കന്‍ ഭരണകൂടം ഇതിനെ വെറുമൊരു വിസ ലംഘനമായല്ല, മറിച്ച് രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമായാണ് കാണുന്നത്. ഈ തട്ടിപ്പിലൂടെ രാജ്യത്ത് തുടരുന്നവര്‍ ചാരവൃത്തി, ബൗദ്ധിക സ്വത്തവകാശ മോഷണം, മറ്റ് സാമ്പത്തിക തട്ടിപ്പുകള്‍ എന്നിവയില്‍ ഏര്‍പ്പെടാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഒരു ട്രെയിനിംഗ് പ്രോഗ്രാം എന്ന നിലയില്‍ തുടങ്ങിയ ഒപിടി ഇപ്പോള്‍ നിയന്ത്രണമില്ലാത്ത ഒരു 'ഗസ്റ്റ് വര്‍ക്കര്‍ പൈപ്പ്‌ലൈന്‍' ആയി മാറിയെന്നാണ് ICE ഡയറക്ടറുടെ വിമര്‍ശനം.

വിദ്യാര്‍ത്ഥികളെ ബാധിക്കുന്ന പ്രത്യാഘാതങ്ങള്‍

ഇതുമായി ബന്ധപ്പെട്ട് അടുത്തിടെ വന്ന വിധിപ്രസ്താവങ്ങള്‍ (ഉദാഹരണത്തിന് Matter of TEXPERTS, Inc.) പ്രകാരം കുറ്റക്കാര്‍ക്ക് ഇനി രക്ഷപ്പെടുക പ്രയാസമാണ്. അപേക്ഷ പിന്‍വലിച്ചാലും നടപടി നേരിടോണ്ടി വരും. പഴയ രീതിയില്‍ തട്ടിപ്പ് പിടിക്കപ്പെടുമെന്ന് ഉറപ്പാകുമ്പോള്‍ അപേക്ഷ പിന്‍വലിച്ച് രക്ഷപ്പെടാന്‍ കഴിയില്ല. അപേക്ഷ പിന്‍വലിച്ചാലും ഇമിഗ്രേഷന്‍ വിഭാഗത്തിന് 'ഫ്രോഡ് ഫൈന്‍ഡിംഗ്' (Fraud finding) രേഖപ്പെടുത്താം സാധിക്കും. കൂടാതെ ഒരിക്കല്‍ ഇത്തരത്തില്‍ കരിമ്പട്ടികയില്‍ പെട്ടാല്‍ പിന്നീട് H-1B വിസയ്ക്കോ ഗ്രീന്‍ കാര്‍ഡിനോ അപേക്ഷിക്കുമ്പോള്‍ അത് നിരസിക്കപ്പെടാന്‍ 100% സാധ്യതയുണ്ട്. രേഖകളില്‍ കൃത്രിമം കാണിക്കുന്നത് അമേരിക്കന്‍ ഫെഡറല്‍ നിയമപ്രകാരം ക്രിമിനല്‍ കുറ്റമാണ്.

ഇത്തരം തട്ടിപ്പ് കമ്പനികള്‍ പലപ്പോഴും വലിയ ശമ്പളവും സുരക്ഷിതമായ വിസ സ്റ്റാറ്റസും വാഗ്ദാനം ചെയ്താണ് വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്നത്. അതിനാല്‍ ജോലിക്ക് ചേരുന്നതിന് മുന്‍പ് കമ്പനിയുടെ ഓഫീസും പ്രവര്‍ത്തനങ്ങളും നേരിട്ട് ബോധ്യപ്പെടേണ്ടത് അത്യാവശ്യമാണ്.

STEM OPT എക്സ്റ്റന്‍ഷനെ കൂടുതല്‍ അറിയാം

അമേരിക്കയില്‍ ഉപരിപഠനം നടത്തുന്ന സയന്‍സ്, ടെക്നോളജി, എന്‍ജിനീയറിങ്, മാത്തമാറ്റിക്സ് (STEM) വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പഠനത്തിന് ശേഷം ലഭിക്കുന്ന തൊഴില്‍ പരിശീലന കാലയളവാണ് STEM OPT Extension.

സാധാരണഗതിയില്‍ എല്ലാ വിദേശ വിദ്യാര്‍ത്ഥികള്‍ക്കും പഠനശേഷം 12 മാസത്തെ ഒപിടി ലഭിക്കാറുണ്ട്. എന്നാല്‍ STEM വിഷയങ്ങളില്‍ ബിരുദമെടുത്തവര്‍ക്ക് ഈ 12 മാസത്തിന് പുറമെ 24 മാസം കൂടി അധികമായി അമേരിക്കയില്‍ ജോലി ചെയ്യാന്‍ സാധിക്കും. അതായത് മൊത്തം 36 മാസം (3 വര്‍ഷം) വര്‍ക്ക് പെര്‍മിറ്റ് ലഭിക്കും.

2. ആര്‍ക്കൊക്കെ അപേക്ഷിക്കാം?

യോഗ്യമായ ബിരുദം: നിങ്ങള്‍ പഠിച്ച വിഷയം യുഎസ് ഗവണ്‍മെന്റ് അംഗീകരിച്ച STEM ലിസ്റ്റില്‍ ഉള്‍പ്പെട്ടതായിരിക്കണം.

F-1 സ്റ്റാറ്റസ്: നിലവില്‍ 12 മാസത്തെ പോസ്റ്റ്-കംപ്ലീഷന്‍ OPT കാലാവധിയില്‍ ആയിരിക്കണം.

അംഗീകൃത സ്ഥാപനം: SEVP അംഗീകാരമുള്ള അമേരിക്കന്‍ സര്‍വകലാശാലയില്‍ നിന്നായിരിക്കണം ബിരുദം നേടിയത്.

3. തൊഴിലുടമയ്ക്കുള്ള നിബന്ധനകള്‍

E-Verify: തൊഴിലുടമ നിര്‍ബന്ധമായും 'E-Verify' പ്രോഗ്രാമില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനി ആയിരിക്കണം.

Training Plan (Form I-983): വിദ്യാര്‍ത്ഥിക്ക് ലഭിക്കുന്ന പരിശീലനത്തെക്കുറിച്ച് വ്യക്തമായ ഒരു പ്ലാന്‍ തൊഴിലുടമ തയ്യാറാക്കി നല്‍കണം.

4. അപേക്ഷിക്കേണ്ട സമയം

നിലവിലുള്ള 12 മാസത്തെ OPT കാലാവധി തീരുന്നതിന് 90 ദിവസം മുന്‍പ് മുതല്‍ അപേക്ഷിച്ചു തുടങ്ങാം.

കാലാവധി തീരുന്നതിന് കുറഞ്ഞത് ഒരു ദിവസം മുന്‍പെങ്കിലും USCISല്‍ അപേക്ഷ ലഭിച്ചിരിക്കണം.

5. ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍


36 മാസത്തെ ആകെ OPT കാലയളവില്‍ പരമാവധി 150 ദിവസം മാത്രമേ ജോലിയില്ലാതെ ഇരിക്കാന്‍ അനുവാദമുള്ളൂ.
ഓരോ 6 മാസം കൂടുമ്പോഴും നിങ്ങളുടെ വിവരങ്ങള്‍ (അഡ്രസ്സ്, ജോലി മാറ്റം തുടങ്ങിയവ) യൂണിവേഴ്സിറ്റിയിലെ DSOയെ അറിയിക്കണം.

വിദേശത്ത് ഉപരിപഠനം നടത്തുന്ന മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് എച്ച്-1ബി (H-1B) വിസയിലേക്ക് മാറുന്നതിന് മുന്‍പ് കൂടുതല്‍ പ്രായോഗിക പരിചയം നേടാന്‍ ഈ എക്സ്റ്റന്‍ഷന്‍ വലിയ സഹായമാണ്.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam