പാർട്ടിയിലെ വന്ദ്യവയോധികരിൽ പ്രമുഖനായിരുന്ന വി.എസ്. അച്യുതാനന്ദനെ രാഷ്ട്രം പത്മവിഭൂഷൺ നൽകി ആദരിച്ച ദിവസം തന്നെയാണ് പാർട്ടിയിലെ മറ്റൊരു പഴമക്കാരനായ വി. കുഞ്ഞികൃഷ്ണനെ പാർട്ടി തന്നെ പുറത്താക്കിയത് എന്നത് സി.പി.എമ്മിന്റെ ചരിത്രത്തിൽ എക്കാലത്തും രേഖപ്പെടുത്താവുന്ന ഇരുണ്ട ഫലിതമായി അവശേഷിക്കും.
അഴിമതിക്കും വൻകിട തിരിമറികൾക്കും എതിരെ സാധാരണമായ മനക്കരുത്തോടെ പൊതുജനമധ്യേ നിലകൊള്ളുകയും നിലപാടെടുക്കുകയും ചെയ്ത അച്യുതാനന്ദനോളം ജനപ്രിയതയിൽ വളർന്ന മറ്റൊരു നേതാവ് സമീപകാല കമ്മ്യൂണിസ്റ്റ് ചരിത്രത്തിൽ ഇല്ല. അച്യുതാനന്ദൻ ഒരേസമയം കാർക്കശ്യമുള്ള കമ്മ്യൂണിസ്റ്റുകാരനും അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനും അന്ധമായി പാർട്ടിക്ക് വഴങ്ങാത്തവനും പത്മവിഭൂഷൺരാഷ്ട്രത്തിന്റെ ആദരവാണെങ്കിൽ മറ്റാർക്കും മുമ്പേ കിട്ടേണ്ട നേതാവുമായിരുന്നു.
മുൻകാല കമ്മ്യൂണിസ്റ്റ് നേതാക്കൾ പത്മവിഭൂഷൺ നിരസിച്ചതിന്റെ ചരിത്ര പശ്ചാത്തലം നിലനിൽക്കുമ്പോൾത്തന്നെ ഒരു മരണാനന്തര ബഹുമതിയെ, പാർട്ടിയുടെ സമുന്നതനായ നേതാവിനെ രാജ്യം ആദരിക്കുന്നതായി തിരിച്ചറിഞ്ഞ് അതിനെ പൊതുജന സമക്ഷം ഇരുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു മാർക്‌സിസ്റ്റ് പാർട്ടി ചെയ്യേണ്ടിയിരുന്നത്. എന്നാൽ നമ്മൾ കണ്ടത് താത്വിക അവലോകനവും കുറെ സമകാലിക ക്യാപ്‌സുകളും.
വി.എസ്. അച്യുതാനന്ദന് പദ്മവിഭൂഷൺ ലഭിച്ചതിൽ പ്രതികരിച്ച് സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി പറഞ്ഞത്, അദ്ദേഹം ജീവിച്ചിരുന്നെങ്കിൽ ഈ അവാർഡ് സ്വീകരിക്കുമായിരുന്നില്ലെന്നും തന്നെ തിരഞ്ഞെടുത്തതിന് നന്ദി പറഞ്ഞുകൊണ്ട് ഇത്തരം പുരസ്‌കാരങ്ങൾ സ്വീകരിക്കുന്ന രീതി പാർട്ടിക്കില്ലെന്ന് വി.എസ് വ്യക്തമാക്കുമായിരുന്നുവെന്നുമാണ്. കാലം മാറിയാലും പാർട്ടി മാറില്ലെന്ന ഇരുമ്പുലക്ക നിലപാട് ഇനിയുള്ള കാലത്ത് സി.പി.എമ്മിനെ വളർത്തുമോ തളർത്തുമോ?
അടുത്തമാസം മുതൽ രണ്ടാംഘട്ട ഗൃഹ സന്ദർശനം നടത്താൻ തീരുമാനിച്ചിരിക്കുന്ന പാർട്ടിയാണ് സി.പി.എം. സംസ്ഥാന കമ്മറ്റി അംഗങ്ങൾ പ്രമുഖ നേതാക്കൾ എന്നിവർ നടത്തിയ ഗൃഹ സന്ദർശനത്തിൽ ലഭിച്ച പ്രതികരണങ്ങൾ പാർട്ടിയെ നന്നായി അമ്പരപ്പിച്ചിട്ടുണ്ട്. അതിനിടെയാണ് ബൂത്ത് തലം മുതലുള്ള പ്രദേശിക നേതാക്കളെ അണിനിരത്തി ട്രെൻഡ് അറിയാനുള്ള പാർട്ടി ശ്രമം തുടരുന്നത്. സമുന്നതനായ നേതാവിന് ലഭിച്ച രാഷ്ട്രത്തിന്റെ അംഗീകാരം വിലമതിക്കാത്ത ഒരു പ്രസ്ഥാനം എന്ന ചീത്തപ്പേര് ഏറ്റു വാങ്ങണമോ സി.പി.എം എന്ന് ചിന്തിക്കേണ്ടത് അവരുടെ നേതൃത്വം.
എന്നാൽ തെരഞ്ഞെടുപ്പിന് നേരിടാൻ പോകുന്ന ഒരു രാഷ്ട്രീയ കക്ഷി ആണ് തങ്ങൾ എന്ന ചിന്ത ഇപ്പോഴും താത്വിക അവലോകനത്തിൽ അഭിരമിക്കുന്ന പാർട്ടിക്ക് ബോധ്യം വന്നിട്ടില്ല. തൊട്ടടുത്ത സംസ്ഥാനങ്ങളിലോ രാജ്യത്തോ കണ്ടുകിട്ടാനില്ലാത്ത ഒരു കമ്മ്യൂണിസ്റ്റ് ഭരണം. അത് നിലനിർത്താനുള്ള പ്രയോഗികമായ യാതൊരു കാഴ്ചപ്പാട് പാർട്ടിക്ക് ഇല്ല എന്ന് വേണം കരുതാൻ.
കേവലം ഒരു പത്മവിഭൂഷൻ തിരസ്‌കരിക്കുന്നതിലൂടെ മഹിമ വീണ്ടെടുക്കേണ്ട പ്രസ്ഥാനം ആണോ ഇതെന്ന് ആര് ചിന്തിക്കും? ആരോ ചോദിച്ചതുപോലെ ഇന്ത്യ എന്ന രാജ്യത്ത് പ്രവർത്തിക്കുന്ന ഒരു പ്രസ്ഥാനം ആ രാജ്യം നൽകുന്ന ആദരവിനെ നിരന്തരം തിരസ്‌കരിക്കുകയും തള്ളിപ്പറയുകയും ചെയ്യുന്നത് നീതികരണം അർഹിക്കുന്ന കാര്യമാണോ എന്ന വലിയ ചോദ്യം.
വി.എസിന്റെ മകൻ അരുൺകുമാർ പത്മ പുരസ്‌കാരത്തിന്റെ വാർത്ത കേട്ട് അങ്ങേയറ്റം ആഹ്ലാദിച്ച മനുഷ്യനാണ്. സമുന്നതനായ നേതാവിന്റെ മകന്റെ മനസ്സെങ്കിലും തിരിച്ചറിയാൻ എം.വി ഗോവിന്ദനെ പോലുള്ള നേതാക്കൾക്ക് എന്ന് കഴിയും എന്നതാണ് പ്രധാന ചോദ്യം.
അതിനിടെ, രക്തസാക്ഷി ഫണ്ടിൽ നിന്ന് ഒരു നയാപൈസ വഞ്ചിക്കാനോ തട്ടിക്കാനോ ആരെയും അനുവദിക്കില്ല എന്ന് എം.വി. ഗോവിന്ദൻ പ്രഖ്യാപിച്ചുകൊണ്ട് സ്വന്തം സഖാവിനെ തള്ളിപ്പറഞ്ഞു. വി.എസിന്റെ മരണാനന്തര പുരസ്‌കാര നേട്ടം അംഗീകരിക്കാത്ത അതേ നാവു കൊണ്ടാണ് രക്തസാക്ഷി ഫണ്ട് തിരിമറി സംബന്ധിച്ച സ്വന്തം സഖാവിന്റെ വെളിപ്പെടുത്തലിനെ പാർട്ടി നേരിടുന്നത്.
ഒരു തരത്തിലും ഇത്തരം പ്രതികരണങ്ങൾ അംഗീകരിക്കാനാകില്ലെന്ന് എം.വി. ജയരാജൻ. ധനരാജ് രക്തസാക്ഷി ഫണ്ടിൽ നിന്ന് ഒരു രൂപ പോലും ആരും കൃത്രിമം കാണിച്ചിട്ടില്ല. ഇതെല്ലാം കുഞ്ഞികൃഷ്ണൻ തന്നെ ഉൾപ്പെട്ട ജില്ലാ കമ്മിറ്റി ചർച്ച ചെയ്തതാണ്. എന്നിട്ട് വീണ്ടും ഇത്തരത്തിൽ പരസ്യപ്രതികരണവുമായി എത്തുന്നത് രാഷ്ട്രീയ എതിരാളികളുടെ കയ്യിലെ കോടാലിയായി കുഞ്ഞികൃഷ്ണൻ മാറുന്നതിന്റെ സൂചനയാണ്. കുഞ്ഞികൃഷ്ണൻ പുറത്തിറക്കുന്ന പുസ്തകത്തിൽ ഇത് സംബന്ധിച്ച തെളിവുകളുണ്ടല്ലോ എന്ന ചോദ്യത്തിന് തെളിവുകൾ പുറത്തുവരട്ടെ, പാർട്ടി അതൊന്നും ഭയക്കുന്നില്ലെന്ന് ജയരാജൻ പറഞ്ഞു.
പിണക്കമോ പിണക്കമോ
ഇപ്പോഴും പിടികിട്ടാത്ത പ്രഹേളികയായി നായർ ഈഴവ ഐക്യം നിലനിൽക്കുന്നെങ്കിൽ കേരളത്തിലെ ജാതി വ്യവസ്ഥയും രാഷ്ട്രീയ കക്ഷികളുടെ സമുദായങ്ങളുടെ മേലുള്ള സ്വാധീനവും പച്ചവെള്ളം പോലെ പ്രകടമാണ്. എൻ.എസ്.എസ് നേതാവ് സുകുമാരൻ നായർക്ക് എസ്.എൻ.ഡി.പി നേതാവ് വെള്ളാപ്പള്ളി നടേശന്റെ മകൻ ബി.ജെ.പി ബന്ധമുള്ള നേതാവാണെന്ന് അറിയാത്തതല്ല. എന്നാൽ സമുദായ ഐക്യത്തിന് പ്രതിനിധിയായി തുഷാർ വെള്ളാപ്പള്ളിയെ അയക്കുമ്പോൾ, അത് തെറ്റായ സന്ദേശം നൽകുമെന്ന സുകുമാരൻ നായരുടെ കണ്ടെത്തൽ ഒരു സമുദായ നേതാവ് എന്ന നിലയിൽ ആ സമുദായത്തെ ഒപ്പം നിർത്താൻ കഴിയുന്നതാണ്.
എല്ലാവരോടും തുല്യ അകലം പാലിക്കും എന്ന് നായർ സമുദായത്തിന്റെ നിലപാട് വ്യക്തമാക്കേണ്ട ചുമതല സുകുമാരൻ നായർക്കുണ്ട്. ഇതിൽ തെളിയുന്നത് കേരള രാഷ്ട്രീയത്തിൽ ബി.ജെ.പിയുടെ സന്നിവേശമാണ്. സുകുമാരൻ നായർ സംശയിക്കുന്നത് ബി.ജെ.പിയെ ആണെന്ന് വ്യക്തം. അത്തരം ഒരു സംശയത്തിന്റെ നിഴലിൽ നിന്നുകൊണ്ട് ഒരു സമുദായ നേതാവിനെ സ്വന്തം സമുദായത്തെ മുന്നോട്ടു നയിക്കുക എളുപ്പമല്ല. ആ നിലയ്ക്ക് അദ്ദേഹം നടത്തിയത് ഒരു സേഫ് കളിയാണ്.
എന്നാൽ ഈ രണ്ടു സമുദായങ്ങൾ ഐക്യപ്പെട്ടാൽ കേരളത്തിൽ എന്ത് മാറ്റമാണ് രാഷ്ട്രീയമായും സാമുദായികമായും ഉണ്ടാകാൻ പോകുന്നത് എന്ന് ആര് ചിന്തിച്ചു. വെള്ളാപ്പള്ളി പത്മവിഭൂഷൻ ലഭിച്ചതിൽ സന്തുഷ്ടരല്ല നായർ സമൂഹം എന്നൊരു സന്ദേശം സുകുമാരൻ നായർ പറഞ്ഞ വാക്കുകളിലൂടെ പറയാതെ പറഞ്ഞു കഴിഞ്ഞു. ഹിന്ദു ഐക്യം എന്ന സ്വപ്‌നവും പേറി മുന്നോട്ടുവരുന്ന ബി.ജെ.പിക്ക് മുന്നിൽ ഇത്തരം കൊച്ചുകൊച്ചു പിണക്കങ്ങൾ മിനിമം നിയമസഭാ തെരഞ്ഞെടുപ്പിലെങ്കിലും തിരിച്ചറിയാവും.
ഹിന്ദു സമുദായങ്ങൾ ഒറ്റക്കെട്ടല്ല എന്നൊരു തോന്നൽ സൃഷ്ടിക്കാൻ മാത്രമേ ഇപ്പോഴത്തെ വിവാദം ഉപകരിച്ചുള്ളു. ഏതായാലും, മൂന്നാം ഭരണം ലക്ഷ്യമിടുന്ന പിണറായി വിജയൻ, അധികാരത്തിലേറാൻ മോഹിക്കുന്ന യു.ഡി.എഫ്, കേരളത്തിൽ തിരുവനന്തപുരം മോഡൽ പിടിച്ചെടുക്കൽ സ്വപ്‌നം കാണുന്ന ബി.ജെ.പി ഇവർക്ക് മുന്നിൽ സമുദായങ്ങളുടെ കെട്ടുകാഴ്ച പുരോഗമന കേരളത്തിന് അപമാനം തന്നെയാണ്.
ഉറച്ച നിലപാടുകളുള്ള നേതാക്കളെ ഈ സമുദായങ്ങൾ ഉറപ്പായും അർഹിക്കുന്നുണ്ട്. ഐക്യം എന്നത് ഒരു കെണിയാണെന്ന് സുകുമാരൻ എങ്ങനെ തോന്നി. തുഷാർ വെള്ളാപ്പള്ളി ബി.ജെ.പി ബന്ധമുള്ള ആളാണെന്ന് തിരിച്ചറിഞ്ഞത് പെട്ടെന്നുള്ള വെളിപാട് പോലെ സുകുമാരൻ നായർ അവതരിപ്പിക്കുന്നത് വിശ്വസിക്കാൻ അല്പം പ്രയാസമുണ്ട്. കോൺഗ്രസും നന്നായി ഈ വിഷയത്തിൽ ഇടപെട്ട് കളിച്ചിട്ടുണ്ട് എന്ന് വ്യക്തം.
സ്വാധീനങ്ങൾക്ക് വഴങ്ങുന്ന സമുദായ സംഘടന നേതാക്കൾ എന്ന പ്രതിച്ഛായ സൃഷ്ടിക്കാൻ മാത്രമേ ഇപ്പോഴത്തെ നായർ ഈഴവ ഐക്യ തകർച്ച പൊതു സമൂഹത്തിൽ സൃഷ്ടിച്ചിട്ടുള്ളൂ. അത് തിരിച്ചറിയാത്തോളം ആധുനിക കാലത്ത് ഇത്തരം പ്രസ്ഥാനങ്ങൾ സമുദായ അംഗങ്ങൾക്ക് പോലും അന്യമായി തീരുമെന്ന് പ്രവചിക്കാൻ വലിയ സിദ്ധിയൊന്നും ആവശ്യമില്ല.
പ്രജിത്ത് രാജ്
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
