ദോംഗ്രിയിലും സംസ്‌കൃതത്തിലും വരെ സത്യപ്രതിജ്ഞ

JUNE 26, 2024, 7:07 AM

മൂന്നാം മോദി സര്‍ക്കാര്‍ അധികാരമേറ്റെടുത്ത ശേഷം നടന്ന ആദ്യ പാര്‍ലമെന്റ് സമ്മേളനത്തില്‍ ലോക്‌സഭയിലെ എംപിമാര്‍ സത്യപ്രതിജ്ഞ ചെയ്തു. ഇംഗ്ലീഷിനും ഹിന്ദിക്കും പുറമേ പ്രാദേശിക ഭാഷയില്‍ നിരവധി പേര്‍ സത്യപ്രതിജ്ഞ ചെയ്തുവെന്നതാണ് ഇത്തവണ ശ്രദ്ധേയമായ കാര്യം. കേരളത്തില്‍ നിന്നുള്ള ബിജെപിയുടെ ആദ്യ ലോക്‌സഭാ എംപി സുരേഷ് ഗോപി മലയാളത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്.

തൃശൂരില്‍ നിന്നുള്ള ലോക്‌സഭാഗംമായ സുരേഷ് ഗോപി ''കൃഷ്ണാ ഗുരുവായൂരപ്പാ ഭഗവാനേ'' എന്ന് പറഞ്ഞുകൊണ്ടാണ് സത്യപ്രതിജ്ഞ തുടങ്ങിയത്. പെട്രോളിയം  ടൂറിസം വകുപ്പുകളുടെ ചുമതലയുള്ള സഹമന്ത്രി കൂടിയാണ് സുരേഷ് ഗോപി.

ഭരണഘടനയുടെ എട്ടാം ഷെഡ്യൂളില്‍ പരാമര്‍ശിച്ചിട്ടുള്ള ഭാഷകളിലാണ് എംപിമാര്‍ സത്യപ്രതിജ്ഞ ചെയ്തത്. സംസ്‌കൃതം, ഹിന്ദി, ദോംഗ്രി, ആസാമീസ്, ഒഡീയ എന്നീ ഭാഷകളെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഹിന്ദിയിലാണ് സത്യപ്രതിജ്ഞ ചെയ്തത്. അദ്ദേഹം സത്യപ്രതിജ്ഞ ചെയ്യവേ ഭരണകക്ഷി അംഗങ്ങള്‍ ജയ് ശ്രീറാം വിളിക്കുന്നുണ്ടായിരുന്നു.

മറ്റ് പ്രധാനപ്പെട്ട മന്ത്രിമാരായ അമിത് ഷാ, രാജ്‌നാഥ് സിങ്, നിതിന്‍ ഗഡ്കരി, അന്നപൂര്‍ണ ദേവി, ജ്യോതിരാദിത്യ സിന്ധ്യ, മനോഹര്‍ ലാല്‍ ഘട്ടര്‍ എന്നിവരും ഹിന്ദിയില്‍ തന്നെയാണ് സത്യപ്രതിജ്ഞ ചെയ്തത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയും സംബല്‍പുര്‍ എം.പിയുമായ ധര്‍മേന്ദ്ര പ്രധാന്‍ ഒഡിയയിലാണ് എംപിയായി സത്യപ്രതിജ്ഞ ചെയ്തത്. ദേശീയ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷാ നടത്തിപ്പിലെ പിടിപ്പുകേടുകളുമായി ബന്ധപ്പെട്ട് കടുത്ത വിമര്‍ശനങ്ങളും പ്രതിഷേധങ്ങളും ഉയരുന്ന സാഹചര്യത്തില്‍ വിദ്യാഭ്യാസമന്ത്രി എം.പിയായി സത്യപ്രതിജ്ഞ ചെയ്യവേ പ്രതിപക്ഷ എംപിമാര്‍ ''നീറ്റ്, നീറ്റ്'' എന്ന് ഉറക്കെ ആരവം മുഴക്കുന്നുണ്ടായിരുന്നു.

വൈദ്യുതി, പാരമ്പര്യ ഊര്‍ജ വകുപ്പ് സഹമന്ത്രി ശ്രീപദ് യെസ്സോ നായിക് സംസ്‌കൃതത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. നോര്‍ത്ത് ഗോവ മണ്ഡലത്തില്‍ നിന്ന് തുടര്‍ച്ചയായി ആറാം തവണയാണ് അദ്ദേഹം വിജയിച്ച് എംപിയാവുന്നത്.

വിദ്യാഭ്യാസ, വടക്കുകിഴക്കന്‍ മേഖല വികസന വകുപ്പുകളുടെ സഹമന്ത്രി സുഖന്ത മജുംദാര്‍ ബംഗാളിയില്‍ സത്യപ്രതിജ്ഞ ചെയ്തു. പൂനെ എം.പിയും വ്യോമയാന സഹമന്ത്രിയുമായ മുരളീധര്‍ മോഹോല്‍ മറാത്തിയില്‍ സത്യപ്രതിജ്ഞ ചെയ്തു. ജമ്മു കാശ്മീരിലെ ഉദ്ധംപുരില്‍ നിന്ന് ജയിച്ച് എംപിയായ കേന്ദ്ര മന്ത്രി ജിതേന്ദര്‍ സിങ് ദോംഗ്രിയിലാണ് സത്യപ്രതിജ്ഞ ചെയ്തത്. വ്യോമയാന മന്ത്രി രാം മോഹന്‍ നായിഡുവും കല്‍ക്കരി, ഖനി വകുപ്പ് മന്ത്രി ജി കിഷന്‍ റെഡ്ഡിയും തെലുഗുവിലാണ് സത്യപ്രതിജ്ഞ ചെയ്തത്.

ഷിപ്പിങ്, തുറമുഖ വകുപ്പുകളുടെ ചുമതലയുള്ള കേന്ദ്രമന്ത്രിയും ആസ്സാമിലെ ദിബ്രുഗഡ് എംപിയുമായ സര്‍ബാനന്ദ സോനോവാള്‍ അസമീസ് ഭാഷയിലാണ് എം.പിയായി സത്യപ്രതിജ്ഞ ചെയ്തത്. കേന്ദ്ര മന്ത്രിമാരായ എച്ച് ഡി കുമാരസ്വാമിയും പ്രഹ്‌ളാദ് ജോഷിയും തങ്ങളുടെ മാതൃഭാഷയായ കന്നഡയിലും സത്യപ്രതിജ്ഞ ചെയ്തു. അതേസമയം ബിഹാറിലെ സരണില്‍ നിന്നുള്ള ബിജെപി എം.പിയായ രാജീവ് പ്രതാപ് റൂഡി തനിക്ക് ബോജ്പുരിയില്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam