നജാദിന്റെ പ്രസിഡന്റ് മോഹം പൊലിഞ്ഞു...! ഇറാനില്‍ മാറ്റുരയ്ക്കുന്നത് ഇവര്‍

JUNE 11, 2024, 3:04 PM

ഇബ്രാഹീം റെയ്സിയുടെ അപ്രതീക്ഷിത വിയോഗത്തെ തുടര്‍ന്ന് നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടപടികള്‍ ഇറാനില്‍ പൂര്‍ത്തിയായിരിക്കുകയാണ്. നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച 80 ലധികം പേരില്‍ നിന്ന് ആറ് പേര്‍ക്ക് മാത്രമാണ് മല്‍സരിക്കാന്‍ അനുമതി ലഭിച്ചിരിക്കുന്നത്. പുറത്തായവരില്‍ മുന്‍ പ്രസിഡന്റ് അഹ്മദി നജാദും ഉള്‍പ്പെടും. അതേസമയം മല്‍സരിക്കുന്ന ആറ് പേരും ഏകദേശം സമാന നിലപാടുള്ളവരാണ്.

ഇറാന്റെ തിരഞ്ഞെടുപ്പില്‍ നിര്‍ണായക സ്വാധീനമാണ് ഗാര്‍ഡിയന്‍ കൗണ്‍സിലിനുള്ളത്. നാമനിര്‍ദേശ പത്രികകള്‍ ഈ സമിതി വിശദമായി പരിശോധിച്ച് മല്‍സരാര്‍ഥികളെ കണ്ടെത്തുകയാണ് ചെയ്യുക. നജാദിന്റെ പത്രിക ഗാര്‍ഡിയന്‍ കൗണ്‍സില്‍ തള്ളി. ജൂണ്‍ 28ന് നടക്കുന്ന വോട്ടെടുപ്പില്‍ മല്‍സര രംഗത്തുള്ള ആറ് പേരുടെ വിവരങ്ങള്‍ ഇറാന്‍ ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടു.

ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗിര്‍ ഗാലിബഫ്, മുന്‍ ആണവ ചര്‍ച്ചാ മധ്യസ്ഥന്‍ സഈദ് ജലീലി, മുന്‍ ആഭ്യന്തര മന്ത്രി മുസ്തഫ പൗര്‍ മുഹമ്മദി, ടെഹ്റാന്‍ മേയര്‍ അലി റസ സക്കാനി, വൈസ് പ്രസിഡന്റ് അമിര്‍ ഹുസൈന്‍ ഗാസിസാദി ഹാഷിമി, മസൂദ് പെസിഷ്‌കിയാന്‍ എന്നിവരാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നത്. മസൂദ് പെസിഷ്‌കിയാന്‍ പരിഷ്‌കരണ വാദിയായിട്ടാണ് അറിയപ്പെടുന്നത്.

നജാദ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ പ്രധാന വാര്‍ത്തയായിരുന്നു. ഒരുകാലത്ത് ഇറാനിലെ തീപ്പൊരി നേതാവായിരുന്നു നജാദ്. അന്താരാഷ്ട്ര വേദികളില്‍ അദ്ദേഹം നടത്തിയ പ്രസംഗങ്ങള്‍ ചര്‍ച്ചയായിരുന്നു. ഹോളോകോസ്റ്റ് സംബന്ധിച്ച പ്രതികരണവും വിവാദമായി. രണ്ട് തവണ തുടര്‍ച്ചയായി പ്രസിഡന്റായ നജാദ് പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തിയെന്നും ആരോപണം ഉയര്‍ന്നിരുന്നു.

കഴിഞ്ഞ ആഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ശേഷം നജാദ് പ്രധാനമായും രണ്ട് കാര്യങ്ങളാണ് പറഞ്ഞിരുന്നത്. ഇറാന്റെ സാമ്പത്തിക രംഗം ശക്തിപ്പെടുത്തുമെന്നും രാജ്യം നേരിടുന്ന വെല്ലുവിളികള്‍ക്ക് പരിഹാരം കാണുമെന്നും. രണ്ട് തവണ പ്രസിഡന്റായ ശേഷം തുടര്‍ച്ചയായി മൂന്നാം താവണയും മല്‍സരിക്കരുത് എന്നാണ് ഇറാന്‍ നിയമം. 2017ലും 2021ലും നജാദിന്റെ പത്രിക തള്ളിയിരുന്നു. ഇപ്പോള്‍ മൂന്നാം തവണയാണ് തള്ളുന്നത്.

ഏറ്റവും ഒടുവില്‍ ഇറാനില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്ന 2021ല്‍ ഒട്ടേറെ പരിഷ്‌കരണ വാദികളുടെ പത്രിക തള്ളിയിരുന്നു. മിതവാദികളായി കരുതുന്നവരുടെ പത്രികകളും തള്ളി. തുടര്‍ന്നാണ് പണ്ഡിത നേതൃത്വവുമായി അടുപ്പം നിലനിര്‍ത്തിയിരുന്ന ഇബ്രാഹീം റെയ്സ് മല്‍സരിച്ചതും വിജയിച്ചതും. അയല്‍രാജ്യങ്ങളുമായി സൗഹൃദ ബന്ധം ശക്തമാക്കുന്നതിലായിരുന്നു ഇബ്രാഹീം റെയ്സിയുടെ ശ്രദ്ധ.

സൗദി, ഖത്തര്‍, യുഎഇ തുടങ്ങിയ രാജ്യങ്ങളുമായി ബന്ധം ദൃഢമാക്കിയ റെയ്സി, തുര്‍ക്കി, ചൈന, റഷ്യ എന്നീ രാജ്യങ്ങളുടെ ചേരിക്ക് ശക്തി പകരുകയും ചെയ്തിരുന്നു. അമേരിക്ക, ഇസ്രായേല്‍ എന്നീ രാജ്യങ്ങളുമായി കടുത്ത ശത്രുത നിലനിര്‍ത്തിയ അദ്ദേഹം, പശ്ചിമേഷ്യയില്‍ വ്യാപിച്ചുകിടക്കുന്ന ഷിയാ സായുധ സംഘങ്ങള്‍ക്ക് ശക്തി പകര്‍ന്നു.

അസര്‍ബൈജാനുമായുള്ള അകല്‍ച്ച ഇല്ലാതാക്കുന്നതിന്റെ ഭാഗമായി പുതിയ അണക്കെട്ട് നിര്‍മിച്ച് ഉദ്ഘാടനം കഴിഞ്ഞ് മടങ്ങവെയാണ് റെയ്സിയുടെ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടത്.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam