രണ്ടാം പിണറായി മന്ത്രിസഭയിലെ അംഗങ്ങളെല്ലാം തന്നെ വിധേയന്മാരായ പൊന്തന്മാടകളായിരുന്നുവെന്ന് അന്നേ പരാതി ഉയർന്നിരുന്നു. പിണറായി ഭക്തിയെന്ന ഒരേയൊരു യോഗ്യതയേ പുതിയ മന്ത്രിമാർക്ക് വേണ്ടതുള്ളുവെന്ന കർശന നിലപാടിൽ സി.പി.ഐ. പോലും സീനിയേഴ്‌സിനെ ഒതുക്കുകയാണ് ചെയ്തത്. യാതൊരു ഭരണ പരിചയവുമില്ലാത്ത പലരും അങ്ങനെ ഓണറബിൾ മിനിസ്റ്റർമാരായി. ഒറ്റയംഗ പാർട്ടികളിൽ നിന്നുള്ള കടന്നപ്പള്ളിയും ശശീന്ദ്രനുമെല്ലാം ഉള്ളിൽ ബോധമുണ്ടെങ്കിലും പുറമേ മിണ്ടാൻ പറ്റാത്ത പരുവത്തിൽ മന്ത്രി പദത്തിന്റെ സുഖ സൗകര്യങ്ങളിൽ മയങ്ങിപ്പോകുകയും ചെയ്തു. ഇപ്പോൾ കേരളം ഭരിക്കുന്നത് ഉദ്യോഗസ്ഥ ശിങ്കങ്ങളാണ്. അവരുടെ കഴുത്തിൽ കുടുക്കിട്ട് പിടിച്ചിരിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലെ കുങ്കിയാനകളും.
വനമായാലും ധനമായാലും അതെല്ലാം കൊണ്ടുനടക്കാൻ തലയിൽ ആൾത്താമസം വേണം. എല്ലാ ഫയലും മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അയച്ച് ഏസി കാറിലും ഏസി വീട്ടിലും കഴിഞ്ഞാൽ മതിയെന്ന് ചിന്തിക്കുന്ന മന്ത്രിമാർ അവർ ഏറ്റെടുത്ത ഭരണഘടനാനുസൃതമുള്ള ചുമതകൾ തൽക്കാലം വിഴുങ്ങി കണ്ണും തള്ളിയിരിപ്പാണ്.
ഇവിടെയൊന്നും തന്നില്ല...
എന്തിനും ഏതിനും കേന്ദ്രസർക്കാരിനെ പഴിച്ചാൽ ജനത്തെ കബളിപ്പിക്കാമെന്നു കരുതുന്ന ഇടതു ഭരണശൈലി തുരുമ്പെടുത്തു കഴിഞ്ഞു. 'ഇവിടെയൊന്നും തന്നില്ലെന്ന്' മിമിക്രിക്കാർ നെടുമുടി വേണുവിനെ അനുകരിക്കുന്നതു പോലെ ധനമന്ത്രിക്ക് അറിയൂ. ഖജനാവിലുണ്ടായിരുന്ന പണമത്രയും ചെലവഴിച്ചതിന്റെ 'വിത്തും വേരും' സുപ്രീംകോടതി ചോദിച്ചാൽ പറയാനുള്ള മറുപടി സംസ്ഥാനം ഏർപ്പെടുത്തിയിട്ടുള്ള വക്കീൽ കപിൽ സിബലെന്ന കോൺഗ്രസ് നേതാവിനു നൽകാനാകുമോയെന്നതിൽ സംശയമുണ്ട്. ബുധനാഴ്ചത്തെ (മാർച്ച് 6) സുപ്രീം കോടതിയിലെ വാദത്തിനിടയിൽ കേരളം 26,000 കോടി രൂപയാണ് ആവശ്യപ്പെട്ടത്. 16,000 കോടി രൂപ ഉപാധികളോടെ നൽകാമെന്നാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്.
കേന്ദ്രം സംസ്ഥാനങ്ങൾക്ക് പണം നൽകുന്നത് ഇപ്പോൾ നമുക്ക് വീട് വയ്ക്കാൻ ബാങ്കുകാർ വായ്പ നൽകുന്നതുപോലെയാണ്. തറ കെട്ടിക്കഴിഞ്ഞും ലിൻഡൽ വാർക്കുമ്പോഴും തട്ട് വാർക്കുമ്പോഴുമെല്ലാം ലഭിക്കുന്ന ഭവന വായ്പത്തുകയെക്കുറിച്ച് എല്ലാവർക്കുമറിയാം. എന്നാൽ, ആ ഉപാധികൾ തെറ്റിച്ചാൽ കേന്ദ്രത്തിൽ നിന്നുള്ള 'പണം വരവ്' നിലയ്ക്കും. അതായത് ഉപ്പ് വാങ്ങാൻ കൊടുത്ത പണമെടുത്ത് കേരളീയവും നവകേരള സദസ്സും പോലെ കടുക് വറുത്തു കളഞ്ഞാൽ ഒരു സംസ്ഥാനത്തിന്റെ ധനകാര്യ മാനേജ്‌മെന്റിന്റെ പ്രാഥമിക തത്വമാണ് തകർന്നുപോകുക. കേന്ദ്രത്തിൽ നിന്നുള്ള ധനവിഹിതത്തിൽ ബി.ജെ.പി.യുടെ രാഷ്ട്രീയപരമായ ദുർലാക്കുണ്ടെങ്കിൽ, അത് ചൂണ്ടിക്കാണിക്കാൻ പറ്റിയ വിധം സംസ്ഥാനത്തിന്റെ മടിയിലിരിക്കുന്നതും കൈയിലിരിക്കുന്നതും നല്ല രീതിയിലായിരിക്കണം. നവകേരള സദസ്സിന്റെ മുഖചിത്രം അച്ചടിക്കാൻ ക്വട്ടേഷൻ പോലും ക്ഷണിക്കാതെ സി ആപ്റ്റിന് 9.16 കോടി രൂപ സർക്കാർ അനുവദിച്ച് മാർച്ച് 6ന് ഉത്തരവിറങ്ങിയിട്ടുണ്ട്. ഇങ്ങനെയുള്ള കാര്യങ്ങൾ കോടതിയിൽ ന്യായീകരിക്കാൻ സർക്കാരിനു കഴിയുമോ? സംശയമാണ്.
മന്ത്രിമാർക്കെല്ലാം ശമ്പളം കിട്ടി ബോധിച്ചു....
കേന്ദ്ര സർക്കാരിന്റെ നയങ്ങൾ നടപ്പാക്കി വിജയം കൈവരിച്ചതിന് കേന്ദ്ര ധനകാര്യ കമ്മീഷൻ ചുമത്തിയ 'പിഴ' വിശദീകരിക്കാൻ എന്തുകൊണ്ട് സംസ്ഥാനത്തിനു കഴിയുന്നില്ല. കേന്ദ്രം ജനസംഖ്യ കുറയ്ക്കാൻ പറഞ്ഞു. കേരളം അനുസരിച്ചു. 'നമ്മൾ രണ്ട്, നമുക്ക് രണ്ട്' എന്ന കേന്ദ്രം നയം നമ്മൾ രണ്ട് നമുക്ക് ഒന്ന് എന്ന രീതിയിൽ കേരളം വിജയകരമായി നടപ്പാക്കിയത് ലീഡർ കെ.കരുണാകരൻ മുഖ്യമന്ത്രിയായിരിക്കുമ്പോഴായിരുന്നു. ഇപ്പോൾ കേന്ദ്രം പറയുന്നു, സംസ്ഥാനങ്ങൾക്കുള്ള ധനവിഹിതം ആളോഹരിപ്പരുവത്തിലാണെന്ന്. അതായത് ജനങ്ങൾ കൂടുതലുള്ള സംസ്ഥാനങ്ങൾക്ക് കേന്ദ്രം കൂടുതൽ പണം കൊടുക്കുന്നു. ദേശീയ നയം നടപ്പാക്കി ജനസംഖ്യ കുറച്ചു കേരളം പോലുള്ള സംസ്ഥാനങ്ങൾക്ക് 'ചട്ടികളുടെ എണ്ണം' നോക്കി കേന്ദ്രം വിഹിതം കുറച്ചു. കേന്ദ്രവും കേരളവും ഒരുമിച്ച് നൽകേണ്ട കോളേജ് അധ്യാപകരുടെ കുടിശ്ശികയാകട്ടെ, കേന്ദ്ര സംസ്ഥാന സർവീസുകളിലെ ഉദ്യോഗസ്ഥർ ഒത്തുകളിച്ച് ഇല്ലാതാക്കിയ ചരിത്രവും വേറെയുണ്ട് ! എന്തായാലും കേരളത്തിന്റെ മുഖ്യമന്ത്രിയും മന്ത്രിമാരുമെല്ലാം ഫെബ്രുവരിയിലെ ശമ്പളമെല്ലാം ട്രഷറിയിൽ നിന്നു തന്നെ കിട്ടി ബോധിച്ചു. ഭരണകക്ഷിയിലെ സർവീസ് സംഘടനാ നേതാക്കൾക്ക് റിട്ടയർ ചെയ്താലും ശബരിമലയിൽ പോയി കാശടിക്കാൻ പറ്റിയ ലാവണങ്ങൾ സി.പി.എം. ഉറപ്പാക്കുന്നതുകൊണ്ട് ശമ്പളം 'ഘട്ട ഘട്ട' മാക്കിയാലും നേതൃനിരയിൽ മുറുമുറുപ്പില്ല.
ഓരോ ദിവസവും വന്യമൃഗങ്ങൾ ജനങ്ങളെ
കൊല്ലുകയോ പരുക്കേൽപ്പിക്കുമ്പോൾ വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ
ചൊവ്വായിൽ ചികിത്സയിലാണ്. ചൊവ്വാ എന്നു പറഞ്ഞാൽ അന്യഗ്രഹമൊന്നുമല്ല.
ശശീന്ദ്രന്റെ വീട് കണ്ണൂർ പട്ടണത്തിൽ നിന്ന് ഏറെ അകലെയല്ലാത്ത ചൊവ്വാ എന്ന
സ്ഥലത്തായതുകൊണ്ട് അങ്ങനെ എഴുതിയെന്നേയുള്ളൂ.
വന്യമൃഗ ആക്രമണം തടയാൻ
മുഖ്യമന്ത്രി ചെയർമാനും വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്റെ
വൈസ്‌ചെയർമാനുമായി ഒരു കമ്മിറ്റി രൂപീകരിക്കാൻ ബുധനാഴ്ചത്തെ മന്ത്രിസഭായോഗം
തീരുമാനമെടുത്തിട്ടുണ്ട്.
മലയോരങ്ങളിൽ ജനം വന്യമൃഗങ്ങളെ 'മുഖാമുഖം' കാണുമ്പോൾ, പല പട്ടണ പ്രദേശങ്ങളിലും മുഖ്യമന്ത്രിയെ പൗര പ്രമുഖർ 'മുഖാമുഖം' കാണുന്നുണ്ട്. രണ്ടിടങ്ങളിലും ആവശ്യത്തിന് മുരൾച്ചയും കൊലവിളിയും ഭയപ്പെടുത്തലുമുണ്ട്. എന്തുകൊണ്ടോ 'ചെടിച്ചട്ടി കൊണ്ടും നീണ്ട വടികൊണ്ടുമുള്ള രക്ഷാപ്രവർത്തനം പോലെയുള്ള ആക്രമണം വന്യമൃഗങ്ങൾ പൂർണ്ണമായി ഏറ്റെടുത്ത മട്ടിലാണ്. വന്യജീവി ആക്രമണങ്ങൾ രാഷ്ട്രീയവൽക്കരിക്കുകയാണെന്ന ഇടതുനേതാക്കളുടെ നിലപാട് ജനാധിപത്യ പക്ഷത്തുള്ളവർക്ക് ദഹിക്കില്ല. വന്യജീവി ആക്രമണത്തിൽ കർഷകരുടെ പക്ഷത്തുള്ള മുഖ്യധാരാ മാധ്യമം ഇപ്പോൾ ദീപികദിന പത്രം മാത്രമാണ്. മനോരമ പോലും ഇക്കാര്യത്തിൽ അൽപ്പം അയഞ്ഞ നിലപാടാണ് സ്വീകരിക്കുന്നതെന്ന് നവമാധ്യമങ്ങൾ പഴി പറയുന്നുണ്ട്.
കേരളാ പൊലീസ് ജനകീയ സമരങ്ങളെ എല്ലാം ഭരണവിരുദ്ധ സമരങ്ങളായി കാണുന്നതെന്തുകൊണ്ടാണ് ? സ്വന്തം കൃഷിയിടങ്ങളിലോ വീടുകളിലോ സുരക്ഷിതത്വം ലഭിക്കാത്ത മലയോര ജനത സമരം ചെയ്യാതെന്തു ചെയ്യും? വന്യജീവി ആക്രമണത്തിൽ മരിച്ചവരുടെ വീടുകളിലേക്ക് മുഖ്യമന്ത്രിയോ വനം വകുപ്പ് മന്ത്രിയോ സന്ദർശനം നടത്തുന്നതേയില്ല. കോഴിക്കോട്ടു നഗരത്തിൽ നിക്ഷേപ സംഗമം ഉദ്ഘാടനം ചെയ്യാൻ പോയ വനം വകുപ്പ് മന്ത്രി വയനാട്ടിലേക്കു പോകാതെ മുങ്ങിയത് അന്നേ വാർത്തയായതാണ്.
10 ലക്ഷം കേന്ദ്രം തരുന്നതാണേ...
വനങ്ങളിൽ ഇപ്പോൾ തികഞ്ഞ അരക്ഷിതാവസ്ഥയാണ്. തേക്കും മാഞ്ചിയവും യൂക്കാലിയുമെല്ലാം വച്ചു പിടിപ്പിച്ച വനങ്ങളിൽ ജലലഭ്യത കുത്തനെ കുറഞ്ഞിട്ടുണ്ട്. ചെകിടടപ്പിക്കുന്ന വിധം ക്വാറികൾ പ്രവർത്തിക്കുന്നതും വന്യജീവികളെ അസ്വസ്ഥരാക്കുന്നു. മന്ത്രി മന്ദിരങ്ങളുടെ തട്ടിൻ പുറത്ത് ഒരു മരപ്പട്ടി അനങ്ങിയാൽ മന്ത്രിമാർക്ക് ഉറക്കം നഷ്ടപ്പെടുമെന്ന അവസ്ഥയാണത്രെ. അങ്ങനെയെങ്കിൽ വീട്ടുമുറ്റത്തു നിന്ന് കാട്ടാനക്കൂട്ടം ചിന്നം വിളിക്കുമ്പോൾ ജനത്തിന്റെ അവസ്ഥയെന്തെന്ന് ഭരിക്കുന്നവർ ചിന്തിച്ചിട്ടുണ്ടോ? ഒരാളെ വന്യമൃഗങ്ങൾ കൊന്നാൽ 10 ലക്ഷം രൂപ നഷ്ട പരിഹാരമെന്നത് സംസ്ഥാനം കനിഞ്ഞ് തരുന്നതല്ല. അത് കേന്ദ്രം നൽകുന്ന പണമാണ്. അങ്ങനെയെങ്കിൽ, വേലിയും കോലുമില്ലാതെ വനങ്ങൾ ഇന്നത്തെ രീതിയിൽ നാഥനില്ലാപ്പരുവത്തിലാക്കിയ മന്ത്രി ശശീന്ദ്രൻ മന്ത്രിപ്പണി ഉപേക്ഷിക്കുന്നതല്ലേ നല്ലത്. നേര്യമംഗലത്ത് ആനചവിട്ടിക്കൊന്ന വനംപ്രദേശത്ത് നാമമാത്രമായി ഉണ്ടായിരുന്ന വാച്ചർമാരെയും സർക്കാർ പിരിച്ചുവിടുകയാണത്രെ. പകരം വനങ്ങളിൽ ഡ്രോണുകളെ വച്ച് നിരീക്ഷിക്കുമെന്ന് വാർത്ത കണ്ടു. ഡ്രോണുകൾ വാങ്ങുന്നതിലെ കമ്മീഷൻ, ഒരു വാച്ചറെ നിയമിച്ചാൽ കിട്ടില്ലല്ലോ അല്ലേ?
പട്ടണ പ്രവേശം കാട്ടുമൃഗങ്ങൾക്കും?
സംസ്ഥാനത്തെ വനമില്ലാത്ത ഏക ജില്ലയാണ് ആലപ്പുഴ. എന്നാൽ ആലപ്പുഴയിലും കാട്ടുപന്നികളെത്തിയെന്ന് അനൗദ്യോഗിക വാർത്തകളുണ്ട്. ജനവാസത്തിന്റെ കാര്യത്തിൽ കോട്ടയം ജില്ലയിലെ നമ്പർവൺ പാലായിലും കാട്ടുപന്നിക്കൂട്ടത്തെ കണ്ടുവത്രെ. കോതമംഗലത്തിനും നേര്യമംഗലത്തിനും മധ്യേയാണ് കഴിഞ്ഞ ദിവസം കാട്ടാനയെത്തി ഒരാളെ കൊന്നത്. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പെരുമ്പാവൂരിനടുത്തുള്ള അശമന്നൂരിൽ കുറുനരികളെത്തി കോഴികളെയും താറാവുകളെയും കൊന്നു തിന്നു തുടങ്ങിയിട്ടുണ്ട്. കാട്ടുമൃഗങ്ങളെ പേടിക്കാതെ ജീവിക്കാൻ ഒറ്റ ഇടമേ ബാക്കിയുള്ളു. നമ്മുടെ മന്ത്രി മന്ദിരങ്ങൾ. മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്ത ചില മന്ത്രിപുംഗവന്മാരെയും ചില ഉദ്യോഗസ്ഥ പോങ്ങന്മാരെയും തൊടാൻ ഇപ്പോൾ കാട്ടുമൃഗങ്ങൾക്കു പോലും അറപ്പാണ് !
ആന്റണി ചടയംമുറി
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1