പൂരം കലക്കൽ നിയമസഭയിൽ മന്ത്രി രാജേഷിന്റെ കുടമാറ്റങ്ങൾ

OCTOBER 10, 2024, 10:42 AM

നിയമസഭയിൽ പൂരം കലക്കലിനെക്കുറിച്ചുള്ള ചർച്ച തുടർന്നുകൊണ്ടിരിക്കുമ്പോഴാണ് ഈ ആഴ്ചക്കുറിപ്പ് എഴുതാനൊരുങ്ങുന്നത്. മലപ്പുറം പരാമർശം സംബന്ധിച്ച് തിങ്കളാഴ്ച (ഒക്‌ടോബർ 7) ചർച്ച നടക്കാതെ പോയതിനെപ്പറ്റി ഭരണപക്ഷവും പ്രതിപക്ഷവും അവരുടേതായ അഭിപ്രായ പ്രകടനങ്ങൾ നടത്തിയെങ്കിലും മുഖ്യമന്ത്രിയുടെ അഭിനവ സൗമ്യ ശൈലിയുടെ മുഖംമൂടി ചർച്ചാവേളയിൽ അഴിഞ്ഞു വീണത് രാഷ്ട്രീയ നിരീക്ഷകർക്ക് കൗതുകമായി.

ഒരു പ്രതിപക്ഷ നേതാവിനെ സ്പീക്കറും മന്ത്രിയും (റിയാസ്) ഇത്രയേറെ പരിഹസിച്ച മറ്റൊരു ദിനം ജനാധിപത്യ കേരളം ഇതേവരെ കണ്ടിട്ടില്ല. സ്പീക്കറുടെ ഡയസിൽ കയറി പണ്ട് കസേര വലിച്ചെറിഞ്ഞ മന്ത്രി ശിവൻകുട്ടി നിയമസഭയിൽ ഉണ്ടായിരുന്നുവെങ്കിലും എന്തോ അതിക്രമത്തിനു മുതിർന്ന ശിവൻകുട്ടിയെ മുഖ്യമന്ത്രി തടഞ്ഞത് വെള്ളിമൂങ്ങ സിനിമയിലെ ബിജു മേനോന്റെ കഥാപാത്രം പറഞ്ഞ ഡയലോഗിനെ ഓർമ്മിപ്പിച്ചു. 'തിരിച്ചുവിളിച്ചില്ലെങ്കിൽ ആകെ നാറിപ്പോയേനെ' എന്ന് ബിജുവിന്റെ കഥാപാത്രമായ മാമച്ചൻ അജു വർഗീസിന്റെ കഥാപാത്രത്തോട് പറയുന്ന രംഗമായിരുന്നു അത്.

ചിത്രലേഖയെന്ന വർഗ ശത്രു

vachakam
vachakam
vachakam

സി.പി.എം. വർഗശത്രുക്കളെ തീരുമാനിക്കുന്നത് ഒരു പ്രത്യേക മാനദണ്ഡമനുസരിച്ചാണ്. പയ്യന്നൂരിൽ എടാട്ട് ദേശീയ പാതയോരത്ത് ഓട്ടോറിക്ഷാ സ്റ്റാൻഡിൽ സി.ഐ.ടി.യുക്കാർ ബഹിഷ്‌ക്കരിച്ച ചിത്രലേഖ എന്ന വനിതാ ഓട്ടോ ഡ്രൈവർ പാർട്ടിയുടെ വർഗശത്രുവായി മാറിയതെങ്ങനെ എന്നു ചോദിച്ചാൽ സാധാരണ ജനങ്ങൾക്ക് മറുപടിയില്ല. ഒരു ദലിത് സ്ത്രീയായിരുന്നു ചിത്രലേഖ. അവർ ബാങ്ക് ലോൺ കൊണ്ട് വാങ്ങിയ ഓട്ടോറിക്ഷയ്ക്ക് പിന്നീട് ആരോ തീവെച്ചു. 2005ലായിരുന്നു ഇത്.

ചിത്രലേഖ തളർന്നില്ല. സന്നദ്ധ സംഘടനകൾ സൗജന്യമായി നൽകിയ ഓട്ടോറിക്ഷയുമായി അവർ വീണ്ടും സ്റ്റാൻഡിലെത്തി. ആ ഓട്ടോറിക്ഷയും അഗ്‌നിയ്ക്കിരയായി. തൊഴിൽ ചെയ്യാനുള്ള അവകാശം സ്ഥാപിച്ചു കിട്ടാനും, തനിക്ക് എതിരെ അനീതിയും അക്രമവും കാണിച്ചവർക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് 122 ദിവസം കണ്ണൂർ കളക്‌ട്രേറ്റിനു മുമ്പിലും 47 ദിവസം തിരുവനന്തപുരം സെക്രട്ടറിയേറ്റിനു മുമ്പിലും ചിത്രലേഖ സമരം നടത്തി. മുഖ്യധാരാ മാധ്യമങ്ങൾ ഈ സമരവാർത്ത അവഗണിക്കുകയായിരുന്നു. ഒരു തൊഴിലാളി പ്രസ്ഥാനവും ചിത്രലേഖയുടെ തുണയ്‌ക്കെത്തിയില്ല.

47-ാം വയസ്സിൽ ക്യാൻസർ രോഗബാധിതയായി ഇക്കഴിഞ്ഞ ഒക്‌ടോബർ 5ന് ചിത്രലേഖ മരണത്തിനു കീഴടങ്ങിയിട്ടും നേതാക്കളോ മന്ത്രിമാരോ സെലിബ്രിറ്റികളോ ചിത്രലേഖയുടെ വീട് തേടിയെത്തിയില്ല. ഒരു കോളത്തിൽ കഷ്ടിച്ച് 8 സെന്റിമീറ്റർ നീളത്തിൽ ഒരു വാർത്ത മനോരമയിൽ കണ്ടു. ദലിതരോടും സ്ത്രീകളോട് പൊതുവെയും നമ്മുടെ മാധ്യമങ്ങൾ പ്രകടിപ്പിക്കുന്ന 'ചവിട്ടിത്തേയ്ക്കൽ' എത്ര ക്രൂരമാണെന്ന് ചിത്രലേഖ നമ്മെ ഓർമ്മിപ്പിക്കുന്നു.

vachakam
vachakam
vachakam

ഒപ്പം സംഘടിത തൊഴിലാളി വർഗത്തിന്റെ 'കറുത്ത മനസ്സും' അവരെ പ്രീണിപ്പിക്കുന്ന രാഷ്ട്രീയ നേതാക്കളും നമ്മെ വല്ലാതെ ലജ്ജിപ്പിക്കുന്നുമുണ്ട്. തുല്യാവകാശങ്ങൾക്കുവേണ്ടി വാദിക്കുന്ന പെൺകൂട്ടായ്മകൾക്ക് പോലും ചിത്രലേഖയുടെ സമരവീര്യത്തെ അടയാളപ്പെടുത്താൻ കഴിയാതെ പോയി. സ്ത്രീപക്ഷം പോരാട്ട നിരയിൽ ഉയർത്തിപ്പിടിക്കാവുന്ന ഒരു രക്തസാക്ഷിയെ ദലിത് സ്ത്രീയായതുകൊണ്ടാണോ അവർ കാണാതെ പോയത് ?

സിദ്ധാർത്ഥന്റെ മരണവും അനന്തര സംഭവങ്ങളും

പൂക്കോട് കാർഷിക കോളേജിൽ വച്ച് സിദ്ധാർത്ഥൻ കൊല്ലപ്പെട്ടതിനുശേഷം സർക്കാർ കൈക്കൊണ്ട ചില തീരുമാനങ്ങൾ ആ കുടുംബത്തെ ഏറെ വേദനിപ്പിച്ചിട്ടുണ്ട്. ഇവിടെയും ഭരണപക്ഷ ട്രേഡ് യൂണിയനെ തൃപ്തിപ്പെടുത്താൻ ഈ കൊലപാതകത്തിൽ കളങ്കിതരെന്നു കരുതുന്നവരുടെ സസ്‌പെൻഷൻ പിൻവലിച്ച നടപടി, ഈ നാട്ടിലെ ജനാഭിമുഖ്യമുള്ള ഭരണനിർവ്വഹണമായി കരുതാൻ കഴിയുമോ? ആ കുടുംബത്തിന്റെ സഹനവും സങ്കടവും കാണാതെ, സി.പിഐ. അനുകൂലമായ യൂണിയൻ അംഗങ്ങളെ രക്ഷിക്കാനല്ലേ സർക്കാർ ഇപ്പോൾ സസ്‌പെൻഷൻ പിൻവലിച്ചത് ?

vachakam
vachakam
vachakam

സിദ്ധാർത്ഥന്റെ കൊലപാതകം തടയാൻ കഴിയുമായിരുന്ന ഉദ്യോഗസ്ഥരുടെ സസ്‌പെൻഷനാണ് സർക്കാർ ഇപ്പോൾ പിൻവലിച്ചിട്ടുള്ളത്. ഇടതു വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ നടന്നുവെന്നു കരുതുന്ന അക്രമങ്ങളുടെ തെളിവുകൾ നശിപ്പിക്കാൻ പോലും കൂട്ടുനിന്ന ഉദ്യോഗസ്ഥരാണ് ഇപ്പോൾ പുല്ലുപോലെ സസ്‌പെൻഷൻ കഴിഞ്ഞ് സർവീസിൽ കയറിയിട്ടുള്ളത്.

മന്ത്രി രാജേഷിന്റെ മറുപടികൾ, 'മറുവടി'കൾ

മികച്ച പാർലിമെന്റേറിയനായി ലോക്‌സഭയിൽ ആദരിക്കപ്പെട്ട എം.ബി. രാജേഷ് സ്പീക്കറായിരിക്കേ, കഴിയുന്നതും നിഷ്പക്ഷശൈലിയിൽ പ്രവർത്തിച്ചിരുന്നു. ഇപ്പോൾ രാജേഷിനെ 'പിണറായി ഭൂതം' ആവേശിച്ചിരിക്കുന്നതായി ചിലർ പരാതിപ്പെടുന്നു. ഈ പരാതിക്ക് അടിസ്ഥാനമുണ്ടെന്ന് കഴിഞ്ഞ ദിവസം രാജേഷ് നൽകിയ മറുപടിയിൽ വ്യക്തമാണ്. എ.ഡി.ജി.പി അജിത് കുമാറിനെതിരെയുള്ള അന്വേഷണ റിപ്പോർട്ട് സർക്കാരിന് ലഭിച്ചതായി മന്ത്രി സമ്മതിച്ചു.

എന്നാൽ, ഈ റിപ്പോർട്ട് അനുസരിച്ച് അജിത് കുമാറിനെതിരെ ''കുറ്റം ചാർത്താനോ, കുറ്റവിമുക്തനാക്കാനോ'' പറ്റിയ തെളിവുകളൊന്നുമില്ലെന്ന മന്ത്രിയുടെ മറുപടി പണ്ട് ഇ.എം.എസ് നടത്തിയ ഒരു പരാമർശത്തെയാണ് ഓർമ്മിപ്പിച്ചത്. ''ചൈന ചൈനയുടേതെന്നും ഇന്ത്യ ഇന്ത്യയുടേതെന്നും'' പറയുന്ന പ്രദേശം എന്ന മട്ടിലായിരുന്നു ഇ.എം.എസ്. അന്ന് പറഞ്ഞത്. 'ആണും പെണ്ണും കെട്ട' അത്തരമൊരു വിശദീകരണം മന്ത്രി രാജേഷ് നടത്തിയത് സങ്കടകരമെന്നേ പറയാനാവൂ.

തോറ്റു തൊപ്പിയിട്ടു, എന്നിട്ടും ആ തൂവലെടുത്ത് .....

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോൽവി സംബന്ധിച്ച് സി.പി.എമ്മിന്റെ കേന്ദ്ര നേതൃത്വം കേരളത്തിൽ  'ഭരണ വിരുദ്ധ വികാര'മുണ്ടെന്ന് സമ്മതിച്ചിരുന്നു. ജൂലൈ 21,22 തിയതികളിൽ സംസ്ഥാന കമ്മിറ്റിയിൽ പാർട്ടി സെക്രട്ടറി തന്നെ ഇക്കാര്യം റിപ്പോർട്ട് ചെയ്യുകയുമുണ്ടായി. അന്നത്തെ റിപ്പോർട്ടിൽ കേരളത്തിൽ 2015ന് ശേഷം പുതുതായി പാർട്ടിയിൽ ചേർന്ന അംഗങ്ങൾ മൂന്നു ലക്ഷത്തിലേറെയാണെന്നും ആ നവാഗതർ പാർട്ടിയെ സ്വാർത്ഥ താത്പര്യങ്ങൾക്കുവേണ്ടി ഉപയോഗിച്ചുവോയെന്ന സംശയം പ്രകടിപ്പിക്കുകയുണ്ടായി.

എല്ലാ വിധത്തിലുള്ള കുറ്റകൃത്യങ്ങളും ചെയ്യാൻ പാർട്ടിയുടെ 'കൊടിത്തണൽ' ഉപയോഗിച്ച ന്യൂനപക്ഷം വരുന്ന പാർട്ടി പ്രവർത്തകരെ യഥാർത്ഥ ഇടതുപക്ഷ നയങ്ങൾ പഠിപ്പിക്കാനോ പരിശീലിപ്പിക്കാനോ ശ്രമമുണ്ടായില്ലെന്നും ആ റിപ്പോർട്ടിൽ പാർട്ടി വിലാപമുണ്ടായിരുന്നു. എസ്.എഫ്.ഐ. ജനമധ്യത്തിൽ പാർട്ടിയെ കളങ്കിതമാക്കിയിട്ടും ഉന്നത നേതാക്കൾ അവരെ സംരക്ഷിക്കുന്നതായി എത്രയോ വാർത്തകളാണ് നാം വായിക്കേണ്ടി വന്നത്. ഇപ്പോൾ രാഷ്ട്രീയ   നേതാക്കളേക്കാൾ യുവജനം മാതൃകയായി കാണുന്നത് ഏഴര വർഷം ജയിലിൽ കിടന്ന ശേഷം,

പുതിയ ഹെയർസ്റ്റൈലോടെ കാൽക്കോടി രൂപ വില വരുന്ന കാറിലെത്തുന്ന പൾസർ സുനിയെയാണ്. മാത്രമല്ല, അനധികൃതമായി എന്തെല്ലാം 'പാർട്ടി വഴി' സംഘടിപ്പിച്ചെടുക്കാമെന്നു കരുതുന്നവരുടെ ഓൾ കേരള തലത്തിലുള്ള തട്ടിപ്പു സംഘങ്ങളുടെ ഉന്നതങ്ങളിലുള്ള 'പിടി'യെപ്പറ്റി ഇപ്പോൾ ജനങ്ങൾക്ക് വ്യക്തമായി അറിയാം. അതൊരു നാട്ടുനടപ്പ് പോലെയാണിപ്പോൾ. 'എവിടെയെങ്കിലും പോയി പത്തു കാശുണ്ടാക്കട്ടെ' എന്ന മട്ടിലുള്ള മക്കൾ പ്രീണനവും ഇന്ന് സമൂഹത്തിലുണ്ട്.

ഫാക്ടറികളും മലിനീകരണവും

പെരിയാറിലെ മത്സ്യക്കുരുതി മൂലം മത്സ്യകൃഷിക്കാർക്ക് നഷ്ടപ്പെട്ടത് പതിമൂന്ന് കോടിയിലേറെ രൂപയാണ്. ഇതുവരെ ഈ മലിനീകരണത്തിനു കാരണക്കാർ ആരെന്ന് സർക്കാരിന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇതിനിടെ ഒക്‌ടോബർ 6ന് എടയാർ വ്യവസായ മേഖലയിലെ ഒരു മൃഗക്കൊഴുപ്പ് ഫാക്ടറിയിലെ ബോയിലർ പൊട്ടിത്തെറിച്ച് ഒരാൾ മരിക്കുകയുണ്ടായി. ഒഡീഷക്കാരനായ ഒരു അതിഥിത്തൊഴിലാളി അപകടത്തിൽ മരിച്ചു. മലപ്പുറത്തെ വാഷിംഗ് സോപ്പ് കമ്പനിയുടമ മുഹമ്മദ് ഫവാസിന്റേതായിരുന്നു ഈ ഫാക്ടറി. രജിസ്‌ട്രേഷൻ മുഹമ്മദ് ഫവാസിന്റെ പേരിലാണെങ്കിലും ഇപ്പോൾ കമ്പനി നടത്തുന്നത് പെരുമ്പാവൂർ വല്ലം സ്വദേശിയായ മുഹമ്മദ് എന്നയാളാണ്.

പൊട്ടിത്തെറി നടന്ന ഫാക്ടറി അടച്ചു പൂട്ടണമെന്ന് 2024 സെപ്തബർ 3ന് ഉടമയ്ക്ക് നോട്ടീസ് നൽകിയതായി മലിനീകരണ നിയന്ത്രണ ബോർഡ് പറയുന്നു. 2022ൽ  ഫാക്ടറീസ് ആൻഡ് ബോയ്‌ലേഴ്‌സ് ഉദ്യോഗസ്ഥർ ഫാക്ടറിക്ക്  പ്രവർത്തനാനുമതി നൽകിയിരുന്നു. ബോയ്‌ലർ പ്രവർത്തിപ്പിക്കാൻ നിലവിലുള്ള ഉടമയ്ക്ക് അനുമതി നൽകിയിരുന്നില്ലെന്നും പി.സി.ബി. വൃത്തങ്ങൾ ഇപ്പോഴും  പറയുന്നുണ്ട്. ഇത്തരം അപകടമുണ്ടാകുമ്പോൾ, കൈ കഴുകി മാറിനിൽക്കാൻ പി.സി.ബി വൃത്തങ്ങൾ എപ്പോഴും ഒരു മുഴം മുമ്പെയല്ല, ഒരു വാര ദൂരെ എറിഞ്ഞുള്ള കളിക്ക് മുതിരും.

മത്സ്യക്കുരുതിയുടെ കാര്യം തന്നെയെടുക്കാം. പരസ്പരം തർക്കിച്ചു നിൽക്കുന്ന സർക്കാർ   ഉദ്യോഗസ്ഥരും കുസാറ്റിലെ വിദദ്ധരും ജനങ്ങളെ കബളിപ്പിക്കുകയാണ്. മേയ് 20നാണ് പെരിയാർ മത്സ്യക്കുരുതിക്കു കാരണം ചില കമ്പനികളാണെന്ന് സർക്കാരിനെ കുസാറ്റിലെ വിദദ്ധർ അറിയിച്ചത്. എന്നാൽ പി.സി.ബി. അധ്യക്ഷ പി.എസ്. ശ്രീകല മത്സ്യക്കുരുതിക്കു കാരണം ഹൈഡ്രജൻ സൾഫൈഡ് അമോണിയയുടെ ജലത്തിലെ സാന്നിദ്ധ്യമാണെന്ന് സർക്കാരിനെ അറിയിച്ചതോടെ, ജനങ്ങൾക്ക് ലഭിക്കേണ്ട നഷ്ടപരിഹാരം ഗോപി!

ആന്റണിചടയംമുറി

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam