'ഒരിടത്തു ജനനം ഒരിടത്തു മരണം, ചുമലിൽ ജീവിത ഭാരം' എന്ന പല്ലവിയുമായി 1970കളിൽ മലയാളികൾക്കിടയിൽ ഹിറ്റായ സിനിമാ ഗാനമെഴുതുമ്പോൾ വയലാർ സ്വപ്‌നം കാണാതിരുന്ന വൈപരീത്യങ്ങളിലേക്കാണിപ്പോൾ ജനനനിരക്ക് താഴ്ന്നുവരുന്നതിന്റെ സ്ഥിതിവിവരക്കണക്കുകളുടെ ഓരംപറ്റി കേരളം കടന്നുകയറുന്നത്. അനിയന്ത്രിതമായ ജനസംഖ്യാ വർദ്ധനവായിരുന്നു അക്കാലത്ത് നാടിന്റെ വലിയ ഭീഷണികളിലൊന്ന്. ദേശീയ കുടുംബാസൂത്രണ പദ്ധതിയോട് അകമഴിഞ്ഞു സഹകരിച്ച് ആ വിപത്തിനെതിരെ കേരളം രചിച്ച വിജയഗാഥയ്ക്ക് അന്താരാഷ്ട്രതലത്തിൽ തന്നെ കൈയടിയും ലഭിച്ചു.പക്ഷേ, എതിർ ദിശയിൽ ആകണം തുടർപ്രയാണമെന്നതായിരിക്കുന്നു ആനുകാലിക അവസ്ഥ. കാരണം, കേരളത്തിൽ ജനനനിരക്കും പ്രത്യുൽപാദന നിരക്കും കുറവാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
കഴിഞ്ഞ പത്തുവർഷത്തിനിടെ സംസ്ഥാനത്ത് ജനന നിരക്ക് 35 ശതമാനമാണ് താഴ്ന്നത്. ചൈനയും റഷ്യയും സഹിതം വിവിധ രാജ്യങ്ങളിൽ പ്രസവനിരക്ക് കുറയുന്നതിന്റെ ആശങ്ക ഉയരുന്നതിനിടെയാണ് കേരളത്തിലും സമാന സാഹചര്യം. 2014ൽ സംസ്ഥാനത്ത് ജനിച്ചത് 5.34 ലക്ഷം കുഞ്ഞുങ്ങൾ. 2024ൽ 3.45 ലക്ഷം. 2019ൽ 4.80 ലക്ഷമായ ശേഷം ഘട്ടംഘട്ടമായി കുറഞ്ഞുവരികയാണ്. എല്ലാ ജില്ലകളിലും പ്രസവനിരക്ക് കുറഞ്ഞെന്നാണ് സർക്കാർ കണക്ക്. ആലപ്പുഴയിലാണ് ഏറ്റവും കുറവ്. 45 ശതമാനം. എറണാകുളമാണ് തൊട്ടുപിന്നിലായുള്ളത്. കേരളത്തിലെത്തുന്ന അന്യസംസ്ഥാന തൊഴിലാളി കുടുംബങ്ങളിലെ സ്ത്രീകൾ പലരും ഇവിടെ പ്രസവിക്കുന്നത് സംസ്ഥാനത്തിന്റെ കണക്കിലായിട്ടും മൊത്തം നിരക്ക് താഴെ തന്നെ. കേരളത്തിലെ കഴിഞ്ഞ വർഷത്തെ ജനനനിരക്ക് സംബന്ധിച്ച കണക്കു പ്രകാരം 2.28 ലക്ഷം പ്രസവം നടന്നത് നഗരങ്ങളിലായിരുന്നു. 1.17 ലക്ഷം ഗ്രാമങ്ങളിലും.
ജനനനിരക്ക് കൂടുതലായിരുന്ന മലപ്പുറം ഉൾപ്പെടെയുള്ള ജില്ലകളിലും ജനനനിരക്കിൽ ഇടിവ് രേഖപ്പെടുത്തുന്നുണ്ട്. കേരളത്തിലെ മധ്യ, തെക്കൻ മേഖലകളിലെ ഒൻപത് ജില്ലകളിൽ സംസ്ഥാന ശരാശരിയേക്കാൾ താഴെയാണ് ജനനനിരക്ക്. വടക്കൻ ജില്ലകളെ അപേക്ഷിച്ച് കേരളത്തിന്റെ തെക്ക്, മധ്യ ഭാഗങ്ങൾ കൂടുതൽ വികസിതമാണ്. അതായത് മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളുളള സ്ഥലങ്ങളിൽ ജനനനിരക്ക് കുറയുന്ന പ്രവണത ദൃശ്യം. അതിനാൽ സംസ്ഥാനത്തിന്റെ ജനനിരക്ക് ഇപ്പോൾ താഴോട്ടാണ്. അത് അങ്ങനെ തന്നെ തുടരാനാണ് സാധ്യത. ഇത് വരാനിക്കുന്ന വർഷങ്ങളിൽ കേരളത്തിന്റെ വളർച്ചയേയും സമ്പദ്‌വ്യവസ്ഥയെയും സാരമായി ബാധിക്കുമെന്ന് ഡെമോഗ്രഫി വിദഗ്ധർ പറയുന്നുണ്ട്.
കുഞ്ഞുങ്ങളോടുള്ള പുതിയ തലമുറയുടെ വിമുഖതയും വിദേശത്തേക്കുള്ള കുടിയേറ്റവുമാണ് കുറവിന് പ്രധാന കാരണമായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. 30 വയസിന് താഴെയുള്ളവരിൽ വന്ധ്യതയ്ക്ക് ചികിത്സ തേടുന്നവരുടെ എണ്ണത്തിൽ കുറവുള്ളതായാണ് നിരീക്ഷണം. അതേസമയം, ഗർഭഛിദ്രം നടത്തുന്നവർ വർദ്ധിച്ചതായും ഡോക്ടർമാർ പറയുന്നു. യുവതലമുറയിലെ പലരും പ്രാരാബ്ധങ്ങൾ ചൂണ്ടിക്കാട്ടി കുട്ടികൾ ഉടൻ വേണ്ടെന്ന നിലപാടെടുക്കുന്നതും കാരണമാകുന്നതായി വിദഗ്ദ്ധർ പറയുന്നു. പല ദമ്പതികൾക്കും ഒരു കുട്ടി മതി. കുട്ടികൾ വേണ്ടെന്ന നിലപാടും വ്യാപകം.18നും 45നും ഇടയിലുള്ളവർ വ്യാപകമായി ജോലിക്കായി വിദേശത്തേക്ക് കുടിയേറുന്നു. അവിടങ്ങളിൽ ഇൻഷ്വറൻസ് പരിരക്ഷ കൂടുതലായതിനാൽ പലരും പ്രസവത്തിനായി നാട്ടിലെത്താറില്ല.
ദേശീയ ശരാശരിയേക്കാൾ വേഗത്തിലാണ് കേരളത്തിലെ ജനനനിരക്കിൽ കുറവ് സംഭവിക്കുന്നത്. ഇത്തരത്തിൽ ജനനനിരക്കിലെയും പ്രത്യുൽപാദന നിരക്കിലെയും കുറവ് കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ തുടക്കത്തിൽ ബാധിക്കില്ലെങ്കിലും കുറച്ച് വർഷങ്ങൾ കഴിയുമ്പോഴേക്കും പ്രശ്‌നം ഗുരുതരമാവുമെന്നാണ് കരുതുന്നത്. അധ്വാനിക്കാൻ ശേഷിയുള്ള ഒരു വിഭാഗത്തിൽ ഗണ്യമായി കുറവ് സംഭവിക്കുമ്പോൾ സ്വഭാവികമായും ഇതര സംസ്ഥാന തൊഴിലാളികളെ കൂടുതലായി ആശ്രയിക്കേണ്ടിവരും. കേരളത്തിൽ പ്രായമായവരുടെ ജനസംഖ്യ വർധിക്കുന്നത് മറ്റൊരു ആശങ്കയാണ്. ഇത് ആരോഗ്യരംഗത്തെ അടിസ്ഥാന സൗകര്യങ്ങൾക്ക് തിരിച്ചടിയുണ്ടാക്കുക സ്വാഭാവികം. വിവാഹപ്രായമായ പുരുഷന്മാർക്ക് ആനുപാതികമായ രീതിയിൽ സ്ത്രീകളുടെ എണ്ണമില്ലാത്തതും വലിയ പ്രശ്‌നം തന്നെ.
ഇന്ത്യയിൽ ജനസംഖ്യയെ പ്രധാനമായും മൂന്നായാണ് തരംതിരിച്ചിരിക്കുന്നത്. 3 മുതൽ 14 വയസ്സുവരെ, 15 മുതൽ 59 വയസ്സുവരെ, 60 വയസ്സിന് ശേഷം എന്നിങ്ങനെ. 15 മുതൽ 59 വയസ്സുവരെയുള്ളവരെ ആശ്രയിച്ചാണ് ബാക്കി രണ്ട് വിഭാഗങ്ങൾ ജീവിക്കുന്നത്. അതായത് ജനനനിരക്ക് കുറയുമ്പോൾ 3-14 വയസ്സുള്ള വിഭാഗത്തിന്റെ എണ്ണം കുറയും. എന്നാൽ ക്രമേണ ഈ കുറവ് 15-59 വയസ്സുള്ള വിഭാഗത്തേയും ബാധിക്കും. അങ്ങനെ ഈ വിഭാഗത്തെ ആശ്രയിച്ച് കഴിയുന്നവരുടെ അവസ്ഥയെ ഇത് ബാധിക്കുന്നു. 15-59 വയസ്സുവരെയുള്ള ആളുകളുടെ എണ്ണം കേരളത്തിൽ കൂടുതലുണ്ടായിരുന്ന സമയം 2021 വരെയാണ്. സ്വഭാവികമായും ജനനനിരക്ക് കുറയുമ്പോൾ 15 -59 വിഭാഗത്തിന്റെ എണ്ണത്തിലും കുറവ് വരും, അധ്വാനിക്കുന്നവരുടെ എണ്ണത്തിൽ കുറവ് സംഭവിക്കും.
ഒരു സമ്പദ്‌വ്യവസ്ഥ വളരുമ്പോൾ അവിടെ സ്വഭാവികമായും ജനനനിരക്ക് കുറയാറുണ്ട്. ജനനനിരക്ക് കുറയുന്നതിനോടൊപ്പം തന്നെ ശിശുമരണനിരക്കും കുറയും. പണ്ടത്തെ സമ്പദ് വ്യവസ്ഥ കൂടുതലും കൃഷിയെ ആശ്രയിച്ചായിരുന്നു മുന്നോട്ടുപോയിരുന്നത്. അതിനാൽ തന്നെ കൃഷിയിടങ്ങളിൽ സഹായിക്കുന്നതിനായി കൂടുതൽ കുട്ടികൾ വേണമെന്ന് കുടുംബങ്ങൾ താൽപര്യപ്പെട്ടു. അതുപോലെ തന്നെ അന്ന് ശിശുക്കളുടെ മരണനിരക്കും കൂടുതലായിരുന്നു. എന്നാൽ വ്യാവസായികവത്കരണം സംഭവിച്ചതോടെ ഈ സങ്കൽപ്പങ്ങൾക്ക് വ്യത്യാസം വന്നു. മാത്രമല്ല ജീവിതച്ചെലവ് വർധിക്കുക കൂടി ചെയ്തതോടെ കുട്ടികളുടെ എണ്ണം കുറയ്ക്കാനായി താൽപര്യം. കുടുംബാസൂത്രണ മാർഗ്ഗങ്ങൾക്ക് പ്രചാരവുമേറി. പ്രത്യുൽപാദന നിരക്കിലെയും ജനനനിരക്കിലെയും മാറ്റങ്ങളെ ഈ ഘടങ്ങളെല്ലാം സ്വാധീനിച്ചു. മുതിർന്ന പൗരന്മാർക്ക് ശുശ്രൂഷ ലഭിക്കാത്ത ദുരവസ്ഥ തീവ്രമാകുകയാണ് ഇതുമൂലം കേരളത്തിൽ. അടച്ചിടേണ്ടിവരുന്ന വീടുകളുടെ എണ്ണവും കുതിച്ചുയരുന്നു.
ക്രൈസ്തവ ശങ്ക
കഴിഞ്ഞ 15 വർഷങ്ങളായി കേരളത്തിൽ ക്രൈസ്തവ ജനസംഖ്യ താഴേക്ക് പോകുന്നതിന്റെ ആശങ്ക സഭാ നേതൃത്വങ്ങളിൽ ഏറിവരുന്നതിനിടെയാണ് പൊതുവേ ജനനനിരക്കും പ്രത്യുൽപാദന നിരക്കും കുറയുന്നതിന്റെ കണക്കുകൾ പുറത്തുവന്നിരിക്കുന്നത്. സ്വാതന്ത്ര്യം കിട്ടുമ്പോൾ കേരളത്തിലെ ജനസംഖ്യയുടെ ഇരുപത്തൊന്നര ശതമാനം ക്രിസ്ത്യാനികളായിരുന്നു. പക്ഷെ 75 വർഷം കഴിഞ്ഞതോടെ ക്രൈസ്തവരുടെ ജനസംഖ്യ പതിനെട്ടര ശതമാനമായി ചുരുങ്ങി. 2050 ആകുമ്പോഴേക്കും ക്രിസ്ത്യാനികൾ കേരള ജനസംഖ്യയുടെ 7 ശതമാനം മാത്രമേ ഉണ്ടാവുകയുള്ളൂ എന്നു ജനസംഖ്യാ ശാസ്ത്രജ്ഞർ പ്രവചിച്ചു കഴിഞ്ഞു.
ക്രൈസ്തവർ ജനസംഖ്യാ വളർച്ചയിൽ പിന്നോട്ട് പോകുന്നതിന് നിരവധി കാരണങ്ങളുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇപ്പോൾ ജനസംഖ്യ വർദ്ധന കുറഞ്ഞ കോട്ടയം, എറണാകുളം, തൃശൂർ, പത്തനംതിട്ട ജില്ലകളിൽ കാര്യമായ സ്വാധീനമുള്ള മതവിഭാഗമാണ് ക്രൈസ്തവർ. എന്നാൽ ജനന നിരക്ക് കുറഞ്ഞ് തങ്ങളുടെ കാലിനടിയിലെ മണ്ണ് ഒലിച്ചുപോകുന്നു എന്ന ചിന്ത ക്രൈസ്തവർക്കിടയിൽ ഉണ്ടാകുന്നില്ലെന്ന പരിഭവം കെ.സി.ബി.സി.യിൽ നിന്നു തന്നെ ഉയരുന്നുണ്ട്. സാമൂഹികമായി മാത്രമല്ല, ആത്മീയമായും വലിയ ദുരന്തത്തിന്റെ വക്കിലാണ് തങ്ങളെന്നു തിരിച്ചറിയാൻ ക്രൈസ്തവർക്ക് ഇനിയെങ്കിലും കഴിയണമെന്ന ആഹ്വാനവുമുണ്ടാകുന്നു സഭാ മേലധ്യക്ഷന്മാരിൽ നിന്ന്.
ഗോവയിൽ
മുസ്ലിംകളുടെ എണ്ണം കൂടിയതും ക്രൈസ്തവരുടെ എണ്ണം കുറഞ്ഞതും
അന്വേഷിക്കണമെന്ന ഗവർണർ പി.എസ്.ശ്രീധരൻപിള്ളയുടെ അഭിപ്രായം
വിവാദത്തോളമെത്തിയ ചർച്ചയ്ക്കിടയായത് കേരളത്തിലെ ക്രൈസ്തവ നേതൃത്വത്തിന്റെ
ശ്രദ്ധ പിടിച്ചുപറ്റി. മുസ്ലിം ജനസംഖ്യ 3ൽ നിന്ന് 12 ശതമാനമായി ഗോവയിൽ
കൂടുകയും ക്രൈസ്തവ ജനസംഖ്യ 36ൽ നിന്ന് 25 ശതമായി കുറയുകയും ചെയ്തതായി
ശ്രീധരൻപിള്ള പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജനസംഖ്യയിലെ മാറ്റം
അന്വേഷിക്കാൻ ഗോവ ആർച്ച് ബിഷപ്പിനോട് അദ്ദേഹം ആവശ്യപ്പെട്ടത്.
ക്രിസ്ത്യൻ
ജനസംഖ്യ കുറഞ്ഞുകൊണ്ടിരിക്കുകയാണെന്നും യുവതലമുറ വീടുകളും ഭൂമിയും
ഉപേക്ഷിച്ച് വിദേശത്തേക്കു പോയാൽ വർഷങ്ങൾക്കുള്ളിൽ ഇവിടെ
അധിനിവേശങ്ങളുണ്ടാവുമെന്നും കേന്ദ്ര ന്യൂനപക്ഷകാര്യ സഹമന്ത്രി ജോർജ് കുര്യൻ
ചൂണ്ടിക്കാട്ടിയിരുന്നു.
പാലായിൽ അൽഫോൻസിയൻ പാസ്റ്ററൽ
ഇൻസ്റ്റിറ്റിയൂട്ടും സെന്റ്. തോമസ് കോളേജും ചേർന്ന് സംഘടിപ്പിച്ച
പരിപാടിയിൽ സമുദായ ശാക്തീകരണം എന്ന വിഷയവുമായി ബന്ധപ്പെട്ട്
സംസാരിക്കുമ്പോഴായിരുന്നു ബി.ജെ.പി നേതാവായ ജോർജ് കുര്യന്റെ പരാമർശം.
'ക്രിസ്ത്യൻ
ജനസംഖ്യ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ജനസംഖ്യ കുറയുന്ന ഈയവസരത്തിൽ
ബുദ്ധിപരമായ ഇടപെടലാണ് ആവശ്യം. ഈ സമുദായം സമൂഹത്തിന് മുഴുവൻ ആവശ്യമാണെന്ന്
മറ്റുള്ളവർക്ക് മുഴുവൻ തോന്നുന്ന വിധത്തിലുള്ള ഇടപെടൽ വേണം.
അതിന്റെയടിസ്ഥാനത്തിൽ മാത്രമേ അധികാരത്തിന്റെ ശക്തികേന്ദ്രങ്ങളെ നമുക്ക്
സ്വാധീനിക്കാനാവൂ. അതിന്റേതായ രീതിയിൽ നമ്മുടെ പ്രവർത്തനങ്ങളെ
ക്രോഡീകരിക്കണം. ജനസംഖ്യ വലിയ കാര്യം തന്നെയാണ്' ജോർജ് കുര്യൻ
അഭിപ്രായപ്പെട്ടതിങ്ങനെ.
'നമ്മുടെ യുവതലമുറ വിദേശത്തേക്കു പോവുന്നു എന്നതാണ് മറ്റൊന്ന്. നമ്മുടെ വീടുകളും ഭൂമിയും അന്യാധീനപ്പെടുന്നതാണ് അതിന്റെ അനന്തരഫലം. അത് സംരക്ഷിക്കാനുള്ള ചിന്ത സഭകളുടെ നേതൃത്വത്തിനുണ്ടാവണം. അല്ലെങ്കിൽ അനഭിമതമായ അധിനിവേശം ഉണ്ടാവും'. അതേക്കുറിച്ച് താൻ വിശദീകരിക്കേണ്ട കാര്യമില്ലെന്നും അതുകൊണ്ട് വിജനമാവാൻ പോവുന്ന നമ്മുടെ ഭൂമികളും വീടുകളും കുടുംബങ്ങളും സംരക്ഷിക്കാനുള്ള ഒരു പദ്ധതി വേണമെന്നും ജോർജ് കുര്യൻ പറഞ്ഞു.
'അവരെ ഉപദേശിക്കണം. ഒന്നുകിൽ അവരുടെ സഹോദരങ്ങൾക്കോ ബന്ധുക്കൾക്കോ കൊടുക്കുക. അല്ലെങ്കിൽ പാവപ്പെട്ടവർക്ക് കൊടുക്കുക. അതുമല്ലെങ്കിൽ അതേറ്റെടുക്കാനുള്ള സംവിധാനം സഭയുണ്ടാക്കിയില്ലെങ്കിൽ ഏതാനും വർഷങ്ങൾക്കുള്ളിൽ അവിടെ അധിനിവേശങ്ങളുണ്ടാവും. അതിലൂടെ സഭയുടെ അടിത്തറ തകരും. പിടിച്ചുനിൽക്കാനാവാത്ത അവസ്ഥയുണ്ടാവും. ഞാനത് നേരിട്ടുകാണുന്നതുകൊണ്ടാണ് പറയുന്നത്. നേരത്തെ ചിന്തിക്കേണ്ട കാര്യമാണ്. ഏക്കർ കണക്കിന് ഭൂമി ആരുമില്ലാതെ കിടക്കുന്ന അവസ്ഥ ഏതാനും വർഷങ്ങൾക്കുള്ളിലുണ്ടാവും. ആ ഭൂമിയെങ്ങനെ ഫലപ്രദമായി ഉപയോഗപ്പെടുത്താം എന്ന് ചിന്തിക്കണം. അധിനിവേശങ്ങൾ തുടങ്ങിക്കഴിഞ്ഞു. അതായത്, ആൾപെരുമാറ്റം ഇല്ലാതെവന്നാൽ അവിടെ കുരങ്ങന്മാർ വരും. അത് വലിയ ശല്യമായി മാറും. വലിയ വന്യജീവികളൊക്കെ നാട്ടിലേക്ക് വരുന്നതിന്റെ കാരണം അതുതന്നെയാണ്. അതിനാൽ തീർച്ചയായും അതേക്കുറിച്ച് ചിന്തിക്കണം' അദ്ദേഹത്തിന്റെ വാക്കുകൾ.
ബാബു കദളിക്കാട്
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1