അന്ന്, 'കണ്ണേ കരളേ വിഎസേ', എന്ന് അണികൾ വിളിച്ച അതേ താളത്തിലല്ലെങ്കിലും,പത്തു ദിവസത്തോളം കോൺഗ്രസ് അണികൾ മനമുരുകി വിളിച്ചത് ആരുടെ പേരാണെന്ന് തിരിച്ചറിയാനുള്ള വിവേകം കോൺഗ്രസ് ഉന്നതർക്ക് ഉണ്ടാവുമെന്ന് കരുതിയവർക്ക് തെറ്റി. ആ പേര് ഒന്ന് പുറത്തു പറയാൻ എന്തിനിത്ര വൈകി എന്ന ചോദ്യം രാഷ്ട്രീയ വൈരികൾ പോലും ചോദിക്കുന്നുണ്ട് രാഹുൽ ഗാന്ധിയോട്.
കോടി മൂല്യമുള്ള ആ പേര് ഏതുമാവട്ടെ, അതങ്ങ് പ്രഖ്യാപിക്കാൻ എന്തിന് ഈ തുടർനാടകം കളിച്ചു എന്ന് ചോദിക്കാത്തവരില്ല. സമുദായ നേതാക്കളോ ഘടകകക്ഷികളോ ഒരു വാക്കുപോലും മറുത്ത് പറയാൻ ഇടയില്ലാത്ത ആ പേരിന് വേണ്ടി, ഒരിക്കൽ രാജ്യം ഭരിച്ച ഒരു ദേശീയ കക്ഷി ഇത്രയും വൈകിയത് എന്തിനെന്ന ചോദ്യം ഉത്തരമില്ലാത്തതല്ല. ഒരു മാധ്യമ സിംഹത്തിന് പോലും ചോർത്താൻ കഴിയാതെ പോയ ആ രഹസ്യം.
സംസ്ഥാനത്ത് ഭരണസ്തംഭനം പോലും ആരോപിക്കാവുന്ന വിധം കാര്യങ്ങൾ നിശ്ചലമാക്കിയതിന്റെ ഉത്തരവാദിത്വം കൂടി ഏറ്റെടുക്കേണ്ട ചുമതല ഈ നാടകം കളിച്ചവർക്കുണ്ട്. അനുയായികളുടെ ആവേശപ്രകടനങ്ങളല്ല, വോട്ട് ചെയ്തവരും അല്ലാത്തവരും വോട്ടില്ലാത്തവരും അടങ്ങുന്ന ഒരു സമൂഹത്തിന് നിയമപ്രകാരം ലഭിക്കേണ്ട, ഭരണഘടനാദത്തമായ അവകാശമാണ് സർക്കാർ രൂപീകരണവും നിയമവാഴ്ചയും നിയമനിർമ്മാണവും. അതിനെയെല്ലാം ഒരു കാവൽ മുഖ്യമന്ത്രിയുടെ നിഴലിൽ 10 ദിവസം നിർത്തിയിട്ട്, ശീതീകരിച്ച മുറികളിൽ ഗ്രൂപ്പ് ചർച്ചകളുമായി ഒത്തുകൂടിയ ഗ്രൂപ്പ് മനേജർമാരെക്കാൾ, അവർക്ക് അതിന് അവസരം ഒരുക്കിയ ഹൈക്കമാന്റിനെയാണ് ജനങ്ങൾ പഴിക്കുക.
ഒരുപക്ഷേ, ഫലപ്രഖ്യാപനത്തിന്റെ ഒമ്പതാം ദിവസം കലണ്ടറിൽ തിയതി 13 ആയപ്പോൾ അതൊരു ദു:ശകുനമായി തോന്നിക്കാണുമോ ഹൈക്കമാന്റിന് ? സംഘടനയ്ക്കുള്ളിൽ ശക്തി തെളിയിച്ച കെ.സി. വേണുഗോപാലോ, ജനകീയ മുഖമായി അവതരിപ്പിക്കപ്പെട്ട വി.ഡി. സതീശനോ, ഹിന്ദി നന്നായി അറിയാവുന്ന ചെന്നിത്തലയോ എന്ന് കലഹിച്ചുകഴിയുന്ന അണികളെ ഒന്ന് ആശ്വസിപ്പിക്കാൻ പോലും പാർട്ടി കേന്ദ്ര നേതൃത്വം ഒരുങ്ങിയില്ല.
പേര് പുറത്തുവരുമ്പോൾ കോൺഗ്രസിന്റെ നിയമസഭാ കക്ഷിയോഗം ചേർന്ന് കൈയ്യടിച്ചു കൊള്ളണം. എല്ലാ കോൺഗ്രസ് എംഎൽഎമാരും തലസ്ഥാനത്തെത്തി കെട്ടിപ്പിടിക്കണം.
പിന്നെ, കൂറ്റൻ പന്തൽ കെട്ടി സത്യപ്രതിജ്ഞാ ചടങ്ങ്.
നാഥനില്ലാ കളരി
പ്രഖ്യാപനം വരുംമുമ്പേ ജയം ആഘോഷിച്ചു തുടങ്ങിയ കോൺഗ്രസ് നേതാക്കൾ അന്ന് പറഞ്ഞത് മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ഞങ്ങൾക്ക് മിനിറ്റുകൾ മാത്രം മതി എന്നാണ്. തെരഞ്ഞെടുപ്പിൽ പച്ചതൊടാതെ പോയ ഇടതുമുന്നണിയെ ഒന്ന് കുറ്റപ്പെടുത്താൻ പോലും അവസരം നൽകാതെ, നൂറിൽപരം സീറ്റുകളിൽ ജയിച്ചു കയറിയ മുന്നണി. അവർ നടത്തിയ കസേരകളി ഒരു വാരം പിന്നിട്ടപ്പോൾ നിരാശരായത് ഒരു നാട് മുഴുവനുമാണ്.
എതിരാളികൾക്ക് പോലും നൈരാശ്യം തോന്നിപ്പിച്ച പഴഞ്ചൻ രാഷ്ട്രീയ പകിടകളി. കല്പനശേഷി ഒട്ടുമില്ലാത്ത ഒരു 'ഹൈ'ക്കമാൻഡ്! കേരളത്തിന്റെ മുഖ്യമന്ത്രിക്കസേരയിൽ ഒരു ആളെ കാണാൻ ശത്രുക്കൾക്ക് പോലും ഇരുട്ടത്ത് ഫ്‌ളക്‌സ് കൊണ്ടുവന്നു വയ്‌ക്കേണ്ടിവന്ന രാഷ്ട്രീയ ഗതികേട്. എപ്പോഴും വെളുക്കെ ചിരിക്കുന്ന ഖദർധാരികൾ ഒരാഴ്ച, ജാള്യത മറയ്ക്കാൻ പാടുപെട്ടു. പലരെയും പ്രവർത്തകർ വഴിയിൽ തടഞ്ഞു.
പലതും സ്‌പോൺസേർഡ് സമരമാണെന്ന് തോന്നിപ്പിച്ചു. ഉദ്ദേശിച്ചയാളെ മുഖ്യമന്ത്രി ആക്കിയില്ലെങ്കിൽ പ്രാദേശിക കമ്മിറ്റികൾ മൊത്തം രാജിവെക്കുമെന്ന് ഭീഷണി. നാട്ടുകാരോട് സമാധാനം പറഞ്ഞ് മടുത്തത് നേതാക്കൾ മാത്രമല്ല, പാവം അനുഭാവിക്കൂട്ടങ്ങൾ കൂടിയാണ്. ഫ്‌ളക്‌സ് വീരന്മാരെ നിയന്ത്രിക്കാൻ കഴിയാതെ പോയ നേതൃത്വം. പാർട്ടി ദേശീയ അധ്യക്ഷനെ തീർത്തു കളയുമെന്ന് ഇംഗ്ലീഷിൽ പോസ്റ്റർ.
അതും എതിർ ഗ്രൂപ്പുകാരെ പ്രതിക്കൂട്ടിലാക്കാൻ വേണ്ടിയല്ലേ എന്ന് സംശയം.
വയനാടിനെ അമേഠി ആക്കുമെന്ന് പ്രിയങ്ക ഗാന്ധിയെ ഭീഷണിപ്പെടുത്തേണ്ടിവന്നു പാർട്ടിക്കാർക്ക്.
അതിനിടെ, നേതാക്കളുടെ വാവിട്ട പരസ്യ പ്രസ്താവനാ വീരവാദങ്ങൾ. തീവ്ര അനുയായികൾ ആത്മഹത്യാ ഭീഷണി പോലും മുഴക്കി. ഘടകകക്ഷികൾ ത്രിശങ്കുവിൽ നിൽക്കുന്ന രാഹുൽഗാന്ധിയെ നോക്കുന്നു. ഫയലുകൾ നീക്കാൻ സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥർ ഭയക്കുന്നു. നേതാക്കൾക്ക് പഞ്ഞമില്ലാത്ത പ്രസ്ഥാനത്തിൽ നടക്കുന്ന ഉൾപ്പാർട്ടി ജനാധിപത്യമാണ് ഇക്കണ്ടതെല്ലാം എന്ന് സമാധാനിക്കാം.
ആര് മുഖ്യമന്ത്രിയായാലും അതിന്റെ പേരിൽ ഇതിനോടകം സംസ്ഥാന കോൺഗ്രസിൽ ഉണ്ടായ ചേരിതിരിവ് പാർട്ടിയുടെ അച്ചടക്കത്തെയും കെട്ടുറപ്പിനെയും ബാധിച്ചു കഴിഞ്ഞു. ഏത് നേതാവിന്റെ ബാനറിലായാലും, അധികാരം കിട്ടിയ ഉടനെ ഇത്തരം ഒരു അനൈക്യം സംഭവിച്ചത് വരും നാളുകളിൽ ഓരോ പങ്കുവെപ്പിലും ഒരു നിഴൽ പോലെ കോൺഗ്രസിനെ പിന്തുടരും.
അടുത്ത ഊഴം അടി നടക്കുക മന്ത്രി പദവികൾ പങ്കുവയ്ക്കുമ്പോഴായിരിക്കും. വിദ്യാഭ്യാസ വകുപ്പ് കോൺഗ്രസ് തന്നെ ഏറ്റെടുക്കണമെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ മുഖ്യമന്ത്രി പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് പറഞ്ഞത് ലീഗിനെ ലക്ഷ്യം വച്ചാണെന്ന് കരുതാം. വകുപ്പുകൾക്ക് വേണ്ടിയുള്ള അടിയാണ് അടുത്ത എപ്പിസോഡ്.
തോറ്റാൽ മതിയായിരുന്നു എന്ന് അണികളെ കൊണ്ട് തോന്നിപ്പിക്കുന്ന കോൺഗ്രസ് മാജിക്!
മന്ത്രി ഇല്ലാത്തതിനാൽ എസ്. എസ്. എൽ.സി ഫലം പോലും വൈകുമെന്ന പുതുമ. രാഹുൽ ഗാന്ധി ആരെ മുഖ്യമന്ത്രി ആക്കണമെന്ന് ആരോടും ചോദിച്ചില്ലത്രേ ! ഇവിടത്തെ സാഹചര്യം പഠിച്ചുകൊണ്ടിരിക്കുകയാണ് രാഹുൽ. കാവൽ മുഖ്യമന്ത്രി വാടക വീട്ടിലേക്ക് മാറിക്കഴിഞ്ഞു. ശമ്പള വിതരണവും സ്ഥലം മാറ്റവും മാത്രമാണ് നടക്കുന്നത്. പണ്ട് കർണാടകയിൽ സിദ്ധരാമയ്യയും ഡി. ശിവകുമാറും തമ്മിലുള്ള തർക്കത്തിൽ അല്പം വൈകിയ ചരിത്രം കോൺഗ്രസിനുണ്ട്. ആ ചരിത്രം പറഞ്ഞു നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കാൻ ഇനി കോൺഗ്രസിന് കഴിയില്ല.
അടിയൊഴുക്കുകൾ
2026ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം പുറത്തു വന്നപ്പോൾ കേരളം തിരിച്ചറിഞ്ഞു, പുറമേ കണ്ടതൊന്നുമല്ല ഇരു മുന്നണികളിലെയും അടിയൊഴുക്കുകളെന്ന്. നേതൃത്വങ്ങളുടെ പിടിപ്പുകേട് കണ്ടു പകച്ചു നിൽക്കുകയാണ് ഇരുവശത്തെയും അണികൾ. പ്രസ്ഥാനത്തിന്റെ അന്തസത്ത ചോർന്നു പോയെന്ന് കരുതുന്ന അണികൾ സ്വയം സംഘടിച്ച് പുതിയ താവളങ്ങൾ തേടിപ്പോകുന്നു;പലരും എതിർപാളയങ്ങളിൽ ചെന്നടിയുന്നു. ഇത്തരം അടിയൊഴുക്ക് സി.പി.എമ്മിൽ കൂടുതൽ ശക്തമാണ്. കോൺഗ്രസ് അനുഭാവികളും വിജയത്തിളക്കത്തിലും നിരാശരാണ്.
സി.പി.എമ്മിന്റെ അടിത്തട്ടിൽ നിന്ന് വലിയ തോതിലുള്ള കൊഴിഞ്ഞുപോക്ക് നടക്കുന്നു. പാലക്കാട് 24ഓളം പേർ പാർട്ടിയിൽ നിന്ന് രാജിവെച്ചത് സമീപകാലത്താണ്. പ്രാദേശിക നേതൃത്വത്തിന്റെ ഏകാധിപത്യമായിരുന്നു കാരണം. എന്നാൽ സംസ്ഥാന നേതൃത്വത്തിന്റെ ഏകാധിപത്യം ചോദ്യം ചെയ്ത് കളത്തിലിറങ്ങിയ വിമതന്മാർക്ക് പാർട്ടി അണികൾ നൽകിയത് വിജയം മാത്രം.
തെക്കൻ കേരളത്തിൽ കോൺഗ്രസിലേക്ക് ചേക്കേറിയത് ആയിഷ പോറ്റിയാണെങ്കിൽ മധ്യകേരളത്തിൽ ബി.ജെ.പിയിൽ ചേർന്നത് മുൻ ദേവികുളം എം.എൽ.എയും മുതിർന്ന നേതാവുമായ എസ്. രജേന്ദ്രനാണ്. ഇരുവരും സി.പി.എമ്മിന് പ്രഹരമേൽപ്പിച്ചു. മറ്റു പല ഇടതു നേതാക്കളും കോൺഗ്രസ്സാണ് തട്ടകമായി കണക്കാക്കിയതെങ്കിൽ രാജേന്ദ്രൻ പോയത് ബദ്ധശത്രുവായ ബി.ജെ.പിയിലേക്കാണ്. ഏറെനാൾ പുകഞ്ഞിരുന്ന കൊള്ളി പുറത്തായത് പോലെ.
എന്നാൽ,പയ്യന്നൂരും തളിപ്പറമ്പും അമ്പലപ്പുഴയും ഏൽപ്പിച്ച മുറിവ് ചെറുതല്ല. കണ്ണൂരിൽ പോലും പാർട്ടിയിൽ നിന്നും പലരും അകന്നു പോകുന്ന സാഹചര്യം വേണ്ട രീതിയിൽ കൈകാര്യം ചെയ്തില്ലെന്ന് സി.പി.എം ബ്യൂറോ തന്നെ സമ്മതിച്ചിരിക്കുന്നു.
10 വർഷത്തെ ഭരണം ഒന്നു മാറണമെന്ന് കരുതിയ സഖാക്കൾ തന്നെയാണ് ഇടതുപക്ഷത്തെ പ്രതിപക്ഷത്ത് ഇരുത്തിയത്. എന്നാൽ പ്രതിപക്ഷ നേതാവ് ആരാണെന്ന് നിശ്ചയിക്കാൻ പോലും പിണറായിയുടെ മുഖത്തേക്ക് നോക്കുമ്പോൾ പി.ബി. അംഗങ്ങൾക്ക് ഇപ്പോൾ ധൈര്യം വരുന്നില്ല. ഈ ധൈര്യക്കുറവാണ് പാർട്ടിയെ ഇന്നത്തെ നിലയിൽ എത്തിച്ചത് എന്ന് കരുതുന്നവരും കുറവല്ല. പ്രതിപക്ഷ നേതാവിനെ നിശ്ചയിക്കുന്നതിന് സംസ്ഥാന കമ്മറ്റി അജണ്ട പോലും വെച്ചില്ല.
സി.പി.ഐയും വല്യേട്ടന്റെ ചെയ്തികളിൽ നിരാശരാണ്. അവിടെയും അണികൾ പൊട്ടിത്തെറിയുടെ വക്കിലാണ്. ആശാസമരം ഉൾപ്പെടെയുള്ള പ്രതിഷേധ സമരങ്ങളെ കൈകാര്യം ചെയ്തതിൽ വീഴ്ച വന്നെന്ന് സി.പി.ഐ ഇപ്പോൾ കണ്ടുപിടിച്ചിരിക്കുന്നു. ഭരണത്തിലിരുന്നപ്പോൾ എന്തായിരുന്നു ഇവർക്ക് ജോലി എന്ന് അണികൾ പോലും ചോദിക്കുന്നു. ചുരുക്കത്തിൽ എല്ലാ പ്രമുഖ കക്ഷികളുടെയും അണികൾ നിരാശരാണ്. ഘടകകക്ഷികളെപ്പോലെ തന്നെ.
കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആരാണെങ്കിലും പാർട്ടിയിലും സർക്കാരിലും അഞ്ചുവർഷത്തേക്ക് അദ്ദേഹത്തിന് സമാധാനം നേരാൻ മാത്രമേ നിവർത്തിയുള്ളൂ. അത് ഈ മൂവർ സംഘം അല്ലാതെ വരുന്ന, എ.പി. അനിൽകുമാറിനെ പോലെയുള്ള ഒരു അപ്രതീക്ഷിത മുഖ്യമന്ത്രിയാണെങ്കിലും !
പ്രജിത്ത് രാജ്
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
