ഓണം അരികെ; ഭക്ഷ്യ സുരക്ഷ പ്രധാനം

AUGUST 19, 2026, 9:50 AM

കള്ളവും ചതിയുമില്ലാത്ത നല്ല കാലത്തിന്റെ സന്ദേശവുമായി കേരളത്തിൽ ഓണക്കാലം വന്നെത്തുന്നു. പൂക്കളങ്ങളും നാടൻ കളികളും ഓണാഘോഷങ്ങളുമായി നാടും നഗരവും ഉണരുന്ന സമയം. അത്തച്ചമയവും വള്ളംകളികളും വള്ളസദ്യകളും പുലിക്കളിയും കുമ്മാട്ടിയും ഓണത്താറും ഓണവിപണിയും എല്ലാം ചേരുന്ന സമാനതകളില്ലാത്ത സവിശേഷമായ സാംസ്‌കാരിക വൈവിധ്യത്തിന്റെ കലാ സൗന്ദര്യം തുടിക്കുന്ന വേള.

ഇതിനിടെ, ഓണസദ്യയും പൂക്കളവും പോലും വിഷമയമാകുന്നില്ലേയെന്ന ചോദ്യം പൊതുസമൂഹത്തെ വിഷമിപ്പിക്കുന്നു. മുൻ വർഷങ്ങളിലെന്നതുപോലെതന്നെ ഓണാഘോഷവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തേക്ക് വൻതോതിലാണ് പച്ചക്കറി പ്രവഹിച്ചുകൊണ്ടിരിക്കുന്നത്. ഉത്സവ സീസണുകളിൽ കേരളത്തിനാവശ്യമായ പച്ചക്കറികളുടെ 70-80 ശതമാനവും അയൽ സംസ്ഥാനങ്ങളിൽ നിന്നാണ് എത്തുന്നത്.

തമിഴ്‌നാട്, കർണാടക തുടങ്ങിയ അയൽ സംസ്ഥാനങ്ങളിൽ നിന്ന് സാധാരണ ദിനങ്ങളിൽ 300 മുതൽ 400 വരെ ലോഡ് പച്ചക്കറിയാണ് എത്താറുള്ളതെങ്കിൽ ഓണക്കാലത്ത് ഇത് ഇരട്ടിയിലേറെയായി ഉയരുന്നു. 700 മുതൽ 1,000 വരെ ലോഡുകൾ ഓണക്കാലത്ത് അതിർത്തി കടന്നെത്തുന്നുവെന്നാണ് കണക്ക്.

vachakam
vachakam
vachakam

അതേസമയം, ഒട്ടും സുരക്ഷിതമല്ല വിപണികളിലെത്തിക്കൊണ്ടിരിക്കുന്ന ഈ പച്ചക്കറികളിൽ ഗണ്യഭാഗവുമെന്ന കാര്യം ഏവരും തിരിച്ചറിയുന്നു. ഉത്സവ വേളകളിൽ ഡിമാൻഡ് വർധിക്കുന്നതിനാൽ പെട്ടെന്ന് വിളവെടുപ്പ് നടത്താനും കാഴ്ചയിൽ മികവ് തോന്നിപ്പിക്കാനും കർഷകർ മാരകമായ ഓർഗനേഫോസ്‌ഫേറ്റുകളും മറ്റ് രാസകീടനാശിനികളും ഉപയോഗിക്കുന്നു. കഴിഞ്ഞ വർഷം ഓണത്തിനു മുന്നോടിയായി സംസ്ഥാന കൃഷിവകുപ്പ് നടത്തിയ പരിശോധനകളിൽ പഴം,പച്ചക്കറികളിൽ കൂടിയ തോതിലുള്ള മാരക വിഷാംശങ്ങൾ കണ്ടെത്തിയിരുന്നു. കേന്ദ്ര കാർഷിക മന്ത്രാലയത്തിന്റെ കീഴിൽ നടന്ന പരിശോധനയിലും ഇക്കാര്യം വ്യക്തമായി.

കാഴ്ചയിൽ മൂത്ത് പാകമായതും പഴുത്തതുമെന്ന് തോന്നിപ്പിക്കുന്ന പല പഴങ്ങളും പച്ചക്കറികളും കൃത്രിമമായി പഴുപ്പിക്കുന്നതോ പാകമാക്കുന്നതോ ആണ്. ഉത്സവ സീസണെത്തുമ്പോൾ പഴങ്ങൾ സ്വാഭാവികമായി പഴുക്കുന്നതു വരെ കാത്തുനിൽക്കാൻ കർഷകന് ക്ഷമയുണ്ടാകില്ല. പാകമാകുന്നതിനു മുമ്പേ പറിച്ചെടുത്ത് രാസവസ്തുക്കളുടെ സഹായത്തോടെ കൃത്രിമമായി പഴുപ്പിച്ചാണ് അവർ പഴങ്ങൾ മാർക്കറ്റിലെത്തിക്കുന്നത്. അതീവഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ ക്ഷണിച്ചു വരുത്തുന്ന എഥിലിൻ, കാത്സ്യം കാർബൈഡ് തുടങ്ങിയ മാരക രാസവസ്തുക്കൾ ഇതിനായുപയോഗിക്കുന്നു.

കേരളത്തിലേക്ക് ഏറ്റവും കൂടുതൽ പഴം, പച്ചക്കറികൾ എത്തുന്ന തമിഴ്‌നാട്ടിലെ സാമ്പിളുകളിൽ വൻതോതിലാണ് വിഷാംശത്തിന്റെ അളവ്. ഓണച്ചന്തകളുടെ തിരക്കുപിടിച്ച അന്തരീക്ഷത്തിൽ ഇതൊന്നും കൃത്യമായി പരിശോധിക്കാതെയാണ് മലയാളികളുടെ അടുക്കളയിൽ എത്തുന്നത്. ക്യാൻസർ, വൃക്കരോഗങ്ങൾ, നാഡീവ്യൂഹ തകരാറുകൾ, കുട്ടികളിൽ വളർച്ചാ വൈകല്യങ്ങൾ തുടങ്ങി മാരക രോഗങ്ങളാണ് അനന്തരഫലം. വിഷരഹിതമായ പച്ചക്കറികളും പഴങ്ങളും ഉറപ്പാക്കേണ്ടത് സംസ്ഥാന സർക്കാരിന്റെ ബാധ്യതയാണെന്നതിൽ ആർക്കുമില്ല രണ്ടഭിപ്രായം. ഇക്കാര്യത്തിൽ സർക്കാരുകൾ എക്കാലവും കനത്ത പരാജയമായിരുന്നു. ഇക്കുറിയും അത്ഭുതങ്ങൾ പ്രതീക്ഷിക്കാവുന്ന സ്ഥിതിയല്ല ഉള്ളത്.

vachakam
vachakam
vachakam

വാളയാർ, തിരുവനന്തപുരം, അമരവിള, മീനാക്ഷിപുരം, മഞ്ചേശ്വരം, കുമളി, മുത്തങ്ങ തുടങ്ങിയ അതിർത്തി ചെക്ക്‌പോസ്റ്റുകളിൽ മതിയായ പരിശോധന നടത്തി സുരക്ഷിതമെന്ന് ഉറപ്പുള്ള പച്ചക്കറികളും പഴങ്ങളും മാത്രം കടത്തിവിടാനുള്ള സംവിധാനമാണ് ആവശ്യം. വിഷാംശം കണ്ടെത്തിയ പച്ചക്കറികൾ നശിപ്പിക്കുകയും വേണം. പച്ചക്കറി ലോറികൾ അതിർത്തിയിൽ എത്തുമ്പോൾ സാമ്പിളുകൾ എടുത്ത് റാപിഡ് ടെസ്റ്റിംഗ് കിറ്റുകൾ ഉപയോഗിച്ച് മിനിട്ടുകൾക്കകം ഫലം കണ്ടെത്താനാകും. ഈ സംവിധാനം പക്ഷേ നമ്മുടെ ചെക്ക്‌പോസ്റ്റുകളിൽ ഇല്ല. ഈ പരിശോധനയോടൊപ്പം സംസ്ഥാനത്തെ ഹോൾസെയിൽ വിപണിയിലും റീട്ടെയിൽ കടകളിലും തുടർ പരിശോധന ആവശ്യമാണ്.

ഭക്ഷ്യസുരക്ഷ ഏതെങ്കിലുമൊരു സംസ്ഥാനത്തിന്റെ മാത്രം വിഷയമല്ല. പച്ചക്കറികൾ ഉത്പാദിപ്പിച്ച് കയറ്റി അയക്കുന്ന ഇതര സംസ്ഥാനങ്ങൾക്കു കൂടി ഇക്കാര്യത്തിൽ ബാധ്യതയുണ്ട്. തമിഴ്‌നാട്, കർണാടക സർക്കാരുകളുമായി കേരളം ചർച്ച നടത്തി കേരളത്തിലേക്ക് അയക്കുന്ന പച്ചക്കറികളും പഴങ്ങളും സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്തുന്നതിന് നടപടി സ്വീകരിക്കേണ്ടത് അനിവാര്യം.

മൂന്ന് സംസ്ഥാനങ്ങളിലെയും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി സംയുക്ത പരിശോധനാ സമിതി രൂപവത്കരിച്ചാൽ ചെക്ക്‌പോസ്റ്റുകളിലെ പരിശോധനയും ഡാറ്റാ കൈമാറ്റവും ഏകോപിപ്പിക്കാനുമാകും. മയക്കുമരുന്നിനെതിരായ തൂഫാൻ ദൗത്യം പോലെ തന്നെ പ്രധാനമാകണമിതും. ഓണക്കാലത്ത് പൊടിപൊടിക്കുന്ന കാറ്ററിംഗ് ബിസിനസിനു മേലും ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ കർശന ശ്രദ്ധ അനിവാര്യം.  

vachakam
vachakam
vachakam

അയൽ സംസ്ഥാനങ്ങളിലെ വിഷപ്പച്ചക്കറികളിൽ നിന്ന് മലയാളി സമൂഹത്തെ രക്ഷിക്കാൻ സംസ്ഥാന കാർഷിക വകുപ്പ് നടപ്പാക്കിയതാണ് ജൈവ പച്ചക്കറി പദ്ധതി. അതിന്റെ പ്രവർത്തനം പക്ഷേ ഭാഗികമയേ മുന്നേറുന്നുള്ളൂ. മാത്രമല്ല, നിലവിലെ സാഹചര്യത്തിൽ കേരളത്തിന് ആവശ്യമായതിന്റെ 20-30 ശതമാനം മാത്രമാണ് ഇതുവഴി ഉത്പാദിപ്പിക്കുന്നത്. കുടുംബശ്രീയും തൊഴിലുറപ്പ് പദ്ധതിയും റസിഡന്റ് അസോസിയേഷനുകളും ഒത്തുചേർന്നാൽ ഈ പദ്ധതി വിപുലമാക്കാനും ഉത്പാദനം വർദ്ധിപ്പിക്കാനും സാധിക്കും.

കൃത്രിമ പാൽ

മഹാരാഷ്ട്രയിൽ പാലിൽ മായം കലർത്തുന്ന ഗൂഢ സംഘത്തെപ്പറ്റി ഞെട്ടിക്കുന്ന വിവരങ്ങളാണ് മഹാരാഷ്ട്ര എഫ്ഡിഎ കമ്മിഷണർ തുക്കാറാം മുന്ധെ ഫുഡ്ഫാർമർ യൂട്യൂബ് ചാനലിന് നൽകിയ പോഡ്കാസ്റ്റിൽ പങ്കുവച്ചത്. കേരളത്തിലെ ക്ഷീര ക്ഷാമത്തിനു പരിഹാരം തേടി മിൽമ ആശ്രയിക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ മഹാരാഷ്ട്രയുമുണ്ടെന്നതിനാൽ അവിടെ നിർമ്മിക്കപ്പെടുന്ന സിന്തെറ്റിക് മിൽക്കിന്റെ കഥ മലയാളികളുടെ അധിക ഉത്ക്കണ്ഠ പിടിച്ചുപറ്റുന്നു.

ഭക്ഷ്യസുരക്ഷാ പരിശോധനകളിലൂടെ ഇതിനകം വൈറലാണ് മുന്ധെ.
സ്‌കിംഡ് മിൽക്ക് പൗഡർ, കെമിക്കൽസ്, കോസ്റ്റിക് സോഡ, ഷാംപൂ തുടങ്ങിയ പലതും സിന്തെറ്റിക് മിൽക്ക് നിർമാണത്തിനു പയോഗിക്കുന്നുണ്ടെന്ന് മുന്ധെ പറയുന്നു. ഇവ പ്രത്യേക അനുപാതത്തിൽ കലർത്തുന്നു. പാൽശേഖരണ കേന്ദ്രങ്ങളിലും ശീതീകരണകേന്ദ്രങ്ങളിലും വിവിധ ഘട്ടങ്ങളായി മായം കലർത്തൽ നടക്കുന്നുണ്ടെന്ന് മുന്ധെ പറയുന്നു. ഈ പാലാണ് പിന്നീട് ഡെയറികളിലേക്ക് വിതരണം ചെയ്യുന്നതും പാലുൽപ്പന്നങ്ങൾ നിർമിക്കാനായി ഉപയോഗിക്കുന്നതും.

പശുവിൻ പാലിനോട് സാമ്യമുള്ള കൃത്രിമ പാൽ സൃഷ്ടിക്കുന്നതിനായി ലിറ്ററിന് ഏകദേശം 15 രൂപയും എരുമപ്പാലിന്റേതിന് സമാനമായ പാൽ നിർമിക്കാൻ 30 രൂപയും മാത്രമേ ചെലവാകൂ എന്ന് മുന്ധെ ചൂണ്ടിക്കാണിക്കുന്നു. ലിറ്ററിന് 40 രൂപ മുതൽ 50 രൂപ വരെയാണ് പശുവിൻ പാലിന് സാധാരണ ഈടാക്കാറുള്ളത്. യഥാർഥ പാലിലേക്ക് കൃത്രിമ പാൽ കൂട്ടിച്ചേർത്താലും വൻലാഭം ഉണ്ടാക്കാൻ സാധിക്കും.

സിന്തെറ്റിക് മിൽക്ക് നിർമാണ റാക്കറ്റുകളുടെ ഉറവിടങ്ങൾ കണ്ടെത്താൻ സാധിച്ചെങ്കിൽ മാത്രമേ മായം കലർത്തൽ തടയാൻ സാധിക്കൂവെന്ന് മുന്ധെ പറയുന്നു. പാൽ ശേഖരണ കേന്ദ്രങ്ങൾക്ക് ഏത് കർഷകനാണ് പാൽ നൽകിയതെന്നും, കർഷകന് എത്ര പശുക്കൾ അല്ലെങ്കിൽ എരുമകൾ ഉണ്ട്, എത്ര പാൽ ശേഖരിച്ചു എന്ന് അറിയണം. മഹാരാഷ്ട്ര കർശനമായി രേഖകൾ പരിശോധിച്ചുവരികയാണത്രേ. സംശയാസ്പദമായ പാൽ വിതരണം ഡിജിറ്റൽ ട്രാക്കിംഗ് വഴി വേഗത്തിൽ കണ്ടെത്താൻ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

പൂവിലും വിഷം

പൂക്കളമൊരുക്കാനും അയൽസംസ്ഥാനങ്ങൾ തന്നെ കേരളത്തിനു തുണ. യാതൊരു നിഷ്‌കർഷയുമില്ലാതെയുള്ള കീടനാശിനി പ്രയോഗത്തിന്റെ ഫലമായാണ് ഈ പൂക്കൾ വർണ്ണ ശബളിമ നിലനിർത്തി ദിവസങ്ങളോളം വാടാത്ത പരുവത്തിൽ എത്തുന്നതെന്ന കാര്യം അധികമാരും ഓർമ്മിക്കുന്നില്ല. പൂക്കളങ്ങളും സുന്ദരിമാർ മുടിയിലണിയുന്ന പൂമാലകളും വിഷമയമാകാറുണ്ടെന്നതാണു യാഥാർത്ഥ്യം. യുഎസിലെ കാലിഫോർണിയ സർവകലാശാലയ്ക്കു കീഴിൽ സാൻ ഡീഗോയിൽ നടത്തിയ ഗവേഷണത്തിലെ കണ്ടെത്തൽ ഓണക്കാലത്തെങ്കിലും കേരളം ഓർമ്മിക്കേണ്ടിയിരിക്കുന്നു.

കുട്ടികളിലെ ഉയർന്ന രക്തസമ്മർദ്ദവും കീടനാശിനികളുടെ ഉപയോഗവും തമ്മിലുള്ള ബന്ധത്തെപ്പറ്റിയായിരുന്നു ഗവേഷകരുടെ അന്വേഷണം. മദേഴ്‌സ് ഡേ പുഷ്പ വിളവെടുപ്പിനോട് അനുബന്ധിച്ചുള്ള ഉയർന്ന കീടനാശിനി തളിക്കൽ കാലഘട്ടത്തിലാണ് ഈ പ്രശ്‌നം ഏറ്റവും രൂക്ഷമെന്നു തെളിഞ്ഞു. കയറ്റുമതി ചെയ്യുന്നതിന് മുമ്പ് പൂക്കളിൽ കീടങ്ങളെ അമർച്ച ചെയ്യാനും പ്രതിരോധിക്കാനും ഓർഗനേഫോസ്‌ഫേറ്റുകളും മറ്റ് നിരവധി തരം കീടനാശിനികളും കുമിൾനാശിനികളും വൻതോതിൽ ഉപയോഗിക്കുന്നു.

അമേരിക്കയിൽ ഏറ്റവും കൂടുതൽ പൂക്കൾ വിൽക്കുന്നത് ഈ അവധിക്കാലത്താണ്. ഇക്വഡോറിലെ പുഷ്പവിളകൾക്ക് സമീപം താമസിക്കുന്ന ആൺകുട്ടികളെയും പെൺകുട്ടികളെയും ഉൾപ്പെടുത്തി നടത്തിയ പഠനത്തിന്റെ റിപ്പോർട്ട് എൻവയോൺമെന്റൽ റിസർച്ച് ജേണലിൽ പ്രസിദ്ധീകരിച്ചിരുന്നു.

ഗവേഷകരുടെ അഭിപ്രായത്തിൽ  കീടനാശിനികൾ, കുമിൾനാശിനികൾ, മറ്റ് കീട നിയന്ത്രണങ്ങൾ എന്നിവയുടെ ഉപയോഗത്തെ ആശ്രയിച്ചിരിക്കുന്നു വാണിജ്യാടിസ്ഥാനത്തിലുള്ള പുഷ്പ കൃഷി. പക്ഷേ അവ മൂലം മനുഷ്യനിലുണ്ടാകുന്ന ആരോഗ്യപരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് വളരെക്കുറച്ചേ ജനങ്ങൾക്കറിയൂ - ഗവേഷണത്തിനു നേതൃത്വം നൽകിയ അസിസ്റ്റന്റ് പ്രൊഫസർ ജോസ് ആർ സുവാരസ് പറഞ്ഞു.

ഇക്വഡോറിലെ പുഷ്പകൃഷി സമൂഹങ്ങളിൽ താമസിക്കുന്ന നാല് മുതൽ ഒമ്പത് വയസ്സ് വരെ പ്രായമുള്ള 313 ആൺകുട്ടികളെയും പെൺകുട്ടികളെയും മദേഴ്‌സ് ഡേ പുഷ്പ വിളവെടുപ്പിനോടനുബന്ധിച്ച് 100 ദിവസം വരെ സംഘം പരിശോധിച്ചു.

' വിളവെടുപ്പിന് തൊട്ടുമുമ്പ് പരിശോധിച്ച കുട്ടികളിൽ പിന്നീട് പരിശോധിച്ച കുട്ടികളെ അപേക്ഷിച്ച് മൂന്നിരട്ടി കൂടുതൽ കീടനാശിനികളുടെ സാന്നിധ്യവും സിസ്റ്റോളിക്, ഡയസ്റ്റോളിക് രക്തസമ്മർദ്ദവും കൂടുതലാണെന്ന് തെളിഞ്ഞു.' ഓർഗനേഫോസ്‌ഫേറ്റുകൾ പോലുള്ള കീടനാശിനികൾക്ക് രക്തസമ്മർദ്ദം വർദ്ധിപ്പിക്കാൻ കഴിയുമെന്നതിന് ശക്തമായ തെളിവുകളുണ്ടെന്നും സുവാരസ് പറയുന്നു. ഇത്തരം മുന്നറിയിപ്പുകൾ കേരളം ഗൗനിക്കുന്നതേയില്ല.

ബാബു കദളിക്കാട്‌

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam