കേരള പീപ്പിൾസ് പാർട്ടി ഉണ്ടാക്കി രാഷ്ട്രീയ പ്രവേശം നടത്താൻ സെല്ലുലോയ്ഡിൽ നിന്ന് ഇറങ്ങി വന്ന സുന്ദരനാണ് ദേവൻ എന്ന ചലച്ചിത്ര നടൻ. ദേവൻ ബി.ജെ.പി വിടുന്നു എന്ന് പ്രഖ്യാപിച്ചത് ഒരു പൊതുയോഗത്തിലെ പ്രസംഗത്തിലൂടെയാണ്. അത് ആരിലും വലിയ ഞെട്ടലൊന്നും ഉണ്ടാക്കിയില്ല. കാരണം സെലിബ്രിറ്റികൾ എന്നും ബി.ജെ.പിയുടെ ഒരു ദൗർബല്യമാണ്.
അത്തരക്കാരെ പാർട്ടിയിലേക്ക് ആകർഷിക്കുകയും സമയാസമയം അവരുടെ പ്രശസ്തി വോട്ടാക്കി മാറ്റാൻ കഴിയുമോ എന്ന് ചിന്തിക്കുകയും ചെയ്യുന്ന ഒരു ഘടകമാണ് ബി.ജെ.പിക്ക് കേരളത്തിലുള്ളത്.
ഒരു സംവരണ ഒഴിവ് എന്ന നിലയിൽ പാർട്ടിയിൽ ഇങ്ങനെ വരുന്നവർക്ക് ഒരു ഉപാധ്യക്ഷ പദവി നൽകുക പതിവാണ്. അതുകണ്ടു മോഹിച്ച് വന്നാലും കാവി രാഷ്ട്രീയത്തിന്റെ ചുവരെഴുത്തുകളിൽ തങ്ങളുടെ പേര് അൽപനാൾക്കകം മങ്ങിപോവുകയോ മാഞ്ഞു പോവുകയോ ചെയ്യാമെന്ന് അവർ കരുതുകയില്ല.
പരസ്യപ്രഖ്യാപനം നടത്തണമെങ്കിൽ ദേവൻ അവിടെ എത്രമാത്രം അസ്വസ്ഥനായിരുന്നു എന്ന് നാം തിരിച്ചറിയണം. ആ തിരിച്ചറിവ് ബി.ജെ.പി നേതൃത്വത്തിന് ഉണ്ടോയെന്ന് പരിശോധിക്കാൻ കേന്ദ്ര നേതൃത്വത്തിന് സമയവുമില്ല.
എന്നാൽ കോൺഗ്രസിന്റെ ദേശീയ നേതൃത്വത്തിൽ സോണിയ ഗാന്ധി കഴിഞ്ഞാൽ രണ്ടാമനായിരുന്ന സാക്ഷാൽ എ.കെ. ആന്റണിയുടെ പുത്രൻ അനിൽ ആന്റണിയെ എടുത്തുയർത്തി കൊണ്ടാണ് ബി.ജെ.പി വീണ്ടും കേരള രാഷ്ട്രീയത്തിൽ അവരുടെ പതിവ് പ്രീണനം കാഴ്ചവെക്കുന്നത്.
പുനഃസംഘടന പൂർത്തിയാവുമ്പോൾ അനിൽ ആന്റണി ദേശീയ നിർവാഹക സമിതിയിൽ എത്തുന്നത് തൽക്കാലം വലിയ വാർത്തയാണ്. രാഷ്ട്രീയ എതിരാളിയുടെ മകനെ വാരിപ്പു നൽകുക എന്ന ആ ദൗത്യം ഇത്തവണയും കൃത്യമായി നിർവഹിക്കുകയാണ് ദേശീയ കക്ഷി.
മങ്ങുന്ന ദൃശ്യങ്ങൾ
സ്‌നേഹയാത്ര, ക്രിസ്ത്യൻ ഭവന സന്ദർശനങ്ങൾ, വിവിധ ഔദ്യോഗിക പദവികൾ നൽകൽ എന്നിവയിലൂടെ ന്യൂനപക്ഷ സമൂഹങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ സംഘടനാപരമായി അവർ ശ്രമിക്കുന്നുണ്ടെങ്കിലും അതിന്റെ പര്യവസാനം പലപ്പോഴും ദൃശ്യം കാണാതെ പോവുകയാണ്. ക്രൈസ്തവ മതമേലധ്യക്ഷന്മാരെയും ക്രിസ്ത്യൻ വീടുകളും സന്ദർശിച്ച് ആശംസകൾ കൈമാറുന്നത് അവരുടെ ഇത്തരം ആഗ്രഹങ്ങളുടെ ഒരു പുറം കാഴ്ചയാണ്.
കേരളത്തിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഒരു ചെറിയ ഘടകമായ ബി.ജെ.പി, 2016 ൽ നേമത്ത് വിജയിച്ചുകൊണ്ട് അവരുടെ ആദ്യ നിയമസഭാ മണ്ഡലം നേടി, 2024 ൽ കേരളത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ബി.ജെ.പി എംപിയായി സുരേഷ് ഗോപിയും നിറഞ്ഞുനിൽക്കുന്നു.
വളർച്ചയുടെ വേഗതയിൽ ഒരുപക്ഷേ ബി.ജെ.പി നേതൃത്വം കണക്ക് കൂട്ടിയ ഒന്ന് കേരളത്തിൽ സംഭവിച്ചില്ല. അതിനുള്ള പ്രധാന കാരണം അവർ മനസ്സിൽ കണ്ട് കേരളമല്ല യഥാർത്ഥ കേരളം എന്നതാണ്.
ഒരു ന്യൂനപക്ഷക്കാരന്റെ പേരോ പദവിയോ കേട്ടാൽ ഉടനെ മാറി ചിന്തിക്കും എന്ന് കരുതുന്ന മൗഢ്യം ഇപ്പോഴും അവർ വച്ച് പുലർത്തുന്നു എന്നത് കണേണ്ടത് തന്നെ. ദേശീയ പ്രവർത്തക സമിതിയിലേക്ക് കേരളത്തിൽ നിന്ന് മൂന്ന് പ്രധാന നേതാക്കളുടെ പേരുകളാണ് മുൻഗണനാ പട്ടികയിലുള്ളത്. ദേശീയ നേതൃത്വത്തിലേക്ക് പുതുമുഖമായി പ്രതീക്ഷിക്കപ്പെടുന്ന അനൂപ് ആന്റണിക്ക് യുവമോർച്ച പ്രഭാരി സ്ഥാനം ഒഴിഞ്ഞ ശേഷം മറ്റ് കാര്യമായ ചുമതലകൾ നൽകിയിരുന്നില്ല. പുതിയ പട്ടികയിലാണ് പ്രതീക്ഷ.
നിലവിലെ ദേശീയ സെക്രട്ടറിയായ അനിൽ ആന്റണിക്ക് പുതിയ ദേശീയ നേതൃനിരയിലും സ്ഥാനം തുടർന്നുകിട്ടാനുള്ള സാധ്യതയേറെയാണ്. അവസാനഘട്ട സാധ്യതാ പട്ടികയിലുള്ള മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന് പ്രായപരിധിയിൽ കടുംപിടുത്തമില്ലെങ്കിൽ ദേശീയ രാഷ്ട്രീയത്തിൽ സജീവമായ ചുമതല ലഭിച്ചേക്കും.
ഭരണം നഷ്ടപ്പെട്ട കർണാടകയിൽ അധികാരം തിരിച്ചുപിടിക്കാൻ അവിടെ ഒരു മുതിർന്ന നേതാവിന് തന്നെ ചുമതല നൽകാനാണ് ബി.ജെ.പി പദ്ധതിയിടുന്നത്. അടുത്ത വർഷം ആദ്യം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തർപ്രദേശിൽ വിദ്യാർത്ഥി സമരങ്ങളും രാമക്ഷേത്ര കൊള്ളയും പാർട്ടിയുടെ പ്രതിച്ഛായയ്ക്ക് വലിയ കോട്ടമുണ്ടാക്കിയിട്ടുണ്ട്. നഷ്ടപ്പെട്ട പ്രതിച്ഛായ തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ടുള്ളതാകും പുതിയ ദേശീയ ഭാരവാഹി പട്ടിക.
അൽഫോൻസ് കണ്ണന്താനം മുതൽ ദേവൻ വരെയുള്ള ആളുകളെ മുൻ നിർത്തി പൊതു മനസ് തങ്ങൾക്കൊപ്പം കൊണ്ടുവരാമെന്ന് കരുതുന്നത് തെറ്റല്ല.
എന്നാൽ അതിനുള്ള കളം ഇവിടെ ഒരുങ്ങിയിട്ടുണ്ടോ എന്നുകൂടി പരിശോധിക്കാൻ സംസ്ഥാന ബി.ജെ.പി ആർക്കാണ് നേരം? കാലാകാലങ്ങളിൽ പ്രശസ്തരുടെ കൈപിടിച്ച് നിന്നാൽ രാഷ്ട്രീയ മനസ്സ് മാറും എന്ന് കരുതുന്നതാണ് പ്രശ്‌നം. എക്കാലത്തും അത്തരം പരീക്ഷണങ്ങൾ ബി.ജെ.പി നടത്തുകയും പിന്നീട് ആ ഭാഗത്തേക്ക് തിരിഞ്ഞ് നോക്കാതിരിക്കുകയും ചെയ്ത ചരിത്രമാണ് ഉള്ളത്. ആ പ്രഭയിൽ താൽക്കാലികമായി ചെന്ന് പതിച്ച പ്രശസ്തർ ഇപ്പോൾ ഏറെക്കുറെ വിസ്മൃതരാണ്.
കൊച്ചിയിൽ മേയറായിരുന്ന പ്രൊഫ.മാത്യു പൈലിയെ ബി.ജെ.പി ആകർഷിച്ചതും ഒരു ന്യൂനപക്ഷ പ്രീണനത്തിന്റെ ഭാഗമായിരുന്നു. പാർട്ടിയിൽ ദേശീയ എക്‌സിക്യൂട്ടീവ് അംഗത്വം വരെ നൽകിയെങ്കിലും ഒരു രാഷ്ട്രീയ അസ്ഥിത്വം അവിടെ കണ്ടെത്താൻ അദ്ദേഹത്തിന് ഇടം കിട്ടിയില്ല.
എറണാകുളം സെന്റ് ആൽബർട്ട്‌സ് കേളേജിലെ പ്രൊഫസററായിരുന്ന മാത്യു പൈലി 90 കളുടെ അവസാനമാണ് ബി.ജെ.പി ക്യാമ്പിൽ എത്തുന്നത്.
എന്നാൽ പാർട്ടി അദ്ദേഹത്തിന് അന്നത്തെ നിലയിൽ ന്യായമായ സ്ഥാനം നൽകുകയും മട്ടാഞ്ചേരി സീറ്റിൽ മത്സരിക്കാൻ അവസരം ഒരുക്കുകയും ചെയ്തു. 4,000 ത്തോളം വോട്ടുകൾ അദ്ദേഹം നേടി. അവിടെ കഴിഞ്ഞു! ക്ഷണിച്ച് കൊണ്ടുവന്ന ക്രൈസ്തവ നാമമുള്ള ഒരു നഗരസഭാ അധ്യക്ഷൻ, അദ്ദേഹത്തിന്റെ രാഷ്ട്രീയ മോഹങ്ങൾ എന്തായാലും, ഒരു അസംബ്ലി തിരഞ്ഞെടുപ്പു പരാജയത്തോടെ ബി.ജെ.പിയുടെ ലേബലിൽ മറ്റൊരു അവസരം കിട്ടാതെ പൊതുജീവിതത്തിന്റെ അണിയറയിലേക്ക് ഒതുക്കപ്പെട്ടു.
ഏതെങ്കിലും ദേശീയ സംസ്ഥാന നേതാക്കൾ ബി.ജെ.പിയുടെ പേരിൽ അദ്ദേഹത്തെ കൈപിടിച്ച് ഉയർത്താൻ വന്നതായി കേട്ടറിവില്ല. അന്ന് പാർട്ടിക്ക് ആവശ്യം മാത്യു പൈലി എന്ന ആ പേര് മാത്രമായിരുന്നു. ബി.ജെ.പി എക്കാലത്തും ലക്ഷ്യമിട്ടത് ഇങ്ങനെ കൊണ്ടുവരുന്ന ആളുകളെ ഉന്നത പദവിയിൽ എത്തിക്കുക എന്നതല്ല പകരം എതിരാളികൾക്ക് ഒരു ഷോക്ക് ട്രീറ്റ്‌മെന്റ് നൽകുക എന്നത് മാത്രമാണ്. അതറിയാതെ ഈയാം പാറ്റകളെ പോലെ വന്നു വീഴുന്ന പ്രശസ്തർ വളരെ പെട്ടെന്ന് മറവിയിലേക്ക് മറയുന്ന കാഴ്ച രണ്ടു പതിറ്റാണ്ടായി കേരളം കണ്ടുവരുന്നതാണ്.
ദീർഘകാലം കോൺഗ്രസിന്റെയും എ.ഐ.സി.സിയുടെയും പ്രമുഖ മുഖങ്ങളിൽ ഒരാളായിരുന്നു ദൃശ്യമാധ്യമങ്ങളുടെ പ്രിയ തോഴനായിരുന്ന ടോം വടക്കൻ. കോൺഗ്രസിലെ കുടുംബരാഷ്ട്രീയ ആരോപണങ്ങൾ ഉന്നയിച്ച് അദ്ദേഹം കോൺഗ്രസ് വിട്ടു. 2019 മാർച്ചിൽ ഔദ്യോഗികമായി ബി.ജെ.പിയിൽ അംഗമായി.
ബി.ജെ.പിയുടെ ദേശീയ വക്താവായും ദേശീയ നിർവാഹകസമിതി അംഗമായും സേവനം അനുഷ്ഠിച്ചു. എന്നാൽ പ്രതീക്ഷിച്ച പദവികളിൽ ഒന്നും എത്താതെ തെക്ക് വടക്ക് കറങ്ങിയ ടോമിനെ ഇന്ന് ആരും ഓർക്കുന്നില്ല. മറ്റൊരു ക്രൈസ്തവ നാമം ആയിരുന്നു അൽഫോൻസ് കണ്ണന്താനം.
ബി.ജെ.പിക്ക് ഒരു സീറ്റ് പോലും ലോക്‌സഭ തെരഞ്ഞെടുപ്പിലും നൽകിയില്ലെങ്കിലും കേരളത്തിൽ നിന്നുള്ള അൽഫോൺസ് കണ്ണന്താനത്തെ രാജ്യസഭ എംപിയാക്കി കേന്ദ്ര മന്ത്രി സ്ഥാനം ബി.ജെ.പി നൽകി. കേരളത്തിലെ ന്യൂനപക്ഷങ്ങൾക്ക് ഇടയിലേക്ക് ആഴ്ന്നിറങ്ങാനും തെരഞ്ഞെടുപ്പിൽ അക്കൗണ്ട് തുറക്കാനും. ലക്ഷ്യമിട്ടായിരുന്നു ബി.ജെ.പി ഇറങ്ങിയത്.
അൽഫോൺസ് കണ്ണന്താനത്തെ എറണാകുളത്ത് ഇറക്കി വിജയമെന്നതിലുപരി മികച്ച പ്രകടനമാണ് ബി.ജെ.പി ലക്ഷ്യം വച്ചത്. എന്നാൽ, ഫലം വന്നപ്പോൾ അൽഫോൺസ് കണ്ണന്താനത്തിന് പ്രത്യേകിച്ച് ഒരു നേട്ടവും എറണാകുളത്ത് ഉണ്ടാക്കാനായില്ല. യു.ഡി.എഫ് തരംഗം ആഞ്ഞടിച്ച് കേരളത്തിൽ എൽ.ഡി.എഫിന്റെ കരുത്തനായ സ്ഥാനാർത്ഥി പി.രാജീവിനെ പോലും അപ്രസക്തനാക്കിയാണ് ഹൈബി ഈഡൻ അന്ന് വിജയം നേടിയത്.
ഒരു ലക്ഷത്തിന് മേൽ വോട്ട് നേടാൻ അൽഫോൺസ് കണ്ണന്താനത്തിന് സാധിച്ചെങ്കിലും അതൊന്നും ദേശീയ ബി.ജെ.പി നേതൃത്വത്തെ സന്തോഷിപ്പിച്ചില്ല. കേരളത്തിലെ ബി.ജെ.പി നേതാക്കൾക്ക് കണ്ണന്താനത്തോടുള്ള താത്പര്യക്കുറവ് കൂടിയാകുമ്പോൾ തിരിച്ചടി പൂർണമായി. ഒരു കേന്ദ്ര മന്ത്രി എന്ന ലേബലോടെ മത്സരിച്ചിട്ട് പോലും രണ്ടാം സ്ഥാനത്തിന്റെ അടുത്ത് പോലും കണ്ണന്താനത്തിന് എത്താൻ സാധിച്ചില്ലെന്നുള്ളതാണ് ബി.ജെ.പിയെ ഞെട്ടിച്ച ഘടകം.
രാഷ്ട്രീയത്തിൽ കാലുറപ്പിക്കാൻ ഒരു ദേശീയ പാർട്ടിക്ക് കേരളം പോലുള്ള സവിശേഷമായ ഒരു ഭൂപ്രദേശത്ത് കഴിയണമെങ്കിൽ കേവലം ന്യൂനപക്ഷക്കാരന്റെ പേരും പ്രശസ്തിയും മാത്രം പോരെ ബി.ജെ.പി തിരിച്ചറിയുക തന്നെ ചെയ്യും. തങ്ങൾക്കുമേൽ മുദ്രയടിക്കപ്പെട്ട ഭൂരിപക്ഷ വർഗീയതയുടെ ചാപ്പ ഇവിടുത്തെ ജനമനസ്സിൽ നിലനിൽക്കുന്ന കാലത്തോളം ആക്ഷൻ ഹീറോ സുരേഷ് ഗോപി വിചാരിച്ചാലും സമദൂരം ചിന്തിക്കുന്ന പുതിയ വോട്ടർമാരുടെ മനസ്സിലേക്ക് കടന്നു കയറാൻ അല്പം ബുദ്ധിമുട്ടാണെന്ന് അവർ തിരിച്ചറിയും.
അതിനാൽ മാത്യു എന്നോ ടോം എന്നോ അൽഫോൺസ് എന്നോ പേരുണ്ടായാൽ മാത്രം അവർക്ക് പിന്നാലെ ന്യൂനപക്ഷ വോട്ടർമാർ വാലെ വാലെ വന്നുകൊള്ളും എന്ന് കരുതുന്നത് മൗഢ്യമാണ്.
ഇനിയെങ്കിലും തെറ്റുകൾ തിരുത്തപ്പെടട്ടെ!
പ്രിജിത് രാജ്
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
