ഇന്ത്യൻ രാഷ്ടീയത്തിലേക്ക് സോണിയാഗാന്ധി എത്തപ്പെടുന്നത് 1997 ആഗസ്റ്റിൽ കൽക്കത്തയിൽ വച്ചുനടത്തിയ എ.ഐ.സി.സി പ്ലീനറി സമ്മേളനം വഴിയായിരുന്നു. സോണിയായുടെ രാഷ്ടീയ പ്രവേശം ബോഫോഴ്‌സ് അന്വേഷണത്തിൽ നിന്നും രക്ഷപെടാനുള്ള ഒരു തന്ത്രമാണെന്നാണ് പ്രതിപക്ഷം പ്രചരിപ്പിച്ചത്. അതെന്തായാലും സോണിയായുടെ വരവോടെ താരപരിവേഷമുള്ള ഒരു നേതാവിനെ കോൺഗ്രസിന് ലഭിച്ചിരിക്കുന്നു.
ഇപ്പോൾ ഏതാണ്ട് കാൽ നൂറ്റാണ്ട് ആയിരിക്കുന്നു ആന്റണി-കരുണാകര ഗ്രൂപ്പ് പോരാട്ടം തുടങ്ങിയിട്ട്. എന്നാൽ ഈ ഗ്രൂപ്പ് വഴക്ക് അക്ഷരാർത്ഥത്തിൽ കയ്യാങ്കളിയിലെത്തി നിൽക്കുകയാണ്. പാർട്ടി ഓഫീസുകളിൽ നിന്ന് പോർവിളികളുമായി അവർ തെരുവുകളിലേക്ക് ഇറങ്ങിയിരിക്കുന്നു. ഇരു ഗ്രൂപ്പുകളിലെയും അണികൾ ശക്തി സമാഹരിച്ച് ബലപരീക്ഷണം നടത്തുകയാണ് ഇപ്പോൾ.
കോൺഗ്രസിലെ ആന്റണി ഗ്രൂപ്പ് എന്ന് പറയുമ്പോഴും സത്യത്തിൽ ഉമ്മൻചാണ്ടിയാണ് ഈ ഗ്രൂപ്പിനെ നയിക്കുന്നത്. അടുത്തിടെ ഇടതുമുന്നണി ഭരണത്തിനെതിരെ കെ.പി.സി.സി സംഘടിപ്പിച്ച സമര പ്രചരണ യോഗങ്ങൾ ഏറ്റുമുട്ടലിൽ കലാശിച്ചു.
ഘടകകക്ഷികളുടെ പിൻബലത്തോടെ കരുണാകരനെ മുഖ്യമന്ത്രിക്കസേരയിൽ നിന്ന് താഴെയിറക്കി അധികാരത്തിലേറിയ ആന്റണിക്ക് ഒരു വർഷത്തെ ഭരണം കൊണ്ട് പാർട്ടിയുടെ പ്രതിച്ഛായ മെച്ചപ്പെടുത്താനോ തെരഞ്ഞെടുപ്പിൽ മുന്നണിയെ രക്ഷിക്കാനോ കഴിഞ്ഞില്ല. അതിനുശേഷം പരസ്യമായ വിവാദങ്ങളിൽ ഒന്നും വീഴാതെ ആന്റണി കഴിയുകയായിരുന്നു. എന്നാൽ കരുണാകരൻ ആകട്ടെ ആന്റണിയെ പലതവണ വിമർശിക്കുകയും ചെയ്തിരുന്നു. അതിനിടെയാണ് ഹിന്ദുസ്ഥാൻ ടൈംസ് എന്ന പത്രത്തിൽ കരുണാകരന്റെ ഒരു അഭിമുഖം പ്രത്യക്ഷപ്പട്ടത്.
അത് ആന്റണിയെയും ഉമ്മൻചാണ്ടിയും ഒക്കെ വല്ലാതെ ചൊടിപ്പിച്ചു. ഉടൻ തന്നെ ആന്റണി കൊച്ചിയിൽ ഒരു പത്രസമ്മേളനം വിളിച്ചു. അതുവരെ അടക്കി വച്ചിരുന്ന ക്രോധത്തിന്റെയും അമർഷത്തിന്റെയും കെട്ടഴിച്ചുകൊണ്ട് അദ്ദേഹം കരുണാകരനെതിരെ അതിശക്തമായ ആക്രമണം നടത്തി. വാസ്തവത്തിൽ ആന്റണിയുടെ ആക്രമണവാർത്ത പുറത്തുവന്നപ്പോൾ കരുണാകരൻ മാത്രമല്ല ഉമ്മൻചാണ്ടി പോലും ഞെട്ടിപ്പോയി. ആന്റണി ഇത്രയും ശക്തമായി പ്രതികരിച്ചത് എന്തിനെന്ന് ഇപ്പോഴും തനിക്ക് മനസ്സിലായിട്ടില്ല എന്നാണ് കരുണാകരൻ ഇതേക്കുറിച്ച് പറഞ്ഞത്.
താൻ കേരളത്തിലെ പാർട്ടി നേതൃത്വത്തെയാണ് വിമർശിച്ചത്. അതിൽ ആന്റണിയും ഉമ്മൻചാണ്ടിയും വയലാർ രവിയുമൊക്കെയുണ്ട്. എനിക്ക് അതിൽ ഒരു ചെറിയ പങ്കുണ്ടായിരുന്നു. കരുണാകരൻ അഭിപ്രായപ്പെട്ടത് അങ്ങനെയാണ്. ആന്റണിയുടെ കോൺഗ്രസ് പാരമ്പര്യത്തെ കരുണാകരൻ അഭിമുഖത്തിൽ ചോദ്യംചെയ്ത നടപടിയാണ് ഈ പ്രകോപനങ്ങൾക്ക് കാരണം. ഇത്രയും കാലം കോൺഗ്രസിൽ ഉറച്ചുനിന്നതിന്റെ മഹത്വത്തെ വാഴ്ത്താറുള്ള കരുണാകരൻ ഇടയ്ക്കിടെ ആന്റണിയുടെയും ഉമ്മൻചാണ്ടിയുടെയും ഒക്കെ കോൺഗ്രസ് പാരമ്പര്യത്തെ ചോദ്യം ചെയ്യുക പതിവാണ്.
കോൺഗ്രസിൽ നിന്ന് പിണങ്ങി പാർട്ടിയും മുന്നണിയും വിട്ട് ഇടതുമുന്നണിയിലും 1980ലെ നായനാർ മന്ത്രിസഭയിലും ചേർന്ന് ആന്റണി ഗ്രൂപ്പിന്റെ രാഷ്ട്രീയ ചരിത്രം കരുണാകരൻ എന്നും ആന്റണിയെയും ഉമ്മൻചാണ്ടിയെയും ഒക്കെ തല്ലാനുള്ള ഒരു വടിയായി കരുതിയിരുന്നു. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ദിവസം മുതൽ വോട്ടെടുപ്പ് ദിനം വരെ കരുണാകരൻ തനിക്കെതിരെ നടത്തിയ പാര പണികഴിയിലും അട്ടിമറിയും ആണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഐക്യമുന്നണി പരാജയപ്പെടാൻ കാരണമായതെന്ന് ആന്റണി അഭിമുഖത്തിൽ തുറന്നടിച്ചു. ക്ഷമക്കും ഒരു അതിരുണ്ട്.
എന്തും പറയാം എന്ന് കരുണാകരൻ ധരിച്ചു കളയരുത്. ആന്റണി മുന്നറിയിപ്പ് നൽകുകയായിരുന്നു. തികച്ചും വ്യത്യസ്ത പ്രകൃതക്കാരാണ് ആന്റണിയും കരുണാകരനും. അവരുടെ രാഷ്ട്രീയ ചരിത്രം ഇക്കാര്യം വ്യക്തമാക്കുകയും ചെയ്യുന്നു. രാഷ്ട്രീയ സാഹചര്യങ്ങൾ വളരെ കൃത്യമായി പഠിച്ച ശേഷം സൂക്ഷ്മതയോടെ കരുക്കൾ നിൽക്കുന്ന നേതാവാണ് ആന്റണി. അതിന് ആന്റണിയെ ആദ്യം മുതൽ സഹായിച്ചിരുന്നത് ഉമ്മൻചാണ്ടി ആയിരുന്നു. ചിലപ്പോൾ ദീർഘകാലം ആന്റണി മൗനത്തിൽ ആയിരിക്കും. അപ്പോൾ പറയേണ്ടതെല്ലാം ഉമ്മൻചാണ്ടിയും കൂട്ടരും പറഞ്ഞുകൊണ്ടേയിരിക്കും. അങ്ങനെ സ്വന്തം ഗ്രൂപ്പിലുള്ളവർ സജീവ ആക്രമണത്തിൽ മുഴുകിയിരിക്കുമ്പോഴും ആന്റണി ഇതൊന്നും അറിയാത്ത മട്ടിൽ ഇരുന്നെന്നിരിക്കും. എന്നാൽ മറ്റു ചില സന്ദർഭങ്ങളിൽ തുറന്നടിച്ച് പറഞ്ഞെന്നും ഇരിക്കും.
ആന്റണിയുടെ ആക്രമണത്തിനും മൗനത്തിനുമൊക്കെ പ്രസക്തിയുണ്ട്. കരുണാകരൻ ആകട്ടെ എന്തും എപ്പോഴും തുറന്നടിക്കുന്ന പ്രകൃതക്കാരനാണ്. ആരെയെങ്കിലും ആക്രമിച്ചുകൊണ്ടിരിക്കുക എന്നത് കരുണാകരന്റെ പൊതുസ്വഭാവമാണ്. ലീഡർ തുറന്ന് ആക്രമണത്തിന് തുനിയുമ്പോൾ ആന്റണി മൗനം കൊണ്ട് മറുപടി നൽകും. എന്നാൽ ഈ രണ്ടു നേതാക്കളുടെയും ലക്ഷ്യം ഒന്നുതന്നെയാണ്. എതിരാളിയെ എങ്ങനെയെങ്കിലും ഒതുക്കി പാർട്ടിയിലെ സ്ഥാനം ശക്തിപ്പെടുത്തുക. എന്നാൽ തനിക്കെതിരെ കരുണാകരൻ അടുത്തിടെ നടത്തിയ ആക്രമണം ആന്റണിക്ക് പൊറുക്കാൻ ആയില്ല. താൻ ആന്റണിയിൽ നിന്ന് ഭിന്നനായി എക്കാലവും കോൺഗ്രസിൽ ഉറച്ചുനിന്ന വ്യക്തിയാണെന്ന കെ. കരുണാകരന്റെ അഭിമുഖമാണ് പ്രശ്‌നങ്ങൾ ഗുരുതരാവസ്ഥയിൽ എത്തിച്ചത്.
തന്നെ അധികാര കസേരയിൽ നിന്ന് ഇറക്കിവിട്ടതിന്റെ ദുഃഖവും ദേഷ്യവും കരുണാകരൻ ഇതുവരെ അടക്കാൻ കഴിഞ്ഞിട്ടില്ല. ഇക്കാര്യം സ്ഥാനത്തും ആസ്ഥാനത്തും ഒക്കെ അദ്ദേഹം ആവർത്തിച്ചുകൊണ്ടിരിക്കുന്നു. മുന്നണി തോറ്റതിന്റെ പ്രധാന കാരണം കരുണാകരന്റെ പാര പണിയിലാണെന്ന ആന്റണിയുടെ അഭിപ്രായം കരുണാകരനെ സഹിക്കാൻ കഴിഞ്ഞില്ല. മുന്നണി ഭരണത്തിൽ ഇരുന്ന ആദ്യത്തെ നാലുവർഷം സ്വന്തം ഗ്രൂപ്പിലെ നേതാക്കൾ നിയമസഭയ്ക്ക് അകത്തും പുറത്തും കരുണാകരനെ നാണം കെടുത്തിയും അധിക്ഷേപിച്ചും ഒടുവിൽ മറ്റു ഘടകകക്ഷികളെ കൂട്ടുപിടിച്ച് അധികാരക്കസേരയിൽ നിന്ന് അദ്ദേഹത്തെ പുറത്താക്കിയതും ആന്റണി സൗകര്യപൂർവ്വം മറക്കുകയാണ്.
നാലുവർഷത്തെ ഭരണത്തിൽ അഴിമതി കൊടികുത്തി വാഴുകുകയാണെന്ന് ആന്റണിയെക്കാൾ ശക്തമായി പറഞ്ഞത് ഉമ്മൻചാണ്ടിയാണ്. നിയമസഭയ്ക്ക് പുറത്തും ആന്റണി ഗ്രൂപ്പ് ശക്തമായ എതിർപ്പ് ഉന്നയിച്ചു. ഒടുവിൽ കരുണാകരനെ താഴേയിറക്കി മുഖ്യമന്ത്രി കസേരയിൽ എത്തിയ ആന്റണിയാവട്ടെ, ഭരണം നേരെയാക്കുന്നതിനും മുന്നണിയെ ശക്തമായി നയിക്കുന്നതിനും കഴിയാതെ പരാജയപ്പെടുകയായിരുന്നു. ഭരണരംഗത്തെ അഴിമതി തടയാനും ആന്റണിക്ക് കഴിഞ്ഞില്ല എന്നതാണ് വാസ്തവം..!
ഈ കാലഘട്ടത്തിലാണ് സോണിയാഗാന്ധി കോൺഗ്രസ് രാഷ്ടീയത്തിലേക്ക് വരുന്നത്. 1997 ആഗസ്റ്റിൽ കൽക്കത്തയിൽ വച്ചുനടത്തിയ എ.ഐ.സി.സി പ്ലീനറി സമ്മേളനം അതിന് വേദിയാവുകയായിരുന്നു. സമ്മേളനവുമായി ബന്ധപ്പട്ട് ചില സംഭവവികാസങ്ങൾ അങ്ങേറി. അത് കെ കരുണാകന്റേയും വയലാർ രവിയുടേയും ബന്ധത്തെ കാര്യമായി ബാധിച്ചു.
(തുടരും)
ജോഷി ജോർജ്
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1