നിന്ദനമേറി; നിരാശയോടെ 'ജീവൻ മശായി'മാർ

MARCH 5, 2025, 5:41 AM

കേരളത്തിന്റെ 'ആരോഗ്യ നികേതന' സ്വപ്‌നത്തെ പ്രതിബദ്ധതാപൂർവമായ കഠിനാദ്ധ്വാനത്തിലൂടെ ഉദ്ദീപിപ്പിച്ചുകൊണ്ട് ജനസ്‌നേഹവും നന്ദിയും പിടിച്ചുപറ്റിയ ആശാപ്രവർത്തകരെ അധിക്ഷേപത്തിന്റെയും നിന്ദനത്തിന്റെയും കയത്തിലാഴ്ത്തുന്നു ഇടതു രാഷ്ട്രീയം. സർക്കാരിന്റെ ആരോഗ്യദൗത്യങ്ങൾ ജനങ്ങളിലെത്തിക്കുന്ന ആശാപ്രവർത്തകരുടെ സാമൂഹിക പ്രതിബദ്ധതയും ക്രൂരമായി ചോദ്യം ചെയ്യപ്പെടുന്നു. സമരം ചെയ്യാൻ തങ്ങൾക്ക് മാത്രമാണ് അവകാശമുള്ളതെന്ന് സി.പി.എമ്മും സി.ഐ.ടി.യുമൊക്കെ ഭാവിക്കുന്നു. നിപ്പയും കോവിഡുമുൾപ്പെടെയുള്ള പകർച്ചവ്യാധി തടയാൻ സജീവമായി രംഗത്തുണ്ടായിരുന്നതു മുതൽ മലയാളക്കരയെ ദൈവത്തിന്റെ സ്വന്തം നാടാക്കാൻ ഓടിനടന്ന ഇവരുടെ ജീവിതപ്രശ്‌നങ്ങളിൽ പരിഹാരം കാണേണ്ടതിനു പകരം പരിഹാസം ചൊരിയാൻ എങ്ങനെ തോന്നുന്നു ഇടതു സർക്കാരിനെന്ന ചോദ്യം നാടെങ്ങുമുയരുന്നു.

താരാശങ്കർ ബാനർജിയുടെ വിഖ്യാത നോവലായ 'ആരോഗ്യ നികേതന' ത്തിലെ ജനകീയ വൈദ്യനായ 'ജീവൻ മശായി'യുടെ വനിതാ സങ്കൽപ്പത്തെയാണ് കേരളത്തിലെ ആശാവർക്കർമാർ സമൂർത്തമാക്കുന്നതെന്ന നിരീക്ഷണം അതിരു കടക്കുന്നില്ല. ബംഗാളിൽ പടന്നു പിടിച്ച കോളറ എന്ന മഹാമാരിയെ ജീവൻ മശായി എങ്ങനെ കീഴടക്കി എന്നും അത് ഒരു വലിയ സമൂഹത്തിന്റെ അതിജീവനമായി എപ്രകാരം മാറിയെന്നുമാണ് താരാശങ്കർ ബാനർജി പറഞ്ഞത്. ജീവൻ മശായിയെയെന്നതുപോലെ കോവിഡ് കാലത്ത് ആശാപ്രവർത്തകരെ ഒരുതവണയെങ്കിലും ഫോണിൽ ബന്ധപ്പെടാത്ത ഒരു വീടും കേരളത്തിലുണ്ടാകില്ല. നാടൊട്ടുക്ക് മരണഭീതിയിൽ കഴിയുമ്പോൾ ഫോണിലൂടെ ആശാപ്രവർത്തകർ നൽകിയ മറുപടി ഔപചാരികതയിലൊതുങ്ങാതെ സ്വാന്ദന ദായകമായിരുന്നു. ലോക്ഡൗണിനിടെയും മരുന്നിനുവേണ്ടിയും ആശുപത്രിയിലേക്ക് പോകാനുള്ള ആംബുലൻസ് ലഭിക്കാനും ജീവൻ മറന്നുള്ള അവരുടെ സക്രിയമായ തുണയുണ്ടായിരുന്നു. കോവിഡ് ബാധിച്ച അയൽവാസിയുടെ റൂട്ട്മാപ്പിന്റെ വിശദാംശം തേടാനും ആശാപ്രവർത്തകരുടെ സഹായം വേണ്ടിയിരുന്നു.

അക്രഡിറ്റഡ് സോഷ്യൽ ഹെൽത്ത് ആക്ടിവിസ്റ്റ് പദ്ധതിക്കു കീഴിൽ 2007 ൽ കേരളത്തിൽ ആരംഭിച്ച 'ആശ' സംവിധാനത്തിൽ 27000 ഓളം പേരാണുള്ളത്. എല്ലാവരും വനിതകൾ. 6000 രൂപ പ്രതിമാസം ഓണറേറിയവും 2000 രൂപ കേന്ദ്ര ഇൻസെന്റീവും ആണു പ്രതിഫലം. ഫീൽഡ് പ്രവർത്തനങ്ങൾക്കുള്ള സംസ്ഥാന സർക്കാരിന്റെ ഇൻസെന്റീവ് മാസം ശരാശരി 1000 രൂപ തികയില്ല. ഇതൊക്കെ കണക്കുകൂട്ടിയാൽ മൊത്തം കിട്ടുന്നത് 9000 രൂപയ്ക്ക് താഴെ. ഈ വേതനം ലഭ്യമാകാനും പത്തോളം ചട്ടങ്ങൾ വേറെയുമുണ്ട്. കടമ്പ കടന്നില്ലെങ്കിൽ പിന്നെയും കുറയും, 750 രൂപയോളം. ഓണറേറിയം 21,000 രൂപയാക്കുക, ഇൻസെന്റീവ് ഉയർത്തുക, വേതനം എല്ലാ മാസവും അഞ്ചാം തീയതി നൽകുക, വിരമിക്കുമ്പോൾ ആനുകൂല്യങ്ങൾ നൽകുക തുടങ്ങിയവയാണ് സമരരംഗത്തുള്ളവരുടെ മുഖ്യ ആവശ്യം.

vachakam
vachakam
vachakam

ജോലിഭാരം കൂടിയിട്ടും ശമ്പളം കൂടിയില്ല, ഉള്ള ശമ്പളം കൃത്യമായി കിട്ടുന്നില്ല, പിരിയുമ്പോൾ ആനുകൂല്യങ്ങളില്ല, പെൻഷനില്ല. കിട്ടുന്ന തുച്ഛ ശമ്പളംകൊണ്ട് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനാകാതെ അസ്വസ്ഥമായ മനസുമായിട്ടാണ് അവർ കർമനിരതരായി ഓടി നടക്കുന്നത്. ആശാപ്രവർത്തകർക്ക് ആദ്യകാലത്ത് 500 രൂപയായിരുന്നു ഓണറേറിയം. ഗർഭിണികളെ കാണുകയും പ്രതിരോധ കുത്തിവയ്പ്പിന് സജ്ജരാക്കുകയും മാത്രമായിരുന്നു അന്ന് ഡ്യൂട്ടി. മറ്റ് ജോലികൾക്കിടയിൽ ഈ ജോലിയും ചെയ്യാൻ കഴിയുമായിരുന്നു. എന്നാൽ ഇന്ന് അതല്ല സ്ഥിതി. സർക്കാർ പറയുന്ന എല്ലാ പണിയും ചെയ്യണം. തദ്ദേശ സ്ഥാപനങ്ങളുടെ എല്ലാ പരിപാടികളിലും പങ്കെടുക്കണം. സർക്കാരിന്റെ വിവിധ ആരോഗ്യപദ്ധതികളുടെ ഭാഗമായുള്ള വീട് സന്ദർശനങ്ങൾ, കിടപ്പുരോഗികളെ കാണൽ, സർവേകളുടെ കണക്കു തയാറാക്കലും കണക്ക് നൽകലും ഇങ്ങനെ നീളുന്നു ആശാപ്രവർത്തകരുടെ ജോലിഭാരം.

'ആശാ വർക്കർമാർ അടിമകളല്ല' എന്ന പ്ലക്കാർഡ് പിടിച്ച് നടത്തുന്ന സമരം അതിജീവനത്തിനു വേണ്ടിയുള്ളതാണെന്നു സമൂഹം തിരിച്ചറിയുന്നുണ്ട്. ആശ്ചര്യപ്പെടുത്തുന്ന മുദ്രാവാക്യങ്ങളോ ആവശ്യങ്ങളുടെ നീണ്ട പട്ടികയോ നിരത്തിയിട്ടില്ല അവർ. മുടങ്ങിയ ഓണറേറിയം ഉടൻ വിതരണം ചെയ്യാനുള്ള ഉത്തരവ് സർക്കാർ ഇറക്കിയെങ്കിലും അവരുടെ മറ്റ് ജീവൽപ്രശ്‌നങ്ങൾക്ക് ഇപ്പോഴും പരിഹാരമായിട്ടില്ല. ഇതിനിടെയാണ് സമരത്തെ ആക്ഷേപിച്ചും അപഹസിച്ചും മുന്നോട്ടുപോകാനുള്ള സർക്കാരിന്റെ നിലപാട് അനാവൃതമായത്. മഹാമാരി ഭീതിപരത്തിയ സമയങ്ങളിൽ വീട്ടുപടിക്കൽ വരെയെത്തി മരുന്നും ഭക്ഷണവുമെത്തിച്ച ആശാപ്രവർത്തകരാണിപ്പോൾ കിട്ടിക്കൊണ്ടിരുന്ന തുച്ഛ വേതനം പോലും മുടങ്ങിയതോടെ സെക്രട്ടേറിയറ്റ് പടിക്കൽ രാപ്പകൽ നരകിക്കുന്നത്. ആരും പ്രലോഭിച്ചല്ല, ജീവിത യാഥാർഥ്യത്തിന്റെ തിരിച്ചറിവിലാണവർ തലസ്ഥാന നഗരിയിലെത്തി സമരരംഗത്തിറങ്ങിയത്. വലിയ സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കുന്നതല്ല ഇവർ ഉന്നയിച്ച ആവശ്യങ്ങളെങ്കിലും സർക്കാർ കണ്ണടയ്ക്കുന്നു.

സമൂഹത്തിന് ഏറ്റവും ആവശ്യമായ ഒരു വിഭാഗമാണ് ആശാവർക്കർമാർ. കിടപ്പ് രോഗികളെയും പാലിയേറ്റീവ് കെയർ ആവശ്യമുള്ളവരെയും സഹായിക്കുകയും പരിചരിക്കുകയും ചെയ്യുന്ന ആശാവർക്കർമാരുടെ സേവനം ആർക്കും അവഗണിക്കാനാവില്ല. പക്ഷേ കേരളത്തിലെ ഇടതു സർക്കാരിനുമാത്രം ഇത് ബോധ്യപ്പെടുന്നില്ല. തിരുവനന്തപുരത്ത് ആഴ്ചകളായി സമരം ചെയ്യുന്ന ഇവർ സർക്കാരിന്റെ അവഗണനയിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം കൂറ്റൻ നിയമസഭാ മാർച്ച് വരെ സംഘടിപ്പിച്ചു. ആവശ്യങ്ങൾ അംഗീകരിക്കുന്നതു പോയിട്ട് സമരക്കാരുമായി മാന്യമായ ചർച്ചകൾക്കു പോലും സർക്കാർ തയ്യാറാവുന്നില്ല. സമരക്കാരെ ചർച്ചയ്ക്ക് വിളിക്കുന്നതിനു പകരം അധിക്ഷേപിക്കുന്നതിൽ ഹരംകൊള്ളുകയാണ് സി.പി.എം-സി.ഐ.ടി.യു നേതാക്കൾ. ഇതിനിടെ് സമരപ്പന്തൽ തന്നെ പൊളിച്ചു നീക്കി ദ്രോഹിച്ചു.

vachakam
vachakam
vachakam

ജീവിതച്ചെലവ് കൂടിയ സാഹചര്യത്തിൽ ഇപ്പോൾ കിട്ടുന്ന തുക ഒന്നിനും തികയില്ല എന്ന കാര്യത്തിൽ ആർക്കുമില്ല സംശയം. സർക്കാരിന്റെ ആരോഗ്യദൗത്യങ്ങൾ ജനങ്ങളിലെത്തിക്കുന്ന ആശാപ്രവർത്തകർ നേരിടുന്ന അവഗണനയ്ക്കും പരിഹാരം കാണുന്നില്ലെന്നാണ് ഈ സമരം കാട്ടിത്തരുന്നത്. കേരളാ ആശാ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സമരമെങ്കിലും ഇത് സംസ്ഥാനത്തെ 27000 ഓളം വരുന്ന ആശാപ്രവർത്തകരുടെ ശബ്ദം തന്നെയാണ്. തുച്ഛമായ ഇവരുടെ ഓണറേറിയം മൂന്നു മാസമായി മുടങ്ങിയപ്പോഴാണ് ഈ പട്ടിണി സമരം തുടങ്ങിയത്. ഇതിനെയാണ് രാഷ്ട്രീയപ്രേരിതവും അനാവശ്യ സമരവുമെന്ന് പറഞ്ഞത്.

ഒരു മാനദണ്ഡവുമില്ലാതെ രാഷ്ട്രീയനിയമനത്തിലൂടെ മന്ത്രിമാരുടെ പഴ്‌സണൽ സ്റ്റാഫിലെത്തി രണ്ടു വർഷം പൂർത്തിയാക്കുന്നവർക്കുപോലുംപെൻഷനും മറ്റ് ആനുകൂല്യങ്ങളും നൽകുമ്പോൾ പതിറ്റാണ്ടുകൾ തുച്ഛ വേതനത്തിന് ജോലി ചെയ്ത സ്ത്രീകളായ ആശാപ്രവർത്തകരെ 62-ാം വയസിൽ ഒരു ആനുകൂല്യവും നൽകാതെയാണ് പറഞ്ഞുവിടുന്നത്. 2020ൽ ആശാപ്രവർത്തകരുടെ വിരമിക്കൽ പ്രായം 65 വയസായി നിശ്ചയിച്ച ബംഗാളിൽ അവർക്ക് മൂന്നു ലക്ഷം രൂപ വിരമിക്കുമ്പോൾ ആശ്വാസ ധനം നൽകുന്നുണ്ട്. കേരളത്തിലും ഇത്തരത്തിലുള്ള വിരമിക്കൽ ആനുകൂല്യങ്ങൾ വേണമെന്ന് ആശാപ്രവർത്തകരുടെ നിരന്തരമായ ആവശ്യമായിരുന്നു. ഇതുവരെ അനുകൂല തീരുമാനമില്ല.

പന്തൽ തകർത്തു

vachakam
vachakam
vachakam

തിരുവനന്തപുരത്ത് അവകാശങ്ങൾക്കു വേണ്ടി സമരം ചെയ്യുന്ന ആശാവർക്കർമാരുടെ സമരപ്പന്തൽ പൊളിച്ചു നീക്കിയ സംസ്ഥാന സർക്കാർ എന്തുകൊണ്ടാണ് കണ്ണൂരിൽ റോഡ് കയ്യേറി സ്റ്റേജ് കെട്ടി സി.പി.എം സമ്മേളനം നടത്തിയപ്പോൾ ഇങ്ങനെ ചെയ്യാതിരുന്നതെന്ന കോടതിയുടെ വിമർശനം നീതിബോധമില്ലാത്ത സർക്കാരിന്റെ ഇരട്ടത്താപ്പ് വെളിപ്പെടുത്തുന്നതായിരുന്നു. സെക്രട്ടറിയേറ്റിനു മുന്നിൽ സമരം നടത്തുന്ന ആശാ വർക്കർമാരുടെ പന്തൽ പെരുമഴയത്ത് പോലീസ് പൊളിച്ചു നീക്കിയത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കി. സമരക്കാരുടെ ആവശ്യങ്ങൾക്കു നേരെ സർക്കാർ കണ്ണടയ്ക്കുകയും, സി.പി.എമ്മിന്റെയും സി.ഐ.ടി.യു.വിന്റെയും നേതാക്കൾ ആശാവർക്കർമാരെ നിരന്തരം അധിക്ഷേപിക്കുകയും ചെയ്യുന്നതിനിടയാണ് സർക്കാരിന്റെ നിർദ്ദേശപ്രകാരം സമരപ്പന്തലും പൊളിച്ചു നീക്കിയത്. പൊതുപ്രക്ഷോഭങ്ങൾ കൈകാര്യം ചെയ്യുന്നതിൽ സംസ്ഥാന സർക്കാരിന്റെ പൊരുത്തമില്ലാത്ത സമീപനത്തെ ജസ്റ്റിസുമാരായ അനിൽ കെ. നരേന്ദ്രനും എസ്. മുരളീകൃഷ്ണയും അടങ്ങുന്ന ബെഞ്ചാണ് ചോദ്യം ചെയ്തത്. എന്തുകൊണ്ടാണ് സർക്കാർ വ്യത്യസ്ത മാനദണ്ഡങ്ങൾ സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കാൻ ചീഫ് സെക്രട്ടറിയോടും സംസ്ഥാന പോലീസ് മേധാവിയോടും കോടതി ആവശ്യപ്പെടുകയും ചെയ്തു.

തിരുവനന്തപുരത്ത് ഭരണകക്ഷിയായ സി.പി.എം പൊതുവഴി അടച്ചുകെട്ടി പാർട്ടി സമ്മേളനം നടത്തിയത് വലിയ വിവാദമായിരുന്നു. വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും മണിക്കൂറുകളോളം യാത്രാ തടസ്സം നേരിട്ടു. രോഗികളെയും കൊണ്ടുപോകുന്ന ആംബുലൻസുപോലും വഴിയിൽ കുടുങ്ങി. ഇങ്ങനെയൊരു നിയമലംഘനത്തിന് കൂട്ടുനിന്ന പോലീസ് സ്റ്റേജ് പൊളിച്ചു നീക്കാനോ സമരം തടസ്സപ്പെടുത്താനോ ശ്രമിച്ചില്ല. ഒടുവിൽ പരാതിയെ തുടർന്ന് കേസ് കോടതിയിൽ എത്തുകയും, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനടക്കം ഹാജരാവുകയും ചെയ്യേണ്ടിവന്നു. കോടതിയുടെ ഭാഗത്തുനിന്ന് നിശിതമായ വിമർശനം ഉണ്ടായതിനാലാണ് നേതാക്കൾ കോടതിയിൽ നേരിട്ട് ഹാജരായത്. തിരുവനന്തപുരത്തിന്റെ തനിയാവർത്തനമാണ് കണ്ണൂരിൽ കണ്ടത്. രാവിലെ മുതൽ വൈകിട്ട് വരെ റോഡ് ഉപരോധിച്ച സി.പി.എം അവിടെ കേന്ദ്ര വിരുദ്ധ സമരം നടത്തി. പോലീസ് ഇതിന് അനുമതി നിഷേധിച്ചില്ലെന്ന് മാത്രമല്ല, സമ്മേളനം നടന്ന സമയമത്രയും കാഴ്ചക്കാരായി നോക്കി നിൽക്കുകയും ചെയ്തു.

ആശാ വർക്കർമാരുടെ വേതനം മുടങ്ങുന്നതിന്റെ പഴി കേന്ദ്ര സർക്കാരിനു മേൽ ചുമത്താനാണ് സംസ്ഥാന സർക്കാരിന്റെ ശ്രമം. അതേസമയം, ഇടതു സർക്കാരിന്റെ കെടുകാര്യസ്ഥതയാണു കാരണമെന്ന വിശദീകരണവുമായെത്തി കേന്ദ്രസർക്കാർ. 938.80 കോടി രൂപ കേന്ദ്ര ആരോഗ്യമന്ത്രാലയം അനുവദിച്ചെന്ന് കേന്ദ്രസർക്കാർ വിശദീകരിച്ചു. അനുവദിച്ച തുകയേക്കാൾ കൂടുതലാണിതെന്നും ബജറ്റ് വിഹിതത്തിന് പുറമേ കഴിഞ്ഞ ഫെബ്രുവരിയിൽ 120 കോടി രൂപ കേരളത്തിന് അധികമായി നൽകി. കേന്ദ്രമന്ത്രി സുരേഷ് ഗോപി കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദയുമായി ചർച്ച നടത്തിയതിന് പിന്നാലെയാണ് കേന്ദ്ര സർക്കാരിന്റെ വിശദീകരണം വന്നത്. കേരളത്തോട് ഒരു തരത്തിലും അവഗണന കാണിച്ചിട്ടില്ലെന്നും അനുവദിച്ചതിനേക്കാൾ കൂടുതൽ തുക നൽകുകയാണ് ചെയ്തതെന്നുമാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ വാദം. സംസ്ഥാനത്തെ ആശമാരുടെ വേതനപ്രശ്‌നത്തിന് കാരണം കേന്ദ്രസർക്കാരാണെന്നും അവർക്കൊപ്പം ഡൽഹിയിൽ സമരത്തിന് താനും എത്താമെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് ആവർത്തിച്ച് പറഞ്ഞതിന് പിന്നാലെയാണ് മറുപടിയുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം രംഗത്തെത്തിയത്.

കേരളത്തിന് കിട്ടേണ്ട ഒരു രൂപപോലും കേന്ദ്രം തടഞ്ഞുവച്ചിട്ടില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും വിശദീകരിച്ചിരുന്നു. പിണറായി വിജയനും വീണാ ജോർജും എല്ലാം കേന്ദ്രത്തിന്റെ തലയിലിട്ട് രക്ഷപ്പെടാൻ നോക്കേണ്ട. വ്യാജപ്രചരണത്തിലൂടെ സമരം അട്ടിമറിക്കാൻ ആരെയും അനുവദിക്കില്ലെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. കേന്ദ്രം കൊടുക്കുന്ന പണമല്ലാതെ എന്ത് പണമാണ് സംസ്ഥാനം ആരോഗ്യമേഖലയ്ക്ക് നീക്കിവെച്ചത്? എൻ.എച്ച്.എം കൊടുക്കുന്ന ഫണ്ടല്ലാതെ എന്താണ് സംസ്ഥാനത്തിന്റെ നീക്കിയിരിപ്പ്? ഇത്തവണത്തെ കേന്ദ്ര ബജറ്റിൽ 16% തുകയാണ് കേരളത്തിന് അധികമായി അനുവദിച്ചത്. തൊഴിലുറപ്പ് പദ്ധതിയുടെ കാര്യം പോലെ ആശാവർക്കർമാരുടെ കാര്യത്തിലും സി.പി.ഐ.എം കളളപ്രചരണമാണ് നടത്തുന്നത്. കേന്ദ്രത്തിന് കണക്ക് കൃത്യമായി കൊടുക്കാതെ കേന്ദ്ര അവഗണനയെന്ന് പറഞ്ഞ് ജനങ്ങളെ പറ്റിക്കുകയാണ് സംസ്ഥാന സർക്കാരെന്നും സുരേന്ദ്രൻ വിമർശിക്കുന്നു ബി.ജെ.പി.

ബാബു കദളിക്കാട്‌

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam