മനുഷ്യത്വത്തെ നോക്കുകുത്തിയാക്കി 'ജനമൈത്രി'പ്പെരുമ

SEPTEMBER 24, 2025, 7:06 AM

വിളവു തിന്നുന്ന വേലി എന്ന ഭാഷാ പ്രയോഗം 'ഞങ്ങളെയുദ്ദേശിച്ചാണ്, ഞങ്ങളെ മാത്രമുദ്ദേശിച്ചാണ്' എന്ന് കേരള പോലീസ് ആവർത്തിച്ചു പറയുന്നതായി ജനങ്ങൾക്കു തോന്നുമ്പോൾ സർക്കാരിന്റെ ഇച്ഛാശക്തിയുടെയും കാര്യക്ഷമതയുടെയും ഗ്രാഫ് അടിക്കടി താഴുന്നു. മുഖ്യമന്ത്രി തന്നെ ആഭ്യന്തര വകുപ്പു ഭരിക്കുമ്പോഴാണീ ദുരവസ്ഥ. കേരള പോലീസിന്റെ അന്വേഷണ മികവ് ഹാർവാഡ് അടക്കം ആറ് അമേരിക്കൻ സർവകലാശാലകളിൽ പഠനവിധേയമാകുന്ന നേരത്തും മനുഷ്യത്വരഹിത ശൈലി വിട്ടൊഴിയുന്നില്ല.

നിയമം സംരക്ഷിക്കേണ്ടവർ സ്വന്ത ഇഷ്ടപ്രകാരം നിയമം കൈയിലെടുക്കുമ്പോൾ സമൂഹത്തിന്റെ നീതിന്യായ വ്യവസ്ഥയുടെ അടിത്തറയാണിളകുന്നത്. അടുത്തിടെ പുറത്തുവന്ന കുന്നംകുളം പോലീസ് സ്‌റ്റേഷനിലെ മർദന ദൃശ്യങ്ങൾ നാടിനെ ഞെട്ടിച്ചു. യൂത്ത് കോൺഗ്രസ്സ് നേതാവ് സുജിത്തിനെ അതിക്രൂരമായി മർദിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് പുറത്തുകൊണ്ടുവരാനായത്. സാധാരണ ട്രാഫിക് നിയമലംഘനത്തിന്റെ പേരിൽ തുടങ്ങിയ വാക്കുതർക്കം, പോലീസിന്റെ അധികാര മനോഭാവം കാരണം ക്രൂരമായ അതിക്രമമായി.

ഹെൽമെറ്റിന്റെ പേരിൽ തുടങ്ങിയ തർക്കം, പോലീസ് സ്‌റ്റേഷനുള്ളിൽ അരങ്ങേറിയ ക്രൂര മർദനത്തിന് വഴിമാറി. അധികാരം മറയാക്കി നിയമം ലംഘിക്കപ്പെട്ടു. പോലീസ് ഗുണ്ടായിസത്തിന്റെ കൂടുതൽ വിവരങ്ങൾ തുടർന്ന് പുറത്തുവന്നു. ലോക്കപ്പ് മർദനം എന്ന പഴയകാല പ്രയോഗം വീണ്ടും കേരളത്തെ ഓർമിപ്പിച്ചു കുന്നംകുളം പോലീസ് സ്‌റ്റേഷൻ. സുജിത്തിന്റെ ശരീരത്തിൽ കഠിന മർദനമേറ്റതിന്റെ പാടുകൾ ക്രൂരതയുടെ വ്യക്തമായ രേഖകളായി.

vachakam
vachakam
vachakam

ഒരു വ്യക്തിയെ കസ്റ്റഡിയിലെടുത്താൽ പാലിക്കേണ്ട നിയമപരമായ യാതൊരു നടപടിക്രമങ്ങളും അവിടെ പാലിക്കപ്പെട്ടില്ല. കേസ് പോലും രജിസ്റ്റർ ചെയ്യാതെയുള്ള അതിക്രമം. പോലീസ് സ്‌റ്റേഷൻ നീതിന്യായ സ്ഥാപനമെന്നത് മാറി അധികാരം ഉപയോഗിച്ച് അടിച്ചമർത്താനുള്ള ഗുണ്ടാ കേന്ദ്രമായി അധഃപതിച്ചെന്ന് തെളിയിക്കുന്ന സംഭവമാണ് നടന്നത്. ഏത് നിയമവിരുദ്ധ പ്രവൃത്തി ചെയ്താലും പോലീസ് ശിക്ഷിക്കപ്പെടില്ലെന്ന ഉറപ്പാണ് വീണ്ടും വീണ്ടും കാട്ടാളത്തം കാട്ടാൻ ധൈര്യം നൽകുന്നത്.

കേരള പോലീസ് സ്വയം വിശേഷിപ്പിക്കുന്നത് 'ജനമൈത്രി' പോലീസ് എന്നാണ്. എന്നാൽ, യാഥാർഥ്യം പലപ്പോഴും നേരെ വിപരീതവും. ജനങ്ങളോടുള്ള സൗഹൃദം വെറും മുദ്രാവാക്യം. അധികാരത്തിന്റെ ദുരുപയോഗം ആണ് പല സംഭവങ്ങളിലും പ്രകടമാകുന്നത്. ഇതിന് മുമ്പും കേരള പോലീസിന്റെ ഭാഗത്ത് നിന്ന് ഇത്തരം ക്രൂരമായ പ്രവൃത്തികൾ ഉണ്ടായിട്ടുണ്ട്. സ്‌റ്റേഷനുകളിൽ പ്രതികൾ മരിക്കുന്ന സംഭവങ്ങൾ  ഇടയ്ക്കിടെ ആവർത്തിക്കുന്നു. സംശയത്തിന്റെ പേരിൽ കസ്റ്റഡിയിലെടുക്കുന്ന ഒരാളുടെ ജീവന് സംരക്ഷണം നൽകേണ്ടത് പോലീസിന്റെ ഉത്തരവാദിത്വമാണെന്നിരിക്കേ ലോക്കപ്പ് മർദനങ്ങൾ മരണങ്ങളിലേക്ക് നയിക്കുന്നു. ശ്രീജിത്ത്, വിനായകൻ, കസ്റ്റംസ് ഉദ്യോഗസ്ഥൻ ഷാജഹാൻ എന്നിങ്ങനെ പലരും കസ്റ്റഡിയിൽ കൊല്ലപ്പെട്ടത് കേരള പോലീസിന്റെ ക്രൂരത വെളിപ്പെടുത്തി.

ഈ സംഭവങ്ങളെക്കുറിച്ച് ജുഡീഷ്യൽ കമ്മീഷനുകൾ നടത്തിയ അന്വേഷണ റിപ്പോർട്ടുകൾ പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായ ഗുരുതര വീഴ്ചകൾ ചൂണ്ടിക്കാണിച്ചു. എന്നിട്ടും കുറ്റവാളികളായ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടാതെ രക്ഷപ്പെടുന്നു, സർവീസിൽ തുടരുന്നു. 2006 ൽ ഇടതു മുന്നണിയുടെ ഭരണം വന്നപ്പോൾ മുതൽ പോലീസിന് പുതിയ മുഖം നൽകാൻ ശ്രമം നടത്തിയെന്നും അതു ഗുണം ചെയ്‌തെന്നുമുള്ള വാദവുമായാണ് പോലീസ് അതിക്രമത്തെപ്പറ്റിയുള്ള പ്രതിപക്ഷത്തിന്റെ വിമർശത്തെ നിയമസഭയിൽ മുഖ്യമന്ത്രി പ്രതിരോധിച്ചത്.

vachakam
vachakam
vachakam

'2006-11 കഴിഞ്ഞതിന് ശേഷം പിന്നെ ഇടതു മുന്നണി ഭരണത്തിൽ വരുന്നത് 2016 നാണ്. നിപ ബാധിച്ച ഘട്ടം, പ്രളയം, കാലവർഷക്കെടുതി, കോവിഡ് തുടങ്ങിയ ഘട്ടങ്ങളിൽ വളരെ വ്യത്യസ്തമായ ഒരു മുഖമായിരുന്നു കേരളാ പോലീസിന്റേത്. അത് ജനോന്മുഖമായിരുന്നു.' ചിലർ മാത്രമാണ് പ്രശ്‌നക്കാരെന്നും അവർക്കെതിരെ ശക്തമായ നടപടിയെടുക്കുന്നതായുമുള്ള മുഖ്യമന്ത്രിയുടെ വിശദീകരണവും പതിവു പോലെയുണ്ടായി.

സംസ്ഥാന പോലീസ് ഇന്റലിജൻസ് മേധാവി പി.വിജയന്റെ ഔദ്യോഗിക ജീവിതം ഹാർവാഡ് അടക്കം ആറ് അമേരിക്കൻ സർവകലാശാലകളിൽ പഠനഗ്രന്ഥമാക്കിയത് എന്തായാലും മുഖ്യമന്ത്രി നിയമസഭയിലെ തന്റെ അവകാശവാദങ്ങളുടെ ഭാഗമാക്കിയില്ല. പി.വിജയനോട് മുഖ്യമന്ത്രിക്കുള്ള അതൃപ്തിയാകാം അതിനു കാരണമെന്ന് അദ്ദേഹത്തിന്റെ സഹപ്രവർത്തകർ പറയുന്നു. കേരള പോലീസിന്റെ എക്കാലത്തെയും തിളക്കമാർന്ന കുറ്റന്വേഷണ ഏടായ ചേലേമ്പ്ര ബാങ്ക് കൊള്ളയടിക്കേസാണ് അന്താരാഷ്ട്ര തലത്തിൽ പഠന വിധേയമാകുന്നത്. 2007 ൽ സൗത്ത് മലബാർ ഗ്രാമീൺ ബാങ്കിലെ 80 കിലോ സ്വർണവും 25 ലക്ഷം രൂപയുമടക്കം എട്ടു കോടി രൂപയുടെ സ്വത്താണ് കൊള്ളയടിച്ചത്. സംഭവം നടക്കുമ്പോൾ മലപ്പുറം എസ്.പിയായിരുന്നു പി. വിജയൻ. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടന്ന ശാസ്ത്രീയ അന്വേഷണം കുറ്റവാളികളെ 56 ദിവസത്തിനുള്ളിൽ അകത്താക്കി.

സങ്കേതിക സംവിധാനങ്ങൾ ഇത്രത്തോളമില്ലാതിരുന്ന അക്കാലത്ത് രണ്ടുലക്ഷത്തിലേറെ ഫോൺവിളികൾ പരിശോധിച്ചും ഇരുനൂറിലേറെപ്പേരെ ചോദ്യം ചെയ്തുമാണ് അതിവേഗം നാലംഗ സംഘത്തെ കുടുക്കിയത്. ഈ കേസന്വേഷണത്തെക്കുറിച്ച് ബംഗാളി എഴുത്തുകാൻ അനിർബൻ ഭട്ടാചാര്യ എഴുതിയ 'ഇന്ത്യാസ് മണി ഹെയ്സ്റ്റ്' എന്ന പുസ്തകമാണ് സർവകലാശാലകൾ റഫറൻസ് ഗ്രന്ഥമാക്കിയിട്ടുള്ളത്. പെൻസിൽവാനിയ, സൈർക്കോസ്, ടെക്‌സസ് തുടങ്ങി ആറു സർവകലാശാലകളിൽ പോലീസ് സയൻസ്, ക്രിമിനോളജി വിദ്യാർത്ഥികളാണ് ഇത് റഫറർ ചെയ്യുക. കേരള പോലീസിന്റെ അന്വേഷണമികവ് വിദേശ സർവകലാശാലകളിൽ പഠനവിഷയമാവുന്നത് ആദ്യമാണ്. 

vachakam
vachakam
vachakam

പരിശീലനം, പീഡനം

'അടിക്കാൻ അധികാരമുള്ളവർ' എന്ന മനോഭാവം പോലീസ് സേനയിലെ ഒരു വിഭാഗം ഉദ്യോഗസ്ഥരിൽ രൂഢമൂലമായുണ്ട്. ഇത് അവരുടെ പരിശീലനത്തിലെ പാളിച്ചകളെയും മാനസികമായ അവസ്ഥകളെയും സൂചിപ്പിക്കുന്നു. 'മൃദുഭവേ ദൃഢകൃത്യേ' എന്നതാണ് കേരള പോലീസിന്റെ ആപ്തവാക്യം. മൃദുവായ സ്വഭാവവും ദൃഢമായ പ്രവർത്തനവും എന്ന് ഈ സംസ്‌കൃത വാക്യത്തിന്റെ അർത്ഥം പോലീസ്് ഓർക്കുന്നതായി ജനങ്ങൾക്കു തോന്നുന്നില്ല. ജോലിഭാരം, സമ്മർദം, സമൂഹത്തിൽ നിന്ന് നേരിടുന്ന വെല്ലുവിളികൾ എന്നിവ പോലീസുകാരന്റെ മാനസികാവസ്ഥയെ ബാധിക്കാം. എന്നാൽ, ഇതിന്റെയെല്ലാം ഫലം നിരപരാധികളായ പൊതുജനങ്ങളിൽ അടിച്ചേൽപ്പിക്കുന്നതിനെ ന്യായീകരിക്കാനാവില്ല. 


പോലീസ് ട്രെയിനിംഗ് ക്യാമ്പുകളിലെ പീഡനങ്ങളെക്കുറിച്ചുള്ള പരാതികളും ഗൗരവതരം. ട്രെയിനിംഗിന്റെ പേരിൽ മനുഷ്യത്വരഹിതമായതും അടിമപ്പണിക്ക് തുല്യമായതുമായ പല കാര്യങ്ങളും നടക്കാറുണ്ട്. മേലുദ്യോഗസ്ഥരാകട്ടെ, ട്രെയിനിംഗ് നൽകുന്നവരുടെ വാക്കുകൾ മാത്രമേ വിലയ്‌ക്കെടുക്കാറുള്ളൂ. ട്രെയിനികളുടെ പരാതികൾ ആരും കേൾക്കാറില്ലെന്നു മാത്രമല്ല, കൂടുതൽ ശിക്ഷ ഭയന്ന് ട്രെയിനികൾ പരാതി പറയാൻ ശ്രമിക്കാറുമില്ല. വളരെക്കാലം കാത്തിരുന്ന് പഠിച്ച് പരീക്ഷയെഴുതിയാണ് ഭൂരിപക്ഷം പേരും ജോലിയിൽ കയറിക്കൂടുന്നത്. ഒരാൾക്ക് ജോലി കിട്ടുമ്പോൾ അയാളെ ആശ്രയിച്ചു കഴിയുന്ന ഒരു കുടുംബം കൂടിയാണ് രക്ഷപ്പെടുന്നത്. കുടുംബത്തെ ഓർത്ത് പലരും എന്തും സഹിക്കാൻ തയ്യാറാകുന്നു. എന്നാൽ പരിധി കഴിഞ്ഞാൽ ചിലർക്കെങ്കിലും പിടിച്ചുനിൽക്കാനാകില്ല.

പേരൂർക്കട എസ്.എ.പി ക്യാമ്പിൽ പോലീസ് ട്രെയിനിയായ ആനന്ദ് എന്ന ആദിവാസി യുവാവിനെ ബാരക്കിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ഒറ്റപ്പെട്ട ഒന്നല്ല. രണ്ടുദിവസം മുമ്പ് കൈഞരമ്പു മുറിച്ച് ഇതേ യുവാവ് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. അപ്പോൾത്തന്നെ മുതിർന്ന ഉദ്യോഗസ്ഥർ പ്രശ്‌നത്തിൽ ഇടപെടുകയും ഈ യുവാവിനെ മാനസിക സമ്മർദ്ദത്തിലാക്കിയ കാരണങ്ങൾ അന്വേഷിക്കുകയും അതു പരിഹരിക്കാൻ യുക്തമായ നടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നെങ്കിൽ വിതുര സ്വദേശിയായ ഈ ഇരുപത്തിനാലുകാരന്റെ ജീവൻ രക്ഷിക്കാമായിരുന്നു. അതുണ്ടായില്ലെന്നു മാത്രമല്ല, വേണ്ടത്ര സുരക്ഷയില്ലാതെ ഇയാളെ പാർപ്പിക്കുകയാണ് ചെയ്തത്. ആദ്യത്തെ ആത്മഹത്യാശ്രമത്തിനു ശേഷം ആനന്ദിനോട് സംസാരിക്കുന്നതിൽ നിന്ന് മറ്റുള്ളവരെ വിലക്കിയതായും, അന്വേഷണമുണ്ടായാൽ ഈ യുവാവിന് മാനസിക അസ്വാസ്ഥ്യമുണ്ടായിരുന്നതായി പറയണമെന്ന് നിർദ്ദേശിച്ചിരുന്നതായും ആരോപണമുണ്ട്.

ഉദ്യോഗസ്ഥരുടെ മാനസിക പീഡനത്തെത്തുടർന്നാണ് ആനന്ദ് ആത്മഹത്യ ചെയ്തതെന്നു ബന്ധുക്കൾ പറയുന്നു. ഇക്കാര്യം ഉന്നയിച്ച് പേരൂർക്കട പോലീസിൽ പരാതി നൽകിയിട്ടുമുണ്ട്. ചികിത്സയിലായിരുന്ന ആനന്ദിനെ നോക്കാൻ ബാരക്കിൽ ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥൻ പുറത്തു പോയപ്പോഴാണ് തൂങ്ങിമരണം ഉണ്ടായത്. ഗ്രൗണ്ടിലെ പരിശീലനം കഴിഞ്ഞ് മടങ്ങിയെത്തിയവരാണ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ ആനന്ദിനെ കണ്ടെത്തിയത്. ഡിഗ്രി പഠനം കഴിഞ്ഞ് ആനന്ദ് ഏറെനാൾ പെയിന്റിംഗ് ജോലിക്കു പോയിരുന്നു. ഇതിനിടയിലാണ് പി.എസ്.സി പാസായി പൊലീസിൽ പ്രവേശിച്ചത്. തൊഴിലുറപ്പ് തൊഴിലാളിയാണ് അമ്മ. എല്ലാവരുടെയും മുന്നിൽവച്ച് ആനന്ദിനോട് ഹവീൽദാർമാർ മോശമായി പെരുമാറിയതായി ക്യാമ്പിലെ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തുന്ന ശബ്ദരേഖ പുറത്തു പ്രചരിക്കുന്നുണ്ട്. ഇതിന്റെയെല്ലാം നിജസ്ഥിതി വിശദമായ അന്വേഷണത്തിലൂടെ മാത്രമേ പുറത്തുവരൂ.

ചെറിയ തെറ്റുകൾക്കു പോലും പരിശീലന കാലയളവിൽ പൊലീസ് ക്യാമ്പിൽ അതിക്രൂരമായ ശാരീരിക ശിക്ഷകളാണ് നൽകുന്നതെന്ന് നേരത്തേ തന്നെ പരാതികൾ ഉണ്ടായിട്ടുള്ളതാണ്. തോന്നിയ ശിക്ഷ നൽകാനുള്ള അധികാരം പരിശീലകർക്ക് നൽകാൻ പാടില്ലെന്ന് വിദഗ്ധർ പറയുന്നു. അച്ചടക്കം പാലിക്കാൻ ആവശ്യമായ ശിക്ഷകൾ മാത്രമേ നൽകാൻ പാടുള്ളൂ. ഇക്കാര്യങ്ങളിലൊക്കെ മുതിർന്ന ഉദ്യോഗസ്ഥരുടെ ഇടപെടൽ ആവശ്യം.

പോലീസ് ജനങ്ങളോട് ക്രൂരമായി പെരുമാറുന്നുണ്ടെങ്കിൽ അതിന്റെയൊക്കെ അടിവേരുകൾ ഇത്തരം അപരിഷ്‌കൃതമായ പരിശീലനങ്ങളിൽ കുടികൊള്ളുന്നുണ്ട്. പോലീസിനു നൽകുന്ന പരിശീലനം കലോചിതമായ പുനപ്പരിശോധനയ്ക്കു വിധേയമാക്കാൻ ആഭ്യന്തരവകുപ്പ് തയ്യാറകേണ്ട കാലം അതിക്രമിച്ചു. 

ബാബു കദളിക്കാട്

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam