ജനമേ ഖജനാവ് കാലി, ഓണപ്പൂക്കളത്തിൽ കണ്ണീർ വീഴും

AUGUST 21, 2024, 8:09 PM

ജനത്തിനുള്ള 'പിഴിച്ചിൽ' ചികിത്സ തുടരുകയാണ് സംസ്ഥാന സർക്കാർ. ഓണത്തിനു മുമ്പ്, എങ്ങനെയെല്ലാം ജനങ്ങൾക്ക് 'ഉഴിച്ചിലും പിഴിച്ചിലും' നടത്തി ഖജനാവ് നിറയ്ക്കാമെന്ന ചിന്തയിലാണ് സംസ്ഥാന ധനവകുപ്പും. എന്നാൽ ഈ പിരിക്കുന്ന തുകയെല്ലാം 'ആനവായിൽ അമ്പഴങ്ങ അല്ല നെല്ലിക്ക' പോലെ എന്ന മട്ടിലാണ് ഖജനാവിന്റെ സ്ഥിതി. ചിങ്ങം പിറന്നിട്ടും, ഖജനാവിലേക്കുള്ള നികുതി, നികുതിയേതര വരുമാനം കൂട്ടുന്നതിലല്ല, കൂടുതൽ നികുതി ഭാരം ജനത്തിനു മുകളിൽ അടിച്ചേൽപ്പിക്കുകയാണ് ധനവകുപ്പിന്റെ മുഖ്യ എന്റർടെയ്‌മെന്റ് പരിപാടിയെന്ന് പലരും പരാതിപ്പെടുന്നു.

ഇപ്പോഴും കേന്ദ്രം തരാത്തതാണ് സാമ്പത്തിക പ്രതിസന്ധിക്ക് പ്രധാന കാരണമെന്ന ധനമന്ത്രിയുടെ അവകാശവാദം ശരിയാണോ? അങ്ങനെയെങ്കിൽ കേരളത്തിന്റെ  നിലവിലുള്ള സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ഒരു ധവളപത്രമോ, 'ചെമന്ന'പത്രമോ ജനങ്ങൾക്കു മുമ്പിൽ സർക്കാർ സമർപ്പിക്കേണ്ടതല്ലേ?

കണക്കല്ലേ, 'ഒളിച്ചു കളി' വേണ്ടേ, വേണ്ട

vachakam
vachakam
vachakam

ഓണം, അലവൻസ്, ഓണം അഡ്വാൻസ്, ഓണത്തോടനുബന്ധിച്ച് സർക്കാർ ജീവനക്കാർക്കുള്ള വായ്പാ സൗകര്യം എന്നിങ്ങനെ പണപ്പെട്ടി അടയ്ക്കാനേ കഴിയാത്ത അവസ്ഥയാണ് കേരള സർക്കാർ അഭിമുഖീകരിക്കാൻ പോകുന്നത്. ഇത്തരമൊരു പ്രതിസന്ധിയിൽ 'ഇനി നമ്മൾ എന്തു ചെയ്യും മല്ലയ്യാ' എന്നു ചോദിച്ചുകൊണ്ടിരിക്കുകയല്ല സർക്കാർ ചെയ്യേണ്ടത്. വയനാട് ദുരിതാശ്വാസ നിധിയിലേക്ക് പണമൊഴുകി വരുന്നുണ്ട്. എന്നാൽ ആ പണമെടുത്ത് 'പുട്ടടിക്കാൻ' ധനവകുപ്പിനു കഴിയില്ല. ഇനി കടമെടുക്കാമെന്നു വച്ചാലോ?

2024 ഡിസബർ 31 വരെ കേരള സർക്കാരിന് കേന്ദ്രം അനുവദിച്ചിട്ടുള്ള കടമെടുപ്പ് പരിധി 21253 കോടി രൂപയാണ്. ഇനി നാല് മാസം കഷ്ടിച്ച് ശേഷിക്കെ, ഇതിൽ 3700 കോടി രൂപ മാത്രമാണ് കടമെടുക്കാൻ ശേഷിച്ചിട്ടുള്ളത്. സർക്കാരിന് ഇനിയുള്ള മാസങ്ങൾ തട്ടും മുട്ടുമില്ലാതെ കടന്നുപോകണമെങ്കിൽ 20,000 കോടി രൂപയെങ്കിലും വേണം, പക്ഷെ, ഈ തുക നികുതി, നികുതിയേതര വരുമാനമായി പിരിച്ചെടുക്കാൻ സർക്കാരിനു കഴിയുമെന്ന് തോന്നുന്നില്ല.

വരവിന് ഒരു 'അനൗദ്യോഗിക' ചാനലണ്ടോ?

vachakam
vachakam
vachakam

2023ലെ സി.എ.ജി.യുടെ രണ്ടാം റിപ്പോർട്ട് പ്രകാരം സർക്കാർ പിരിച്ചെടുക്കാനുള്ളത് 28158 കോടി രൂപയാണ്. ഇതിൽ പ്രത്യക്ഷ നികുതിയെന്ന നിലയിലുള്ള തുക 19975 കോടി രൂപ വരും. ശേഷിച്ചതാണ് നികുതിയേതര വരുമാനം. എന്നാൽ നികുതിയേതര വരുമാനം ഖജനാവിലേക്ക് വരാതെ മറ്റ് ചാനലുകളിലൂടെ ഭരണകർത്താക്കൾ അറിഞ്ഞ് മറ്റ് അനൗദ്യോഗിക ഫണ്ടുകളിലേക്ക് ഒഴുകുന്നതായി സംശയിക്കുന്നവരുണ്ട്. ഉദാഹരണത്തിന് 100 കോടി രൂപ നികുതിയേതര വരുമാനമായി ഖജനാവിലേക്ക് അടയ്‌ക്കേണ്ട വ്യക്തി പത്തോ പതിനഞ്ചോ കോടി ഭരണചക്രം തിരിക്കുന്നവരെ നേരിട്ട് ഏൽപ്പിച്ചാൽ അവർക്ക് റവന്യൂ നടപടികളിൽ നിന്നും രക്ഷ കിട്ടിയാലോ?

ഞങ്ങൾ ഭരണത്തിലുള്ള കാലം ആരും നിങ്ങളെ തൊടില്ലെന്ന ഒരു ഉറപ്പ് മതി, ഇത്തരം കുടിശ്ശികക്കാർ പണമെത്തിച്ചു നൽകാനെന്നത് തലസ്ഥാനത്തെ സംസാരവിഷയമാണ്.
ലോക ബാങ്കിന്റെ കണക്കനുസരിച്ച് ഒരു സർക്കാരിന്റെ നികുതിയേതര വരുമാനം 39 ശതമാനത്തിൽ എത്തിയാൽ മാത്രമേ, ആ സമ്പദ്‌വ്യവസ്ഥ ആരോഗ്യകരമാണെന്നു കരുതാനാവൂ. 2015-16 കാലഘട്ടത്തിൽ കെ.എം. മാണി ധനമന്ത്രിയായിരിക്കെ, നികുതിയേതര വരുമാനം 6 ശതമാനത്തിൽ നിന്ന് 14 ശതമാനമായി ഉയർത്താൻ കഴിഞ്ഞു. ഇപ്പോൾ നികുതിയേതര വരുമാനം 8 ശതമാനമായി കൂപ്പുകുത്തിക്കഴിഞ്ഞു. എന്തുകൊണ്ട്, വിവിധ വകുപ്പുകൾ പിരിച്ചെടക്കേണ്ട ഈ നികുതിയേതര വരുമാനം ഇങ്ങനെ കുറഞ്ഞപോകുന്നുവെന്നും പറയാം.

ഇന്റേണൽ ഓഡിറ്റിംഗ് നടക്കുന്നതേയില്ല...

vachakam
vachakam
vachakam

ഓരോ വകുപ്പുകളും അവരുടെ പണം വരവ്  ചെലവ് സംബന്ധിച്ച കണക്കുകൾ ഓഡിറ്റ് ചെയ്യാൻ സി.എ.ജി. ഉദ്യോഗസ്ഥർക്ക് അവസരം നൽകേണ്ടതുണ്ട്. 'വകമാറ്റി ചെലവഴിക്കൽ' എന്ന പുട്ടടി പ്രയോഗം അപ്പോൾ സി.എ.ജി. ഓഡിറ്റിംഗിൽ കണ്ടെത്തിയെന്നു വരും. അതുകൊണ്ട് ഒരു വകുപ്പിലും കൃത്യമായ ഓഡിറ്റിംഗ് നടക്കുന്നില്ല. അതിനർത്ഥം, 'വകമാറ്റി ചെലവ് ചെയ്യൽ' ഈ സർക്കാരിന്റെ പ്രധാന ഉഡായിപ്പ് പരിപാടിയായി മാറിക്കഴിഞ്ഞുവെന്നതല്ലേ?

ഇങ്ങനെ ഓരോ വകുപ്പിന്റെയും വരവു ചെലവ് കണക്കുകൾ കൃത്യമാക്കിയാൽ മാത്രമേ, കേന്ദ്രം അനുവദിച്ച പദ്ധതി വിഹിതത്തിന്റെ വിശദാംശങ്ങൾ തയ്യാറാക്കാനാവൂ. ദുരിതാശ്വാസ ഫണ്ടിലെ തുക പോലും, എല്ലാ നിബന്ധനകളും തെറ്റിച്ച് പല തവണ നൽകിയതായി വാർത്തകളുണ്ടായിരുന്നു. ഈ നീതികേട് ലോകായുക്തയിൽ പരാതിയായി എത്തിയതോടെ, ആ സംവിധാനത്തിന്റെ ശൗര്യവും സുതാര്യതയും ഇല്ലാതാക്കുകയാണ് ഇടതുസർക്കാർ ചെയ്തത്.

പണം വരാനുള്ള വഴികളുണ്ടെന്നേയ്....

കേന്ദ്രസർക്കാർ എല്ലാം പിരിച്ചെടുത്ത് ഫെഡറൽ സംവിധാനം തന്നെ അലങ്കോലമാക്കുകയാണെന്ന പരാതി രാഷ്ട്രീയമായി  ഉന്നയിക്കാം. പക്ഷെ, യാഥാർത്ഥ്യം കാണാതെ പോകരുത്. സംസ്ഥാനങ്ങൾക്ക് ഇപ്പോഴും മൊത്തം നികുതി വരുമാനത്തിന്റെ 55 ശതമാനം വരെ പിരിച്ചെടുക്കാവുന്നതേയുള്ളൂ. കേരളത്തിന്റെ നികുതി വരുമാനത്തിൽ ഭൂരിഭാഗവും മദ്യത്തിൽ നിന്നാണ്. മദ്യം കഴിക്കുന്നവരുടെ കണക്കിൽ കേരളം ദേശീയ തലത്തിൽ  ഇപ്പോൾ രണ്ടാം സ്ഥാനത്തുണ്ട്. മൊത്തം വരുമാനത്തിന്റെ 25 ശതമാനം മുതൽ 35 ശതമാനം മദ്യത്തിൽ നിന്നാണെങ്കിലും,

ഈ വിഭാഗത്തിൽ ഓഡിറ്റിംഗ് കാര്യമായി നടക്കാത്തതുകൊണ്ട് 2022 ജനുവരി മുതൽ 2024 വരെയുള്ള കാലയളവിൽ 297700 മദ്യക്കുപ്പികൾ പൊട്ടിയെന്നത്  'വിവരാവകാശ രേഖയിൽ' തളച്ചിട്ടിരിക്കുകയാണ് ബവ്‌കോ ഇപ്പോഴും. പല ബ്രാൻഡുകളും പ്ലാസ്റ്റിക് ബോട്ടിലിലേക്ക് മാറിയിട്ടുണ്ട്. പക്ഷെ പൊട്ടിപ്പോയത് ഏത് ബ്രാൻഡുകളാണെന്ന് വിവരാവകാശ രേഖയിലില്ലാത്തത് ബവ്‌കോയ്ക്ക് ആശ്വാസകരമാണ്. 0.05 ശതമാനമാണ് പൊട്ടാനുള്ള കുപ്പികളുടെ കണക്ക്. എന്നാൽ മാത്രമേ മദ്യക്കമ്പനികൾ ഈ നഷ്ടം ബവ്‌കോയ്ക്ക് നൽകൂ. ശതമാനം കൂടിയാൽ മദ്യഷാപ്പിൽ ജോലി ചെയ്യുന്നവരിൽ നിന്ന് നഷ്ടം ബവ്‌കോ ഈടാക്കും.

എന്നാൽ ബവ്‌കോയിൽ   സ്ഥിരജീവനക്കാർ കുറവായതിനാലും, താൽക്കാലിക ജോലിക്കാർ മുഴുവനും പാർട്ടിയിൽ പെട്ടവരായതുകൊണ്ടും ഈ നഷ്ടം കറങ്ങിത്തിരിഞ്ഞ് കുടിയന്മാരുടെ 'പറ്റുപടി' യിൽ പെടുത്താനായിരിക്കാം ബവ്‌കോ അധികൃതർ ശ്രമിക്കുക.രണ്ടാമത്തെ വരുമാനം പെട്രോളിയം ഉൽപ്പന്നങ്ങളിൽ നിന്നാണ്. 20 മുതൽ 25 ശതമാനം വരെ നികുതി സ്റ്റേറ്റിന് കിട്ടുമെങ്കിലും, അവിടെയും സെസ് ഏർപ്പെടുത്തിയിട്ടുണ്ട് സർക്കാർ. ലോട്ടറി, ഭൂമിയടേയും മറ്റു ക്രയ വിക്രയ നികുതി എന്നിങ്ങനെ വകുപ്പുകൾ പലതുണ്ട്. നികുതിയേതര വരുമാനം പിരിച്ചെടുക്കാനുള്ള ജാഗ്രത സർക്കാർ ഉദ്യോഗസ്ഥർക്കില്ലെന്നാണ് പലരുടെയും പരാതി.

മാത്രമല്ല തോട്ടങ്ങൾക്കുള്ള പാട്ടം, അബ്കാരികളിൽ നിന്ന് കിട്ടേണ്ട കുടിശ്ശികകൾ, ക്വാറികളിൽ നിന്നുള്ള വരുമാനം എന്നീ സർവത്ര മേഖലകളിലും നികുതിദായകർ സംഘടിതരായതുകൊണ്ട്, ഈ തുകകളൊന്നും തന്നെ സർക്കാരിന്റെ ഖജനാവിലെത്തുന്നില്ല. പകരം പാർട്ടിഫണ്ട് പോലുള്ള ചാനലുകളിലേക്ക് ആ പണത്തിന്റെ ഒരു പങ്ക് വാങ്ങിയെടുത്ത്, 'പിരിക്കൽ  നടപടികൾ' ഊർജ്ജിതമാക്കാതിരിക്കുകയാണ് ഇപ്പോൾ സർക്കാർ ചെയ്യുന്നത്.

പെണ്ണുങ്ങളാണ് താരങ്ങൾ....

ക്ഷേമ പെൻഷൻ മുടങ്ങിയപ്പോൾ മറിയക്കുട്ടിച്ചേടത്തിയും ചുവന്ന കൊടിയടയാളമുള്ള ബോംബ് നിർമ്മാണത്തെക്കുറിച്ച് ഒരു 'മലബാർ' സഹോദരിയും, റോഡ് നന്നാക്കാത്ത സ്ഥലം എം.എൽ.എ. കൂടിയായ ധനമന്ത്രിയെ ഒറ്റയ്ക്ക് വഴിയിൽ തടഞ്ഞ കൊട്ടാരക്കരയിലെ ഗിരിജാ കുമാരിയും രാഷ്ട്രീയത്തിന്റെ തടവറയിലല്ലാത്ത പോരാളികളാണ്. ഈ ഉണ്ണിയാർച്ചമാർക്ക് സോഷ്യൽ മീഡിയ നൽകിയ പിന്തുണ ജനകീയ ചെറുത്തുനിൽപ്പിന്റെ പുതിയ ചരിത്രമെഴുതിക്കഴിഞ്ഞു. പത്രങ്ങളും ചാനലുകളും ചില വാർത്തകളും ആഘോഷിച്ച് പിന്തിരിഞ്ഞാലും, അനീതിക്കും നിഷ്‌ക്രിയത്വത്തിനുമെതിരെയുള്ള കനലുകൾ അണയാൻ സോഷ്യൽ മീഡിയ സമ്മതിക്കുന്നില്ലെന്നതാണ് ഈ കാലഘട്ടത്തിന്റെ പ്രത്യേകത.

വയനാട്ടിൽ പോലും ചില ഉദ്യോഗസ്ഥർ ദുരിതബാധിതർക്കുവേണ്ടി എല്ലാം മറന്ന് ജോലി ചെയ്യുമ്പോൾ, സർക്കാരിന്റെ ഒക്കത്തിരിക്കുന്ന ചില 'ബാലഗോപാലന്മാർ' നടത്തുന്ന ചെറ്റത്തരം കാണുമ്പോൾ 'ഒന്ന് കൊടുക്കാൻ തോന്നിപ്പോകുമെന്ന് ദുരിതാശ്വാസ ക്യാമ്പിലുള്ളവർ പോലും പറയുന്നു. വാടക 6000 രൂപയായും, താമസിക്കാൻ വീട് കിട്ടാത്തവരെ ക്യാമ്പിൽ നിന്ന് നിർബന്ധപൂർവം ഉന്തി പുറത്താക്കാനും ചില സർക്കാർ ശിങ്കിടികൾ അവിടെ അവതരിച്ചിട്ടുണ്ട്. കൂടാതെ നിയമത്തിന്റെ പഴുതിലൂടെ ദുരിതബാധിതർക്കുള്ള സഹായം തടയാനും ഇവർ ശ്രമിക്കുന്നു.

പെട്ടിമുടിയിൽ വീട് നഷ്ടപ്പെട്ടവരെ സർക്കാർ സഹായിച്ചപ്പോൾ കൃഷി ഭൂമി നഷ്ടപ്പെട്ട പത്തോളം കുടുംബങ്ങൾ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പിൽ കഴിയുകയാണ്. ബാങ്കുകൾ  കടം എഴുതിത്തള്ളണമെന്നു സർക്കാർ പറയുന്നത് എന്ത് ന്യായത്തിലാണ്? സർക്കാർ ചെയ്യേണ്ടത് ദുരിതസ്ഥലത്ത് വസിക്കുന്നവർക്ക് ബാങ്കുകൾക്ക് നൽകിയ 36 കോടി രൂപ ഒറ്റത്തവണ തീർപ്പാക്കൽ രീതിയനുസരിച്ച് സർക്കാർ ദുരിതാശ്വാസ ഫണ്ടിൽ നിന്നെടുത്ത് അടച്ചു തീർക്കാനല്ലേ ശ്രമിക്കേണ്ടത്. ജനങ്ങൾക്ക് താങ്ങും തണലുമാകേണ്ട ഭരണകൂടം ദുരിതബാധിതർക്ക് ഒരു 'താങ്ങ്' കൊടുക്കുന്ന അവസ്ഥയുണ്ടാകരുത്.

ആന്റണി ചടയംമുറി

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam