കേരളത്തിലെ കോൺഗ്രസ് പാർട്ടിയിൽ അണികളേക്കാൾ കൂടുതൽ നേതാക്കളുണ്ടെന്നു തോന്നിക്കുന്ന പല സമ്മേളനങ്ങളും കണ്ട് ശീലിച്ചവരാണ് മലയാളികൾ. നേതൃ ബാഹുല്യം താങ്ങാനാവാതെ വേദി തകർന്നു വിഴുന്ന ഘട്ടം വന്നപ്പോഴാണ് കസേരയുടെ എണ്ണം കുറച്ചാലോ എന്ന് വി.ഡി. സതീശനും കെ. സുധാകരനും കൂടി ആലോചിച്ചു തുടങ്ങിയത്. ആ ആലോചന പ്രയോഗത്തിൽ വരുത്താൻ അത്ര എളുപ്പമല്ല എന്ന് മറ്റാരേക്കാളും അവർക്കറിയാം.
അതിനു കാരണം സ്ലീപ്പിംഗ് സെല്ലുകൾ പോലെ കിടക്കുന്ന ഗ്രൂപ്പുകൾ ആ നേരം തലപൊക്കും. ഏവരേയും തൃപ്തിപ്പെടുത്തി മാത്രമെ, പുറമെ ഒറ്റക്കെട്ട് എന്നു തോന്നിക്കുന്ന ഈ പ്രസ്ഥാനത്തെ പൊതുജന സമക്ഷം അവതരിപ്പിക്കാനാവൂ. ഒറ്റക്കെട്ടാണെന്ന് ഇടയ്ക്കിടെ ഓർമ്മിപ്പിക്കേണ്ടതില്ല എന്ന കെ. മുരളീധരന്റെ പരിഹാസം കോൺഗ്രസിന്റെ സംഘടനാ ചിത്രം കണ്ണാടിയിലെന്ന പോലെ വ്യക്തമാക്കുന്നു.
തദ്ദേശ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തിനിൽക്കെ, കോൺഗ്രസ് അദ്ധ്യക്ഷനെ മാറ്റിയതും ഡി.സി.സി പ്രസിഡന്റുമാരുടെ മുഖം മാറ്റാൻ ഒരുങ്ങുന്നതും മയങ്ങിക്കിടന്ന ഗ്രൂപ്പുകളെ ഒന്നുണർത്തിയിട്ടുണ്ട്. ഈയിടെ കണ്ട ഒരു കണക്കെടുപ്പിൽ എയും ഐയും മാത്രമല്ല, കെ.സി. ഗ്രൂപ്പും തരൂർ ഗ്രൂപ്പും വരെ അണിയറയിൽ സജീവമാണ്. കെ. മുരളീധരനെപ്പോലെ, നിലവിൽ പ്രത്യേക പദവികളോ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളോ ഇല്ലാത്ത മുൻ അദ്ധ്യക്ഷൻ പോലും പരസ്യമായി ഗ്രൂപ്പു വർത്തമാനം പറഞ്ഞു തുടങ്ങി.
കോൺഗ്രസിലെ ഒരു സംഘം തനിക്ക് ആരോഗ്യ പ്രശ്‌നമുള്ളതായി ചിത്രീകരിക്കാനും അങ്ങനെ മുദ്രകുത്തി മാറ്റി നിർത്താനും ശ്രമിക്കുന്നതായി കെ. സുധാകരൻ കണ്ടെത്തിയതിന് പിന്നാലെ അദ്ദേഹത്തെ പാർട്ടി ഒഴിവാക്കുന്നു. പിന്നാലെ, 2011 മുതൽ പേരാവൂർ നിയമസഭാമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഇരിട്ടി കോൺഗ്രസ്(ഐ) എം.എൽ.എ അഡ്വ. സണ്ണി ജോസഫ് കെ.പി.സി.സി പ്രസിഡന്റായതോടെ ഗ്രൂപ്പ് സമവാക്യങ്ങൾ പലതും പാളം തെറ്റുന്നതു കാണാം.
താൻ ഏതു ഗ്രൂപ്പിലാണെന്ന് ഒരു നേതാവും പരസ്യമായി പറയാറില്ലെങ്കിലും പണ്ടേ വേരുപിടിച്ച ഗ്രൂപ്പിസത്തിന്റെ ചരിത്രം നോക്കിയാൽ പ്രവർത്തനത്തിന്റെ ജീവവായു തന്നെ അതാണെന്നു തോന്നും. കോൺഗ്രസിലെ ഗ്രൂപ്പ് സമവാക്യങ്ങളെക്കുറിച്ച് കണ്ട രസകരമായ ഒരു നിരീക്ഷണം ഇങ്ങനെയാണ്:
ഐക്യകേരള രൂപീകരണത്തിന് മുൻപേ ഗ്രൂപ്പുണ്ട്. ശങ്കർ ചാക്കോ അച്ചുതണ്ട്, സി.കെ.ജി ഗ്രൂപ്പ്, ചാക്കോ ഗ്രൂപ്പ് തുടങ്ങി. എന്നാൽ, നിലനിൽക്കുന്ന ഒന്ന് എ, ഐ ഗ്രൂപ്പ് സംവിധാനങ്ങളും അതിന്റെ പരിണാമങ്ങളുമാണ്. അതിന് രൂപം നൽകിയത് കെ.കരുണാകരനും എ.കെ.ആന്റണിയും.
കരുണാകരന്റെ ഐ ഗ്രൂപ്പ് ആളും ആരവവുമുള്ള മാസ് ഗ്രൂപ്പായിരുന്നു. ആദർശം കൈമുതലാക്കിയ നേതാക്കളുടെ കൂട്ടായ്മയായ ആന്റണിയുടെ എ ഗ്രൂപ്പ് കേഡർ സംവിധാനമുള്ളതാണ്. കരുണാകരനും ആന്റണിയും വച്ചൊഴിഞ്ഞപ്പോൾ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും ഗ്രൂപ്പുകളുടെ മേധാവിമാരായി.
ഇതിനിടെ, വയലാർജിയുടെ നാലാം ഗ്രൂപ്പ്, തിരുത്തൽവാദികൾ. എന്നിട്ടും എല്ലാക്കാലത്തും എ, ഐ ഗ്രൂപ്പുകൾ അതിജീവിച്ചുനിന്നു. നേതൃമാറ്റ ചർച്ചമുറുകിയതോടെ കോൺഗ്രസിലെ ഗ്രൂപ്പ് ബലാബലം മാറിമറിയുമെന്നാണ് രാഷ്ട്രീയകാര്യങ്ങൾ സസൂക്ഷ്മം നിരീക്ഷിക്കുന്നവർ കാണുന്നത്. നേതൃമാറ്റ കാര്യത്തിൽ തീരുമാനമെടുക്കാൻ കേരളത്തിന്റെ സംഘടനാ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി ദീപ ദാസ് മുൻഷി മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച തുടങ്ങിയപ്പോൾ മുതൽ അത് പ്രകടമായിരുന്നു. കെ.സുധാകരന് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും അദ്ദേഹം മാറണമെന്നും രമേശ് ചെന്നിത്തല നിലപാടെടുത്തു. എന്നാൽ സുധാകരനെ വിശ്വാസത്തിലെടുത്തുവേണം തീരുമാനം എന്ന നിർദേശം കൂടി അദ്ദേഹം മുന്നോട്ടുവച്ചു. ദീപ ദാസ് മുൻഷിയോട് സംസാരിച്ച നേതാക്കളെല്ലാം സുധാകരൻ മാറണമെന്ന നിലപാടാണ് സ്വീകരിച്ചത്. ആ നീക്കം ലക്ഷ്യം കണ്ടു.
സംഘടനാ കാര്യങ്ങൾ ശരിയാംവിധം നടക്കുന്നില്ലെന്നും നേതൃമാറ്റം വേണമെന്നും ഒരു വർഷമായി വി.ഡി. സതീശൻ ആവശ്യപ്പെട്ടു വരികയായിരുന്നു. സതീശനും സുധാകരനുമിടയിലെ അസ്വാരസ്യം പലപ്പോഴും പരസ്യമായി. ഇരുവരും തമ്മിൽ ആശയവിനിമയം നടത്താനും മടിച്ചിരുന്നു. സുധാകരൻ മാറിയ നിലയ്ക്ക് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കൂടുതൽ ശക്തനാകുമോയെന്ന ആശങ്ക ഒരുവിഭാഗം മുതിർന്ന നേതാക്കൾക്കുണ്ട്. നേതൃമാറ്റത്തോടെ വി.ഡി. സതീശൻ സംഘടനയിൽ അതിശക്തനായി മാറരുതെന്ന മുൻകരുതലോടെയാണ് അവർ കൂടിക്കാഴ്ചയിൽ നിലപാട് അറിയിച്ചത്.
ഇതിനിടെ, അടുത്ത മുഖ്യമന്ത്രി ആരായിരിക്കണമെന്ന ചർച്ച രമേശ് ചെന്നിത്തല ക്യാംപ് ഉയർത്തി. മാരാമൺ കൺവെൻഷനിലെ ബൈബിൾ പ്രഭാഷണത്തിന് വി.ഡി. സതീശനെ മാർത്തോമ സഭ ക്ഷണിച്ചതോടെ രമേശ് ചെന്നിത്തല എൻ.എസ്.എസ്സിനെ കൂട്ടി നീക്കങ്ങൾ തുടങ്ങി. എൻ.എസ്.എസ് പരിപാടിയിലേക്കും തൊട്ടുപിറകെ സമസ്തയുടെ കോളേജ് സമ്മേളനത്തിലേക്കും ചെന്നിത്തലക്ക് ലഭിച്ച ക്ഷണം വലിയ രാഷ്ട്രീയ നീക്കമായി വിലയിരുത്തപ്പെട്ടു. എന്നാൽ എൻ.എസ്.എസിന്റെ പുത്രൻ എന്ന പ്രയോഗം വെള്ളാപ്പള്ളി നടേശനെ ചൊടിപ്പിച്ചു.
മറുവശത്ത് തൃക്കാക്കര, പുതുപ്പള്ളി, പാലക്കാട് ഉപതെരഞ്ഞെടുപ്പുകളിലെ നേട്ടം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ഗ്രാഫ് ഹൈക്കമാൻഡിന്റെ മുന്നിൽ ഉയർത്തി. പഴയ എ ഗ്രൂപ്പും സതീശനൊപ്പം കൂടി. മുസ്‌ലിം സാമൂഹിക ഗ്രൂപ്പുകൾ സമസ്ത, കാന്തപുരം, മുജാഹിദ് വിഭാഗങ്ങൾ, ജമാഅത്തെ ഇസ്ലാമി തുടങ്ങിയ മത സംഘടനകളുമായി സതീശൻ കൗശലപൂർവം നേരിട്ട് ആശയവിനിമയം സ്ഥാപിച്ചു. ആദ്യമായി സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ കോൺഗ്രസിന്റെ രണ്ട് പരിപാടികളിൽ പങ്കെടുത്തത് ഇതിന്റെ ഫലമാണ്. സി.പി.എം സഹയാത്രികനായ കാന്തപുരത്തിന്റെ മകൻ അബ്ദുൽ ഹകീം അസ്ഹരിയും കോൺഗ്രസ് വേദിയിൽ എത്തി.
ഹാജരാവാത്ത നേതാക്കൾ
പാർട്ടിയിൽ ഐക്യം ഉറപ്പിക്കാൻ എ.ഐ.സി.സി. വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടുക്കാൻ മുൻ സംസ്ഥാന അദ്ധ്യക്ഷന്മാർ ആരും എത്തിയില്ല എന്നത് ഹൈക്കമാന്റിനെ ഞെട്ടിച്ചു. മുല്ലപ്പള്ളി രാമചന്ദ്രനും വി.എം. സുധീരനും കെ. സുധാകരനും കെ. മുരളീധരനുമെല്ലാം യോഗത്തിൽ നിന്ന് വിട്ടു നിന്നു.
ഏതായാലും കോൺഗ്രസിൽ അടിമുടി മാറ്റത്തിനൊരുങ്ങുകയാണ് നേതൃത്വം. ആദ്യഘട്ടത്തിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റികളിൽ നേതൃമാറ്റമുണ്ടാകുന്നതോടെ ഗ്രൂപ്പുകൾ തനിനിറം കാണിക്കും. സംസ്ഥാനത്തെ പത്ത് ജില്ലകളിലെ ഡി.സി.സി അധ്യക്ഷന്മാരെ മാറ്റാനാണ് തീരുമാനം. ഡൽഹിയിൽ പ്രധാന ചർച്ച പുനഃസംഘടന സംബന്ധിച്ചായിരിക്കും. പാർട്ടിക്ക് ഹാനികരമാകുന്ന രീതിയിൽ സജീവ ഗ്രൂപ്പ് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരെ മാറ്റാനിടയുണ്ട്.
എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെ, ഭാരവാഹികളുടെ എണ്ണം കുറക്കരുതെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ കോൺഗ്രസ് ഹൈക്കമാൻഡ് നിലപാട് കാത്തിരിക്കയാണ് പ്രവർത്തകർ. നേതൃസ്ഥാനങ്ങൾ മാറ്റിയത് കൊണ്ട് കാര്യമില്ല, പാർട്ടിക്ക് വേണ്ടത് അണികളെയാണ് എന്നു ചിന്തിക്കുന്നവരും പാർട്ടിക്കുള്ളിൽ ധാരാളം.
പ്രധാനമായും ബി.ജെ.പി.യെ നേരിടാനുള്ള കരുത്തു നേടണം. പുതുതായി എന്താണ് പറയാനുള്ളത്?
വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി, കോൺഗ്രസ് 'നീതിയുടെ അഞ്ച് തൂണുകളിൽ' ശ്രദ്ധ കേന്ദ്രീകരിച്ച് പ്രകടന പത്രിക പുറത്തിറക്കി. സ്ത്രീകൾക്കുള്ള പണ കൈമാറ്റം, തൊഴിലവസരങ്ങൾ, ജാതി സെൻസസ് എന്നിവ. എന്നാൽ പഴയ പ്രീണന നയങ്ങളും, സൗജന്യങ്ങളും തിരഞ്ഞെടുപ്പുകൾ ജയിക്കാൻ പര്യാപ്തമല്ല. സഖ്യങ്ങളും, അടവ് നയങ്ങളും മാറണം.
കേട്ട് പഴകിയ മുദ്രാവാക്യങ്ങൾ, പാരമ്പര്യത്തിന്റെ മേനി..
പ്രാദേശിക കക്ഷികളെ ഒതുക്കാതെ കോൺഗ്രസിന് ദേശീയ രാഷ്ട്രീയത്തിൽ പ്രസക്തി ഇല്ലെന്നും കോൺഗ്രസിന്റെ സ്‌പേസ് പ്രാദേശിക കക്ഷികൾ കൊണ്ടു പോയെന്നും കരുതുന്നവരുണ്ട്. ഇന്ത്യാ മുന്നണി എന്ന സംവിധാനം തന്നെ കോൺഗ്രസിന് ഇരിയ്ക്കുന്ന കൊമ്പ് മുറിക്കുന്നത് പോലെയാണ്. താഴെത്തട്ടിൽ സംഘടനാ സംവിധാനം ഇല്ല. മിക്ക സംസ്ഥാനങ്ങളിലും ജില്ലാ ഘടകത്തിന് താഴെ കീഴ് ഘടകം പോലും ഇല്ല. കൈ നനയാതെ മീൻ പിടിക്കുന്ന കാലം പോയെന്ന് പാർട്ടി തിരിച്ചറിയണം.
പുതിയ കാലം പ്രതീക്ഷിക്കുന്നത് ഇന്നത്തെയും, നാളത്തേയും സ്വപ്‌നങ്ങൾക്ക് ഉറപ്പു നൽകുന്ന കോൺഗ്രസ്സിനെയാണ്. അതിനു രൂപം കൊടുക്കാൻ ഗ്രൂപ്പു മറന്ന് നേതാക്കൾ ഒന്നിച്ചു നിൽക്കുമോ എന്നതാണ് പ്രധാന ചോദ്യം.
ചുരുക്കത്തിൽ, കട്ടപ്പനയിൽ എത്ര മത്തായിമാരുണ്ടെന്ന വിഖ്യാതമായ ആ പഴയ ചോദ്യം പോലെ സങ്കീർണവും ബാലിശവുമാണ് കോൺഗ്രസിൽ എത്ര ഗ്രൂപ്പുകളുണ്ട് എന്നതും. അതിന്റെ ഉത്തരം ഹൈക്കമാൻഡിന്റെ പക്കൽ പോലും ഇല്ലെന്ന വാസ്തവം അറിയുന്നവരാണ് എല്ലാ ഗ്രൂപ്പു മാനേജർമാരും.
തദ്ദേശം വരികയല്ലേ, അപ്പോൾ നമുക്ക് സ്ഥാനാർത്ഥി നിർണയ നേരത്ത് കാണാം അങ്കം.
പ്രിജിത് രാജ്
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1